Saturday, February 5, 2011

കേരളരക്ഷാപദയാത്രക്ക്‌ ഉജ്വല സ്വീകരണം


 

ശശീന്ദ്രന്റെ ഘാതകരെ രക്ഷിക്കാന്‍ കോടിയേരിയുടെ ശ്രമം: വി.മുരളീധരന്‍

Posted On: Fri, 04 Feb 2011 23:03:45
തൃത്താല: മലബാര്‍ സിമന്റ്സ്‌ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ ഘാതകരെ സംരക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുകയാണെന്ന്‌ ബിജെപി പ്രസിഡന്റ്‌ വി. മുരളീധരന്‍. യാത്രക്ക്‌ കുമരനെല്ലൂരില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പ്രതിയെന്ന്‌ സംശയിക്കുന്ന വ്യവസായിയുടെയും കൂട്ടാളികളുടെയും പേരില്‍ ആത്മഹത്യാപ്രേരണാകുറ്റം മാത്രം ചുമത്തിയത്‌ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. മലബാര്‍ സിമന്റ്സിന്റെ പ്രവര്‍ത്തനത്തില്‍ അവിഹിത ഇടപെടലുകള്‍ നടത്തുന്ന വിവാദ വ്യവസായി സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ വേണ്ടപ്പെട്ടയാളാണ്‌. അതിനാലാണ്‌ ഇയാളെ രക്ഷിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെയും സിപിഎമ്മിന്റെയും നീക്കത്തെ കോണ്‍ഗ്രസ്‌ എതിര്‍ക്കാത്തതെന്ന്‌ മുരളീധരന്‍ പറഞ്ഞു.

കേരളരക്ഷാപദയാത്രക്ക്‌ പാലക്കാട്‌ ജില്ലാ അതിര്‍ത്തിയായ നീലിയാട്‌ ഉജ്വല സ്വീകരണം. ഇന്നലെ രാവിലെ 9.30ഓടെയാണ്‌ മലപ്പുറം ജില്ലയില്‍ നിന്നും യാത്ര പാലക്കാട്‌ ജില്ലയിലേക്ക്‌ പ്രവേശിച്ചത്‌. ബിജെപി ജില്ലാ പ്രസിഡന്റ്‌ സി.കൃഷ്ണകുമാര്‍ മുരളീധരനെ ഹാരാര്‍പ്പണം ചെയ്താണ്‌ വരവേറ്റത്‌. പഞ്ചവാദ്യം, ശിങ്കാരിമേളം, വെടിക്കെട്ട്‌ എന്നിവയുടെ അകമ്പടിയോടെ നെല്ലറയായ പാലക്കാട്ടേക്ക്‌ പ്രവേശിച്ച യാത്രയെ വരവേല്‍ക്കാന്‍ ആയിരക്കണക്കിന്‌ പ്രവര്‍ത്തകരാണ്‌ തടിച്ചുകൂടിയത്‌.

കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭൂപടം മാറ്റിവരക്കാന്‍ കഴിവും കരുത്തും ബിജെപിക്ക്‌ ഉണ്ടെന്നുള്ളതിന്റെ തെളിവുകൂടിയായിരുന്നു യാത്രക്ക്‌ നല്‍കിയ വരവേല്‍പ്‌. ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ കുങ്കുമഹരിത പതാകകളുമേന്തി നീങ്ങിയപ്പോള്‍ റോഡിനിരുവശവും യാത്രയെ വീക്ഷിക്കുവാന്‍ ജനങ്ങള്‍ തിങ്ങിക്കൂടിയിരുന്നു. മേഖലാ പ്രസിഡന്റ്‌ എന്‍.ശിവരാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.സാബു, വൈസ്‌ പ്രസിഡന്റ്‌ വി.ചിദംബരന്‍, സെക്രട്ടറി പി.ഭാസി, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്‌, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ടി.ചന്ദ്രശേഖരന്‍, തൃത്താല മണ്ഡലം പ്രസിഡന്റ്‌ കെ.കരുണാകരനുണ്ണി, പട്ടാമ്പി മണ്ഡലം പ്രസിഡന്റ്‌ എം.പി.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ യാത്രയെ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ കുമരനെല്ലൂര്‍, കപ്പൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന്‌ ശേഷം യാത്ര ഇന്നലെ മേലെപട്ടാമ്പിയില്‍ സമാപിച്ചു.

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ.പി.എസ്‌.ശ്രീധരന്‍പിള്ള പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, കെ.പി.ശ്രീശന്‍, വക്താവ്‌ ജോര്‍ജ്‌ കുര്യന്‍, സെക്രട്ടറി കെ.എസ്‌.രാജന്‍, പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ പി.കെ.വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ വി.വി.രാജേഷ്‌ എന്നിവര്‍ വിവിധ യോഗങ്ങളില്‍ പ്രസംഗിച്ചു. ഇന്ന്‌ ഓങ്ങല്ലൂര്‍, കുളപ്പുള്ളി, വാണിയംകുളം, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. ഒറ്റപ്പാലത്ത്‌ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എം.ടി.രമേഷ്‌ പ്രസംഗിക്കും.

No comments:

Post a Comment