Tuesday, February 15, 2011

ഓര്‍ക്കുന്നുവോ സുമംഗല ടീച്ചറെ?

ഓര്‍ക്കുന്നുവോ സുമംഗല ടീച്ചറെ?
പി. നാരായണന്‍
Posted On: Sat, 05 Feb 2011 17:35:46

അടിയന്തരാവസ്ഥ അവസാനിച്ച്‌ 1977 ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചശേഷം എറണാകുളത്ത്‌ എളമക്കരയിലുള്ള പ്രാന്തകാര്യാലയം സംഘത്തിനു തിരിച്ചുകിട്ടാന്‍ കുറെ മാസങ്ങള്‍കൂടിയെടുത്തു. ഒന്നര വര്‍ഷക്കാലത്തിലേറെ പോലീസുകാരുടെ താവളമായിരുന്നതിനാല്‍ കെട്ടിടവും പരിസരങ്ങളും അലങ്കോലമായിക്കിടക്കുന്നു. കാര്യാലയ വളപ്പിലുണ്ടായിരുന്ന പഴയ വീട്ടില്‍ താമസിച്ച്‌ രാമന്‍കുട്ടി എന്ന കുട്ടസാര്‍ കാര്യാലയ സംബന്ധമായ കാര്യങ്ങള്‍ നോക്കി നടത്തി. പൊതുജനസമ്പര്‍ക്കം; മാനവശേഷി പരിപാലനം തുടങ്ങിയ ആധുനിക ചിട്ടവട്ടങ്ങള്‍ രൂപം കൊണ്ടുവരുന്നതിന്‌ വളരെ മുമ്പുതന്നെ സംഘത്തിന്റെ വ്യക്തിനിര്‍മാണ സ്വഭാവരൂപീകരണ പ്രക്രിയയിലൂടെ കിടയറ്റ സംഘാടകനായിത്തീര്‍ന്ന പാലക്കാട്ടുകാരന്‍ കുട്ടസാറിനെയാണ്‌ കാര്യാലയ വളപ്പിന്റെ കാര്യസ്ഥനായി ഭാസ്കര്‍റാവുജി കണ്ടെത്തിയത്‌. മുറുക്കിച്ചുവപ്പിച്ച്‌ സദാ പുഞ്ചിരിയുമായി വിഹരിച്ച കുട്ടസാറിനെ എളമക്കരക്കാര്‍ കുട്ടിസാര്‍ എന്നു സ്നേഹാദരപൂര്‍വം വിളിച്ചു. പൂര്‍വാശ്രമത്തില്‍ പാലക്കാട്‌ വലിയങ്ങാടിയില്‍ പച്ചക്കറിക്കച്ചവടക്കാരനായിരുന്ന അദ്ദേഹംതന്നെ എറണാകുളം ചന്തയില്‍ പോയി പലചരക്കുസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരുമായിരുന്നു.

കാര്യാലയം അറ്റകുറ്റങ്ങള്‍ തീര്‍ത്ത്‌ പ്രവര്‍ത്തന സജ്ജമായപ്പോള്‍ കുട്ടസാര്‍ അങ്ങോട്ടുമാറി. അദ്ദേഹംസദാസമയവും അടുക്കളഭരണത്തിലായിരുന്നു. അക്കാലത്ത്‌ മഹാരാജാസ്‌ കോളേജിലെ പ്രഫസറായിരുന്ന സുമംഗലാദേവി ഒരു പശുക്കുട്ടിയെ കാര്യാലയത്തിലേക്ക്‌ ദാനം ചെയ്തു. വളപ്പില്‍ ധാരാളം പുല്ലുണ്ടായിരുന്നത്‌ അതിനാഹാരമാവും. ഇന്ന്‌ സരസ്വതി വിദ്യാലയമിരിക്കുന്ന സ്ഥലം പൊക്കാളിപ്പാടമായിരുന്നു. കൃഷികഴിഞ്ഞാല്‍ വയ്ക്കോലും കിട്ടിയിരുന്നു.

