Friday, March 25, 2011

വി.പി. ജനാര്‍ദ്ദനന്‍(ജനേട്ടന്‍) തളരാത്ത ആദ്യപഥികന്‍

വി.പി.ജനാര്‍ദ്ദനന്‍ അന്തരിച്ചു


വടക്കാഞ്ചേരി: ആര്‍.എസ്.എസ്സിന്റെ സംസ്ഥാനത്തെ ആദ്യകാല വിഭാഗ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സംയോജകനുമായിരുന്ന വി.പി. ജനാര്‍ദ്ദനന്‍ (ജനേട്ടന്‍-83) അന്തരിച്ചു.

വടക്കത്തറ പൊരുന്നങ്കോട് ഗോപാലന്‍ നായരുടെയും വളവില്‍ അമ്മുക്കുട്ടി അമ്മയുടെയും മകനായ ജനാര്‍ദ്ദനന്‍കോളേജ് വിദ്യാഭ്യാസ കാലത്ത് വിവേകാനന്ദന്റെ പുസ്തകങ്ങളില്‍ ആകൃഷ്ടനായി. പിന്നീട് ആര്‍.എസ്.എസ്സിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായിമാറി. നിരവധി തവണ ജയില്‍വാസ അനുഭവിച്ചു.

1981
മുതല്‍ ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ സെക്രട്ടറിയായി. ഇതിനിടയില്‍ ഡല്‍ഹി കേന്ദ്രമായ ഭാരത കല്യാണ്‍ മഞ്ചിന്റെ സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിച്ചു. നിലയ്ക്കല്‍ സമരത്തിനുശേഷം കഴിഞ്ഞ 25 വര്‍ഷമായി ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്റെ ഓര്‍ഗനൈസറും വടക്കാഞ്ചേരിയിലെ ഭാഗവത തത്ത്വസമീക്ഷാ സത്ര സമിതിയുടെ സംയോജകനുമാണ്.

28
വര്‍ഷമായി വ്യാസ തപോവനത്തിലെ അന്തേവാസിയാണ്.
തപോവനത്തില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം മൃതദേഹം നിളാതീരത്ത് സംസ്‌കരിച്ചു.
തളരാത്ത ആദ്യപഥികന്‍

പി.നാരായണന്‍
Posted On: Thu, 24 Mar 2011 22:17:05

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകരില്‍പ്പെടുന്ന വി.പി.ജനാര്‍ദ്ദനന്റെ ആരോഗ്യനില കുറേക്കാലമായി തീരെ മോശമായിരുന്നു. വടക്കാഞ്ചേരിക്കടുത്ത പറളിക്കാട്‌ ജ്ഞാനാശ്രമത്തിലാണ്‌ വി.പി.ജനേട്ടന്‍ പലവര്‍ഷങ്ങളായി താമസിച്ചിരുന്നത്‌. ഏതാനും മാസങ്ങള്‍ക്കുമുമ്പ്‌ ഫോണില്‍ സംസാരിച്ചപ്പോള്‍ പൂര്‍വാപരബന്ധം വേണ്ടത്രയില്ലാതെയായിരുന്നു ജനേട്ടന്‍ പറഞ്ഞത്‌. കഴിഞ്ഞ വര്‍ഷം അദ്ദേഹം തളിപ്പറമ്പില്‍ പോകുകയും അവിടുത്തെ പഴയശാഖയിലെ സ്വയംസേവകരുമായി ഏതാനും ദിവസങ്ങള്‍ ചെലവഴിക്കുകയുമുണ്ടായി. ജനുവരിയില്‍ ഞാന്‍ തളിപ്പറമ്പില്‍ പോയപ്പോള്‍ അവിടുത്തെ മുതിര്‍ന്ന സ്വയംസേവകരായ കെ.സി.കണ്ണനും കുമാരനും അച്യുതവാര്യരും മറ്റും ജനേട്ടനുമൊത്ത്‌ കഴിച്ചുകൂട്ടിയ നിമിഷങ്ങളെ ഹൃദയംഗമമായി വിവരിച്ചു.

