വിഎച്ച്പി അന്തര്‍ദേശീയ പ്രതിനിധി സമ്മേളനത്തിന് ഉജ്വല തുടക്കം:
കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ അന്തര്‍ദ്ദേശീയ പ്രതിനിധി സമ്മേളനത്തിന് പ്രൗഢോജ്വലമായ തുടക്കം. ഗോപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിഎച്ച്പി നേതാക്കളായ അശോക് സിംഗാളിനെയും പ്രവീണ്‍ തൊഗാഡിയയേയും പ്രതിനിധികളേയും പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രപ്രദക്ഷിണത്തോടെയാണ് മാതൃശക്തി പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്. കേരളീയ സാംസ്കാരിക മുദ്രകള്‍ നിറഞ്ഞുനിന്ന വേദിയിലാണ് സമ്മേളനം ആരംഭിച്ചത്. വേദമന്ത്രധ്വനികളുടെ ആധ്യാത്മിക അന്തരീക്ഷത്തില്‍ വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അശോക് സിംഗാള്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഹിന്ദുസമൂഹം ധാര്‍മ്മികമായി ഭേദചിന്തകള്‍ക്കതീതരാണെന്ന് സിംഗാള്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രങ്ങളുടെ ഭൂമിയായ കേരളത്തില്‍ വിവിധ ജാതികളിലുള്ളവര്‍ ക്ഷേത്രങ്ങളില്‍ ഭേദചിന്തയില്ലാതെയാണ് എത്തുന്നത്. അഞ്ചുകോടി ഭക്തരാണ് ശബരിമലയില്‍ വരുന്നത്. അവിടെയും ഈ ഭേദചിന്തയില്ല. എന്നാല്‍ രാഷ്ട്രീയരംഗത്ത് ഹിന്ദുക്കള്‍ ജാതീയമായി വിഘടിക്കപ്പെട്ടിരിക്കുന്നു. ഇത് ഹിന്ദുസമൂഹത്തിന്റെ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് സിംഗാള്‍ അഭിപ്രായപ്പെട്ടു.
തെക്കന്‍ കേരളത്തിലെ ഭൂമി ക്രിസ്ത്യാനികളുടെയും വടക്കന്‍ കേരളത്തിലെ ഭൂമി മുസ്ലീമിന്റെയും കയ്യിലാണെന്നും ഹിന്ദുക്കള്‍ക്ക് ആകാശം മാത്രമാണുള്ളതെന്നുമുള്ള ജസ്റ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം സിംഗാള്‍ അനുസ്മരിച്ചു.
മാതാ അമൃതാനന്ദമയിദേവിയുടെ സന്ദേശം സ്വാമി തപസ്യാമൃത വായിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ നീണ്ട ചരിത്രത്തില്‍ നാം നിരവധി ഗുരുതരമായ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെന്നും അതെല്ലാം വിജയകരമായി തരണം ചെയ്തിട്ടുണ്ടെന്നും അമ്മ സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ ആചാര്യന്മാരും മഹാത്മാക്കളും ഈ പ്രശ്നങ്ങളെ അതിജീവിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കി. ഹിന്ദുത്വത്തെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും സമൂഹത്തിന് പ്രത്യേകിച്ച് യുവാക്കളില്‍ ധാര്‍മ്മികമൂല്യങ്ങള്‍ വളര്‍ത്തിക്കൊണ്ടും അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നല്‍കിക്കൊണ്ടുമാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂയെന്നും അമ്മ പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചയോഗത്തില്‍ എം.ബി. വിജയകുമാര്‍ അഖിലേന്ത്യാ നേതാക്കളെ പരിചയപ്പെടുത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ട്രഷറര്‍ കെ.പി. നാരായണന്‍ സ്വാഗതം പറഞ്ഞു. കെ.കെ. പിള്ള കേരളത്തിന്റെ ലഘുസാമൂഹ്യചരിത്രം അവതരിപ്പിച്ചു. എസ്. രാമനാഥന്‍ രചിച്ച ഹൈന്ദവകേരളം, മോഹന്‍ജോഷി രചിച്ച സ്വതന്ത്രഭാരതത്തിലെ വീരശൂരസേനാനികള്‍, കാര്‍ഗില്‍ യുദ്ധത്തിലെ വീരന്മാരുടെ കഥകള്‍ എന്നീ പുസ്തകങ്ങള്‍ അശോക് സിംഗാള്‍ പ്രകാശനം ചെയ്തു.