അക്കാലത്ത്‌ കാര്യാലയത്തില്‍ സ്ഥിരവാസക്കാരായി കുട്ടസാറിനുപുറമെ കാര്യാലയ പ്രമുഖ്‌ മോഹന്‍ജിയും അദ്ദേഹത്തെ സഹായിക്കാന്‍ ബാലന്‍ എന്ന പ്രചാരകനും നഗരത്തില്‍ വിസ്താരകനായിരുന്ന പി.വിജയകുമാറും ഞാനുമാണുണ്ടായിരുന്നത്‌. ഭാസ്കര്‍ റാവുജി, മാധവജി, ഹരിയേട്ടന്‍ തുടങ്ങിയവരുടെ 'ലാവണം' അവിടെയായിരുന്നെങ്കിലും മിക്ക ദിവസങ്ങളിലും പുറമെ യാത്രയിലായിരിക്കും. വിജയകുമാറും ഞാനും ചേര്‍ന്ന്‌ പശുക്കുട്ടിക്ക്‌ 'ചോത്ര' എന്നു പേരിട്ടു.

സുഭദ്രയാണ്‌ ചോത്രയായത്‌. വിജയകുമാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്‌. തൃപ്പൂണിത്തുറയില്‍ താമസിക്കുന്നു. ചോത്ര പ്രസവിച്ച്‌ കുട്ടസാറിന്റെ മേല്‍നോട്ടത്തില്‍ അതിന്റെ പരിപാലനം നടന്നു. അക്കാലത്ത്‌ കാര്യാലയത്തില്‍ ക്ഷീരസമൃദ്ധിയായിരുന്നു. എ.ബാലന്‍ ഇടയ്ക്കിടെ പാല്‍പ്പായസമുണ്ടാക്കി. അമ്പലപ്പുഴ, അങ്ങാടിപ്പുറം, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളിലേതുപോലത്തെ പായസങ്ങളുടെ രുചിഭേദം ഞങ്ങളെ അനുഭവിപ്പിച്ചു. ഇക്കാര്യത്തില്‍ മോഹന്‍ജിയുടെ അനിഷ്ടത്തിന്‌ ബാലന്‍ മുഖം തിരിച്ചു. കുട്ടസാറാകട്ടെ ഒരു കവിളില്‍ മുറുക്കാനിട്ട്‌ ഒരു ചെറുപുഞ്ചിരിയോടെ അതാസ്വദിക്കുകയായിരുന്നു. കുറേനാള്‍ കഴിഞ്ഞ്‌ ചനയേല്‍ക്കാത്തതു കാരണം പശു വേണ്ടെന്നുവെച്ചു.

ജനുവരി 30 ന്‌ ഒരു വിവാഹസ്ഥലത്തുവെച്ച്‌, സുമംഗല ടീച്ചര്‍ മരണപ്പെട്ടുവെന്നറിഞ്ഞ
്പോള്‍ ആ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ മനസിലൂടെ മിന്നിമറഞ്ഞുപോയി. ആദ്യം അവര്‍ കാര്യാലയത്തിന്‌ ദാനം ചെയ്ത ചോത്രയെയാണ്‌ ഓര്‍ത്തത്‌. ഗോദാനമാണല്ലൊ ദാനങ്ങളില്‍ മികച്ചത്‌.

സമാജജാഗരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ ആസ്ഥാനത്തേക്കാണവര്‍ ഗോദാനം നടത്തിയത്‌. ഗോ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ്‌ സംഘം മുന്‍കയ്യെടുത്ത്‌ ഗംഭീരമായ പരിപാടികള്‍ നടത്തിയപ്പോഴും ഞാന്‍ ചോത്രയെ ഓര്‍ത്തു.

