Showing posts with label പ്രമുഖ വ്യക്തിത്വങ്ങള്‍. Show all posts
Showing posts with label പ്രമുഖ വ്യക്തിത്വങ്ങള്‍. Show all posts

Friday, March 2, 2012

സി.പി.ജനാര്ദ്ദനന്‍ (ജനേട്ടന്‍) അന്തരിച്ചു....

സി.പി. ജനാര്‍ദ്ദനന്‍ അന്തരിച്ചു....
 (03March2012) 
പെരിന്തല്‍മണ്ണ: ആര്‍എസ്‌എസിന്റെ ആദ്യകാല പ്രവര്‍ത്തകനും ഹൈന്ദവസംഘടനകളുടെ നെടുനായകത്വം വഹിച്ചിരുന്ന ഉജ്വല സംഘാടകനുമായിരുന്ന ചെങ്ങറയില്‍ സി.പി. ജനാര്‍ദ്ദനന്‍ (79) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക്‌ 12.45 നായിരുന്നു അന്ത്യം. ഭാര്യ: നിര്‍മല. മകള്‍: ലക്ഷ്മി. മരുമകന്‍: ഹരീഷ്‌ (കോഴിക്കോട്‌ താജ്‌ ഹോട്ടല്‍ മാനേജര്‍). മലപ്പുറം ജില്ലയിലെ ഹൈന്ദവമുന്നേറ്റത്തിന്‌ ഊടും പാവും നല്‍കിയവരില്‍ പ്രമുഖസ്ഥാനം വഹിച്ച സി.പി. ജനാര്‍ദ്ദനന്റെ നിര്യാണത്തോടെ ആദര്‍ശസുരഭിലമായ ഒരധ്യായത്തിനാണ്‌ തിരശ്ശീലവീഴുന്നത്‌. മലപ്പുറത്ത്‌ തന്റെ പ്രത്യേകമായ കൗശലവും തന്ത്രവും ഉപയോഗിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം നടത്താന്‍ ജനാര്‍ദ്ദനന്‌ കഴിഞ്ഞിരുന്നു. സി.പി. എന്ന പേരില്‍ സ്നേഹിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്നേഹസമ്പന്നനായ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു ജനാര്‍ദ്ദനന്‍. ചെങ്ങര പുത്തന്‍ വീട്ടില്‍ ചിന്നകുട്ടിനങ്ങയുടെ മകനായി 1933 നവംബര്‍ മാസത്തിലെ മകീര്യം നാളില്‍ ജനിച്ചു. അമ്മു എന്ന നാരായണിക്കുട്ടി ഏക സഹോദരിയാണ്‌.
അടിയന്തരാവസ്ഥക്കെതിരെ ഒളിവില്‍ നിന്ന്‌ 18 മാസത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്‌ സി.പി. കോഴിക്കോട്‌, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ആര്‍എസ്‌എസ്‌ പ്രചാരകനായി പ്രവര്‍ത്തിച്ചു. ആര്‍എസ്‌എസ്സ്‌ മലപ്പുറം ജില്ലാ സംഘചാലക്‌, വിശ്വഹിന്ദുപരിഷത്ത്‌ ജില്ലാ പ്രസിഡന്റ,്‌ ധര്‍മരക്ഷാസമിതി മലപ്പുറംജില്ലാ ഭാരവാഹി, പെരിന്തല്‍മണ്ണയിലെ ഗോകുലം ബാലസദനം സ്ഥാപക പ്രസിഡന്റ്‌, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്കൂള്‍, പെരിന്തല്‍മണ്ണ വള്ളുവനാട്‌ വിദ്യാഭവന്‍ സ്കൂള്‍ സ്ഥാപക പ്രവര്‍ത്തകന്‍, തിരുമാന്ധാംകുന്ന്‌ ദേവസ്വം ഉപദേശകസമിതി അംഗം, തളി അങ്ങാടിപ്പുറം മഹാദേവക്ഷേത്ര പുനരുദ്ധാരണസമിതി രക്ഷാധികാരി, മാലാപറമ്പ്‌ മാട്ടുമ്മല്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രട്രസ്റ്റ്‌ ചെയര്‍മാന്‍, അങ്ങാടിപ്പുറം ഇടങ്ങത്തുപുരം ശ്രീകൃഷ്ണക്ഷേത്രം സമിതി മലപ്പുറം ധര്‍മരക്ഷാസമിതി എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.പി. ജനാര്‍ദ്ദനന്റെ സംസ്കാരം ഇന്ന്‌ വൈകീട്ട്‌ 4 ന്‌ വീട്ടുവളപ്പില്‍.
ജനാര്‍ദ്ദനന്റെ നിര്യാണവാര്‍ത്തയറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ്‌ അങ്ങാടിപ്പുറത്തെ വസതിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്‌. ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ്‌ എ.ആര്‍ മോഹനന്‍, ക്ഷേത്രീയ പ്രചാരക്‌ എസ്‌. സേതുമാധവന്‍, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള, ബാലഗോകുലം സംസ്ഥാനനിര്‍വ്വാഹകസമിതി അംഗം സി.സി.ശെല്‍വന്‍, ജന്മഭൂമി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.എസ്‌. രാംമോഹന്‍, മത്സ്യപ്രവര്‍ത്തകസംഘം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി കെ. പുരുഷോത്തമന്‍, പി.ചന്ദ്രശേഖരന്‍, പ്രാന്തപ്രചാര്‍പ്രമുഖ്‌ എം. ഗണേഷ്‌, ബിജെപി ദേശീയ സമിതി അംഗം സി. വാസുദേവന്‍ മാസ്റ്റര്‍, ക്ഷേത്രീയ ശാരീരിക്‌ പ്രമുഖ്‌ എ .എം. കൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ ഭാരവാഹികളായ എ.സി. ഗോപിനാഥ്‌, എന്‍ സി.ടി. രാജഗോപാല്‍, സിപിഎം ജില്ലാ സെക്രട്ടറി പി. പി. വാസുദേവന്‍, മുന്‍ എംഎല്‍എ ശശികുമാര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ്‌ കെ.പി. വാസുമാസ്റ്റര്‍, അമൃതാനന്ദമയി മഠത്തിലെ വരദാമൃതചൈതന്യ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തി.
-----------------------------------------------------------------------------------------------

വിടവാങ്ങിയത് ജനങ്ങളുടെ ജനേട്ടന്‍......
03 Mar 2012


അങ്ങാടിപ്പുറം: സി.പി. ജനാര്‍ദനന്‍ അങ്ങാടിപ്പുറത്തുകാര്‍ക്ക് പ്രിയപ്പെട്ട ജനേട്ടനായിരുന്നു. പ്രാദേശികപ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് അന്തിമതീരുമാനത്തിലെത്താന്‍ ജനേട്ടനെയാണ് അവര്‍ സമീപിക്കാറ്.

ഒറ്റനോട്ടത്തില്‍തന്നെ വ്യക്തികളെ വിലയിരുത്താനുള്ള കഴിവ്, നിര്‍ഭയത്വം, വാക്ചാതുര്യം, നേതൃപാടവം, സംഘാടകമികവ് എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. എല്ലാ വി...ഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ചു. സൗമ്യവും ലളിതവുമായ ജീവിതവും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെയും ജില്ലയിലെ മറ്റു പല ക്ഷേത്രങ്ങളുടെയും പുനരുദ്ധാരണപ്രവര്‍ത്തനങ്ങളില്‍ അമരക്കാരനായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും നല്ലൊരു സുഹൃദ്‌വലയം സി.പി. ജനാര്‍ദനനുണ്ട്.

അങ്ങാടിപ്പുറം പാലം നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ നിലവിലുള്ള റോഡിലൂടെയുള്ള പാലം നിര്‍മാണം ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തിന്റെ സാംസ്‌കാരിക ഭദ്രതയെ തകര്‍ക്കുമെന്ന മുന്നറിയിപ്പോടെ സ്വന്തമായൊരു നോട്ടീസ് ഈയിടെ അദ്ദേഹം പുറത്തിറക്കി.

ചരിത്രപ്രസിദ്ധമായ മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകള്‍ നിര്‍വഹിക്കുന്നതുവരെ ശാരീരികഅസ്വസ്ഥതകള്‍ വകവെക്കാതെ അദ്ദേഹം നേതൃസ്ഥാനത്തുണ്ടായിരുന്നു.

തിരുമാന്ധാംകുന്ന് പൂരം ജനകീയമാക്കാനുള്ള കര്‍മങ്ങളിലും സി.പി. ജനാര്‍ദനന്‍ നിറസാന്നിധ്യമായിരുന്നു. നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സി.പി. പെരിന്തല്‍മണ്ണ കാദര്‍ ആന്‍ഡ് മുഹമ്മദലി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യകാല പ്രവര്‍ത്തനത്തിലുണ്ടായിരുന്നു.

പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവന്‍, അങ്ങാടിപ്പുറം വിദ്യാനികേതന്‍ സ്‌കൂള്‍, ഗോകുലം ബാലസദനം എന്നീ സ്ഥാപനങ്ങളുടെ വികാസത്തിലും അദ്ദേഹം നേതൃപാടവം പ്രകടമാക്കി. തിരുമാന്ധാംകുന്ന് ദേവസ്വം ഉപദേശക സമിതി അംഗം, തളിക്ഷേത്രഭരണസമിതി വൈസ് പ്രസിഡന്റ് മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റി ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.


ധര്‍മപോരാട്ടത്തിലെ സൂര്യതേജസ് -അഡ്വ. പി.എസ്.ശ്രീധരന്‍പിള്ള
03 Mar 2012
വള്ളുവനാടന്‍ സൗമ്യതയും പോരാട്ടവീര്യവും ഒത്തുചേര്‍ന്ന് അരനൂറ്റാണ്ട് സംശുദ്ധ പൊതുജീവിതത്തിന്റെയും മികച്ച സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെയും ഏടുകള്‍ നാടിന് സംഭാവന... നല്‍കിയ ഉന്നതവ്യക്തിത്വമായിരുന്നു സി.പി.ജനാര്‍ദ്ദനന്‍േറത്. നിര്‍ഭയത്വം, നിഷ്‌കാമകര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവം, സമര്‍പ്പണത്തിലൂന്നിയ സേവനം എന്നിവ അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉരുക്കുമൂശയില്‍ വാര്‍ത്തെടുത്ത മാതൃകാപ്രവര്‍ത്തകനായ സി.പി.ജനാര്‍ദ്ദനന്‍ രണ്ടുപതിറ്റാണ്ടുകാലം അതിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കേരളത്തിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ല കേന്ദ്രമാക്കി നടന്നുവരുന്ന ഹിന്ദു നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നെടുനായകത്വം 'ജനേട്ടന്‍' എന്നറിയപ്പെടുന്ന സി.പി.ജനാര്‍ദ്ദനനില്‍ നിക്ഷിപ്തമായിരുന്നു.കെ.കേളപ്പജിയുടെ നേതൃത്വത്തില്‍ ടന്ന 1968-69 ലെ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തിന്റെയും ക്ഷേത്ര പുനരുദ്ധാരണത്തിന്റെയും പിന്നിലെ മാസ്മര ശക്തിയും പ്രഭവകേന്ദ്രവും സി.പി.ജനാര്‍ദ്ദനനായിരുന്നു. ഈ പ്രക്ഷോഭത്തിന്റെ വിജയത്തെത്തുടര്‍ന്ന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാനും ആരാധനാകേന്ദ്രങ്ങളാക്കിമാറ്റാനും തളിക്ഷേത്ര സമരത്തിന്റെ വിജയം ഇടയാക്കിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹവും വിശ്വാസവും ആര്‍ജിച്ച മഹാനായ ജനനായകനായിരുന്നു. 1975-77 ല്‍ അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹം വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. സ്വജീവിതം രാഷ്ട്രത്തിനും സഹജീവികള്‍ക്കുമായി സമര്‍പ്പിച്ച ധന്യമായ അദ്ദേഹത്തിന്റെ ജീവിതം തലമുറകള്‍ക്ക് പാഠമാകേണ്ട ഒന്നാണ്. 
---------------------------------------------------------
അങ്ങാടിപ്പുറം: സി.പി.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ ഇടത്തുപുരം ശ്രീകൃഷ്ണക്ഷേത്ര ഭരണസമിതി അനുശോചിച്ചു. ഗോപാലകൃഷ്ണ പണിക്കര്‍ അധ്യക്ഷതവഹിച്ചു. മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രട്രസ്റ്റ് അനുശോചിച്ചു. തളിക്ഷേത്ര ഭരണസമിതി അനുശോചനയോഗത്തില്‍ സി.ടി.വിശ്വനാഥന്‍ അധ്യക്ഷതവഹിച്ചു.


മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി പ്രതിഷ്ഠാ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ....

ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ ബാലാസാഹെബ്‌ ദേവരസ്‌ അങ്ങാടിപ്പുറം തളി മഹാദേവക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍. സി.പി.ജനാര്‍ദ്ദനന്‍, മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രചാരക്‌ ആര്‍.ഹരി. വി.കെ. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം (File Photo)

Monday, January 9, 2012

വിവേകാനന്ദ ജയന്തി -Jan 12

വിവേകാനന്ദ ജയന്തി -Jan 12

ആധുനിക ഭാരതത്തിന്‍റെ മനസ്സിനെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രചോദകന്‍ ആര് എന്ന ചോദ്യത്തിന് രണ്ടാമതൊരു ഉത്തരം ഉണ്ടാവാനിടയില്ല: സ്വാമി വിവേകാനന്ദന്‍. ഒരു ഇടിമിന്നല്‍ പോലെ ഭാരതത്തിന്റെ നഭോ മണ്ഡലത്തില്‍ ഉദയം ചെയ്ത്‌, ലോകത്തിനാകെ വെളിച്ചം വിതറിയിട്ട് നാല്പതു വയസ്സ് പോലും തികക്കാതെ ആ പ്രഭാ പൂരം കടന്നുപോയി. തനിക്കു ശേഷം കടന്നു വരാനിരിക്കുന്ന അനേകം തലമുറകള്‍ക്ക് ഊര്‍ജം പകര്‍ന്നു നല്‍കിയിട്ടാണ് അദ്ദേഹം മടങ്ങിയത്. സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം ആഘോഷിയ്ക്കുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. 2013 ജനുവരി 12 നു അദ്ധേഹത്തിന്റെ 150 ആം ജന്മവാര്‍ഷികമാണ്.

ആയിരത്തോളം വര്‍ഷങ്ങള്‍ നീണ്ടു നിന്ന വൈദേശിക അടിമത്തത്തിനെതിരെയുള്ള ഒരന്തിമ സമരത്തിനു ഭാരതം സജ്ജമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു നമുക്കിടയിലെ അദ്ദേഹത്തിന്റെ ജീവിതം. അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും, കൊടിയ ദാരിദ്രിയത്തിലും, രോഗങ്ങളിലും ആണ്ടു കിടന്നിരുന്ന ഒരു ജനത. ആത്മനിന്ദയും, ദൌര്‍ബല്യവും രക്തത്തില്‍പോലും പടര്‍ന്നു കഴിഞ്ഞ ഒരു വലിയ ജനക്കൂട്ടം.

ലക്ഷ്യബോധം നഷ്ട്ടപ്പെട്ട്, വൈദേശികമായതെന്തും മഹത്തരമെന്നു കരുതി അനൈക്യത്തില്‍ മുഴുകി കഴിഞ്ഞിരുന്ന നേതൃത്വ രഹിതരായ ഒരു മഹാ ജനതതി. എല്ലാം വിധിയെന്ന് പഴിച്ച് നാള്‍ കഴിച്ചുകൊണ്ടിരുന്ന അവരുടെ ആ കാളരാത്രിയെ അവസാനിപ്പിച്ചുകൊണ്ടാണ് ഭാരതത്തിന്റെ കിഴക്ക് ദിക്കില്‍ സ്വാമി വിവേകാനന്ദന്‍ എന്ന സൂര്യന്‍ ഉദിച്ചുയര്‍ന്നത്‌. അതുയര്‍ത്തി വിട്ട മഴ മേഘങ്ങള്‍ ഭാരതത്തിന്റെ ഊഷര ഭൂമികളില്‍ ആത്മജ്ഞാനത്തിന്റെ തെളിനീരായി പെയ്തിറങ്ങി. ആ ദിവ്യോദയം ഭാരതത്തില്‍ അങ്ങോളമിങ്ങോളം അനേകായിരം ഹൃദയ താമരകളെ വിരിയിച്ചു. വെറും ചേര്‍ക്കളമെന്നു ലോകം പുച്ചിച്ചു തള്ളിയ ഭാരതഭൂമി പൊടുന്നനവേ ഒരു മലര്‍വാടിയായി മാറി. ജീവോര്‍ജം കിട്ടാതെ നശിച്ചുപോകുമായിരുന്ന, മണ്ണിനടിയില്‍ അറിയപ്പെടാതെ മറഞ്ഞു കിടന്നിരുന്ന അനേകായിരം വിത്തുകള്‍ പൊട്ടി മുളച്ചു വളര്‍ന്നു വന്‍ ഫലവൃക്ഷങ്ങളായി മാറി.

അദ്ദേഹം തന്നെ അവതാര പുരുഷന്മാരെപ്പറ്റി ഒരിക്കല്‍ പറഞ്ഞമാതിരി, ആദ്ധ്യാത്മികതയുടെ ഒരു വന്‍ തിരമാല - ഒരു സുനാമി - കരയിലേക്ക് അടിച്ചുകയറി കുളങ്ങളെയും, കിണറുകളെയും, ഉണങ്ങികിടന്നിരുന്ന മറ്റെല്ലാ ജലാശയങ്ങളെയും തട്ടൊപ്പം നിറച്ചു. ഭാരതത്തിന്റെ അന്നത്തെ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെപ്പറ്റി പഠിക്കുമ്പോള്‍ വ്യക്തമാകുന്ന ഒരു വസ്തുത അവരില്‍ ഒട്ടുമിക്ക പേരുടെയും പ്രചോദനകേന്ദ്രം സ്വാമി വിവേകാനന്ദനായിരുന്നു എന്നതാണ്. സുഭാഷ് ചന്ദ്ര ബോസും, ഗാന്ധിജിയും മുതല്‍ ഡോ ഹെട്ഗേവാരും , അരവിന്ദ ഘോഷും വരെ. സ്വാമി രാമതീര്ഥന്‍ മുതല്‍ സ്വാമി ചിന്മയാനന്ദന്‍ വരെ. ഡോ സി വി രാമന്‍ മുതല്‍ ജംഷദ്ജി ടാറ്റ വരെ. ആ അതുല്യ പ്രചോദന പ്രവാഹം, അനേകായിരം ഹൃദയങ്ങളെ സ്പര്‍ശിച്ചു കൊണ്ട് ഇന്നും ഒഴുകിക്കൊണ്ടെയിരിക്കുന്നു.

ഭാരതത്തിന്റെ പ്രാചീന വേദ വിജ്ഞാനത്തിന്റെയും, യുവത്വത്തിന്റെ കര്മശേഷിയുടെയും ഒരു സമഞ്ജസ സമ്മേളനമായിരുന്നു സ്വാമിജിയുടെ വ്യക്തിത്വം. പാശ്ചാത്യരുടെ ശാസ്ത്ര, സാമ്പത്തിക, രാഷ്ട്രീയ ശക്തി പ്രകടനം കണ്ടു അന്ധാളിച്ചു നിന്ന ലോകത്തിനു മുന്‍പില്‍ ഭാരതീയ വൈദിക ജ്ഞാന വൈഭവത്തിന്റെ അജയ്യമായ പ്രകാശഗോപുരമായി അദ്ദേഹം നിലകൊണ്ടു. പുരാണങ്ങളിലൂടെ മാത്രം കേട്ടരിഞ്ഞിട്ടുള്ള തരം വ്യക്തി പ്രഭാവമായിരുന്നു അദേഹത്തിനുന്ടായിരുന്നത്. മഹാപ്രതിഭകളും, ചിന്തകന്മാരും ആ ധിഷണക്ക് മുന്‍പില്‍ നമ്ര ശിരസ്കരായി.

ലോകത്തിലെ ആദ്യത്തെ മിഷനറി മതം ഭാരതത്തിലുദയം ചെയ്ത ബുദ്ധമതമായിരുന്നു. എങ്കിലും വൈദേശിക ആക്രമണങ്ങളുടെ അതിപ്രസരത്താലും, സ്വതവേയുള്ള പ്രചാരണ വൈമുഖ്യത്താലും ഭാരതീയതയുടെ പഠനത്തിനും, പ്രചാരണത്തിനും സംഘടിതമായ ഒരു ശ്രമം പിന്നീടുണ്ടായില്ല. അതേ സമയം ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ജനതതികളെ തന്നെ അപ്പാടെ വിഴുങ്ങിക്കൊണ്ട് വൈദേശിക മിഷനറി പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും പടര്‍ന്നു പന്തലിക്കുകയും ചെയ്തു. ഈശ്വരന്‍ ബ്രഹ്മ തത്വമാനെന്നും, ബോധ സ്വരൂപമാനെന്നും ഒക്കെയുള്ള ആഴമേറിയ ജ്ഞാനം ഉദ്ഘോഷിക്കുമ്പോഴും, ജനങ്ങള്‍ക്ക്‌ സ്നേഹ മസൃണമായ സന്ദ്വനം നല്‍കാനുള്ള കടമ ഹിന്ദുമതം ഏതാണ്ട് പാടെ വിസ്മരിച്ചിരുന്നു.

ശ്രീ രാമകൃഷ്ണമിഷന്‍ എന്ന ആധ്യാത്മിക, സാമൂഹ്യ സേവന സംഘടനയിലൂടെ സ്വാമിജി നമ്മുടെ ആ കുറവ് നികത്തി. കോടിക്കണക്കിനു വരുന്ന ദരിദ്ര നാരായണന്മാരുടെ ജീവിതങ്ങളിലേക്ക് ഭാരതീയ ആധ്യാത്മികതയുടെ സാന്ത്വനം വാരി വിതറി. അതേ തുടര്‍ന്ന് ആ പാത പിന്തുടരുന്ന അനേകായിരം സംഘടനകളും പ്രവര്‍ത്തനങ്ങളും വേറെയും ഉണ്ടായി വന്നു. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ബാബ ആംതെ മുതല്‍ നാനാജി ദേശ്മുഖും, എകനാത് രാനഡെയും വരെയുള്ള മഹാ വൃക്ഷങ്ങള്‍ ആ പ്രവാഹത്താല്‍ നനച്ചു വളര്‍ത്തപ്പെട്ടു.

ദേശീയതയുടെ കണ്ണികള്‍ വളരെ ദുര്‍ബലമായ ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍, ഇന്ന് ആ ജന വിഭാഗങ്ങളെ ദേശീയ മുഖ്യ ധാരയിലേക്കടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചുരുക്കം സംഘടനകളില്‍ ഒന്ന് വിവേകാനന്ദ കേന്ദ്രമാനെന്നത് ഒരു വസ്തുത മാത്രമാണ്. വിഘടന വാദത്തിലേക്ക് എളുപ്പത്തില്‍ കൂപ്പുകുത്താന്‍ പാകത്തിലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുന്ന അവിടങ്ങളിലെ ജനത, സ്വാമിജിയുടെ നാമത്തില്‍ ഈ ദേശത്തിന്റെ മഹത്തായ സാംസ്കാരിക വൈഭവത്തിലേക്കും ദേശീയ ധാരയിലെക്കും പതിയെ നയിക്കപ്പെടുന്നു.