വടക്കേമലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂര്‍ തളിപ്പറമ്പ്‌, പഴയങ്ങാടി, പയ്യന്നൂര്‍ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനത്തിന്‌ ശക്തമായ അടിത്തറയിട്ടതിന്റെ മേന്മ വി.പി.ജനേട്ടന്‌ അവകാശപ്പെട്ടതാണ്‌. 1949 മുതല്‍ 59വരെ അദ്ദേഹം കണ്ണൂര്‍ ഭാഗത്തുണ്ടായിരുന്നു. 59 ല്‍ കോഴിക്കോട്ടേക്കു മാറിപ്പോകുന്നതിനുമുമ്പ്‌ കണ്ണൂരിലെ പ്രധാനപ്രവര്‍ത്തകരുടെ സംഗമത്തില്‍, തന്റെ പത്തുവര്‍ഷത്തെ കണ്ണൂര്‍ ജീവിതം ഹൃദയസ്പൃക്കായി വിവരിച്ചതോര്‍ക്കുന്നു. രണ്ടുവര്‍ഷക്കാലം അദ്ദേഹത്തോടൊപ്പം കണ്ണൂരിലും തലശ്ശേരിയിലുമായി പ്രവര്‍ത്തിക്കാന്‍ എനിക്കവസരമുണ്ടായി. വിടവാങ്ങല്‍ വേളയില്‍ പ്രവര്‍ത്തകരും വികാരതരളിതരായിരുന്നു. വി.പി.ജനേട്ടന്‍ വലിയ കര്‍ക്കശക്കാരനായാണ്‌ കരുതപ്പെട്ടിരുന്നത്‌. ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്‌ 1956 ല്‍ ചെന്നൈ വിവേകാനന്ദ കോളേജില്‍ നടന്ന സംഘശിക്ഷാവര്‍ഗിലായിരുന്നു. തിരുവനന്തപുരം ശാഖയുമായിട്ടാണ്‌ എനിക്കാകെയുള്ള പരിചയം. അക്കാലത്ത്‌ അദ്ദേഹത്തെ കേട്ടിട്ടുപോലുമില്ല. ശിബിരത്തില്‍ അദ്ദേഹം ശിക്ഷകനായിരുന്ന ഗണത്തിലാണ്‌ എനിക്കിടം കിട്ടിയത്‌. ഗണസമതയുടെ സമയത്താണ്‌ ജനേട്ടന്റെ കര്‍ക്കശത്വം അനുഭവിച്ചത്‌. ശാരീരിക കാര്യങ്ങളില്‍ അത്രമോശമല്ലാതിരുന്നതിനാല്‍ ഞാന്‍ ഏതാണ്ട്‌ രക്ഷപ്പെട്ടുനിന്നിരുന്നു. മറ്റു ചിലര്‍ക്ക്‌ അദ്ദേഹത്തിന്റെ തുളച്ചുകയറുന്നതും പൊള്ളുന്നതുമായ അഭിപ്രായങ്ങള്‍ സഹിക്കാനായിരുന്നില്ല. അതു ശമിപ്പിക്കാന്‍ പ്രാന്തപ്രചാരകന്‍ ദത്താജിയും ഭാസ്കര്‍റാവുജിയും ഇടപെടേണ്ടി വന്നിരുന്നു. അന്നത്തെ ഗണവേഷ ഷര്‍ട്ട്‌ മുഴുവന്‍ തുറന്നതാവാന്‍ പാടില്ലായിരുന്നു. മാത്രമല്ല, മൂന്ന്‌ ബട്ടന്‍സ്‌ ഒരു നാടയില്‍ പിടിപ്പിച്ചത്‌ ഉപയോഗിക്കേണ്ടിയിരുന്നു.

