Friday, August 5, 2011

ആര്‍എസ്‌എസ്‌ പാരിതോഷികങ്ങള്‍ പ്രതീക്ഷിക്കുന്നില്ല

ക്ഷേത്രസമ്പത്ത്‌ ഹിന്ദുവിന്റെ നന്മയ്ക്ക്‌: രാംമാധവ്‌

കൊല്ലം: ക്ഷേത്രങ്ങളിലെ സമ്പത്ത്‌ ഹിന്ദുവിന്റെ നന്മയ്ക്ക്‌ വേണ്ടിയുള്ളതാണെന്ന്‌ ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി അംഗം രാംമാധവ്‌ പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേ ത്രത്തിലെ ധനം പത്മനാഭ ദാസന്മാര്‍ക്കുള്ളതാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനന്ദവല്ലീശ്വരം എന്‍എസ്‌എസ്‌ ഗംഗാ ആഡിറ്റോറിയത്തില്‍ ആര്‍എസ്‌എസ്‌ കൊല്ലം സാപ്താഹിക്‌ ശാഖയുടെ ശ്രീഗുരുദക്ഷിണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍എസ്‌എസിനെ ഭീകരവാദികളായി ചിത്രീകരിച്ച്‌ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത്‌ സജീവമാണെന്ന്‌ അദ്ദേഹം പറഞ്ഞു. പാരിതോഷികങ്ങള്‍ പ്രതീക്ഷിച്ചല്ല ആര്‍എസ്‌എസ്‌ സമൂഹമധ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. രാജ്യത്തെ മിഷണറി പ്രസ്ഥാനങ്ങള്‍ സേവനത്തിന്റെ മറവില്‍ പണവും മറ്റ്‌ പലതും മോഹിച്ച്‌ നൂറുകണക്കിന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ വെളിച്ചവും വഴിയും ഇല്ലാത്ത വനവാസി മേഖലകളില്‍ പതിനായിരക്കണക്കിന്‌ ഏകാധ്യാപക വിദ്യാലയങ്ങള്‍ നടത്തുന്നു. ഒന്നര ലക്ഷത്തോളം സേവന പദ്ധതികള്‍ ആര്‍എസ്‌എസിന്റെ നിയന്ത്രണത്തില്‍ നടത്തുന്നു. ഒരെടുത്തു നിന്നും ആര്‍എസ്‌എസ്‌ പാരിതോഷികങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
സനാതന ധര്‍മത്തിലധിഷ്ഠിതമായ സമൃദ്ധരാഷ്ട്രത്തെ ലക്ഷ്യമാക്കിയാണ്‌ അത്‌ പ്രവര്‍ത്തിക്കുന്നത്‌. പക്ഷേ നിക്ഷിപ്ത രാഷ്ട്രീയ താത്പര്യക്കാര്‍ ആര്‍എസ്‌എസിന്‌ ഭീകരവാദ മുദ്ര ചാര്‍ത്താനാണ്‌ തുനിയുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
അപകടങ്ങളിലും ദുരന്തങ്ങളിലും ആദ്യം ഓടിയെത്താന്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‌ കഴിയുന്നത്‌ അവന്റെ സഹജമായ സേവന മനോഭാവം കൊണ്ടാണ്‌. ഹിന്ദുവിന്റെ സംസ്കാരമാണ്‌ സമാജ സേവയെന്ന്‌ സ്വാമി വിവേകാനന്ദന്‍ ഉദ്ഘോഷിച്ചു.
ആര്‍എസ്‌എസ്‌ എന്തെങ്കിലും ഒരു പുതിയ പ്രത്യയ ശാസ്ത്രം സൃഷ്ടിച്ചില്ല. വേദങ്ങളും രാമായണ ഭാരതാദി മഹാഗ്രന്ഥങ്ങളുമാണ്‌ അതിന്റെ പ്രേരണ എന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൊട്ടിയം എന്‍എസ്‌എസ്‌ കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ വി.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment