Saturday, September 17, 2011

കട്ടില്‍മാടം പ്രതീക്ഷയ്ക്ക് വകയുണ്ടോ ?

കട്ടില്‍മാടം സ്മാരകം സംരക്ഷിക്കും -കളക്ടര്‍ 
 13 Sep 2011

പട്ടാമ്പി: പട്ടാമ്പി-പെരുമ്പിലാവ് സംസ്ഥാനപാതയിലെ കൂട്ടുപാതയ്ക്കടുത്തുള്ള കട്ടില്‍മാടം ചരിത്രസ്മാരകം സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. കൂറ്റനാട്ടെ തൃത്താല ബ്ലോക്ക്ഹാളില്‍നടന്ന പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ വി.ടി.ബല്‍റാം എം.എല്‍.എ., ഗവേഷകയായ ബിനി എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തിന് മറുപടിപറയുകയായിരുന്നു കളക്ടര്‍.
ഏഴുവര്‍ഷംമുമ്പ് പുരാവസ്തുവകുപ്പ് കട്ടില്‍മാടം ഏറ്റെടുത്തെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് നിവേദനത്തില്‍ പറയുന്നു. നിലവിലുള്ള സ്മാരകം അതേപടി സംരക്ഷിക്കുക, കോട്ടംതട്ടാത്തരീതിയില്‍ മാറ്റിസ്ഥാപിക്കുക എന്നീസാധ്യതകള്‍ പരിശോധിക്കാമെന്നും പുരാവസ്തുവകുപ്പിന് ഉടന്‍ റിപ്പോര്‍ട്ട് അയയ്ക്കുമെന്നും കളക്ടര്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ കളക്ടര്‍ കട്ടില്‍മാടം സന്ദര്‍ശിക്കുകയുംചെയ്തു.
കേരളത്തിലെ അമ്പലങ്ങളിലെ വാസ്തുവിദ്യയെക്കുറിച്ച് ആധികാരികമായി പഠനംനടത്തിയ എച്ച്.സര്‍ക്കാരിന്റെ 'ആന്‍ ആര്‍ക്കിടെക്ചറല്‍ സര്‍വേ ഓഫ് ടെമ്പിള്‍സ് ഓഫ് കേരള' എന്നപുസ്തകത്തില്‍ കൂറ്റനാടിനടുത്തെ കട്ടില്‍മാടത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 11-ാം നൂറ്റാണ്ടില്‍ ചോള-ചേര യുദ്ധം നടന്ന സമയത്ത് നിര്‍മിച്ചതാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ചോള-പാണ്ഡ്യ ശൈലിയിലാണ് ഇതിന്റെ നിര്‍മിതിയെന്നും അലങ്കാരങ്ങള്‍ കേരള പാരമ്പര്യത്തിനനുസരിച്ചാണെന്നും പറയുന്നു. ജൈനസ്മാരകം ആണെന്നുള്ള ചര്‍ച്ചയും നിലനില്‍ക്കുന്നുണ്ട്.

No comments:

Post a Comment