Tuesday, March 8, 2011

കോതച്ചിറ അയ്യപ്പന്‍കാവ് താലപ്പൊലി 2011

കോതച്ചിറ അയ്യപ്പന്‍കാവ് താലപ്പൊലി
 27 Feb 2011

കൂറ്റനാട്: കോതച്ചിറ അയ്യപ്പന്‍കാവ്(കൊടുങ്ങല്ലൂര്‍കാവ്) താലപ്പൊലി ആഘോഷിച്ചു. കാവിലെ വിശേഷാല്‍പൂജകള്‍ക്കുശേഷം 11മണിക്ക് തിടമ്പ് എഴുന്നള്ളിച്ചു. ഉച്ചയ്ക്ക് വേങ്ങാട്ടൂര്‍ മനയില്‍നിന്ന് ദേവസ്വംപൂരം പുറപ്പെട്ടു. ഇടംകൂട്ടും വലംകൂട്ടുമായി അണിനിരന്ന നാല് ഗജവീരന്മാര്‍ക്കുനടുവില്‍ ഗുരുവായൂര്‍ പത്മനാഭന്‍ തിടമ്പേറ്റിനിന്നപ്പോള്‍ ഉത്സവപ്രേമികള്‍ക്ക് മതിവരാക്കാഴ്ചയായി.
പരയ്ക്കാട്ട് തങ്കപ്പമാരാരുടെ പ്രമാണത്തില്‍ അരങ്ങേറിയ പഞ്ചവാദ്യത്തിന് മദ്ദളത്തില്‍ കുനിശ്ശേരി ചന്ദ്രനും ഇടയ്ക്കയില്‍ പല്ലശ്ശന സുധാകരനും കൊമ്പില്‍ മച്ചാട്ട് രാമകൃഷ്ണന്‍നായരും താളത്തില്‍ കോതച്ചിറ വടക്കത്ത് ശേഖരന്‍നായര്‍ തുടങ്ങിയവരും കൊഴുപ്പേകിയപ്പോള്‍ താളപ്പെരുമഴ തിമിര്‍ത്തുപെയ്തു.
പ്രാദേശികകമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിയ ആന, പൂക്കാവടി, ശിങ്കാരിമേളം, പഞ്ചവാദ്യം എന്നിവയും ക്ഷേത്രമുറ്റത്ത് ഒത്തുചേര്‍ന്നു. തുടര്‍ന്ന് വെള്ളിത്തിരുത്തി പ്രഭാകരന്‍നായരുടെ നേതൃത്വത്തില്‍ മേളവും ഓങ്ങല്ലൂര്‍ ശങ്കരന്‍കുട്ടിനായരും സംഘവും നാദസ്വരവും അവതരിപ്പിച്ചു. ദീപാരാധനയ്ക്കുശേഷം വെടിക്കെട്ടും രാത്രി നാടകവുമുണ്ടായി.

ഗുരുവായൂര്‍ പത്മനാഭന് മാതംഗചക്രവര്‍ത്തി പട്ടം
 27 Feb 2011
കൂറ്റനാട്: ഗുരുവായൂര്‍ പത്മനാഭന്‍ മാതംഗചക്രവര്‍ത്തിപ്പട്ടമണിഞ്ഞു. കോതച്ചിറയിലെ അയ്യപ്പന്‍കാവ് ക്ഷേത്രസമിതിയും രാമവാരിയര്‍സ്മാരക ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സ്വീകരണത്തിലും പട്ടാഭിഷേകചടങ്ങിലും ആനപ്രേമികളുടെ നിറസാന്നിധ്യമുണ്ടായി.
കളഭവും പൂമാലയും ചാര്‍ത്തിയ പത്മനാഭനെ പൂത്താലമേന്തിയ ബാലികമാര്‍ അയ്യപ്പന്‍കാവ് ക്ഷേത്രാങ്കണത്തിലേക്കാനയിച്ചു. വാദ്യമേളങ്ങള്‍ അകമ്പടിയായി.
എം.മുരളീധരന്റെ അധ്യക്ഷതയില്‍ പൂമുള്ളി നാരായണന്‍നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനംചെയ്തു. ഗുരുവായൂര്‍ ദേവസ്വംചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ രാമവാരിയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാമസുന്ദരത്തില്‍നിന്ന് ബഹുമതിമുദ്രകള്‍ ഏറ്റുവാങ്ങി. വി.എം.നാരായണന്‍നമ്പൂതിരിപ്പാട്, ആന ഉടമസ്ഥസംഘം സംസ്ഥാനസെക്രട്ടറി പി.ശശി, ഹരിദാസ് മനിശ്ശേരി, തൃശ്ശൂര്‍ ഡേവിസ്, പി.കെ.കൃഷ്ണവര്‍മ, എന്‍.മാലതി, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, മണികണ്ഠവാരിയര്‍, ഓ. വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
( photo & news source : http://www.mathrubhumi.com/ )

No comments:

Post a Comment