Saturday, February 26, 2011

ഗോധ്ര: ഒരു കുറ്റവാളിപോലും രക്ഷപ്പെടരുത്‌

ഗോധ്രയില്‍ 59 പേരെ തീവണ്ടിബോഗിയില്‍ ചുട്ടുകൊന്ന കേസിലെ 31 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ തെളിഞ്ഞത്‌ വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണ്‌. എന്നാല്‍ ആ സംഭവത്തിലെ മുഖ്യ ആസൂത്രകരടക്കം 63 പേരെ വിട്ടയയ്ക്കാന്‍ വിചാരണ കോടതി തീരുമാനിച്ചത്‌ ഖേദകരവുമാണ്‌. സമാനതകളില്ലാത്ത കൊടുംക്രൂരതയാണ്‌ ഒന്‍പത്‌ വര്‍ഷം മുമ്പ്‌ ഗോധ്ര തീവണ്ടി സ്റ്റേഷനടുത്ത്‌ നടന്നത്‌. അയോധ്യയില്‍ ശ്രീരാമജന്മസ്ഥാനത്ത്‌ ദര്‍ശനം നടത്തി വരികയായിരുന്നവര്‍ക്കാണ്‌ ദുരന്തമുണ്ടായത്‌. അവര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസ്സിലെ എസ്‌.6 ബോഗിയില്‍ പെട്രോള്‍ ഒഴിച്ച്‌ തീയിട്ട്‌ ചുട്ടുകൊല്ലുകയായിരുന്നു. ഈ സംഭവം സര്‍വമാന ജനങ്ങളെയും ഞെട്ടിച്ചതാണ്‌. തുടര്‍ന്നാണ്‌ ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ പെരുപ്പിച്ചകഥകളും കല്ലുവച്ച നുണകളും പ്രചരിപ്പിക്കാന്‍ വാശിയോടെ രംഗത്തിറങ്ങിയവര്‍ ഗോധ്രസംഭവത്തെ ബോധപൂര്‍വം വിസ്മരിച്ചു. മാത്രമല്ല ഗോധ്രയില്‍ തീവണ്ടിയില്‍ സഞ്ചരിച്ചവരില്‍നിന്നുതന്നെയാണ്‌ തീപടര്‍ന്നതെന്ന്‌ വ്യാപകമായി പ്രചരിപ്പിക്കുകയുംചെയ്തു.

ഗുജറാത്ത്‌ സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നിയോഗിച്ച ജസ്റ്റിസ്‌ നാനാവതി ജസ്റ്റിസ്‌ ഷാ കമ്മീഷനുകളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെ യുപിഎയുടെ റെയില്‍വേ മന്ത്രി ലാലുപ്രസാദ്‌ യാദവ്‌ ബംഗാളുകാരനായ യു.സി. ബാനര്‍ജിയെക്കൊണ്ട്‌ ഒരന്വേഷണംകൂടി നടത്തി. ആ അന്വേഷണം നിജസ്ഥിതി കണ്ടെത്താനല്ല സത്യം മറച്ചുവയ്ക്കാനാണെന്ന്‌ തുടക്കം മുതല്‍തന്നെ സംശയിച്ചിരുന്നു. അതുതന്നെ സംഭവിച്ചു. തീ പടര്‍ന്നത്‌ അകത്തുനിന്നാണെന്നും പുറത്തുള്ള ആര്‍ക്കും വണ്ടിക്ക്‌ തീയിടാന്‍ കഴിയില്ലെന്നും ബാനര്‍ജി റിപ്പോര്‍ട്ട്‌ നല്‍കി. ബീഹാര്‍ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പായിരുന്നു ഇത്‌. എന്നാല്‍ നാനാവതി- ഷാ കമ്മീഷനുകള്‍ നിജസ്ഥിതി കണ്ടെത്തി. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പ്രത്യേക അന്വേഷണ സംഘവും ഗോധ്ര സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആസൂത്രിതമായി നടത്തിയ കൊടുംപാതകമാണതെന്നും ബോധ്യപ്പെട്ടു. സിബിഐ മേധാവിയായിരുന്ന ആര്‍.കെ.രാഘവന്‍ നയിച്ചതായിരുന്നു അന്വേഷണ സംഘം. ഗുജറാത്ത്‌ സര്‍ക്കാരിന്റെ നടപടികളെ ശരിവച്ച റിപ്പോര്‍ട്ടിനെ ഇപ്പോള്‍ കോടതിയും അംഗീകരിച്ച്‌ കുറ്റം കണ്ടെത്തിയിരിക്കുന്നു.