നമ്മുടെ ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥിതികളുടെ നേര്‍ക്ക്‌ കണ്ണോടിക്കുന്ന ഒരു സാധാരണ പൌരനു സമൂഹത്തിന്റെ ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കാനോ ത്യാഗം ചെയ്യാനോ ഉള്ള പ്രചോദനം ലഭിക്കാന്‍ സാധ്യതയില്ല. എന്നാല്‍ സ്വാമിജി സ്വന്തം വ്യക്തി പ്രഭാവത്തിന്റെ സ്വാധീനമൊന്നു കൊണ്ട് മാത്രം എണ്ണമറ്റ ദേശസ്നേഹികളെയും, ത്യാഗികളെയും ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അന്ധ വിശ്വാസങ്ങളുടെയും, രോഗങ്ങളുടെയും, പട്ടിണിയുടെയും നാടെന്ന ധാരണ മാറ്റി ആധ്യാത്മിക ജ്ഞാനത്തിന്റെ അക്ഷയ ഖനിയെന്ന് ഭാരതത്തെ ലോകമിന്ന് നോക്കിക്കാണുന്നു.

വര്‍ദ്ധിച്ച ആവേശത്തോടെ യോഗയും, പ്രാണായാമവും, സംസ്കൃതവും, ധ്യാനവും പഠിക്കുന്നു. 'പ്രകൃതിയെ കീഴടക്കാ' മെന്നോക്കെയുള്ള ധാര്‍ഷ്ട്യം നിറഞ്ഞ അവകാശ വാദങ്ങള്‍ പാശ്ചാത്യര്‍ ഏതാണ്ട് ഉപേക്ഷിച്ചു കഴിഞ്ഞിരിക്കുന്നു. ബാഹ്യവും ആന്തരികവുമായ പ്രകൃതികള്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് പുറത്തുള്ളത്രയും ആവേശത്തോടെ അകത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെല്ലായിടത്തും കുറച്ചു പേരെങ്കിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്നു.

മതവിശ്വാസിയെയും, ശാസ്ത്രജ്ഞനേയും അദ്ദേഹം ഒരുപോലെ പ്രചോദിപ്പിച്ചു. ശാസ്ത്രവും മതവും രണ്ടു മാര്‍ഗങ്ങളിലൂടെയാനെങ്കിലും സത്യാന്വേഷണം തന്നെയാണ് നടത്തുന്നതെന്ന് ഭാരതീയ തത്വ ചിന്തയുടെ ആഴങ്ങളെ കാട്ടിക്കൊടുത്തു കൊണ്ട് അദ്ദേഹം ലോകത്തിനു മനസ്സിലാക്കിക്കൊടുത്തു. സംന്യാസിയും, ഗൃഹസ്ഥനും, സാമൂഹ്യസേവകനും, സൈനികനുമെല്ലാം തന്റെ സത്തയെ സാക്ഷാത്ക്കരിക്കാനുള്ള പ്രയാണത്തിലാനെന്നു നിരന്തരം ഓര്‍മിപ്പിച്ചു. സൂര്യന് താഴെയുള്ളതെന്തും തങ്ങളുടെ വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായിരിക്കണം എന്ന മട്ടിലുള്ള പൗരോഹിത്യത്തിന്റെ മൂഢ സങ്കല്‍പ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.

തങ്ങളുടെ ചുറ്റും കെട്ടി പൊക്കിയിരിക്കുന്ന മതില്‍ക്കെട്ടുകള്‍ക്ക് പുറത്തു വന്നു ലോകമെമ്പാടും നിന്നുള്ള നന്മകളെ സ്വീകരിക്കുവാനുള്ള വേദങ്ങളുടെ ശരിയായ ആഹ്വാനതിലേക്ക് അദ്ദേഹമവരെ മടക്കി വിളിച്ചു. ബ്രഹ്മയ്ക്യം ലക്ഷ്യമാക്കി പ്രവഹിക്കുന്ന മഹാ പ്രവാഹമാണ് ഈ പ്രാപഞ്ചിക ജീവിതമെന്ന് പഠിപ്പിക്കുമ്പോഴും ആ വളര്‍ച്ചയിലെ വ്യക്തി, കുടുംബം, രാഷ്ട്രം എന്നീ പ്രധാന പടികളെ വിസ്മരിക്കാതിരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. ബ്രഹ്മവാദിയെന്നും യോഗാരൂഢനെന്നും അറിയപ്പെടുമ്പോഴും 'India's Patriotic Saint' എന്ന വിശേഷണവും അദ്ദേഹത്തിന് സ്വാഭാവികമായ അലങ്കാരമായിരുന്നു. 1893 സെപ്തംബര്‍ 11 ആം തിയതി, ചിക്കാഗോയിലെ ലോക മത പാര്‍ലമെന്റിലൂടെ കിഴക്കിന്റെ സന്ദേശം പടിഞ്ഞാറിന്റെ മുന്നിലെത്തിച്ചു.

തുടര്‍ന്ന് പടിഞ്ഞാറ് നിന്നു കിഴക്കോട്ടേയ്ക്ക് അനേകായിരം സത്യാന്വേഷികളുടെ ഒരു നിരന്തര പ്രവാഹമാണ് അതുയര്‍ത്തി വിട്ടത്. ഹിമാലയ സാനുക്കളിലെ അപ്രാപ്യമായ ഗുഹാന്തരങ്ങളിലേക്ക് വരെ ആ പ്രവാഹം ഇന്നും വന്നലച്ചു കൊണ്ടിരിക്കുന്നു. ഒരു നൂറ്റാണ്ടിനു ശേഷം, മറ്റൊരു സെപ്തംബര്‍ 11 നു, മറ്റൊരു സംഘം യുവാക്കള്‍ പടിഞ്ഞാറിന്റെ മുന്നിലേക്ക്‌ മറ്റൊരു സന്ദേശം എത്തിച്ചു. മത വിശ്വാസത്തിന്റെ മറ്റൊരു മുഖമായിരുന്നു അത്. ഇതും പടിഞ്ഞാറ് നിന്നും കിഴക്കൊട്ടെക്ക് മറ്റൊരു വലിയ മനുഷ്യ പ്രവാഹത്തെ ഉണര്‍ത്തി വിട്ടു. ഇത്തവണ അത് അടിമുടി ആയുധവല്‍ക്കരിക്കപ്പെട്ട സൈനികരുടെ വന്‍ പ്രവാഹമായിരുന്നു.

തീവ്രവാദ കേന്ദ്രങ്ങളെ തേടിയുള്ള ആ സംഘങ്ങള്‍ ഹിമവാന്റെ തന്നെ ഭാഗമായ ഹിന്ദുകുഷ് മലനിരകളിലെ ഗുഹാന്തരങ്ങള്‍ വരെ വീണ്ടുമെത്തി. ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. ഭാരതവും നമ്മുടെ സംസ്കാരവും ലോകത്തിന്റെ നിലനില്‍പ്പിനു എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു.

സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജന ദിനമായി ഭാരതം കൊണ്ടാടുന്നു. ഭാരതീയ യുവത്വത്തിനു ഇതിനേക്കാള്‍ വലിയൊരു പ്രതിനിധിയെ ചൂണ്ടിക്കാനിക്കാനില്ല. അദ്ദേഹത്തിന്റെ 150 ആം ജന്മ വാര്‍ഷികം 2013 ജനുവരി 12 നു് ആണു്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷ പരിപാടികള്‍ ഭാരത സര്‍ക്കാറും ഒട്ടേറെ സംഘടനകളും ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നു. ശ്രീ രാമകൃഷ്ണമിഷന്‍ ഈ ജനുവരി 12 മുതല്‍ നാല് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇന്ത്യയിലെ 150 സര്‍വകലാശാലകളില്‍ വിവേകാനന്ദ പഠന കേന്ദ്രങ്ങള്‍, 150 സ്വയം പര്യാപ്ത ഗ്രാമങ്ങള്‍, ആഗോള തലത്തിലുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ട് കോടിക്കണക്കിനു രൂപ ചെലവു ചെയ്തു നിര്‍മിക്കുന്ന സിനിമ, ടി വി സീരിയലുകള്‍, സബ്സിടിയില്‍ ലഭ്യമാക്കുന്ന ലക്ഷക്കണക്കിന്‌ വിവേകാനന്ദ പുസ്തകങ്ങള്‍ അങ്ങനെ ഒട്ടനവധി പദ്ധതികള്‍ വരുന്നു. ചിലതിനെല്ലാം ഇതിനോടകം തന്നെ തുടക്കമിട്ടും കഴിഞ്ഞു. അദ്ദേഹത്തിന്റെ നൂറാം ജന്മ വാര്‍ഷികം നമുക്ക് കന്യാകുമാരിയില്‍ ഒരു ലോകോത്തര സ്മാരകത്തെയും, വിവേകാനന്ദ കേന്ദ്രം പോലുള്ള ഒരു സേവന സംഘടനയെയും പ്രദാനം ചെയ്തു. രാജ്യമെമ്പാടുമുള്ള സാധാരണക്കാര്‍ ഒരു രൂപ മുതലുള്ള എളിയ സംഭാവനകള്‍ നല്‍കി അന്ന് ആ മഹാ സംരംഭത്തില്‍ പങ്കാളികളായി. ഇത്തവണ അതേ ആവേശത്തോടെ ഒന്നിച്ചു വന്നാല്‍ അതിലും എത്രയോ മഹത്തായ മറ്റൊരു സ്മരണാഞ്ജലി അദ്ദേഹത്തിന്റെ മുന്നില്‍ അര്‍പ്പിക്കുവാന്‍ നമുക്ക് കഴിയും. നാം അത് ചെയ്യുമോ?

M.N. Sukumaran Nambiar Passed Away

ആദരാഞ്ജലികള്‍...
M.N. Sukumaran Nambiar(S/o Sree M.N.Nambiar Film Star )Passed Away on Sunday @ Chennai (All India President of Akhil Bharatheeya Ayyappa Samajam & National Executive Member of BJP.

M.N. Sukumaran Nambiar, a member of the National Executive of the Bharatiya Janata Party, and son of M.N. Nambiar, passed away here on Sunday morning owing to massive cardiac arrest. He was 64 and is survived by his lawyer-wife and two sons.
Condoling his death, Chief Minister Jayalalithaa said, “We have lost a true patriot and a person who untiringly served the society. Like his father, he also evinced keen interest in spiritualism and was the president of the All India Ayyappa Seva Samajam.”
State president of the BJP Pon. Radhakrishnan, National president Nitin Gadkari and former president M. Venkiah Naidu condoled his demise
(2012 Jan 8 Sunday)

