Saturday, May 21, 2011

അയ്യപ്പസേവാസമാജം പുല്ലുമേട്‌ ദുരിതാശ്വാസ നിധി വിതരണം ചെയ്തു

പുല്ലുമേട്‌ ദുരിതാശ്വാസ നിധി വിതരണം ചെയ്തു

Posted On: Sat, 21 May 2011 23:17:36
പാലക്കാട്‌: ശബരിമല പുല്ലുമേട്ടില്‍ വെച്ച്‌ കഴിഞ്ഞ മകരവിളക്ക്‌ ദിവസം തിക്കിലും തിരക്കിലും പെട്ട്‌ അതിദാരുണമായി മരിച്ച 102 അയ്യപ്പന്മാരുടെ സ്മരണക്ക്‌ മുന്നില്‍ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അയ്യപ്പഭക്തരും ആദരാഞ്ജലി അര്‍പ്പിച്ചു.

ശബരിമല അയ്യപ്പ സേവാ സമാജം ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ദുരിതാശ്വാസ നിധി വടക്കന്തറ രാധിക കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വെച്ച്‌ വിതരണം ചെയ്തു. മരണപ്പെട്ട തൃപ്പൂണിത്തുറ ഉണ്ണികൃഷ്ണന്റെ ഭാര്യ സുജ, വേങ്ങര കോരുക്കുട്ടിയുടെ ഭാര്യ സരോജിനി, മണ്ണാര്‍ക്കാട്‌ പത്മനാഭന്റെ ഭാര്യ ശാന്തകുമാരി, കല്ലേക്കാട്‌ രാമകൃഷ്ണന്റെ ഭാര്യ ജാനകി എന്നിവരാണ്‌ ദുരിതാശ്വാസ നിധി ഏറ്റുവാങ്ങിയത്‌. പന്തളം രാജകൊട്ടാരം അധ്യക്ഷന്‍ വിശാഖം തിരുനാള്‍ രാമവര്‍മ രാജയില്‍ നിന്നും ദുരിതാശ്വാസ നിധി ഏറ്റുവാങ്ങിയപ്പോള്‍ കൂട്ടശരണംവിളി ഉയര്‍ന്നു. തങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന നാഥന്മാര്‍ ആകസ്മികമായി ദുരന്തത്തിനിരയായതിന്റെ ആഘാതവും നടുക്കവും ഇനിയും വിട്ടുമാറാത്ത അമ്മമാര്‍ക്ക്‌ സഹായനിധിയും സാന്ത്വന വചനങ്ങളും ആശ്വാസമായി.

സൂര്‍ദാസ്‌ ഭജന മണ്ഡലിയിലെ അന്ധരായ അയ്യപ്പന്മാരുടെ ഭജനയോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌. അയ്യപ്പ ചിത്രത്തിന്‌ മുമ്പില്‍ പ്രധാന നിലവിളക്കില്‍ ദീപം ജ്വലിപ്പിച്ച്‌ കല്ലേക്കുളങ്ങര ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. മരിച്ച 102 അയ്യപ്പന്മാരുടെ സ്മരണക്കായി 102 ഭദ്രദീപങ്ങള്‍ കൊളുത്തി. ഛായാപടങ്ങളില്‍ പുഷ്പാര്‍ച്ചന, ആരതി എന്നിവയും നടത്തി. മലയാളികളായ നാല്‌ അയ്യപ്പന്മാരുടെ ചിത്രങ്ങള്‍ പ്രത്യേകം തയ്യാറാക്കി മണ്ഡപത്തില്‍ അലങ്കരിച്ച്‌ വെച്ചിരുന്നു. ഹിന്ദുക്കള്‍ മാത്രമാണ്‌ ഏകദൈവ വിശ്വാസികളെന്ന്‌ സ്വാമി നിത്യാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന്‌ രൂപവും നാമവും ഉണ്ടെങ്കിലും അവയെല്ലാം ഒന്നാണ്‌. മറ്റ്‌ മതക്കാരെ ഇതിന്റെ പേരില്‍ ഒരിക്കലും ഹൈന്ദവര്‍ ഹിംസിച്ചിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു. സമ്മേളനത്തില്‍ പ്രശസ്ത ഗായകന്‍ കെ.ജി.ജയന്‍(ജയവിജയ) അധ്യക്ഷത വഹിച്ചു. കവി എസ്‌.രമേശന്‍ നായര്‍, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല, സ്വാമി കൃഷ്ണാത്മാനന്ദ, സ്വാമി ആനന്ദതീര്‍ത്ഥ, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ്‌, ശബരിമല മേല്‍ശാന്തിയുടെ പ്രതിനിധി പി.എം.മനോജ്‌, പത്മകുമാര്‍, സമാജം സംസ്ഥാന ട്രഷറര്‍ വി.പി.മന്മഥന്‍ എന്നിവര്‍ പ്രസംഗിച്ചു. അയ്യപ്പസേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ സ്വാഗതവും സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. ആന്ധ്രാപ്രദേശ്‌, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ദര്‍ശനത്തിനെത്തി മരിച്ച അയ്യപ്പഭക്തന്മാരുടെ ആശ്രിതര്‍ക്ക്‌ ഹൈദരാബാദ്‌, ചെന്നൈ, ബംഗ്ലുരു എന്നിവിടങ്ങളില്‍ ദുരിതാശ്വാസനിധി അടുത്തമാസം നല്‍കുമെന്ന്‌ കുമ്മനം രാജശേഖരന്‍ അറിയിച്ചു

No comments:

Post a Comment