ഗോധ്രക്കടുത്ത്‌ സിംഗള്‍ഫാലിയ കോളനിയില്‍നിന്നുള്ള മുസ്ലീം മതമൗലികവാദി സംഘം 2002 ഫെബ്രുവരി 27 നാണ്‌ ക്രൂരകൃത്യം നടത്തിയത്‌. ശാസ്ത്രീയമായ തെളിവുകള്‍, സാക്ഷിമൊഴികള്‍, സാഹചര്യത്തെളിവുകള്‍, രേഖാമൂലമുള്ള തെളിവുകള്‍ തുടങ്ങിയവയെല്ലാം പരിശോധിച്ച ശേഷമാണ്‌ കോടതി കുറ്റക്കാരെ കണ്ടെത്തിയത്‌. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ത്തന്നെ സജ്ജമാക്കിയ പ്രത്യേക കോടതിയില്‍ ജസ്റ്റിസ്‌ ആര്‍.ആര്‍.പാട്ടീല്‍ നാളെ വിധി പറയും. 2009 ജൂണ്‍ 9 ന്‌ ആരംഭിച്ച വിചാരണ കഴിഞ്ഞവര്‍ഷംതന്നെ അവസാനിച്ചിരുന്നു. ഗോധ്രാ കൂട്ടക്കൊലക്കേസില്‍ 94 പേരെയാണ്‌ വിചാരണയ്ക്ക്‌ വിധേയരാക്കിയത്‌. ആകെ 134 പ്രതികളാണുണ്ടായിരുന്നത്‌. 14 പേര്‍ തെളിവുകളുടെ അഭാവം മൂലം നേരത്തെ വിട്ടയയ്ക്കപ്പെട്ടിരുന്നു. അഞ്ചുപേര്‍ ഈ കാലയളവിനുള്ള
ല്‍ മരിച്ചു. അഞ്ചുപേര്‍ ദുര്‍ഗുണപരിഹാരപാഠശാലയിലയയ്ക്കപ്പെട്ടു. 16 പേര്‍ ഇപ്പോഴും ഒളിവിലാണ്‌. വിചാരണ നേരിട്ട 94 പേരില്‍ 80 പേര്‍ ജയിലിനുള്ളിലും 14 പേര്‍ ജാമ്യം നേടി പുറത്തുമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഗതിയെത്തന്നെ നിര്‍ണായകമായി സ്വാധീനിച്ച കേസിന്റെ നടത്തിപ്പിനെ തടസപ്പെടുത്തുംവിധം കോടതി നടപടികള്‍ പലതവണ ചോദ്യംചെയ്യപ്പെട്ടിരുന്നു. വിചാരണ ഗുജറാത്തിന്‌ പുറത്തേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതികള്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില സംഘടനകള്‍ രംഗത്തുവന്നത്‌ ഏറെ ഒച്ചപ്പാടുണ്ടാക്കി.

എത്രതന്നെ മൂടിവച്ചാലും സത്യം പുറത്തുവരാതിരിക്കില്ല. അതാണ്‌ ഇപ്പോള്‍ കണ്ടത്‌. ഗോധ്ര സ്റ്റേഷന്‍ വിട്ട്‌ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴാണ്‌ ചങ്ങല വലിച്ച്‌ വണ്ടി നിര്‍ത്തി ജനക്കൂട്ടം കന്നാസുകളില്‍ പെട്രോളുമായി വണ്ടിക്കടുത്തേക്ക്‌ നീങ്ങിയത്‌. ആറു കന്നാസുകളില്‍ കരുതിയ പെട്രോള്‍ വീശി ഒഴിച്ചശേഷം വണ്ടിയിലേക്ക്‌ പന്തം വലിച്ചെറിയുകയായിരുന്നു എന്ന്‌ ഒരു പ്രതി തന്നെ സമ്മതിച്ചതാണ്‌ കള്ളക്കഥകളുടെ കാറ്റഴിച്ചത്‌. 23 പുരുഷന്മാരും 16 സ്ത്രീകളും 20 കുട്ടികളുമടക്കമാണ്‌ വെന്തുവെണ്ണീറായത്‌. ഗോധ്ര എന്നും സമാധാനം മാത്രം കണ്ട നഗരമല്ല. നരേന്ദ്രമോഡി മുഖ്യമന്ത്രിയായതിനാല്‍ പ്രകോപിതരായവരുമല്ല. 1948 മുതല്‍ പലതവണ ഗോധ്ര കലാപകലുഷിതമായിട്ടുണ്ട്‌. 1953ലും 55ലും 85ലും കലാപമൊതുക്കാന്‍ സൈന്യം ഇറങ്ങേണ്ടിവന്നിട്ടുണ്ട്‌. യാഥാസ്ഥിക മുസ്ലീം വിഭാഗത്തിലെ ദിയോബന്തിക്കാരാണ്‌ കുഴപ്പം സൃഷ്ടിച്ചത്‌. അതിന്റെ നേതാവായ മൗലാനാ ഹുസൈന്‍ ഉമര്‍ജിയാണ്‌ മുഖ്യആസൂത്രകന്‍. കേസില്‍ പിടിയിലായ ജാബിര്‍ ബിന്യാമിന്‍ ബെഹര നടത്തിയ കുറ്റസമ്മതം ഗൂഢാലോചനയുടെ ചുരുളഴിച്ചിട്ടുണ്ട്‌. ബെഹര തലേന്ന്‌ രാത്രി 11.30ന്‌ ഗോധ്രയിലെത്തി ഗൂഢാലോചനയില്‍ പങ്കാളിയായി. 140 ലിറ്റര്‍ പെട്രോള്‍ തലേന്നുതന്നെ സമാഹരിച്ചിരുന്നു. വണ്ടി അഞ്ചുമണിക്കൂര്‍ വൈകിയതിനാലാണ്‌ കൃത്യം നടന്നത്‌ പകലായത്‌. ഇല്ലെങ്കില്‍ ജനങ്ങളും യാത്രക്കാരും ഉറങ്ങുമ്പോഴാകുമായിരുന്നു വണ്ടി ചാമ്പലാകുന്നത്‌.