Friday, October 14, 2011

ദത്തോപാന്ത്‌ ഠേംഗ്ഡ്ജി: പ്രേരണയുടെ പ്രതിപുരുഷന്‍

ഇന്നു ഒക്ടോബര്‍ പതിനാല് ഠേ൦ഗ്ഡിജീ അനുസ്മരണ ദിനം


ബിഎംഎസ്‌ സ്ഥാപകന്‍ സ്വര്‍ഗ്ഗീയ ദത്തോപാന്ത്‌ ഠേംഗ്ഡ്ജി നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഇന്ന്‌ ഏഴ്‌ വര്‍ഷം തികയുകയാണ്‌. ആര്‍എസ്‌എസ്‌ രാജ്യത്തിന്‌ നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ്‌ ഠേംഗ്ഡ്ജി. ആദര്‍ശ ജീവിതത്തിന്റെ സൂര്യതേജസായി പരസഹസ്രം പ്രവര്‍ത്തകരുടെ മനസില്‍ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പൊന്‍പ്രഭ വിതറാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. ആതുല്യ സംഘാടകന്‍, ഉജ്വലനായ വാഗ്മി, ചിന്തകന്‍, ദാര്‍ശനികന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വൈചാരികമേഖലയ്ക്ക്‌ അതുല്യ സംഭാവനകളാണ്‌ അദ്ദേഹത്തിന്റെ സൃഷ്ടികള്‍കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും മാര്‍ഗ്ഗദര്‍ശനംകൊണ്ടും ലഭിച്ചിട്ടുള്ളത്‌. ഏറ്റെടുത്ത എല്ലാ ചുമതലകളും അര്‍ത്ഥവത്താക്കാനും പൂര്‍ണ്ണത കൈവരിക്കാനും കഴിഞ്ഞു. നിയമ ബിരുദത്തിനുശേഷം 22-ാ‍മത്തെ വയസില്‍ ആര്‍എസ്‌എസ്‌ പ്രചാരകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ചു. സംഘപ്രവര്‍ത്തനത്തിനുവേണ്ടി കേരളത്തിലേക്കു നിയോഗിക്കപ്പെട്ട ആദ്യത്തെ പ്രചാരകന്‍ ഠേംഗ്ഡ്ജി ആയിരുന്നു. കേരളത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്‌ ആര്‍എസ്‌എസിന്‌ ശക്തമായ അടിത്തറപാകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.
ഠേംഗ്ഡ്ജിയുടെ നേതൃത്വത്തില്‍ നിരവധി സംഘടനകള്‍ക്ക്‌ രൂപം നല്‍കുകയുണ്ടായി. എബിവിപി, ഭാരതീയ ജനസംഘം തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം പ്രമുഖ പങ്ക്‌ വഹിച്ചു. ഭാരതീയ കിസാന്‍ സംഘ്‌, ഭാരതീയ മസ്ദൂര്‍ സംഘ്‌, സ്വദേശി ജാഗരണ്‍ മഞ്ച്‌ തുടങ്ങിയ ഒട്ടനവധി സംഘടനകള്‍ക്ക്‌ അദ്ദേഹം നേതൃത്വം നല്‍കി.
1955ല്‍ ജൂലൈ 23ന്‌ ബിഎംഎസ്‌ രൂപീകരിച്ചതോടെ തൊഴിലാളി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിന്‌ ഠേംഗ്ഡിജി ഊന്നല്‍ നല്‍കി. നിരവധി തൊഴിലാളി സംഘടനകള്‍ തൊഴില്‍ രംഗത്ത്‌ നിലനില്‍ക്കുന്ന കാലഘട്ടത്തിലാണ്‌ വേറിട്ട ആശയവും പ്രവര്‍ത്തനശൈലിയുമായി ബിഎംഎസ്‌ ആരംഭിക്കുന്നത്‌. മറ്റ്‌ തൊഴിലാളി സംഘടനകളുടെ കടുത്ത അവഗണനയേയും അവഹേളനത്തെയും വിമര്‍ശനത്തെയും അതിജീവിച്ചുകൊണ്ട്‌ ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയി. ഠേംഗ്ഡ്ജിയുടെ ജീവിതകാലത്തുതന്നെ രാജ്യത്തെയും ലോകത്തിലെയും ഏറ്റവും വലിയ തൊഴിലാളിസംഘടനയായി മാറാന്‍ ബിഎംഎസിന്‌ കഴിഞ്ഞു. ഠേംഗ്ഡ്ജിയുടെ ശക്തമായ നേതൃത്വവും തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ആഴത്തിലുള്ള പഠനവും അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗവും കണ്ടെത്തി പ്രവര്‍ത്തനരംഗത്ത്‌ ആവിഷ്കരിച്ചതാണ്‌ ബിഎംഎസിനെ ശക്തിപ്പെടുത്തിയത്‌.
നൂതനമായ ആശയങ്ങള്‍ തൊഴിലാളി മേഖലയില്‍ ആവിഷ്കരിച്ചു. വര്‍ഗ്ഗസംഘര്‍ഷമല്ല വര്‍ഗ്ഗസമന്വയമാണ്‌, മെയ്ദിനമല്ല വിശ്വകര്‍മ്മജയന്തിയാണ്‌ തൊഴിലാളിദിനം, തൊഴിലാളി തൊഴിലുടമ സൗഹൃദം രാജ്യനന്മയ്ക്ക്‌, സര്‍വ്വരാജ്യതൊഴിലാളികളെ സംഘടിക്കൂ എന്നല്ല തൊഴിലാളികളെ ലോകത്തെ ഒന്നാക്കൂ, രാഷ്ട്രീയ തൊഴിലാളി സംഘടനയല്ല സ്വതന്ത്രതൊഴിലാളി സംഘടന, മാനേജ്മെന്റില്‍ തൊഴിലാളി പങ്കാളിത്തം, തൊഴിലാളി ശക്തിയെ രാഷ്ട്ര നന്മയ്ക്ക്‌ തുടങ്ങിയ ആശയങ്ങള്‍ തൊഴിലാളി മേഖലയില്‍ ഇന്ന്‌ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌. രാജ്യത്തെ മുഖ്യധാരാ തൊഴിലാളി സംഘടനകള്‍ ഇന്ന്‌ പരസ്യമായി സ്വതന്ത്രതൊഴിലാളി സംഘടനകളെന്ന്‌ പ്രഖ്യാപിക്കുകയാണ്‌. ഇത്‌ ബിഎംഎസ്‌ ആശയത്തിനുള്ള അംഗീകാരമാണ്‌.
ബിഎംഎസിന്റെ ആശയം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കുന്നതിനുവേണ്ടി 22ല്‍പരം വിദേശരാജ്യങ്ങളില്‍ അതാത്‌ രാജ്യങ്ങളിലെ സര്‍ക്കാരുകളും തൊഴിലാളി സംഘടനകളും ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഠേംഗ്ഡ്ജി പര്യടനം നടത്തിയിട്ടുണ്ട്‌. അവിടെനിന്നെല്ലാം വന്‍ പിന്തുണയാണ്‌ ബിഎംഎസിന്‌ ലഭിച്ചത്‌. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സമ്മേളനങ്ങളില്‍ ബിഎംഎസ്‌ പ്രധാന ചര്‍ച്ചാവിഷയമാണ്‌. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുവേണ്ടി തൊഴിലാളി സംഘടനകള്‍ ആശയവൈരുദ്ധ്യം മറന്ന്‌ വിശാലമായി ഒന്നിക്കണമെന്ന ഠേംഗ്ഡ്ജിയുടെ ആശയം വര്‍ത്തമാനകാലഘട്ടത്തിലെ തൊഴിലാളിസംഘടനകളുടെ മുഖ്യ അജണ്ടയായി മാറിക്കഴിഞ്ഞിരിക്കുന്നു. തൊഴിലാളി സംഘടനാരംഗത്തുമാത്രമാണ്‌ ഇത്തരമൊരു ശക്തമായ കൂട്ടായ്മ ഉണ്ടായിട്ടുള്ളത്‌. മറ്റ്‌ തൊഴിലാളി സംഘടനകളുമായി നല്ല സൗഹൃദം സൃഷ്ടിക്കാനും തൊഴിലാളി ഐക്യത്തിനുവേണ്ടി അവരെ ഒരു കുടക്കീഴില്‍ അണിനിരത്താനും ഠേംഗ്ഡ്ജിക്ക്‌ കഴിഞ്ഞു.
രാജ്യത്തും ലോകത്തും സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച്‌ അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. ലോകത്തില്‍ റഷ്യ നേതൃത്വം കൊടുക്കുന്ന കമ്യൂണിസ്റ്റ്‌ ചേരിയും അമേരിക്ക നേതൃത്വം കൊടുക്കുന്ന മുതലാളിത്ത ചേരിയും ഒരേപോലെ ലോകത്തിന്‌ സമഗ്രമായ ക്ഷേമവും പുരോഗതിയും ഐശ്വര്യവും പ്രദാനം ചെയ്യാന്‍ കഴിയുകയില്ലെന്ന്‌ 1980കളുടെ ആദ്യത്തില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. അന്നു പലരും ഇതിനെ പുച്ഛിച്ചുതള്ളിയെങ്കിലും പിന്നീടത്‌ യാഥാര്‍ത്ഥ്യവും ചരിത്രസത്യവുമായി മാറി. കമ്യൂണിസം പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ്‌ ചരിത്രത്തിലെ ചവറ്റുകൊട്ടയിലേക്ക്‌ എറിയപ്പെട്ടു. ലോകത്താകമാനം സാമ്പത്തിക ഭീകരവാദം അടിച്ചേല്‍പ്പിക്കുന്ന അമേരിക്കയും മറ്റ്‌ മുതലാളിത്ത രാജ്യങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ആടി ഉലയുകയാണ്‌. അമേരിക്കയിലെ വാള്‍സ്ട്രീറ്റിലും രാജ്യത്താകമാനവും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടുവരികയാണ്‌. ഇത്രയും ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ കണ്ടറിയാനുള്ള ഠേംഗ്ഡിജിയുടെ തിരിച്ചറിവ്‌ അപാരമാണ്‌. കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി മൂന്നാമതൊരു വഴി ഭാരതത്തിന്റെ തത്വശാസ്ത്രമായിരുന്നു. അദ്ദേഹത്തിന്റെ പ്രഗത്ഭ സൃഷ്ടിയായ ‘തേര്‍ഡ്‌ വേ’ എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഇത്‌ പ്രതിപാദിക്കുന്നുണ്ട്‌. ലോകത്ത്‌ നടക്കുന്ന സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ അതിവിദൂരങ്ങളായ ഭാവിയില്‍ ഇത്‌ സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കാം.
എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ വചനത്തോട്‌ പൂര്‍ണ്ണത പുലര്‍ത്തുന്ന ജീവിതമായിരുന്നു ഠേംഗ്ഡ്ജിയുടേത്‌. ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്തയുമായി വാക്കും പ്രവര്‍ത്തിയും സംയോജിപ്പിച്ച്‌ ആശയം കര്‍മ്മപഥത്തില്‍ വിജയകരമായി ആവിഷ്കരിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമ്പൂര്‍ണ്ണമാതൃകയാണ്‌ ഠേംഗ്ഡ്ജിയുടെ ജീവിതം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവന മാനിച്ച്‌ രാജ്യം പത്മവിഭൂഷന്‍ ബഹുമതി നല്‍കിയെങ്കിലും അദ്ദേഹം അത്‌ നിരസിക്കുകയുണ്ടായി.
ഠേംഗ്ഡ്ജിയെ നേരിട്ടുകണ്ടിട്ടുള്ള ഒരു പ്രവര്‍ത്തകനും ജീവിതാവസാനംവരെ അദ്ദേഹത്തെ മറക്കാന്‍ സാധിക്കില്ല. പ്രവര്‍ത്തകരെ സ്വാധീനിക്കാനുള്ള അത്രയും വലിയ ആകര്‍ഷണീയത അദ്ദേഹത്തിനുണ്ടായിരുന്നു. പല പ്രശ്നങ്ങളുമായി ഠേംഗ്ഡ്ജിയെ സമീപിക്കുന്ന പ്രവര്‍ത്തകര്‍ക്ക്‌ പൂര്‍ണ്ണമായ പരിഹാരം ലഭിച്ചിരുന്നു.
രാജ്യത്തെ ജനാധിപത്യ പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നേതൃത്വം കൊടുത്തിരുന്ന ലോകസംഘര്‍ഷസമിതിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ആഗോള മൂലധന ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ അതിവിപുലമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച്‌ ബഹുരാഷ്ട്രകുത്തകകള്‍, വേള്‍ഡ്‌ ട്രേഡ്‌ ഓര്‍ഗനൈസേഷന്‍, വേള്‍ഡ്‌ ബാങ്ക്‌, ഐഎംഎഫ്‌ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ രാജ്യത്തും ലോകത്തും നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക അതിക്രമങ്ങളെയും അരാജകത്വത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ദേശവ്യാപക പ്രക്ഷോഭ പരമ്പരതന്നെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. സ്വദേശീ സ്വാശ്രയം, സ്വാഭിമാനം എന്ന മുദ്രാവാക്യം കൂടുതല്‍ ജനകീയമാക്കി. ആറ്‌ പതിറ്റാണ്ട്‌ നീണ്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ പൊതുജീവിതം ശ്രേഷ്ഠകരവും അനുകരണീയവുമാണ്‌.
ഠേംഗ്ഡ്ജി നമ്മെ വിട്ടുപിരിഞ്ഞ്‌ പോയെങ്കിലും അദ്ദേഹം ഉയര്‍ത്തിവിട്ട ചിന്തകളുടെ ആത്യന്തികമായ ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്നത്‌ നമ്മുടെ കര്‍ത്തവ്യമാണ്‌. രാജ്യത്തെ ലക്ഷക്കണക്കിനു വരുന്ന സംഘടനാപ്രവര്‍ത്തകരുടെ മനസില്‍ സജീവമായി നിലകൊള്ളുന്ന ഠേംഗ്ഡ്ജിയുടെ ഓര്‍മ്മകള്‍ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ആത്മവിശ്വാസമാണ്‌ നല്‍കുന്നത്‌. ഈ ദൗത്യം നിര്‍വഹിക്കുവാന്‍ ആദര്‍ശധീരരും ത്യാഗസമ്പന്നരുമായ കര്‍മധീരന്‍മാരെ സൃഷ്ടിക്കുവാന്‍ കഴിയണം. ഠേംഗ്ഡ്ജി അനുസ്മരണദിനത്തോടനുബന്ധിച്ച്‌ ദേശവ്യാപകമായി വിപുലമായ അനുസ്മരണ പരിപാടികള്‍ നടക്കുകയാണ്‌. കേരളത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ അനുസ്മരണസമ്മേളനങ്ങള്‍ നടക്കും. ഠേംഗ്ഡ്ജി സ്മൃതിദിനത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ സംഘടനയെ നയിക്കാനുള്ള ശക്തി സംഭരിക്കുക എന്നതാണ്‌ ഠേംഗ്ഡ്ജിക്കു നല്‍കാനുള്ള ഏറ്റവും വലിയ ഉപഹാരം. വര്‍ത്തമാനകാല പ്രതിസന്ധികളെ അതിജീവിക്കാന്‍ ഓരോപ്രവര്‍ത്തകനും കൂടുതല്‍ സമയവും ബുദ്ധിയും സമ്പത്തും സംഘടനക്കുവേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറാവുന്നതിലൂടെ സംഘടനയെ ശക്തിപ്പെടുത്തി ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ ഠേംഗ്ഡ്ജിയുടെ എല്ലാ അനുഗ്രഹങ്ങളും നമുക്ക്‌ ലഭിക്കാന്‍ സാദ്ധ്യമാവട്ടെ!!