എന്റെ ഷര്‍ട്ടിന്‌ രണ്ടുബട്ടണ്‍ നിര്‍ദ്ദിഷ്ടമായ ചിപ്പിയിലുള്ളതും ഒന്നു പ്ലാസ്റ്റിക്കുമായിരുന്നു. നിറവ്യത്യാസമില്ലെങ്കിലും ചില കോണുകളില്‍ നോക്കുമ്പോള്‍ അവയുടെ തിളക്കത്തിന്‌ വ്യത്യാസമുണ്ടായിരുന്നു. ഗണവേഷപരീക്ഷയ്ക്കായി നിന്നപ്പോള്‍ ആ പിഴവിന്റെ പേരില്‍ പരീക്ഷയെടുക്കാന്‍ ജനേട്ടന്‍ തയ്യാറായില്ല. എന്നാല്‍ മറ്റൊരു പ്രചാരകന്‍ റാംജി മാലോദേ ഷര്‍ട്ടിന്റെ ബട്ടനുള്ള മാര്‍ക്ക്‌ കുറച്ച്‌ പരീക്ഷയ്ക്ക്‌ നില്‍ക്കാന്‍ അനുമതി നല്‍കി. രണ്ടുവര്‍ഷം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ കീഴില്‍ കണ്ണൂരിലേക്കാണ്‌ പോകേണ്ടതെന്നറിഞ്ഞപ്പോള്‍ ആശങ്കയുണ്ടായി. ജനാര്‍ദ്ദനന്‍ മേസെ ാ‍മെ‍ല്‍ ആണെങ്കിലും ഹൃദയാലുവാണ്‌ എന്ന്‌ മാധവജി പറഞ്ഞുതന്നു. കണ്ണൂരില്‍ ചെന്നപ്പോഴാണ്‌ വാസ്തവം മനസ്സിലായത്‌. സംഘത്തിനുള്ളിലും പുറത്തുമുള്ളവരുടെ ഉള്ളില്‍ ജനേട്ടന്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. കണ്ണൂരിലെ തളാപ്പുക്ഷേത്രത്തിനു മുന്നിലെ രാഷ്ട്രമന്ദിരമെന്ന കാര്യാലയം അടിയന്തരാവസ്ഥവരെ കാര്യാലയമായി നിന്നിരുന്നു. ഇന്നും അന്നാട്ടുകാര്‍ ആ വീടിന്‌ രാഷ്ട്രമന്ദിരമെന്നാണ്‌ പറയുന്നതെന്ന്‌ രണ്ടുമാസംമുമ്പ്‌ അവിടെ പോയപ്പോള്‍ അറിഞ്ഞു. ജനേട്ടനാണ്‌ സാക്ഷാല്‍ കെ.ജി.മാരാരെ സ്വയംസേവകനാക്കിയത്‌. ജനേട്ടന്റെ മുദ്ര അദ്ദേഹത്തിന്റെ ജീവിതത്തില്‍ പതിഞ്ഞിരുന്നു. മാരാര്‍ പ്രചാരകനായതും ജനേട്ടനില്‍നിന്ന്‌ പ്രചോദനംകൊണ്ടിട്ടായിരുന്നു. പിന്നീട്‌ സാഹിത്യവിശാരദ്‌ പരീക്ഷ എഴുതാനും അധ്യാപകവൃത്തി സ്വീകരിക്കാനും അദ്ദേഹം സഹായിച്ചു. സംഘപ്രവര്‍ത്തകര്‍ക്ക്‌ ജോലിക്കവസരമുണ്ടാക്കാന്‍ ജനേട്ടന്‍ ശ്രദ്ധിച്ചിരുന്നു. കണ്ണൂര്‍ സ്പിന്നിംഗ്‌ മില്‍ പോലുള്ള സ്ഥാപനങ്ങളിലെ ഉയര്‍ന്ന അധികാരികളുമായുണ്ടാക്കിയെടുത്ത പരിചയംമൂലം ഒട്ടേറെപ്പേര്‍ക്ക്‌ അവിടെ ജോലി കിട്ടിയിരുന്നു. ആ കമ്പനി നിര്‍ത്തുവോളം അവരിലേറെപ്പേരും ആ ജോലിയില്‍ തുടരുകയും ചെയ്തു.