1956 ല്‍ ചെന്നൈ വിവേകാനന്ദ കോളേജില്‍ സംഘശിക്ഷാവര്‍ഗിന്‌ പോയപ്പോള്‍ ഒരുമിച്ചുണ്ടായിരുന്ന എറണാകുളത്തെ കൃഷ്ണ ഷേണായിയുടെ ചേച്ചിയാണ്‌ സുമംഗല ടീച്ചര്‍. 1957 ല്‍ ഞാന്‍ ഗുരുവായൂരില്‍ പ്രചാരകനായിരുന്നപ്പോള്‍ കൃഷ്ണ ഷേണായിയോടൊപ്പം അവരുടെ വീട്ടില്‍പ്പോയതും സുമംഗല ടീച്ചറെ പരിചയപ്പെട്ടതും ഓര്‍ക്കുന്നു. അന്നവര്‍ മഹാരാജാസ്‌ കോളേജില്‍ അധ്യാപികയായിരുന്നു. പിന്നീടവര്‍ കേരളത്തിലെ മിക്ക സര്‍ക്കാര്‍ കോളേജുകളിലും അധ്യാപികയായി. അനുജനില്‍നിന്നും അയാളുടെ കൂട്ടുകാരില്‍നിന്നും സംഘത്തെ അറിഞ്ഞ്‌, മനസിലേറ്റിയ അത്യന്തം സംസ്കൃതചിത്തയായ മഹതിയായിരുന്നു അവര്‍. ഔദ്യോഗിക ജീവിതവും സംഘത്തോടുള്ള മമതയും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകുന്നതില്‍ അവര്‍ മാതൃകയായിരുന്നു. ഭര്‍ത്താവ്‌ ക്യാപ്ടന്‍ ഗോപാലപൈയും പൂര്‍ണമായും സംഘത്തെ ഉള്‍ക്കൊണ്ടു. അടിയന്തരാവസ്ഥക്കാലത്ത്‌ അവരുടെ വസതി സംഘപ്രവര്‍ത്തകര്‍ക്ക്‌ ഒന്നാന്തരം 'ഷെല്‍ട്ടര്‍' ആയിരുന്നു. പാലാരിവട്ടത്തെ പൈപ്പ്‌ ലൈനിനടുത്തുള്ള ആ വസതി എത്രയോ രഹസ്യയോഗങ്ങള്‍ക്ക്‌ വേദിയായിരുന്നു. ക്യാപ്ടന്‍ പൈ ജനതാപാര്‍ട്ടിയിലും തുടര്‍ന്ന്‌ ഭാരതീയ ജനതാപാര്‍ട്ടിയിലും സജീവമായിരുന്നു. സംസ്ഥാന ട്രഷറര്‍ സ്ഥാനം വഹിച്ചിരുന്നുവെന്നാണോര്‍മ.

എറണാകുളം മഹാനഗരത്തില്‍ അടിയന്തരാവസ്ഥയ്ക്കുശേഷം കാര്യാലയമില്ലാത്ത അവസ്ഥ വന്നപ്പോള്‍ മഹാരാജാസ്‌ കോളേജിനു പിന്നിലുള്ള വീട്‌ താല്‍ക്കാലികമായി ടീച്ചര്‍ വിട്ടുകൊടുത്തു.

ക്യാപ്ടന്‍ പൈ വടക്കേ വയനാട്ടിലെ തോണിച്ചാല്‍ എന്ന സ്ഥലത്ത്‌ കുറേ സ്ഥലം വാങ്ങിയിരുന്നു. ജോലിയില്‍നിന്ന്‌ വിരമിച്ച്‌ അവിടെ കൃഷിയുമായി കൂടണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്ന്‌ തോന്നുന്നു. കുറേനാള്‍ അവിടെ താമസിച്ച്‌ കാപ്പിയും കുരുമുളകും നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ നേവിയിലും മര്‍ച്ചന്റ്‌ നേവിയിലുമൊക്കെ ജീവിച്ച അദ്ദേഹത്തിനോ ടീച്ചര്‍ക്കോ കൃഷിയുമായി പൊരുത്തപ്പെടാന്‍ പല സാഹചര്യങ്ങള്‍കൊണ്ടും കഴിഞ്ഞില്ല. അതിനാല്‍ ആ സ്ഥലം സംഘം മുന്‍കൈയെടുത്ത്‌ എന്തെങ്കിലും സേവനപ്രവര്‍ത്തനത്തിന്‌ നല്‍കാന്‍ ആ കുടുംബം തീരുമാനിച്ചു. ഔപചാരികമായി അതിന്റെ സംവിധാനമെന്തെന്ന്‌ എനിക്ക്‌ അറിയില്ല. എന്നാല്‍ പഴശ്ശി ബാലമന്ദിരമെന്ന പേരില്‍ ഒരു സേവന കേന്ദ്രം അവിടെ ഇന്ന്‌ നല്ല നിലയില്‍ നടന്നുവരുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ അനുബന്ധസ്ഥാപനമായ അവിടെ 50 ലേറെ കുട്ടികളുള്ള ഒരു വിദ്യാലയമുണ്ട്‌. വിദ്യാലയത്തിന്‌ വലിയൊരു കെട്ടിടംകൂടി പണിയാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. 1987 ല് അടല്‍ബിഹാരി വാജ്പേയിയുടെ വയനാട്‌ യാത്രയ്ക്കിടെ ബാലാശ്രമം സന്ദര്‍ശിക്കുകയും കുട്ടികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. അടല്‍ജിയെ അനുഗമിച്ചിരുന്ന ലേഖകന്‌ ആ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തിന്റേയും കുട്ടികളുടെയും മുഖത്തെ ആനന്ദഭാവം മറക്കാനാവില്ല.

