Wednesday, January 26, 2011

പണ്ഡിറ്റ്‌ ഭീംസെന്‍ ഗുരുരാജ്‌ ജോഷി

മിലേ സുര്‍ മേരാ തുമാരാ
വിനീതാ വേണാട്ട്‌
Posted On: Mon, 24 Jan 2011 22:48:19


പണ്ഡിറ്റ്‌ ഭീംസെന്‍ ഗുരുരാജ്‌ ജോഷി, കഴിഞ്ഞ ഏഴ്‌ പതിറ്റാണ്ടായി ഹിന്ദുസ്ഥാനി സംഗീത ലോകത്ത്‌ തന്റെ ശബ്ദഗാംഭീര്യം കൊണ്ട്‌ വിസ്മയം തീര്‍ത്ത പ്രതിഭ. സംഗീതത്തിലൂടെ ഈശ്വരസാന്നിധ്യം അനുഭവിച്ചറിഞ്ഞ, ആ ചൈതന്യത്തെ ആസ്വാദകരിലേക്കെത്തിച്ച സംഗീതജ്ഞന്‍. ഭീംസെന്നിന്റെ ജീവിതം പല വഴിത്തിരിവുകളും നിറഞ്ഞ ഒന്നായിരുന്നു. പതിനൊന്നാമത്തെ വയസ്സില്‍ തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ദേശാടനം. മരണം വരെയും അത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു, എല്ലാം സംഗീതത്തിനുവേണ്ടി മാത്രം. സംഗീതം അഭ്യസിക്കുന്നതിന്‌ നല്ലൊരു ഗുരുവിനെ തേടി പതിനൊന്നാം വയസ്സില്‍ വീടുവിട്ടിറങ്ങിയ ആ ബാലന്‍ എത്തിപ്പെട്ടത്‌ ഗ്വാളിയോര്‍, ലക്നൗ, രാംപൂര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലായിരുന്നു. ഗുരുവിനെ തേടി ഭിക്ഷാംദേഹിയെപോലെ ഒരുതരം അലച്ചില്‍.


ആ യാത്രയ്ക്ക്‌ ഭീംസെന്നിനെ പ്രേരിപ്പിച്ചത്‌ ഉസ്താദ്‌ അബ്ദുള്‍ കരിം ഖാന്റെ പാട്ടാണ്‌. ഡോക്ടറോ, എഞ്ചിനീയറോ ആയി മകനെ കാണണമെന്ന വീട്ടുകാരുടെ ആഗ്രഹത്തിനെതിരായി സംഗീതം ഭീംസെന്നിന്റെ ഉള്ളില്‍ നിറഞ്ഞത്‌ ആ നിമിഷം മുതലാണ്‌. ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ ധാരയായിരുന്ന കിരാന ഘരാനയുടെ ഉപജ്ഞാതാവായിരുന്നു അബ്ദുള്‍ കരിം ഖാന്‍. ആ വഴിയിലൂടെ സഞ്ചരിക്കാനിഷ്ടപ്പെട്ട ഭീംസെന്‍ ഗ്വാളിയോര്‍, ലക്നൗ എന്നീ സ്ഥലങ്ങളിലെ പ്രശസ്ത സംഗീജ്ഞരുമായി ചങ്ങാത്തത്തിലായി. പക്ഷെ അവിടെയൊന്നും തന്റെ യഥാര്‍ഥ ഗുരുവിനെ കണ്ടെത്താന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. പിന്നെയും അന്വേഷണത്തിന്റെ നീണ്ട യാത്ര.