നിര്‍ഭയമായി എവിടേയും കയറിച്ചെന്ന്‌ കാര്യങ്ങള്‍ പറയുന്നത്‌ ജനേട്ടന്റെ സഹജസ്വഭാവമാണ്‌. മലബാറിലെ കമ്മ്യൂണിസ്റ്റ്‌ മാടമ്പിമാരുടെ കേന്ദ്രസ്ഥാനമായ കല്യാശ്ശേരിയില്‍ തളിപ്പറമ്പിലെ സ്വയംസേവകര്‍ ചെന്ന്‌ ശാഖയ്ക്ക്‌ തുടക്കമിട്ടു. ഇ.കെ.നായനാര്‍, കെ.പി.ആര്‍.ഗോപാലന്‍, കെ.പി.ആര്‍.രായരപ്പന്‍, എം.പി.നാരായണന്‍ നമ്പ്യാര്‍ മുതലായ കൊലകൊമ്പന്മാരുടെ നാടാണ്‌ കല്യാശ്ശേരി. ശാഖയില്‍ പോയ യുവാക്കളെ വിളിച്ച്‌ കെപിആര്‍ ഭീഷണിപ്പെടുത്തുകയും വി.പി.ജനാര്‍ദ്ദനനെ തങ്ങള്‍ക്ക്‌ കാണണമെന്ന്‌ ഭീഷണി സ്വരത്തില്‍ പറയുകയും ചെയ്തു. ഒരു ദിവസം ജനേട്ടന്‍ നേരെ കെപിആറിന്റെ വീട്ടിലേക്ക്‌ കയറിച്ചെന്ന്‌ "ഞാനാണ്‌ വി.പി.ജനാര്‍ദ്ദനന്‍. ആര്‍എസ്‌എസ്‌ പ്രചാരകന്‍, താങ്കള്‍ എന്നെ കാണണമെന്ന്‌ ഞങ്ങളുടെ കുട്ടികളോട്‌ പറഞ്ഞതനുസരിച്ചു വന്നതാണ്‌" എന്നു പറഞ്ഞപ്പോള്‍ "തൂക്കുമരത്തില്‍നിന്നിറങ്ങി വന്ന മനുഷ്യന്‍" എന്ന്‌ മാര്‍ക്സിസ്റ്റ്‌ സാഹിത്യത്തില്‍ വാഴ്ത്തപ്പെട്ട കെപിആര്‍ കുശലം പറഞ്ഞിരുത്തി ചായ സല്‍ക്കരിച്ചു വിട്ടു. കെപിആര്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍നിന്ന്‌ പുറത്തുവന്ന സമയത്ത്‌ മലപ്പുറം ജില്ല രൂപീകരിക്കാനുള്ള ഇഎംഎസ്‌ സര്‍ക്കാരിന്റെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതലായി ക്രിയാത്മകമായ നടപടികള്‍ അദ്ദേഹത്തെക്കൊണ്ട്‌ ചെയ്യിക്കാനാവുമോ എന്നു ശ്രമിക്കാന്‍ ഞാനും കെ.ജി.മാരാരും കോഴിക്കോട്ടെ ഇംപീരിയല്‍ ഹോട്ടലില്‍ അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ പോയി. തന്റെ നയം വിശദീകരിക്കുന്ന അവസരങ്ങളില്‍ ഈ വിഷയവും സംസാരിക്കാമെന്നദ്ദേഹം ഏറ്റു. പഴയകാര്യങ്ങള്‍ പറയുന്ന കൂട്ടത്തില്‍ കെപിആര്‍ വി.പി.ജനേട്ടന്റെ കാര്യവും എടുത്തുപറഞ്ഞു.