വല്ലപ്പോഴുമൊക്കെ ടീച്ചറുടെ വീട്ടില്‍ പോകാന്‍ ഞാന്‍ അവസരം കണ്ടെത്തിയിരുന്നു. ആ ദമ്പതിമാരുടെ ഹൃദയംഗമമായ പെരുമാറ്റം മറക്കാനാവില്ല. എന്റെ മൂത്തമകന്‍ ജനിച്ചത്‌ എറണാകുളത്തെ കുഞ്ഞാലൂസ്‌ ആസ്പത്രിയിലായിരുന്നു. വിവരം അറിഞ്ഞ ടീച്ചര്‍ ആസ്പത്രിയില്‍ വന്നുവെന്നുമാത്രമല്ല, അങ്ങോട്ട്‌ ഭക്ഷണം തന്റെ വീട്ടില്‍നിന്ന്‌ കൊണ്ടുപോയാല്‍ മതിയെന്ന്‌ നിര്‍ബന്ധിച്ചു. ടീച്ചറും എന്റെ പത്നിയുടെ അമ്മയും വളരെക്കാലമായി വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. സുമംഗല ടീച്ചര്‍ പാലക്കാട്‌ വിക്ടോറിയ കോളേജിന്റെ പ്രിന്‍സിപ്പലിന്റെ ചാര്‍ജ്‌ വഹിച്ചിരുന്നു. ആ ഭാരിച്ച ചുമതല പലതവണ വേണ്ടെന്നുവെച്ചെങ്കിലും ഒരു ഘട്ടത്തില്‍ അതു വഹിക്കേണ്ടിവന്നതാണ്‌. തന്റെ മൃദുലസ്വഭാവവും പ്രിന്‍സിപ്പലിന്റെ കനത്ത ചുമതലകളും പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന്‌ അവര്‍ക്ക്‌ നല്ല ബോധ്യമുണ്ടായിരുന്നു, വിശേഷിച്ചും കലാശാലകള്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെയും മറ്റ്‌ അധ്യയന ബാഹ്യവിഷയങ്ങളുടേയും പേരില്‍ കലാപശാലകളായിത്തീര്‍ന്ന അന്തരീക്ഷത്തില്‍.

ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ചശേഷം ഭാരതീയ വിദ്യാനികേതനിന്റെ കാര്യത്തില്‍ അവര്‍ തന്റെ പങ്കുവഹിക്കാന്‍ തയ്യാറായി. എ.വി.ഭാസ്കര്‍ജിയുടെ അനുനയപൂര്‍ണമായ ക്ഷണം ടീച്ചര്‍ക്ക്‌ നിരസിക്കാനായില്ല. പാലക്കാട്ടെ വ്യാസവിദ്യാപീഠത്തോട്‌ ചേര്‍ന്നുള്ള അധ്യാപികാപ്രശിക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ എന്നുപറയാവുന്ന ചുമതല ടീച്ചര്‍ ഏതാനും വര്‍ഷം വഹിച്ചു. അവിടെ കേശവമന്ദിരത്തിലെ ഒരു മുറിയില്‍ താമസവും അവിടെത്തന്നെ ഓഫീസുമായി ടീച്ചര്‍ ആ ചുമതല സ്തുത്യര്‍ഹമാം വിധത്തില്‍ നിര്‍വഹിച്ചു. അവിടെ ഓരോ ബാച്ചിനും ചില പ്രത്യേക വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ ടീച്ചര്‍ എന്നെയും വിളിക്കുമായിരുന്നു. ടിവിയും മറ്റും പ്രചാരത്തില്‍ വന്നുകൊണ്ടിരുന്ന കാലമായിരുന്നതിനാല്‍ മാധ്യമങ്ങള്‍ ബാലമനസില്‍ ഉണ്ടാക്കാവുന്ന സ്വാധീനങ്ങളെക്കുറിച്ച്‌ സംസാരിക്കാനാണവര്‍ ക്ഷണിച്ചതെങ്കിലും മറ്റു ചില വിഷയങ്ങള്‍ കൂടി അവര്‍ എനിക്കു തരുമായിരുന്നു. ഏകാത്മ മാനവദര്‍ശനം, കമ്മ്യൂണിസത്തിന്റെ പരിണാമം തുടങ്ങിയ വിഷയങ്ങളെപ്പറ്റി ചെയ്ത പ്രഭാഷണങ്ങളുടെ സാരാംശം എഴുതിക്കൊടുക്കാനും ടീച്ചര്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവല്ല വാസുദേവ ഷേണായിയുടെയും ആലപ്പുഴ കച്ചേരി വാര്‍ഡില്‍ വലിയവീട്ടില്‍ ശാരദാഭായിയുടെയും മൂത്തമകളായി 1932 ജൂലൈ 27നാണ്‌ സുമംഗല ടീച്ചറുടെ ജനനം. എറണാകുളം നഗര്‍ സംഘചാലക്‌ കൃഷ്ണഷേണായി സഹോദരനാണ്‌. 1956-ല്‍ മര്‍ച്ചന്റ്‌ നേവി മലബാര്‍ ഷിപ്പിംഗ്‌ കമ്പനിയില്‍ ക്യാപ്റ്റനായിരുന്ന വൈക്കം തോട്ടുകടവില്‍ തെക്കേപുത്തന്‍മഠത്തില്‍ എന്‍. ഗോപാലകൃഷ്ണപൈയുടെ സഹധര്‍മിണിയായി. മക്കള്‍: സുരേഷ്‌ പൈ, സന്ധ്യാ പൈ, സുശീല പൈ, പരേതനായ സചിത്‌ പൈ. മരുമക്കള്‍: ജ്യോതി, ഡോ. ആര്‍.എന്‍. പൈ,
 ശ്രീധര്‍ നായിക്‌, പ്രീതി.എറണാകുളത്ത്‌ തോട്ടേയ്ക്കാട്‌ ലൈനിലുള്ള കെട്ടിടം ഡോക്ടര്‍ജി ജന്മശതാബ്ദികാലത്ത്‌ കാര്യാലയമായി പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ പുതുതായി പണിത വീട്ടില്‍ മകന്‍ സുരേഷിനൊപ്പംമായിരുന്നു അവസാനകാലം ടീച്ചര്‍ താമസിച്ചിരുന്നത്‌. 2011 ജനുവരി 30ന്‌ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ടീച്ചറുടെ അന്ത്യം.

ഓരോ സന്ദര്‍ശനവേളയിലും കുടുംബകാര്യങ്ങള്‍ അവര്‍ താല്‍പ്പര്യപൂര്‍വം അന്വേഷിക്കുമായിരുന്നു. ഓരോ ആളെ പേരെടുത്തു കുശലാന്വേഷണം നടത്തുമ്പോള്‍ വാസ്തവത്തില്‍ വിസ്മയിച്ചുപോകും. കഴിഞ്ഞ ഏഴെട്ടുവര്‍ഷമായി ആരോഗ്യസ്ഥിതി മെച്ചമല്ലാത്തതിനാല്‍ എറണാകുളം യാത്രകള്‍ വിരളമായതിനാല്‍ ടീച്ചറെ കാണാനും സമ്പര്‍ക്കം ചെയ്യാനും അവസരമുണ്ടായില്ല. പക്ഷേ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ ആ മഹതിയുടെ സ്മരണയ്ക്ക്‌ നമോവാകം അര്‍പ്പിക്കുകയാണ്‌. അവരെ ഇന്നത്തെ തലമുറയിലുള്ളവര്‍ വേണ്ടത്ര ഓര്‍മിക്കുന്നുണ്ടോ എന്നും സംശയമാണ്‌. വിദ്യാനികേതന്റെ സെക്രട്ടറിയായിരുന്ന ശ്രീ.എന്‍.വി. ജയന്‍ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ചപ്പോഴും ഈ സംശയം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹവും ചരമവാര്‍ത്ത ജന്മഭൂമിയിലൂടെയാണത്രേ അറിഞ്ഞത്‌.

No comments:

Post a Comment