ഈ സംഭവം നടന്നില്ലായിരുന്നെങ്കില്‍ ഗുജറാത്തില്‍ ഒരു ദുരന്ത സംഭവം ഉണ്ടാകുമായിരുന്നില്ല. പിന്നീടുണ്ടായ സംഭവങ്ങള്‍ ഏകപക്ഷീയമായിരുന്നില്ല. 1200 ഓളം പേര്‍ കൊല്ലപ്പെട്ടതില്‍ 190 പേര്‍ക്ക്‌ പോലീസ്‌ വെടിവയ്പ്പിലാണ്‌ ജീവഹാനി ഉണ്ടായത്‌. പോലീസ്‌ നിഷ്ക്രിയമായിരുന്നു എന്ന പ്രചാരണം എത്രക്രൂരമാണെന്ന്‌ തെളിയുന്നതാണിത്‌. 400 ഓളം ഹിന്ദുക്കള്‍ കൊല്ലപ്പെട്ടിരുന്നു. അതും കണക്കിലെടുക്കാതെ നരേന്ദ്രമോഡിയെയും ഹിന്ദുസംഘടനകളെയും കുന്തമുനയില്‍ നിര്‍ത്താന്‍ സംഘടിതവും ബോധപൂര്‍വവുമായ നീക്കം ഏറ്റവും നീചമായിരുന്നു. നരേന്ദ്രമോഡിയെ മരണത്തിന്റെ വ്യാപാരിയാണെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ രാജ്യമാകെ കലാപം കത്തിപടര്‍ന്നിരുന്നു. 4000ത്തിലധികം സിഖുകാരെ അരിഞ്ഞുവീഴ്ത്തി.

കുറ്റക്കാരെ രക്ഷിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിച്ചത്‌. വന്‍മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന്‌ പറഞ്ഞ്‌ രാജീവ്ഗാന്ധി ആ ക്രൂരതകളെ ന്യായീകരിച്ചു. എന്നിട്ടും രാജീവ്ഗാന്ധിയെ ആരും നരഭോജി എന്നു പറഞ്ഞില്ല. മരണങ്ങളുടെ വ്യാപാരി എന്നാക്ഷേപിച്ചില്ല. കൊലപാതകങ്ങളും ദുരന്തങ്ങളും സംഭവിക്കുന്നതില്‍ ആരും സന്തോഷിക്കില്ല. പക്ഷെ ഒരു സംഭവം നല്ലതും മറിച്ചുള്ളത്‌ മോശവുമായി കാണുന്നത്‌ അധാര്‍മ്മികവും അധമവുമാണ്‌.

ഗോധ്രപോലുള്ള സംഭവങ്ങള്‍ ഇനി ഉണ്ടാകരുത്‌. അതുകൊണ്ടുതന്നെ എല്ലാപ്രതികളും ശിക്ഷിക്കപ്പെടണം. അതിനുവേണ്ടിയുള്ള നടപടികള്‍ അമാന്തിച്ചുകൂടാ.

No comments:

Post a Comment