1970-75 കാലത്ത്‌ പ്രസിദ്ധ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായി സി.പി.ശ്രീധരന്‍, കഥാകൃത്ത്‌ ടി.പത്മനാഭന്‍ തുടങ്ങിയവരുമായി സംസാരിച്ചപ്പോള്‍ അവരുടെയൊക്കെ മനസ്സില്‍ ആര്‍എസ്‌എസ്‌ പതിഞ്ഞുകിടക്കുന്നത്‌ ജനേട്ടനിലൂടെയാണെന്ന്‌ മനസ്സിലായി. ജനേട്ടന്‍ കോഴിക്കോട്ട്‌ ആര്‍എസ്‌എസ്‌ പ്രചാരകനായെത്തിയ അവസരത്തിലെ ഒരു സംഭവം മാധവജി രസകരമായി വിവരിച്ചു. കാര്യാലയത്തില്‍ സംഘത്തിന്റേതായ ശസ്ത്രങ്ങളും മറ്റുപകരണങ്ങളും എത്രയുണ്ടെന്നും അവയെവിടെയാണെന്നും കണക്കെടുക്കാനായിരുന്നു ശ്രമം. അവയെല്ലാം കൈവശമുള്ളവര്‍ ഒരു നിശ്ചിത തീയതിക്കുമുമ്പായി കാര്യാലയത്തില്‍ എത്തിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. "എല്ലാവരും ആയുധംവെച്ചു കീഴടങ്ങണം" എന്നായിരുന്നു ആ നിര്‍ദ്ദേശത്തിനര്‍ത്ഥമെന്ന്‌ മാധവജി പറഞ്ഞതോടെ അന്തരീക്ഷം ചിരിയാല്‍ മുഖരിതമായി.

വിശ്വഹിന്ദുപരിഷത്തിന്റെ ഇന്നത്തെ സംസ്ഥാന ആസ്ഥാനമായ കലൂരിലെ പാവക്കുളം ക്ഷേത്രം പരിഷത്തിന്‌ ലഭിച്ചത്‌ ഇരവി രവിനമ്പൂതിരിപ്പാടിന്റെ ശ്രമം കൊണ്ടായിരുന്നു. നമ്പൂതിരിപ്പാടും ജനേട്ടനും ചേര്‍ന്ന്‌ അതിന്റെ പുനരുദ്ധാരണ ശ്രമമാരംഭിച്ചു. ക്ഷേത്രത്തിന്റെ വളപ്പില്‍ ആദ്യമായി ഒരാസ്ഥാനം നിര്‍മിക്കാന്‍ ജനേട്ടന്‍ ഉത്സാഹിച്ചു. അടിയന്തരാവസ്ഥയിലെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ നടന്നു. അതിനുശേഷമാണ്‌, ക്ഷേത്രത്തോടുചേര്‍ന്ന്‌ ശ്രീകാര്‍ത്ത്യായനി വര്‍ക്കിംഗ്‌ വിമെന്‍സ്‌ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ ശ്രമമാരംഭിച്ചത്‌. ഔദ്യോഗികതലങ്ങളില്‍ ജനേട്ടനുണ്ടാക്കിയെടുത്ത സമ്പര്‍ക്കത്തിന്റെയും വിശ്വാസ്യതയുടെയും ഫലമാണ്‌ അത്‌. സമാജസേവന യജ്ഞത്തിന്‌ ആഹൂതി നല്‍കാനുള്ള അഗ്നി മനസ്സില്‍ പേറിയാണ്‌ ആറുപതിറ്റാണ്ടുകള്‍ക്കു മുമ്പദ്ദേഹം വീടുവിട്ടിറങ്ങിയത്‌. സംഘപഥമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത രാജപാത.

No comments:

Post a Comment