Saturday, June 11, 2011

ഹിന്ദു ഐക്യവേദി പ്രതിഷേധം വഴിപാടുനിരക്ക് വര്‍ധന പിന്‍വലിച്ചു

വഴിപാടുനിരക്ക് കൂട്ടി; ചിനക്കത്തൂര്‍ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസറെ തടഞ്ഞു 
 11 Jun 2011


ഒറ്റപ്പാലം-ലക്കിടി: ജൂണ്‍ ഒന്നുമുതല്‍ വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ചിനക്കത്തൂര്‍ക്ഷേത്രത്തിലെ മലബാര്‍ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു.
ഹിന്ദു ഐക്യവേദി ഒറ്റപ്പാലംതാലൂക്ക് സമിതി നേതൃത്വത്തില്‍ വെള്ളിയാഴ്ച 10മണിയോടെ ക്ഷേത്രത്തിലെത്തിയ അമ്പതോളം പ്രവര്‍ത്തകര്‍ പത്തരമുതല്‍ ഒന്നരവരെ കൗണ്ടറില്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എല്‍.നാരായണനെ ബന്ദിയാക്കി.
സംഭവമറിഞ്ഞ് മലബാര്‍ദേവസ്വം ബോര്‍ഡംഗം അഡ്വ. വി.കെ.ഹരിദാസ് സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
ഭേദപ്പെട്ട വഴിപാട് വരുമാനമുള്ള ചിനക്കത്തൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
ക്ഷേത്രത്തിലെ വരുമാനം ക്ഷേത്രത്തിന്റെ വികസനത്തിന് ഉപയോഗിക്കുക, ക്ഷേത്രം ജീവനക്കാര്‍ക്കും ഭക്തര്‍ക്കും അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തുക, ഗണപതികോവില്‍ പുനഃപ്രതിഷ്ഠാകര്‍മത്തില്‍ വീഴ്ചവന്നതിന് പരിഹാരമായി ചെലവ് ദേവസ്വംബോര്‍ഡ് വഹിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.
ജൂണ്‍ ഒന്നിന് വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ഭക്തജനങ്ങളെയോ ഹൈന്ദവസംഘടനകളെയോ ക്ഷേത്രം ഏഴ് ദേശക്കമ്മിറ്റികളുമായോ കൂടിയാലോചിച്ചില്ലെന്നും സമരക്കാര്‍ ആക്ഷേപിച്ചു.
വഴിപാടുനിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് നാലുദിവസമായി ഏഴ് ദേശക്കമ്മിറ്റികള്‍ വഴിപാട് കൗണ്ടര്‍ ഉപരോധിച്ച് സമരം നടത്തിയിരുന്നു. വര്‍ധിപ്പിച്ച വഴിപാട്‌സംഖ്യ നല്‍കുന്നതില്‍നിന്ന് ഭക്തരെ പിന്തിരിപ്പിക്കാനും പ്രതിഷേധക്കാര്‍ മുന്നിട്ടിറങ്ങി.
നാട്ടുകാരുടെ പ്രതിഷേധം താന്‍ ദേവസ്വം ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ ഗിരീഷിനെ അറിയിച്ചുവെന്നും ട്രസ്റ്റിബോര്‍ഡംഗങ്ങളുമായി ചര്‍ച്ചനടത്താമെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞെങ്കിലും സമരം നിര്‍ത്താന്‍ അവര്‍ കൂട്ടാക്കിയില്ല.
ക്ഷേത്രം ജീവനക്കാരുടെ ശമ്പളവര്‍ധനയ്ക്കും നിത്യോപയോഗച്ചെലവ് വര്‍ധനയും കണക്കിലെടുത്താണ് വഴിപാടുനിരക്ക് കൂട്ടിയതെന്നാണ് വിശദീകരണം.
വഴിപാടുനിരക്ക് പഴയതുപോലെ തുടരാന്‍ ട്രസ്റ്റിബോര്‍ഡിന് ദേവസ്വം നിര്‍ദേശംനല്‍കാമെന്നുള്ള ബോര്‍ഡംഗത്തിന്റെ ഉറപ്പ് പരിഗണിച്ചാണ് തങ്ങള്‍ സമരം അവസാനിപ്പിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാസെക്രട്ടറി പി.അരവിന്ദന്‍ പറഞ്ഞു.
ജില്ലാകമ്മിറ്റിയംഗം പി.ഹരിദാസ്, താലൂക്ക് പ്രസിഡന്റ് വിപിന്‍, സെക്രട്ടറി എ.ആര്‍.രാജേഷ്, കെ.പി.സന്തോഷ്, എം.രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

No comments:

Post a Comment