ഡോ. പ്രവീണ്‍ തൊഗാഡിയ, കെ.വി. മദനന്‍, ദിനേശ് ചന്ദ്ര, എസ്. വേദാന്തം, രാഘവ റെഡ്ഡി, വിജയനഗര സാമ്രാജ്യത്തിന്റെ ഇപ്പോഴത്തെ രാജമാതാ ചന്ദ്രകാന്താ ദേവി എന്നിവരും വേദിയിലുണ്ടായിരുന്നു. ആര്‍എസ്‌എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത പ്രചാരക് പി.ആര്‍. ശശിധരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കുമ്മനം രാജശേഖരന്‍, ഇ.എസ്. ബിജു, ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍, മുതിര്‍ന്ന ആര്‍എസ്‌എസ് പ്രചാരക് ആര്‍. വേണുഗോപാല്‍ തുടങ്ങി നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വര്‍ഗീയ (കലാപവിരുദ്ധ) ബില്ലിനെതിരെ വിഎച്ച്പി ദേശീയ പ്രക്ഷോഭത്തിന്..
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വര്‍ഗീയ കലാപവിരുദ്ധ ബില്ല് ഹിന്ദുവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ പ്രസിഡന്റ് അശോക് സിംഗാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. സന്യാസിവര്യന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഘടനയെക്കുറിച്ച് ഈ സമ്മേളനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. 16 മുതല്‍ 18 വരെ കലൂര്‍ പാവക്കുളം ക്ഷേത്രഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്തര്‍ദേശീയ സമ്മേളനത്തിനെത്തിയതായിരുന്നു അദ്ദേഹം.
എല്ലാ ഹിന്ദുക്കളെയും ക്രിമിനലുകളായിട്ടാണ് ഈ ബില്ലില്‍ കാണുന്നത്. അതേസമയം മുസ്ലീങ്ങള്‍ കലാപകാരികളല്ല. മുസ്ലീം, ക്രിസ്ത്യന്‍, പിന്നോക്ക വിഭാഗങ്ങള്‍ ഒരുവശത്തും ഹിന്ദുക്കളെ മറുവശത്തുമായിട്ടാണ് ബില്ലില്‍ കാണുന്നത്. മുസ്ലീങ്ങള്‍ കലാപമുണ്ടാക്കിയാലും അവര്‍ക്കെതിരെ കേസില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും. മധ്യകാലഘട്ടത്തിലെ അസ്പൃശ്യത തിരിച്ചുകൊണ്ടുവരികയാണ്. ഇതിലൂടെ ഹിന്ദുക്കളെ തകര്‍ക്കുവാനാണ് കേന്ദ്രസര്‍ക്കാരും സോണിയാഗാന്ധിയും ശ്രമിക്കുന്നത്.
ആഭ്യന്തരവകുപ്പിന്റെ രേഖകള്‍പ്രകാരം വിദേശങ്ങളില്‍നിന്നും വിവിധ സംഘടനകള്‍ക്കായി 42000 കോടി രൂപയാണ് എത്തിയത്. ഈ തുക ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായിട്ടാണ് ക്രൈസ്തവ മിഷണറിമാര്‍ ഉപയോഗിച്ചത്. തിരുപ്പതിയില്‍ പ്രതിവര്‍ഷം മൂവായിരം കോടി രൂപയും ശബരിമലയില്‍ 200 കോടി രൂപയും വരുമാനമുണ്ട്. എന്നാല്‍ ഇതില്‍ ഒറ്റപൈസപോലും ഹിന്ദുക്കളുടെ ഉന്നമനത്തിനായി ചെലവഴിക്കുന്നില്ല. അവിശ്വാസികളാണ് ഇവ നിയന്ത്രിക്കുന്നത്.
