Monday, January 9, 2012

എബിവിപി സംസ്ഥാനസമ്മേളനത്തിന്‌ കണ്ണൂര്‍ ഒരുങ്ങുന്നു








എബിവിപി സംസ്ഥാന സമ്മേളനത്തിന്‌ കണ്ണൂര്‍ ഒരുങ്ങുന്നു

കണ്ണൂര്‍: എബിവിപി 29-ാ‍ം സംസ്ഥാന സമ്മേളനം ചരിത്ര വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ ഊര്‍ജ്ജിതമായി. 20, 21, 22 തീയ്യതികളിലായി നടക്കുന്ന സമ്മേളനം കണ്ണൂരിന്റെ സമകാലീന ചരിത്രത്തിലെ അവിസ്മരണീയ സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്‌ ഡോ.പി.പി.വേണുഗോപാല്‍ അദ്ധ്യക്ഷനായുള്ള സംഘാടകസമിതി. സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ആദ്യമായാണ്‌ നടക്കുന്നതെന്നതിനാല്‍ കോലത്തുനാട്ടിലെ പഴയതും പുതിയതുമായ എബിവിപി പ്രവര്‍ത്തകര്‍ തികഞ്ഞ ആവേശത്തിലാണ്‌. ഫ്ലക്സ്‌ ബോര്‍ഡുകളും കാവി പതാകകളും സമ്മേളനത്തിന്റെ വരവറിയിച്ചുകൊണ്ട്‌ നഗരത്തിന്റെ മുക്കിലും മൂലയിലും നിരന്നുകഴിഞ്ഞു. വൈജ്ഞാനിക സദസ്സുകള്‍, വിളംബര ജാഥകള്‍, പ്രാദേശിക സമ്മേളനങ്ങള്‍ എന്നിവ സമ്മേളനത്തിന്‌ മുന്നോടിയായി ആരംഭിച്ചിട്ടുണ്ട്‌.

20ന്‌ പതിനായിരങ്ങള്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥി റാലിയും ദേശീയ നേതാവടക്കം പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. സംഘടനയുടെ അഖിലേന്ത്യാ നേതാക്കളടക്കമുള്ളവരും പ്രമുഖ വ്യക്തിത്വങ്ങളും വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിക്കും. 21, 22 തീയ്യതികളില്‍ പ്രതിനിധി സമ്മേളനം നോര്‍ത്ത്‌ മലബാര്‍ ചേമ്പര്‍ ഓഫ്‌ കോമേഴ്സ്‌ ഓഡിറ്റോറിയങ്ങളിലാണ്‌ നടക്കുക. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത്‌ പുതിയൊരു വിചാര വിപ്ലവത്തിന്‌ നാന്ദിയാവും കണ്ണൂര്‍ സമ്മേളനമെന്നും ഉറപ്പാണ്‌. ആ നിശ്ചയദാര്‍ഢ്യവുമായാണ്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ സമ്മേളനം ഉജ്ജ്വല വിജയമാക്കാന്‍ അഹോരാത്രം രംഗത്തിറങ്ങിയിരിക്കുന്നത്‌.

No comments:

Post a Comment