വി.രാധാകൃഷ്ണന്‍
(ബിഎംഎസ്‌ സംസ്ഥാന ഖജാന്‍ജിയാണ്‌ ലേഖകന്‍)

Friday, September 23, 2011

സ്വാമി സത്യാനന്ദസരസ്വതി

സനാതനധര്‍മത്തിന്റെ സമരമുഖം .. സ്വാമി സത്യാനന്ദസരസ്വതി
ലോകചരിത്രം വിശകലനം ചെയ്താല്‍ ആക്രമണങ്ങളില്‍ കൂടിയോ മതപരിവര്‍ത്തനത്തില്‍കൂടിയോ ഹിന്ദുജനത സാമ്രാജ്യം വികസിപ്പിക്കുവാന്‍ ശ്രമിച്ചതായി കാണാനാവില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കും കൊള്ളയടിക്കലിനും വിധേയമായ സംസ്കാരം ഹിന്ദുവിന്റേതാണ്‌. ഒന്നുമില്ലാത്തവനെ ആരും കൊള്ളയടിക്കാറില്ല. അമൂല്യമായ ആധ്യാത്മികതയാണ്‌ ഹിന്ദുവിന്റെ സ്വത്ത്‌. പ്രപഞ്ചോല്‍പത്തി, നിലനില്‍പ്പ്‌, നാശം ഇവയെ ശാസ്ത്രീയമായി വിവരിക്കാന്‍ ഹിന്ദുധര്‍മത്തിനല്ലാതെ മറ്റേത്‌ മതത്തിന്‌ സാധിക്കും? സനാതനധര്‍മ്മം ദൈവികമാണ്‌. അതുകൊണ്ടാണ്‌ അനേകമനേകം പ്രതികൂല സാഹചര്യങ്ങളെ ധീരമായി തരണം ചെയ്ത്‌ സംസ്കാരങ്ങളുടെ മാതാവായി ഭാരതീയ സംസ്കാരം ഇന്നും തല ഉയര്‍ത്തിനില്‍ക്കുന്നത്‌. അപചയങ്ങള്‍ സംഭവിച്ചപ്പോഴൊക്കെ ധര്‍മ്മസംരക്ഷണാര്‍ത്ഥം അവതാരങ്ങളുമുണ്ടായി. നമ്മുടെ കാലഘട്ടത്തില്‍ ഹിന്ദുധര്‍മ്മ രക്ഷക്കായി അവതരിച്ചതായിരുന്നു സ്വാമി സത്യാനന്ദസരസ്വതി.
 സന്യാസിസമൂഹത്തില്‍നിന്നുള്ള ഒളിച്ചോടലല്ല, മറിച്ച്‌ ധര്‍മ്മം പുലര്‍ന്നുകാണേണ്ട സമൂഹത്തിന്റെ സ്വത്താണ്‌ സന്യാസിയെന്ന്‌ അദ്ദേഹം കാട്ടിത്തന്നു. എപ്പോഴൊക്കെ ഹിന്ദുക്കള്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നുവോ അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട്‌, ഹിന്ദുക്കളുടെ സംഘശക്തിയെ തട്ടിയുണര്‍ത്തി, ആ വെല്ലുവിളികളെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു.
ഹൈന്ദവ നവോത്ഥാനത്തിന്റെ ധര്‍മകാഹളം മുഴക്കി കന്യാകുമാരിയില്‍നിന്ന്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ പാലുകാച്ചിമലയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളുമായി നടത്തിയ പ്രതിഷ്ഠാ ഘോഷയാത്ര ചരിത്രപ്രസിദ്ധമാണ്‌. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ നൂറുകണക്കിന്‌ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്ത്‌ സ്വാമിജി തന്റെ വാഗ്ധോരണി കൊണ്ട്‌ ഹിന്ദുമനസ്സുകളെ തട്ടിയുണര്‍ത്തി. ഹിന്ദുവിന്റെ ആവേശമായി പാലുകാച്ചി മലയില്‍ എത്തി ശ്രീരാമ-സീത ആഞ്ജനേയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ഉറങ്ങിക്കിടക്കുകയോ ഉറക്കം നടിക്കുകയോ ചെയ്തിരുന്ന ഹിന്ദുസമൂഹം സടകുടഞ്ഞെഴുന്നേറ്റു. 
അതിനുശേഷമുള്ള മൂന്ന്‌ പതിറ്റാണ്ടുകളില്‍ കേരളം കണ്ട എല്ലാ ധര്‍മ്മസമരങ്ങളുടെയും നേതൃത്വം സ്വമിജിക്കായിരുന്നു. ഹിന്ദുസമാജത്തിന്റെ സങ്കീര്‍ണമായ പ്രശ്നങ്ങളെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തിയ അദ്ദേഹം അതിനുള്ള ശാസ്ത്രീയ പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചു. സ്വാമിജി കാട്ടിയ ധൈര്യവും ഹിന്ദുത്വാഭിമാനവും ഹിന്ദുമനസ്സുകളില്‍ പരിവര്‍ത്തനവും ശക്തമായ സ്വാധീനവും ചെലുത്തി.
ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും അന്യാധീനപ്പെട്ടവ പിടിച്ചെടുത്ത്‌ പുനര്‍നിര്‍മാണം ചെയ്യുവാനും ഹിന്ദുക്കളെ ആഹ്വാനം ചെയ്തുകൊണ്ടും അതിന്‌ നേതൃത്വം കൊടുത്തുമാണ്‌ കൊട്ടിയൂര്‍ പാലുകാച്ചിമലയില്‍ സ്വാമിജി ആയിരക്കണക്കിന്‌ ഗിരിജനങ്ങളുടെയും ഹരിജനങ്ങളുടെയും മറ്റ്‌ ഹൈന്ദവജനവിഭാഗങ്ങളുടെയും സാന്നിധ്യത്തില്‍ 1978 ജൂണ്‍ 8 ന്‌ ദേവവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്‌.
 പ്രതിഷ്ഠാകര്‍മ്മം കഴിഞ്ഞ്‌ 90 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 1978 സപ്തംബര്‍ എട്ടിന്‌ ആസുരിക ശക്തികള്‍ ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ അടിച്ചുടച്ച്‌ പര്‍ണശാലക്ക്‌ തീവെച്ചു. 
ഹൈന്ദവ മനസ്സാക്ഷിയെ ഇളക്കിമറിച്ചുകൊണ്ട്‌, ഉടഞ്ഞ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 1978 ഒക്ടോബര്‍ രണ്ടിന്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരില്‍നിന്ന്‌ കന്യാകുമാരിയിലേക്ക്‌ തിരിച്ചു. ആ തേരോട്ടത്തില്‍ സടകുടഞ്ഞെഴുന്നേറ്റ ഹിന്ദു മറ്റൊരു വിവേകാനന്ദനെ സ്വാമിജിയില്‍ ദര്‍ശിച്ചു. 1978 ഒക്ടോബര്‍ 11 ന്‌ കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ ഉടഞ്ഞ വിഗ്രഹങ്ങള്‍ ആചാരപൂര്‍വം നിമജ്ജനം ചെയ്തു.
വിഗ്രഹനിമജ്ജന വിലാപയാത്ര കൊട്ടിയൂരില്‍നിന്ന്‌ ആരംഭിക്കുമ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സ്വാമിജി ഒരു പ്രഖ്യാപനം നടത്തി. വിലാപയാത്ര തിരുവനന്തപുരം ജില്ലയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ ഈ അധര്‍മത്തിന്‌ എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പി.കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലംപതിക്കും. അല്ലാത്തപക്ഷം ഞാന്‍ ആശ്രമത്തില്‍ കാലുകുത്തുകയില്ല. കൊല്ലത്തെത്തുന്നതുവരെയും സ്വാമിജി പ്രഖ്യാപനം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. കൊല്ലത്തെ സമാപനസമ്മേളനം കഴിഞ്ഞപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ അതുവരെയും പ്രകടമായ യാതൊരു ഭീഷണിയുമില്ലാതിരുന്ന പികെവിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലംപതിച്ചു. എ.കെ. ആന്റണി മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചതായിരുന്നു കാരണം. 1979 മാര്‍ച്ച്‌ 30 ന്‌ പാലുകാച്ചിമലയിലെ പുനഃപ്രതിഷ്ഠ നിശ്ചയിച്ചുകൊണ്ട്‌, ശ്രീരാമ-സീത-ആഞ്ജനേയ വിഗ്രഹങ്ങള്‍ വഹിച്ച്‌ സ്വാമിജി കന്യാകുമാരിയില്‍നിന്ന്‌ കൊട്ടിയൂരിലേക്ക്‌ പ്രതിഷ്ഠാ ഘോഷയാത്ര നടത്തി. നിരോധനാജ്ഞ ലംഘിച്ചൂകൊണ്ട്‌ അദ്ദേഹം പാലുകാച്ചിമലയില്‍ വിഗ്രഹങ്ങള്‍ പുനഃപ്രതിഷ്ഠിച്ചു.
1983 മാര്‍ച്ച്‌ 24 ന്‌ ശബരിമല പൂങ്കാവനത്തില്‍പ്പെട്ട നിലക്കലില്‍ കുരിശ്‌ സ്ഥാപിച്ചു. ഈ വിവരം കുമ്മനം രാജശേഖരനില്‍നിന്നും ആദ്യമറിഞ്ഞപ്പോള്‍ സ്വാമിജി ഇങ്ങനെ പ്രതികരിച്ചു, "ആ കുരിശ്‌ വച്ചവര്‍തന്നെ എടുത്തുകൊണ്ടുപോകും. അതു വച്ചവനും കൂട്ടുനിന്നവനും അനുഭവിക്കുകയും ചെയ്യും."
 സ്വാമിജിയുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 14 ന്‌ നിലക്കലിലേക്ക്‌ നാമജപയാത്ര നടത്തി. ഏപ്രില്‍ 22 ന്‌ കേരളത്തിലെ എല്ലാ ഹിന്ദുസംഘടനകളുടെയും നേതാക്കളുടെ യോഗം നടന്നു. 27 ഹിന്ദുസംഘടനാ നേതാക്കള്‍ പങ്കെടുത്തു. സ്വാമിജി ചെയര്‍മാനും കുമ്മനം രാജശേഖരന്‍ ജനറല്‍ കണ്‍വീനറും ജെ. ശിശുപാലന്‍ കണ്‍വീനറുമായി 31 അംഗ നിലക്കല്‍ കര്‍മ്മസമിതി രൂപീകരിച്ചു. ശബരിമല പൂങ്കാവനം സത്യവും സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്നു എന്നത്‌ കെട്ടുകഥയാണെന്നും ശബരിമല പൂങ്കാവനത്തില്‍ ഒരിടത്തും കുരിശുവെക്കാന്‍ ഹൈന്ദവജനത സമ്മതിക്കില്ലെന്നും കുരിശ്‌ ഉടനെ നീക്കം ചെയ്യണമെന്നും സ്വാമിജി പ്രഖ്യാപിച്ചു.
കുരിശ്‌ സ്ഥാപിച്ച സ്ഥലത്ത്‌ 3 ഏക്കര്‍ ഭൂമി പള്ളിക്കനുവദിച്ചുകൊണ്ട്‌ കരുണാകരന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിഷേധസൂചകമായി ഏപ്രില്‍ 30 നിലക്കല്‍ ദിനമായി ആചരിച്ചു. മെയ്‌ 28 ന്‌ നിലക്കല്‍ കയ്യേറ്റ സ്ഥലത്തുനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഭാഗത്ത്‌ 300 മീറ്റര്‍ അകലെ കുരിശ്‌ മാറ്റി സ്ഥാപിച്ചു. കോട്ടയതത്‌ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ പുതിയതായി കണ്ടെത്തിയ സ്ഥലം അസ്വീകാര്യമാണെന്നും പൂങ്കാവനത്തിനുള്ളില്‍ ഒരിടത്തും പള്ളി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ജൂണ്‍ 4 ന്‌ നിലക്കലില്‍ പുതിയ സ്ഥലത്തേക്ക്‌ 36 സന്യാസിശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ ഹിന്ദുക്കള്‍ മാര്‍ച്ചുചെയ്തു. വെടിവെപ്പ്‌ ഉള്‍പ്പെടെയുള്ള മര്‍ദ്ദനമുറകള്‍കൊണ്ട്‌ പോലീസ്‌ മാര്‍ച്ചിനെ നേരിട്ടു. സന്യാസിമാര്‍ ഉള്‍പ്പെടെ അനേകം പേര്‍ക്ക്‌ പരിക്കേറ്റു. 
അനവധിപേര്‍ അറസ്റ്റിലായി. ജൂണ്‍ 6 ന്‌ നിലക്കല്‍ പ്രക്ഷോഭം സര്‍ക്കാര്‍ നിരോധിച്ചു. സംസ്ഥാനത്ത്‌ അനേകായിരം ഹിന്ദുക്കള്‍ അറസ്റ്റ്‌ വരിച്ച്‌ ജയിലിലായി. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന്‌ സംസ്ഥാനത്തുണ്ടായ സംഘര്‍ഷാവസ്ഥ മനസ്സിലാക്കി, സര്‍വ്വോദയ നേതാവ്‌ എം.പി. മന്മഥന്‍ മധ്യസ്ഥശ്രമവുമായി സ്വാമിജിയെ സമീപിച്ചു. ഉപാധികളില്ലാതെ ചര്‍ച്ച നടത്തുവാന്‍ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ സമ്മതിച്ചു. ജൂണ്‍ 27 ന്‌ മന്മഥന്‍സാറിന്റെ മധ്യസ്ഥതയില്‍ ആദ്യയോഗം നടന്നു. ആ യോഗത്തില്‍ നിലക്കലില്‍നിന്ന്‌ കുരിശ്‌ മാറ്റാമെന്ന്‌ ക്രൈസ്തവ സഭകള്‍ സമ്മതിച്ചു. എവിടെ കുരിശ്‌ വെക്കണമെന്ന്‌ തര്‍ക്കമായി. 