ഇതിനിടയില്‍ വീടുവിട്ടിറങ്ങിയ മകനെ തേടി അച്ഛന്‍ ജലാന്തറിലെത്തി. മകന്റെ ആഗ്രഹത്തിനുമുന്നില്‍ സ്വന്തം ഇഷ്ഠ്തിന്‌ ഇടമില്ലെന്നുകണ്ട ആ പിതാവ്‌ ഭീംസെന്നിനെ നാട്ടിലേക്കു കൂട്ടികൊണ്ടുവന്നു. സവായ്‌ ഗന്ധര്‍വ എന്ന ഗുരുവിന്റെ ശിക്ഷണത്തിലായി തുടര്‍ന്നുള്ള ഹിന്ദുസ്ഥാനി പഠനം. പൂര്‍ണമായും ഗുരു-ശിഷ്യ സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസം. വജ്രത്തിനു ശോഭയേറ്റുന്നപോലെ ഭീംസെന്നിന്റെ ശബ്ദം കൂടുതല്‍ ഇമ്പമുള്ളതാക്കിമാറ്റിയത്‌ ആ ഗുരുവാണ്‌. പത്തൊമ്പതാമത്തെ വയസ്സിലാണ്‌ ആദ്യ പരിപാടി അവതരിപ്പിച്ചത്‌. മൂന്ന്‌ വര്‍ഷത്തെ പഠനത്തിനൊടുവില്‍ 1943 ല്‍ ഭീംസെന്‍ മുംബൈക്ക്‌ വണ്ടികയറി. മറ്റൊരു യാത്രയുടെ ആരംഭമായിരുന്നു അത്‌. അവിടെ റേഡിയോ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചത്‌.


1944 ലായിരുന്നു ഭീംസെന്നിന്റെ സംഗീതം ദിവ്യധാരയായൊഴുകിയത്‌. ഹിന്ദി, കന്നഡ ഭാഷകളില്‍ രണ്ട്‌ ഭജനുകള്‍ ആദ്യമായി റെക്കോഡ്‌ ചെയ്തത്‌ ആ വര്‍ഷമാണ്‌. തുടര്‍ന്നങ്ങോട്ട്‌ നിരവധി പാട്ടുകള്‍ റെക്കോഡ്‌ ചെയ്തു. ആസ്വാദകര്‍ ആ വേറിട്ട സ്വരത്തിനുടമയെ തിരിച്ചറിഞ്ഞു തുടങ്ങി. തന്റെ സംഗീതത്തിനുവേണ്ടി അക്ഷമരായി കാത്തിരുന്ന ശ്രോതാക്കള്‍ക്കിടയിലേക്കുള്ള നിര്‍ത്താത്ത ഓട്ടമായിരുന്നു പിന്നീടങ്ങോട്ട്‌. സമയം വിലപ്പെട്ടതാണെന്നുള്ള തിരിച്ചറിവിനൊടുവിലാണ്‌ കാറുകളേയും അദ്ദേഹം സ്നേഹിച്ചുതുടങ്ങിയത്‌. റോഡില്‍ പതിയിരുന്നേക്കാവുന്ന അപകടങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടുള്ള യാത്ര. ഒരു ദിവസം കൊല്‍ക്കത്തയിലാണെങ്കില്‍ അടുത്ത ദിവസം ദില്ലിയില്‍, പിന്നെ മുംബൈയില്‍ അങ്ങനെ നിന്നുതിരിയാന്‍ പോലും സമയമില്ലാത്തവിധം അദ്ദേഹത്തിന്റെ ദിവസം പങ്കിട്ടെടുക്കാന്‍ ആസ്വാദകര്‍ മത്സരിച്ചു. ഇന്ത്യയിലെ പറക്കുന്ന സംഗീതജ്ഞന്‍ എന്ന പേരാണ്‌ ഇതിലൂടെ ഭീംസെന്‍ നേടിയത്‌.

ആലാപനത്തില്‍ തന്റേതായൊരു ശൈലി വാര്‍ത്തെടുത്ത ഭീംസെന്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ നവോത്ഥാനത്തിന്‌ നേതൃത്വം നല്‍കിയെന്ന്‌ പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ ആലാപന ശൈലിയിലും മാറ്റം വരുത്തേണ്ടത്‌ അനിവാര്യമാണെന്ന തിരിച്ചറിവിനിടയിലും ആസ്വാദകരെ തന്റെ പിന്നാലെ നയിക്കാന്‍ ഭീംസെന്‍ ജോഷിയ്ക്കു സാധിച്ചു. കിരാന ഘരാനയിലായിരുന്നു അദ്ദേഹത്തിന്റെ ഉപാസന. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആരോഹണാവരോഹണത്തിനിടയിലും ഭക്തിയുടെ അവാച്യമായ അനുഭൂതി നിറയ്ക്കുന്ന സംഗീതവും ജോഷി സമ്മാനിച്ചിട്ടുണ്ട്‌. കന്നഡ, ഹിന്ദി, മറാത്തി ഭാഷയിലുള്ള ഭജനുകള്‍ ഏറെ പ്രസിദ്ധങ്ങളാണ്‌. രാജ്യത്തെ സംഗീത പ്രേമികള്‍ക്കെല്ലാം സുപരിചിതമായ ഒരു ഗാനത്തിനുപിന്നിലും ഭീംസെന്‍ ജോഷിയുടെ നിറ സാന്നിധ്യമുണ്ട്‌. ഭാരതത്തിന്റെ ദേശീയഗാനത്തോളം തന്നെ പ്രീത നേടിയ 'മിലേ സുര്‍ മേരാ തുമാരാ' എന്ന ഗാനം സംഗീത ലോകത്തെ അതുല്യ പ്രതിഭകളായ ബാലമുരളീ കൃഷ്ണയ്ക്കും ലതാ മങ്കേഷ്കറിനുമൊപ്പമാണ്‌ ജോഷി പാടിയിരിക്കുന്നത്‌. 1988 ലാണ്‌ ഈ ഗാനം പുറത്തിറങ്ങിയത്‌. ബസന്ത്‌ ബഹര്‍(1956), ബീര്‍ബല്‍ മൈ ബ്രദര്‍(1973), ആംഖെ(1985) എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം പാടിയിട്ടുണ്ട്‌. സംഗീതവും ഈശ്വരനും ഒന്നാണെന്ന തിരിച്ചറിവായിരുന്നു ഭീംസെന്നിന്റെ മുഖമുദ്ര. ജീവിതത്തിലുടനീളം ലാളിത്യം സൂക്ഷിക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമത്തിന്റെ ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു. ഭക്തിയും തത്വചിന്തയും ഇടകലര്‍ത്തിക്കൊണ്ടുള്ള സംഗീതത്തിലൂടെ അനേകായിരങ്ങളെ തന്നിലേക്ക്‌ ആകര്‍ഷിച്ചു.

സംഗീത ജീവിതത്തില്‍ പൂര്‍ണതനേടിയെന്ന്‌ ഒരിക്കലും ഭീംസെന്‍ വിശ്വസിച്ചിരുന്നില്ല. താനൊരു വിദ്യാര്‍ത്ഥിയാണെന്നും ഇനിയും ഏറെ ദൂരം മുന്നോട്ട്‌ പോകാനുണ്ടെന്നും അഹന്തയില്ലാതെ പറയാന്‍ അദ്ദേഹത്തിന്‌ സാധിച്ചിരുന്നു. എത്ര ബഹുമതികള്‍ തേടിയെത്തിയാലും തനിക്കുമുമ്പേ കടന്നുപോയ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ക്ക്‌ ആ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട്‌ അദ്ദേഹം കൂടുതല്‍ വിനയാന്വിതനാവുകയാണ്‌ പതിവ്‌. രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത്‌രത്നയുള്‍പ്പടെയുള്ള പുരസ്കാരങ്ങള്‍ നല്‍കി രാഷ്ട്രം ഭീംസെന്‍ ജോഷിയെ ആദരിച്ചിട്ടുണ്ട്‌. ഇതിനുപുറമെ 1972 ല്‍ പത്മശ്രീ, സംഗീത നാടക അക്കാദമി അവാര്‍ഡ്‌(1976), പത്മ ഭൂഷണ്‍(1985), 1985 ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, പത്മവിഭൂഷണ്‍(1999) തുടങ്ങി നിരവധി ബഹുമതികള്‍ ഭീംസെന്‍ ജോഷിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരമായി ലഭിച്ചിട്ടുണ്ട്‌.

ഹിന്ദുസ്ഥാനി സംഗീത ലോകത്ത്‌ ആര്‍ക്കും നികത്താനാവാത്ത നഷ്ടമാണ്‌ ഭീംസെന്നിന്റെ വേര്‍പാടിലൂടെ ഉണ്ടായിരിക്കുന്നത്‌. അനിവാര്യമായതിനെ വേദനയോടെയാണെങ്കിലും സ്വീകരിക്കേണ്ടിയിരിക്കുന്നു. പക്ഷേ പണ്ഡിറ്റ്‌ ഭീംസെന്‍ ജോഷിയെന്ന നാമവും അദ്ദേഹത്തിന്റെ സംഗീതവും വജ്രശോഭയോടെതന്നെ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല.
ഭീംസെന്‍ നാദബ്രഹ്മത്തില്‍ ലയിച്ചു

No comments:

Post a Comment