Saturday, April 2, 2011

ഭാരതത്തിനുവേണ്ടത് ആധ്യാത്മിക സോഷ്യലിസം -സ്വാമി രാംദേവ്

ഭാരതത്തിനുവേണ്ടത് ആധ്യാത്മിക സോഷ്യലിസം -സ്വാമി രാംദേവ്
 02 Apr 2011


പാലക്കാട്: ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് മതേതര സോഷ്യലിസം ഗുണകരമാവില്ലെന്ന് ഹരിദ്വാറിലെ പതഞ്ജലി യോഗപീഠം ആചാര്യന്‍ സ്വാമി രാംദേവ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രാജനീതി ഗതകാല പ്രൗഢിയോടെ പുനര്‍ജനിക്കണമെങ്കില്‍ ആധ്യാത്മിക സോഷ്യലിസം അനിവാര്യമാണ്.
പാലക്കാട്ട് യോഗസാധനാക്യാമ്പ് നടത്താന്‍ എത്തിയ അദ്ദേഹം 'മുഖാമുഖ'ത്തില്‍ സംവദിക്കുകയായിരുന്നു.
ആധ്യാത്മികമെന്നാല്‍ മതവും ആചാരങ്ങളുമല്ല, സാര്‍വലൗകികമായി മനുഷ്യരില്‍ നിറഞ്ഞുനില്‍ക്കുന്ന ഗുണമാണ്. അത് കണ്ടെത്തി പ്രകാശിപ്പിക്കണം. ഈ ലക്ഷ്യത്തിലേക്കുള്ള ഉപാധിയാണ് യോഗ, പ്രാണായാമങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത് സ്വാഭിമാന്‍ ട്രസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ നിരന്തരയാത്രയിലാണ് സ്വാമി. ഒരുലക്ഷം കിലോമീറ്റര്‍ പിന്നിട്ട് ജൂണില്‍ ഉജ്ജയിനിയില്‍ ആദ്യഘട്ടം പൂര്‍ത്തിയാവും. 2012ല്‍ രണ്ടുലക്ഷം കിലോമീറ്റര്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുക, വികേന്ദ്രീയ വികാസവാദവും ആധ്യാത്മിക സമാജ്‌വാദവും സ്ഥാപിച്ചെടുക്കുക എന്നിവയാണ് തന്റെ ലക്ഷ്യമെന്ന് സ്വാമി രാംദേവ് പറഞ്ഞു. സ്വയംപര്യാപ്തതയിലേക്ക് ഗ്രാമങ്ങളെ സജ്ജമാക്കുന്നതിനായി ഓരോ ഗ്രാമത്തിലും സൗജന്യയോഗപരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിനോടകം ഒരുലക്ഷം ഗ്രാമങ്ങളില്‍ യോഗപരിശീലനം നടപ്പാക്കി. ശാരീരികവും മാനസികവുമായി ഉത്തമാരോഗ്യം ലഭിക്കുന്നതോടെ ജനതയുടെ ക്രിയാശക്തിയും സര്‍ഗശേഷിയും ഉയരുമെന്നും ഇത് രാജ്യപുരോഗതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം വിവരിച്ചു.
തിരഞ്ഞെടുപ്പുകളില്‍ അഴിമതിയുടെ കുറപുരളാത്ത വ്യക്തികള്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് സ്വാമി ആഹ്വാനം ചെയ്തു. കള്ളപ്പണക്കാരില്‍നിന്നും അഴിമതിക്കാരില്‍നിന്നും രാജ്യത്തെ മോചിപ്പിക്കണം. 99 ശതമാനംവരുന്ന കേരളത്തിലെ ദൈവവിശ്വാസികളെ ഭരിക്കുന്നത് ഒരുശതമാനംവരുന്ന നാസ്തികരാണെന്നത് ഖേദകരമാണെന്ന് സ്വാമി രാംദേവ് അഭിപ്രായപ്പെട്ടു.
സ്വാമി രാഷ്ട്രീയപാര്‍ട്ടി തുടങ്ങുമോ എന്ന ചോദ്യത്തിന് അതിന് കളമൊരുക്കുകയാണ് എന്നായിരുന്നു മറുപടി. സ്ഥാനാര്‍ഥിയാവാനല്ല, കളങ്കമില്ലാത്തവരെ മത്സരരംഗത്തും ഭരണരംഗത്തും ഉയര്‍ത്തിക്കൊണ്ടുവരാനായിരിക്കും തന്റെ ശ്രമം. അതിനെ പിന്താങ്ങുന്ന വിപുലമായ വോട്ട്ബാങ്കും തയ്യാറാണ് -സ്വാമി വ്യക്തമാക്കി.
സംന്യാസിമാരുടെ സുഖലോലുപജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'എനിക്ക് ഉടുവസ്ത്രംമാത്രമേ സ്വന്തമായുള്ളൂ' എന്നായിരുന്നു മറുപടി. നിലത്തുകിടന്നാണ് ഉറങ്ങുന്നത്. മറ്റു സംന്യാസിമാരെക്കുറിച്ച് അഭിപ്രായം പറയുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


യോഗ-പ്രാണായാമങ്ങളിലൂടെ സാന്ത്വനംപകര്‍ന്ന് സ്വാമി രാംദേവ്
 02 Apr 2011


പാലക്കാട്: ആത്മീയാനുഭവത്തിന്റെ അനുഭൂതിയിലായിരുന്നു ആയിരത്തിലധികം വരുന്ന യോഗസാധകര്‍. മനസ്സിനും ശരീരത്തിനും അസ്വസ്ഥതാജനകമായ നിരവധി രോഗപീഡകളുമായി യോഗാപ്രാണായാമ ക്യാമ്പിനെത്തിയവര്‍ സ്വാമി രാംദേവിന്റെ സാന്നിധ്യത്തില്‍ സാന്ത്വനമറിഞ്ഞു.
ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാവിലെ അഞ്ചുമുതല്‍ എട്ടുമണിവരെ നടന്ന യോഗ-പ്രാണായാമ പരിശീലനം പങ്കെടുത്തവര്‍ക്കൊക്കെ സുഖവും പ്രതീക്ഷയും നല്‍കി. സ്വധര്‍മത്തോടും സംസ്‌കാരത്തോടും പ്രതിബന്ധമായ ജനത പാലിക്കേണ്ട ജിവിതചര്യകളെക്കുറിച്ച് ഹരിദ്വാറിലെ പതഞ്ജലി യോഗപീഠം ആചാര്യനായ സ്വാമി രാംദേവ് വിശദീകരിച്ചു.
സ്വാമിനടത്തുന്ന യാത്രകളിലും സാരോപദേശങ്ങളിലും അതിശയംകൂറി ദര്‍ശനത്തിനെത്തിയവര്‍ക്ക് സോദാഹരണപ്രഭാഷണത്തിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ശരീരത്തിന്റെ രോഗദുരിതങ്ങള്‍ക്ക് പ്രാണായാമം പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പതഞ്ജലി യോഗാസമിതി സംസ്ഥാന പ്രസിഡന്റ് പി.ചന്ദ്രന്‍കുട്ടി, ഓര്‍ഗനൈസിങ്‌സെക്രട്ടറി കിണാവല്ലൂര്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാമി ഗംഗാധരാനന്ദ (സിദ്ധാശ്രമ മഠാധിപതി-ആലത്തൂര്‍) വി. ശങ്കരനാരായണന്‍, സി.ഉദയഭാസ്‌കര്‍, കെ.ദമയന്തി, ഇ.തിപ്പയ്യസ്വാമി എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പിനുശേഷം ചെര്‍പ്പുളശ്ശേരി പരശു, കല്ലടിക്കോട് വ്യാസവിദ്യാപീഠം സംഘങ്ങളുടെ കളരി അഭ്യാസം നടന്നു. തുടര്‍ന്ന് ഹരിദ്വാറില്‍നിന്നെത്തിയ ഒന്‍പത് ആയുര്‍വേദഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ വൈദ്യപരിശോധനയും ഉണ്ടായിരുന്നു.

(news source: http://www.mathrubhumi.com/palakkad/news/870719-local_news-Palakkadu-പാലക്കാട്.html )

No comments:

Post a Comment