Friday, July 1, 2011

എന്‍.ഡി.എഫിന്റെയും എസ്.ഡി.പി.ഐയുടെയും 'അഫ്ഗാന്‍ പ്രൊഡക്ട്'

ഒരുകിലോ ബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ അറസ്റ്റില്‍
 : 30 Jun 2011

എരമംഗലം(മലപ്പുറം): നാടകീയ നീക്കങ്ങളോടെ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ഒരുകിലോ ബ്രൗണ്‍ഷുഗര്‍ സഹിതം മലപ്പുറം, പാലക്കാട് ജില്ലക്കാരായ നാലംഗസംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. രക്ഷപ്പെട്ട ആള്‍ക്കായി തിരച്ചില്‍ തുടരുന്നു. പിടിച്ചെടുത്ത ബ്രൗണ്‍ഷുഗറിന് അന്തര്‍ദേശീയ വിപണിയില്‍ ഒരുകോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതികളിലൊരാള്‍ എന്‍.ഡി.എഫിന്റെയും രണ്ടുപേര്‍ എസ്.ഡി.പി.ഐയുടെയും സജീവ പ്രവര്‍ത്തകരാണെന്നും പോലീസ് അറിയിച്ചു. പ്രതികളുടെ കീശയില്‍നിന്ന് കണ്ടെടുത്ത സാമ്പിള്‍ പായ്ക്കറ്റില്‍ 'അഫ്ഗാന്‍ പ്രൊഡക്ട്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രൗണ്‍ഷുഗറിന്റെ മുഖ്യ ഏജന്റെന്ന് കരുതുന്ന പൊന്നാനി പാലപ്പെട്ടി തറയില്‍ മുജീബ് (32), മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കയ്യാലക്കല്‍ ഷെരീഫ് (38), ഷെരീഫിന്റെ സഹോദരന്‍ സുബൈര്‍ (24) എന്നിവരെയാണ് പെരുമ്പടപ്പ് എസ്.ഐ ടി.പി. ഫര്‍ഷാദും സംഘവും പിടികൂടിയത്. മണ്ണാര്‍ക്കാട് വിയ്യക്കുറിശ്ശി ചെമ്പന്‍കുഴിയില്‍ ഹാരിസ് (38) ആണ് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് 4.45 ന് പാലപ്പെട്ടി താജ് ടാക്കീസിന് സമീപത്തുവെച്ച് മയക്കുമരുന്ന് മൊത്തവിതരണക്കാരനെന്ന് പറയപ്പെടുന്ന മുജീബിന് 'സാധനം' കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. സാധാരണ വേഷത്തിലായിരുന്നിട്ടും പോലീസിനെ തിരിച്ചറിഞ്ഞ പ്രതികള്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിന് മുകളിലേക്ക് എടുത്തുചാടി പോലീസ് ഇവരെ പിടിച്ചു. ഹാരിസ് മാത്രം കാറില്‍ രക്ഷപ്പെട്ടു. ഈ കാര്‍ പിന്നീട് മണ്ണാര്‍ക്കാട്ടുനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായ ഷെരീഫ് നേരത്തെ എന്‍.ഡി.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നെന്നും സുബൈര്‍ എസ്.ഡി.പി.ഐ മണ്ണാര്‍ക്കാട് ഏരിയ കണ്‍വീനറാണെന്നും രക്ഷപ്പെട്ട ഹാരിസ് കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായിരുന്നെന്നും പോലീസ് പറഞ്ഞു. 27 വാളുകള്‍ കൈവശംവെച്ച കേസില്‍ നേരത്തെ സുബൈര്‍ പ്രതിയാണ്.
മൂന്നുമാസം മുമ്പ് ലഭിച്ച രഹസ്യവിവരം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇവരെ പിടികൂടിയത്. 'സാധനം' വാങ്ങാന്‍ സ്ഥിരമായി ഒരാളെ ഏര്‍പ്പാടാക്കി വിശ്വാസം ജനിപ്പിച്ച ശേഷമായിരുന്നു പ്രതികളെ വിളിച്ചുവരുത്തിയതും പിടിച്ചതും. സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വിനോദ്, എ.സുധീര്‍, ജെയ്‌മോന്‍ ജോസഫ്, ടി.മണികണ്ഠന്‍, ചങ്ങരംകുളം സ്റ്റേഷനിലെ അനില്‍ എന്നിവരും എസ്.ഐയോടൊപ്പം 'ഓപ്പറേഷ'നില്‍ പങ്കെടുത്തു.
മയക്കുമരുന്ന് കടത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികള്‍ക്ക് തീവ്രവാദബന്ധം ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഡിവൈ.എസ്.പി വാഹിദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൊന്നാനി സി.ഐ ദിനരാജ്, പെരുമ്പടപ്പ് എസ്.ഐ ടി.പി. ഫര്‍ഷാദ് എന്നിവരാണ് സംഘാംഗങ്ങള്‍.
ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്‍ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ എസ്.ഐയെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
 

No comments:

Post a Comment