 ക്രൈസ്തവ സഭാ നേതാക്കള്‍ ചെങ്കാട്ടുകോണം ആശ്രമത്തിലെത്തി സ്വാമിജിയുമായി ചര്‍ച്ച നടത്തി. ആഗസ്റ്റ്‌ ആദ്യവാരം ക്രൈസ്തവ-ഹൈന്ദവ നേതാക്കള്‍ നിലക്കലിന്‌ സമീപമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ക്രൈസ്തവ നേതാക്കള്‍ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ നേതൃത്വസംഘം നിരസിച്ചു.
ആഗസ്റ്റില്‍ ശബരിമല പൂങ്കാവനത്തിന്റെ സ്കെച്ചും പ്ലാനും സ്വാമിജി മന്മഥന്‍ സാറിന്‌ കൈമാറുകയും പൂങ്കാവനത്തിനുള്ളില്‍ പള്ളി പണിയാന്‍ അനുവദിക്കുകയില്ലെന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ആഗസ്റ്റ്‌ 12 ന്‌ കോട്ടയം വടവാതൂര്‍ സെമിനാരിയില്‍ അടുത്ത യോഗം നടന്നു. ബിഷപ്പ്‌ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വാമിജിയുടെ നേതൃത്വത്തില്‍ ഹിന്ദുനേതാക്കള്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോകുകയും, അന്ന്‌ രാത്രി 9 മണിക്ക്‌ കോട്ടയം ഇന്ദ്രപ്രസ്ഥം ഹാളില്‍ യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ആഗസ്റ്റ്‌ 26 ന്‌ ഗവര്‍ണര്‍ക്ക്‌ ഭീമഹര്‍ജി നല്‍കിക്കൊണ്ട്‌ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ആഗസ്റ്റ്‌ 28 തിരുവോണ ദിവസം സ്വാമിജി ഉപവസിക്കാന്‍ തീരുമാനിച്ചു. ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച്‌ സ്വാമിജി ഉപവാസം ഉപേക്ഷിച്ചു. പ്രശ്നം കൈവിട്ടുപോകുമെന്ന്‌ മനസിലാക്കിയ ബിഷപ്പുമാര്‍ ആഗസ്റ്റ്‌ 19 ന്‌ കൊല്ലത്ത്‌ യോഗം ചേര്‍ന്ന്‌ നിലക്കല്‍ ആക്ഷന്‍ കമ്മറ്റിയുടെ അതിര്‍ത്തിനിര്‍ണയ പ്ലാന്‍ അനുസരിച്ച്‌ കുരിശ്‌ മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലക്കല്‍ പ്രക്ഷോഭം താല്‍ക്കാലികമായി പിന്‍വലിച്ചു.
സ്വാമിജി നിര്‍ദ്ദേശിച്ച സ്ഥലത്തേക്ക്‌, ശബരിമല പൂങ്കാവനത്തിന്‌ വെളിയില്‍ കുരിശ്‌ മാറ്റിസ്ഥാപിച്ചു. അതുകൊണ്ടും സ്വാമിജി തൃപ്തനായില്ല. അദ്ദേഹം നിലക്കലില്‍ ലക്ഷാര്‍ച്ചന നടത്തി. നിലക്കല്‍ ശ്രീകോവിലില്‍, 18 കുടുംബ
ങളിലെ പമ്പാതീര്‍ത്ഥം ശിവലിംഗ പ്രതിഷ്ഠയില്‍ സ്വാമിജി അഭിഷേകം നടത്തുമ്പോള്‍, വര്‍ഗീയ വിഷം വമിച്ച ആ കുരിശ്‌ ആരോരുമറിയാതെ, ഒരു ലോറിയില്‍ ക്ഷേത്രത്തിന്‌ മുന്‍പില്‍കൂടി കടന്നുപോയി.
ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുള്ളത്‌ സ്വാമിജിയുടെ ശപഥമായിരുന്നു. രാമക്ഷേത്ര പുനര്‍നിര്‍മാണസമിതിയില്‍ സ്വാമിജി ഒരു പരമോന്നത സ്ഥാനമാണ്‌ വഹിച്ചിരുന്നത്‌. ഈ സമിതിയുടെ അധ്യക്ഷനായിരുന്ന ശ്രീരാമചന്ദ്ര പരമഹംസന്‍ 2003 ല്‍ സമാധിയായപ്പോള്‍, ആ സന്യാസിവര്യന്റെ സ്മരണക്കായി സ്വാമിജി സ്ഥാപിച്ച ഫലകം ഒരു ചരിത്രസ്മാരകമായി ഇന്ന്‌ അയോധ്യയില്‍ ശ്രീരാമചന്ദ്ര പരമഹംസ സമാധിയില്‍ വിരാജിക്കുന്നു. ഈ ഫലകത്തില്‍, ശ്രീരാമചന്ദ്രപരമഹംസ പ്രശസ്തിയും ശ്രീരാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്ന കാര്യത്തിലുമുള്ള ജഗദ്ഗുരുവിന്റെ ശപഥവും അടങ്ങിയിട്ടുണ്ട്‌.
മാര്‍പ്പാപ്പ കേരളം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ പ്രസംഗിക്കാനായി ശംഖുമുഖത്ത്‌ സ്ഥാപിച്ച താല്‍ക്കാലിക വേദി ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ഗൂഢശ്രമം, രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെ ക്രിസ്ത്യന്‍ മതമേധാവികള്‍ നടത്തി. ശംഖുമുഖം ശ്രീപത്മനാഭന്റെ 'ആറാട്ടുകടവ്‌' ആണെന്നും അവിടെ പാപ്പാവേദി അനുവദിക്കില്ലെന്നും സ്വാമിജിയുടെ നേതൃത്വത്തില്‍ ഹൈന്ദവ നേതൃത്വം പ്രഖ്യാപിച്ചു. പ്രക്ഷോഭം ശക്തമാകുമെന്ന്‌ മനസ്സിലായപ്പോള്‍ സ്വാമിജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസംഘടനാ നേതാക്കളുമായി ആലോചിച്ച്‌ പാപ്പാവേദി പൊളിച്ചുമാറ്റാന്‍ ക്രിസ്തീയ മതനേതൃത്വം തീരുമാനിച്ചു. 
ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളില്‍ നടന്ന ക്ഷേത്രവിമോചന സമരങ്ങള്‍ക്ക്‌ സ്വാമിജി ശക്തമായ നേതൃത്വം നല്‍കി. പൂന്തുറയില്‍ നടന്ന മതതീവ്രവാദ ആക്രമണത്തില്‍ സാധു ഹിന്ദുജനതക്ക്‌ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സ്വാമിജി അവിടെ ഓടിയെത്തുകയും ആശ്രമത്തില്‍നിന്ന്‌ ഹിന്ദുജനതക്ക്‌ ആവശ്യമായ സാധനങ്ങള്‍ അവിടെ എത്തിക്കുകയും ചെയ്തു. 
ഇനി ഒരിക്കലും ഹിന്ദുവിന്‌ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ വേണ്ടി 53 ഹിന്ദുസംഘടനകളെ ഉള്‍പ്പെടുത്തി 'ഹിന്ദു ഐക്യവേദി' രൂപീകരിക്കപ്പെട്ടു. ഹിന്ദുവിനെതിരെയുള്ള ഒരു ചെറിയ ആക്രമണംപോലും ചോദ്യംചെയ്യപ്പെടാതെ പോകരുതെന്നും, അവയെ ശക്തമായി ചെറുത്തുതോല്‍പ്പിക്കണമെന്നും ഹിന്ദു ഐക്യവേദി സ്ഥാപക ചെയര്‍മാന്‍സ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ സ്വാമിജി പ്രഖ്യാപിച്ചു.
വൈക്കം ടിവിപുരം സെമിത്തേരിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഹിന്ദുക്കള്‍ക്ക്‌ ശക്തമായ നേതൃത്വം അദ്ദേഹം നല്‍കി. വികാസ്ഭവന്‍ ഹനുമാന്‍ കോവിലിന്‌ സമീപമുള്ള സ്ഥലം സി.എച്ച്‌. മുഹമ്മദ്‌ കോയ ഫൗണ്ടേഷന്‌ നല്‍കാന്‍ കരുണാകര മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ ആന്റണി മന്ത്രിസഭയെക്കൊണ്ട്‌ ആ നിര്‍ദ്ദേശം പിന്‍വലിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. കരുനാഗപ്പള്ളി പുതിയകാവ്‌ ദേവീക്ഷേത്ര മൈതാന വിമോചനസമരത്തിന്‌ ശക്തമായ നേതൃത്വം നല്‍കി. ആ ധര്‍മ്മസമരം വിജയപ്രാപ്തിയിലെത്തിക്കുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു. ശ്രീ മൂകാംബികാ ക്ഷേത്രസന്നിധിയില്‍നിന്ന്‌ തുടങി, കേരളത്തിലെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയും, കന്യാകുമാരി വരെയും സഞ്ചരിച്ച്‌ ഹിന്ദുവിന്റെ ആത്മാഭിമാനം തട്ടിയുണര്‍ത്തുന്ന ശ്രീരാമനവമി രഥയാത്രയും അതിനോടനുബന്ധിച്ചുള്ള ശ്രീരാമനവമി ഹിന്ദുസമ്മേളനവും സംഘടിപ്പിച്ചത്‌ സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു.
 ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ട ആവശ്യകത, ഹിന്ദു ബാങ്ക്‌, കൃഷി, വ്യവസായം എന്നിവയില്‍ ഹിന്ദുക്കള്‍ വഹിക്കേണ്ട പങ്ക്‌, ഹിന്ദു വ്യാപാരികള്‍ക്ക്‌ പ്രത്യേക സംഘടന, ഹിന്ദു കുടുംബ യുണിറ്റുകള്‍, ഹിന്ദു പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ഇന്‍ഷുറന്‍സ്‌ പദ്ധതി, സനാതന സംസ്കാരത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ മഹത്വം, ക്ഷേത്രങ്ങളുടെ അഭിവൃദ്ധി, ഹിന്ദുവിന്‌ ധര്‍മ്മാധിഷ്ഠിതമായ ജീവിതചര്യ, ഹിന്ദു പാര്‍ലമെന്റ്‌- ഇങ്ങനെ ഹിന്ദുവിന്റെ സമഗ്ര പുരോഗതിക്കാവശ്യമായ പദ്ധതികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും അത്‌ നടപ്പാക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
ധര്‍മ്മപ്രചാരണത്തിനായി ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി സ്ഥാപിക്കുകയും അതിന്റെ മേല്‍നോട്ടത്തില്‍ അനേകം ക്ഷേത്രങ്ങള്‍ നിര്‍മിക്കുകയും, നാശോന്മുഖമായിക്കൊണ്ടിരുന്ന പല ക്ഷേത്രങ്ങളും ഏറ്റെടുത്ത്‌ പുനരുദ്ധാരണം നടത്തുകയും ചെയ്തു. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി.
ഹിന്ദുക്കള്‍ക്കായി അദ്ദേഹം മുന്നോട്ടുവെച്ച ഏറ്റവും ശ്രദ്ധേയവും സമഗ്രവുമായ ഒരു സംരംഭമായിരുന്നു ശബരിമല വികസനത്തിനായുള്ള 'ഹരിവരാസനം പ്രോജക്ട്‌.' അനേകം സാങ്കേതികവിദഗ്ധരുമായി ആലോചിച്ച്‌ അദ്ദേഹം രൂപകല്‍പ്പന ചെയ്തതായിരുന്നു ഈ പദ്ധതി.
 ആയുര്‍വേദത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജി സാഹിത്യം, കഥകളി, തുള്ളല്‍ തുടങ്ങിയ ക്ലാസിക്‌ കലകളുടെ ഉപാസകന്‍കൂടിയായിരുന്നു. ഹിന്ദുക്കളെ സംബന്ധിക്കുന്ന സമസ്ത മേഖലകളെക്കുറിച്ചും ഗഹനമായി ചിന്തിക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും അത്‌ നടപ്പാക്കുകയും ചെയ്ത സ്വാമി സത്യാനന്ദസരസ്വതിയുടെ ആത്മാവ്‌ 2006 നവംബര്‍ 24 ന്‌ പരമധാമത്തില്‍ വിലയം പ്രാപിച്ചു.
ആധുനിക കേരളത്തിന്റെ യശസ്സിന്‌ 'ഭസ്മക്കുറി'യിട്ട സ്വാമി സത്യാനന്ദസരസ്വതിയുടെ അനുഭവസാക്ഷ്യം വരുംതലമുറക്ക്‌ പാഠവും വഴികാട്ടിയുമാണ്‌.
കടപ്പാട് :  ഡോ.ബി. ബാലചന്ദ്രന്‍
ധര്‍മ്മധീരനായ യതിവര്യന്‍:

ഹിന്ദുവിന്റെ ആത്മാഭിമാനത്തെ തട്ടിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്‍കിയ ധര്‍മ്മബോധത്തിന്റെ സിംഹഗര്‍ജ്ജനമായിരുന്നു ?ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി? എന്ന അനശ്വര ജ്യോതിസ്‌. സ്വാമിജിയുടെ 76-ാ‍ം ജയന്തി ദിനാഘോഷം സാര്‍വത്രികമായി കൊണ്ടാടുമ്പോള്‍ സ്മരണീയങ്ങളായ ഏതാനും ചിന്തകള്‍ സാമൂഹിക മണ്ഡലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്‌. പുണ്യചരിതന്മാരുടെ ജീവിതാപദാനങ്ങളില്‍ മനസ്സാ മുഴുകുന്നതും ആ ചെയ്തികളെ സ്മരിക്കുന്നതും ആ ധാര്‍മികജീവിതത്തിനായി പ്രയത്നിക്കുന്നതും പുണ്യമാണ്‌. സന്യാസം സമൂഹത്തില്‍ നിന്നുള്ള ഒളിച്ചോടലല്ല, മറിച്ച്‌ ധര്‍മ്മം പുലര്‍ന്നുകാണേണ്ടതായ സമൂഹത്തിന്റെ സ്വത്താണ്‌ സന്യാസിയെന്ന്‌ അദ്ദേഹം കാട്ടിത്തന്നു. എപ്പോഴൊക്കെ ഹിന്ദു വെല്ലുവിളികള്‍ നേരിട്ടിരുന്നുവോ, അപ്പോഴൊക്കെ ശക്തമായ നേതൃത്വം നല്‍കിക്കൊണ്ട്‌, ഹിന്ദുവിന്റെ സംഘശക്തിയെ തട്ടിയുണര്‍ത്തി, ആ വെല്ലുവിളികളെ അമ്പേ പരാജയപ്പെടുത്തുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു.

ലോകാനുഗ്രഹാര്‍ത്ഥം ജീവിതം നയിക്കുന്ന തപസ്വിയും ജീവന്മുക്തനുമായ ഗുരുവും ആദ്ധ്യാത്മികതൃഷ്ണാപരിഹാരത്തിനു വേണ്ടി ഗുരുവിനെത്തേടി നടക്കുന്ന ശിഷ്യനും ഒരുമിച്ചുചേരുമ്പോഴാണ്‌ ഇരുവരുടെയും ജന്മം സഫലമാകുന്നത്‌. ശ്രീരാമകൃഷ്ണപരമഹംസന്റെയും വിവേകാനന്ദന്റേയും സംഗമം അത്തരത്തിലൊന്നായിരുന്നു. തത്തുല്യമായ ഒന്നത്രേ ബ്രഹ്മശ്രീനീലകണ്ഠ ഗുരുപാദരുടെയും ശിഷ്യനായ സ്വാമി സത്യാനന്ദസരസ്വതിയുടെയും സംഗമം. ഗുരുവനുഗ്രഹം, കഠിനമായ തപസ്യ, അന്യാദൃശമായ ഇച്ഛാശക്തി, അന്ധവിശ്വാസങ്ങള്‍ക്കും മാനസികാടിമത്തത്തിനും എതിരെ നടത്തിയ സന്ധിയില്ലാത്ത സമരം, അത്ഭുതകരമായ സരസ്വതീവിലാസം, ഏതുവിഷയവും യുക്തിയുക്തമായി അവതരിപ്പിക്കാനുള്ള സവിശേഷ സാമര്‍ത്ഥ്യം, സര്‍വ്വോപരി സകലരേയും വാത്സല്യത്തോടെയും കാരുണ്യത്തോടെയും സ്വീകരിക്കുന്നതിലും അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂര്‍വ്വം കേട്ട്‌ പരിഹാരം നിര്‍ദ്ദേശിച്ചുകൊടുക്കുന്നതിലും കാട്ടിയ ആര്‍ദ്രഭാവം മുതലായവയാല്‍ കുറഞ്ഞകാലംകൊണ്ടുതന്നെ സ്വാമിജി ലോകപ്രശസ്തനായി.

ഗുരുവിന്റെ അനുഗ്രഹത്തോടെ ആശ്രമത്തിന്റെ പല ചുമതലകളും അദ്ദേഹം ഏറ്റെടുത്തു. കഠിനമായ യാതനയും പ്രതിസന്ധികളും കൊണ്ട്‌ ദുര്‍ഗമമായ പാതയായിരുന്നു ശിഷ്യനു മുന്നില്‍ ഉണ്ടായിരുന്നത്‌. അതെല്ലാം ഒരു വെല്ലുവിളിയെന്ന വിധത്തില്‍ ഏറ്റെടുത്ത്‌ ആ പാതയിലൂടെ മുന്നോട്ട്‌ നീങ്ങി. പില്‍ക്കാലത്ത്‌ അദ്ദേഹത്തിന്‌ ഏറ്റെടുക്കേണ്ടിവന്ന കഠിനകര്‍മ്മങ്ങളുടെ പരിശീലനക്കളരിയായിരുന്നു ആശ്രമത്തിലെ കര്‍മ്മമണ്ഡലം. ഗുരു തന്റെ തപഃശക്തി മുഴുവന്‍ ശിഷ്യനിലേക്ക്‌ പകര്‍ന്നു. ഭദ്രദീപത്തില്‍ നിന്നു കൊളുത്തിയപന്തം പോലെ ഗുരുവില്‍ നിന്നു കിട്ടിയ ഊര്‍ജ്ജം സ്വാമിജി വിഹരിച്ച എല്ലാ കര്‍മ്മമണ്ഡലങ്ങളിലും ജ്വലിച്ചു നിന്നു.

കൊട്ടിയൂര്‍ പാലുകാച്ചിമല, നിലയ്ക്കല്‍, ശംഖുമുഖത്തെ പാപ്പാവേദി മുതലായപ്രശ്നങ്ങള്‍ സധൈര്യം ഏറ്റെടുത്തുകൊണ്ട്‌ അദ്ദേഹം പ്രക്ഷോഭണങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ തയ്യാറായത്‌ ഈ പശ്ചാത്തലത്തിലാണ്‌. ഹിന്ദുമതത്തെ വേട്ടയാടുന്ന വെല്ലുവിളികളെ നേരിടാനും, ഹിന്ദുമതത്തിന്റെ ചൈതന്യം കെടാതെ സൂക്ഷിക്കാനും, നമ്മുടെ സാംസ്ക്കാരികപൈതൃകത്തിന്റെ സമുജ്ജ്വലപാരമ്പര്യം അനുസ്മരിപ്പിക്കാനും, സ്വാമിജി സധൈര്യം രംഗത്തിറങ്ങി. ശ്രീരാമദാസന്റെ ബലവേഗങ്ങളോടെ അദ്ദേഹം കേരളത്തിനകത്തും പുറത്തും ഭാരതത്തിനു വെളിയിലും ജൈത്രയാത്ര നടത്തി. ക്ഷേത്രധ്വംസനം, കൂട്ടമതംമാറ്റം, ദേവസ്വം ഭരണത്തിലെ അഴിമതി, കപടവേദാന്തം, നിരന്തരമായി ഹിന്ദുമതത്തെ വികൃതമായി ചിത്രീകരിക്കാനുള്ള ചിലരുടെ പ്രവണത എന്നിവയ്ക്കെല്ലാം എതിരായി സ്വാമിജി കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി, സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചു. അതിന്റെ അനന്തരഫലമോ, പാലുകാച്ചിമലകള്‍ പ്രകമ്പനംകൊണ്ടു, പാപ്പാവേദികള്‍ തകര്‍ന്നുവീണു, കൊട്ടിയൂര്‍ പെരുമാള്‍ പുളകംപൂണ്ടു, നിലയ്ക്കലുയര്‍ത്തിയ കള്ളക്കുരിശുകള്‍ നിലംപൊത്തി. ഇങ്ങനെയും ഒരു സന്യാസിയോ എന്ന്‌ പലരും അത്ഭുതം കൂറി.

സ്വാമിജിയുടെ ജിഹ്വാഗ്രഹത്തിലും തൂലികത്തുമ്പിലും വാണീഭഗവതി സദാ നൃത്തം ചെയ്തിരുന്നു. തന്റെ ഗുരുവായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ജീവിത ചരിതമായ പാദപൂജ പലവിധ സവിശേഷതകള്‍കൊണ്ടും മലയാളത്തിലെ ജീവചരിത്രശാഖയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നു. അദ്ധ്യാത്മരാമായണത്തിനു രചിച്ച പാദപൂജ വ്യാഖ്യാനം, തുളസീദാസ രാമായണത്തിന്റെ ഇംഗ്ലീഷ്‌ വിവര്‍ത്തനം, പണിമൂലദേവീസ്തവം, ബാലകവിതാമഞ്ജരി, ഗുരുത്വം എന്ന ശാസ്ത്രം, തുടങ്ങി തൃപ്പാദങ്ങളുടെ രചനാ കൗശലം പ്രതിഫലിക്കുന്ന കൃതികള്‍ നിരവധിയത്രെ. സനാതന ധര്‍മ്മം, ഹൈന്ദവാചാരങ്ങള്‍, ക്ഷേത്ര സങ്കല്‍പം, വിഗ്രഹാരാധന, ഇതിഹാസങ്ങള്‍, വിവിധ ദേവതാ സങ്കല്‍പ്പങ്ങള്‍ മുതലായവയെക്കുറിച്ച്‌ പതിനെട്ടോളം ലഘുഗ്രന്ഥങ്ങളും സ്വാമിജി രചിച്ചിട്ടുണ്ട്‌. ക്ലാസിക്‌ സാഹിത്യം, കഥകളി, തുള്ളല്‍ തുടങ്ങിയ ക്ലാസ്സിക്‌ കലകള്‍ എന്നിവയുടെയും ഉപാസകന്‍ കൂടിയായിരുന്നു സ്വാമിജി.

ഉഗ്ര സാധനകളുമായി 14 വര്‍ഷത്തോളം ആശ്രമത്തില്‍ മാത്രം കഴിച്ചുകൂട്ടിയ സ്വാമിജി ധാര്‍മിക സംവിധാനത്തിനേറ്റ ആഘാതം തിരിച്ചറിഞ്ഞ്‌ ധര്‍മ്മബോധനവും ധര്‍മസമരവും നയിച്ച ചരിത്രം ആരേയും പുളകം കൊള്ളിക്കുന്നതാണ്‌. സ്വാമിജിയെ കേന്ദ്രീകരിച്ചു കൊണ്ടു നടന്ന ഹിന്ദു പുനരുത്ഥാനസംവിധാനം തുടക്കം കുറിക്കുന്നത്‌ കണ്ണൂര്‍ജില്ലയിലെ കൊട്ടിയൂര്‍ പാലുകാച്ചി മലയില്‍ നിന്നാണ്‌. അതിനുശേഷം നടന്ന സുപ്രധാനമായ സമരം നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിനു സമീപം കുരിശു സ്ഥാപിച്ചുകൊണ്ട്‌ ക്രിസ്തീയ വിഭാഗം നടത്തിയ ഗൂഢാലോചനയ്ക്ക്‌ എതിരെയുള്ളതായിരുന്നു.
മാര്‍ഗദര്‍ശകമണ്ഡലത്തിലെ സമുന്നത നേതാവും ദക്ഷിണ മണ്ഡലേശ്വരനുമായിരുന്ന സ്വാമിജി മാര്‍ഗദര്‍ശകമണ്ഡലത്തിന്റേയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതൃത്വത്തിലാരംഭിച്ച രാമക്ഷേത്ര നിര്‍മ്മിതിയ്ക്കായുള്ള സമരത്തില്‍ മുന്‍നിരയിലായിരുന്നു. ശ്രീപത്മനാഭന്റെ ആറാട്ടുകടവില്‍ മാര്‍പ്പാപ്പയുടെ പ്രസംഗത്തിനുവേദിയൊരുക്കി അത്‌ ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ക്രിസ്തീയ ഗുഢശ്രമത്തെ ശക്തമായ സമരപ്രഖ്യാപനത്തിലൂടെ ഹിന്ദുസമാജം ചെറുത്തുതോല്‍പിച്ചതും സ്വാമിജിയുടെ നേതൃത്വത്തിലായിരുന്നു.

പൂന്തുറയില്‍ നടന്ന ഏകപക്ഷീയമായ മതതീവ്രവാദ ആക്രമണത്തില്‍ സാധുഹിന്ദുജനതയ്ക്ക്‌ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ സ്വാമിജി അവിടെ ഓടിയെത്തുകയും, ആശ്രമത്തില്‍ നിന്ന്‌ ഹിന്ദുജനതയ്ക്ക്‌ ആവശ്യമായ സാധനങ്ങള്‍ അവിടെ എത്തിക്കുകയും ചെയ്തു.

അനധികൃതമായി നിര്‍മ്മിക്കപ്പെട്ട വൈക്കം ടി.വി.പുരം സെമിത്തേരിക്കെതിരെയുള്ള പ്രക്ഷോഭണങ്ങളിലും പമ്പാനദിയില്‍ സംഘടിത മതസംവിധാനം കെട്ടിയിറക്കിയ കല്‍ക്കെട്ടിനെതിരെയും ഹിന്ദുവിന്‌ ശക്തമായ നേതൃത്വം അദ്ദേഹം നല്‍കി.

രാമായണ കഥാസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഉചിതമായ രീതിയില്‍ സംരക്ഷിക്കപ്പെടണമെന്ന താത്പര്യം സ്വാമിജിക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടു തന്നെയാണ്‌ ചടയമംഗലം ജടായുപാറയില്‍ കോദണ്ഡരാമ പ്രതിഷ്ഠ നടത്തിയതും.

തിരുവനന്തപുരം വികാസ്ഭവന്‍ ഹനുമാന്‍ കോവിലിന്‌ സമീപമുള്ള സ്ഥലം സി.എച്ച്‌.മുഹമ്മദുകോയ ഫൗണ്ടേഷന്‌ നല്‍കാന്‍ കരുണാകരന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ തുടര്‍ന്ന്‌ അധികാരത്തില്‍വന്ന ആന്റണി മന്ത്രിസഭയെക്കൊണ്ട്‌ ആ നിര്‍ദ്ദേശം പിന്‍വലിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ സാധിച്ചു.

കരുനാഗപ്പള്ളി പുതിയകാവ്‌ ദേവീക്ഷേത്രമൈതാന വിമോചന സമരത്തിന്‌ ശക്തമായ നേതൃത്വം നല്‍കി, ആ ധര്‍മ്മസമരം വിജയ പ്രാപ്തിയിലെത്തിക്കുവാന്‍ സ്വാമിജിക്ക്‌ സാധിച്ചു.

ഹിന്ദുവിന്റെ സ്വാഭിമാനത്തെ തട്ടിയുണര്‍ത്തുവാനും, സനാതനധര്‍മ്മത്തെക്കുറിച്ചും, അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവനെ ബോധവല്‍ക്കരിക്കാനും കേരളത്തില്‍മാത്രം മണിക്കൂറുകള്‍ നീണ്ടുനിന്ന അനേകം പ്രഭാഷണപരമ്പരകള്‍ അദ്ദേഹം നടത്തി.

പര്യാവരണരഞ്ജകമായ ജീവിതരീതിയിലൂന്നി കാര്‍ഷിക സംസ്കാരത്തിലേക്ക്‌ സമൂഹത്തെ പുനരാനയിക്കാന്‍ കൃഷിയുടെ മഹത്വം ഉദ്ബോധിപ്പിച്ചുകൊണ്ട്‌ കൃഷി പൂജയാകുന്നുവെന്ന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ശതകോടി അര്‍ച്ചനക്ക്‌ മുന്‍പ്‌ അദ്ദേഹം കൃഷിയജ്ഞം നടത്തി.

ലോകം ഒരു കുടുംബം? എന്ന അടിസ്ഥാനാശയത്തിലൂന്നി ജീവത്കേന്ദ്രിതമായ ആശയസംഹിതയെ ലോകത്തിന്‌ പരിചയപ്പെടുത്തിയ ആചാര്യന്‍ അതിനു മുഖ്യ ഉപാധിയാക്കിയത്‌ രാമായണ മഹാഗ്രന്ഥത്തെയും സാമൂഹിക ചുറ്റുപാടുകളെയും തന്നെയായിരുന്നു. നിരവധി തവണ ഹിന്ദുധര്‍മ്മ പ്രചാരണത്തിന്‌ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രഭാഷണ പരമ്പരകളില്‍ വ്യത്യസ്ത ജനസമുദായങ്ങളെ അഭിമുഖീകരിച്ച സ്വാമിജി ഹൈന്ദവ ധര്‍മ്മത്തിന്റെ ഉടലാര്‍ന്ന വക്താവായിരുന്നു. ചെന്നെത്തിയ ഇടങ്ങളിലെല്ലാം ഹൈന്ദവപ്രസ്ഥാനങ്ങളെ ഏകീകരിക്കുവാനും ആചാരങ്ങളെ ക്രമീകരിക്കുവാനും ശ്രദ്ധിച്ച തൃപ്പാദങ്ങള്‍ നേതൃത്വം കൊടുത്ത്‌ വിദേശങ്ങളില്‍ രൂപീകരിക്കപ്പെട്ട്‌ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകള്‍ ബഹുമുഖങ്ങളാണ്‌.

കേരളത്തിലും, ഭാരതത്തിലും എന്നല്ല ലോകമൊട്ടാകെ ആ സദ്ഗുരു സനാതനധര്‍മ്മത്തെ പരിചയപ്പെടുത്തി. അതുകൊണ്ടാണ്‌ അശോക്സിംഗാള്‍ പറഞ്ഞത്‌, സ്വാമിജി ഭാരതീയ സംസ്കാരത്തിന്റെ അമൂല്യ സ്വത്താണെന്ന്‌.

ഡോ.ബി.ബാലചന്ദ്രന്‍
(ലേഖകന്റെ സ്വാമിജിയെ അറിയുക എന്ന ഗ്രന്ഥത്തില്‍നിന്ന്‌ സമാഹരിച്ചത്‌)