ലൗജിഹാദിലൂടെ നിഷ്ക്കളങ്കരായ ഹിന്ദു പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ്. ലൗജിഹാദ് ക്രിമിനല്‍ കുറ്റമാണ്. ഇതിനെതിരെ ഹിന്ദുസമൂഹം ഉണരണം. കേന്ദ്രസര്‍ക്കാര്‍ അടിമുടി അഴിമതിയിലാണ്. അഴിമതിക്കെതിരെ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ അഴിമതിക്കെതിരെ രാംലീലാ മൈതാനിയില്‍ നടന്ന സമരത്തെ സര്‍ക്കാര്‍ മൃഗീയമായിട്ടാണ് നേരിട്ടത്. സോണിയയുടെയും രാഹുലിന്റെയും നിര്‍ദേശപ്രകാരം അര്‍ധരാത്രി രാംദേവിനെയും അമ്പതിനായിരം അനുയായികളെയും രണ്ടരമണിക്കൂര്‍കൊണ്ട് നീക്കം ചെയ്യുകയായിരുന്നു.
അണ്ണാ ഹസാരെ അഴിമതിക്കെതിരെ നടത്തുന്ന സമരത്തിന് വിഎച്ച്പി പൂര്‍ണ പിന്തുണ നല്‍കും. പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുന്നുമുണ്ട്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ യാതൊരു നടപടിയുമില്ല. ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിപ്പോഴത്തേത്. കമ്മ്യൂണിസ്റ്റുകളും മാവോയിസ്റ്റുകളും ഇന്ത്യക്കെതിരാണ്. ഇവര്‍ക്ക് ചൈനയിലാണ് സ്ഥാനം.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അനാസ്ഥയാണ് കാണിക്കുന്നത്. കാവേരി നദീജലപ്രശ്നം തീര്‍ത്ത മാതൃക നമ്മുടെ മുന്നിലുണ്ട്. അതുപോലെ രണ്ട് സര്‍ക്കാരുകളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കേണ്ടതാണ്. ഉത്തര്‍പ്രദേശിലെ തെഹരി അണക്കെട്ട് നിര്‍മിക്കുന്ന സമയത്ത് വലിയ പ്രക്ഷോഭങ്ങളുണ്ടായിരുന്നു. എന്നാല്‍ വിദഗ്ധസമിതി ഇത് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഭൂചലനമുണ്ടായാല്‍ തെഹരി ഡാമിന്റെ നിലനില്‍പ്പും അപകടത്തിലാണ്. ഉത്തര്‍പ്രദേശ് തുടച്ചുനീക്കപ്പെടും.
2014ല്‍ രാമക്ഷേത്രനിര്‍മാണം പൂര്‍ത്തിയാകുമെന്നും ഒരു ചോദ്യത്തിനുത്തരമായി അശോക് സിംഗാള്‍ പറഞ്ഞു. ക്ഷേത്രനിര്‍മാണം 65 ശതമാനം പൂര്‍ത്തിയായി. ക്ഷേത്ര പൂര്‍ത്തീകരണത്തിനായി തീരുമാനമെടുക്കുവാന്‍ പാര്‍ലമെന്റ് നിര്‍ബന്ധിതമാകും. രാമന്റെ ശക്തിയിലാണ് ക്ഷേത്രം ഉയരുക. വാര്‍ത്താസമ്മേളനത്തില്‍ ഓള്‍ ഇന്ത്യ ജോയിന്റ് സെക്രട്ടറി കാശിവിശ്വനാഥന്‍, സംസ്ഥാന പ്രസിഡന്റ് ബി.ആര്‍.ബാലരാമന്‍, ദേശീയ ഉപാധ്യക്ഷന്‍ വി.ബാലകൃഷ്ണ നായിക്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു