ശ്രീകൃഷ്ണ ജയന്തി – ബാലദിനം
കൃഷ്ണവര്‍ഷം 5113 ( 1187 ചിങ്ങം 5 )
2011 ആഗസ്റ്റ് 21 ഞായര്‍
പ്രിയ ബന്ധു നമസ്കാരം,
മഞ്ഞപട്ടുടുത്തു മുരളീഗാനം പൊഴിക്കുന്ന അമ്പാടി കണ്ണന്റെ ജന്മദിനം
സമഗതമാവുകയാണ്. ധര്‍മ്മ സംസ്ഥാപനത്തിന്റെ ശംഖധ്വനി മുഴക്കി
ലോകത്തിനു മാതൃകയായ ആ മായകണ്ണനാണ് ബാലഗോകുലത്തിന്റെ
മാതൃകാദര്‍ശം. ദേശത്തിന്റെ തനിമയും മാനുഷിക മൂല്യവും
തകര്‍ന്നുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിനു പ്രതീക്ഷയേകുന്നത്
ആ കൃഷ്ണധാരയുടെ മഹാ പ്രവഹത്തിലാണ്. സാംസ്കാരിക
വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന കുട്ടികളുടെ ഏറ്റവും വലിയ
പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍
ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുകയാണ്.
കേരളം മുഴുവന്‍ അമ്പാടിയാകുവാന്‍ ഒരുങ്ങുന്ന ഈ വേളയില്‍
എല്ലാവരുടെയും കുടുംബസമേതമുള്ള സാന്നിധ്യം ആഗ്രഹിക്കുന്നു.
എല്ലാവര്ക്കും സ്നേഹം നിറഞ്ഞ ജന്മാഷ്ടമി ആശംസകള്‍ ..
മങ്ങാത്തമയില്‍പ്പീലിത്തിളക്കം.
ഇന്ന് ശ്രീകൃഷ്ണജയന്തി ബാലദിനം. നാടും നഗരവും ഇന്ന് വൃന്ദാവനക്കണ്ണന്റെ മധുരസ്മരണകളാല്‍ മുഖരിതമാകുന്നു. ബാലഗോകുലത്തിന്റെ ഗോപകുമാരന്‍മാരും ഗോപികമാരും ഇടവഴികളില്‍പോലും ദ്വാപരയുഗ സ്മരണയുണര്‍ത്തും. അമ്പാടികണ്ണന്റെ മുരളീരവങ്ങളാല്‍ കേരളം മുഗ്ധമാകും. വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് അമ്മമാര്‍ വ്രതശുദ്ധിയോടെ ഭജനപാടി കൃഷ്ണനാമം ജപിച്ച് പാതയോരത്തെത്തും. ഹിന്ദു ഉണര്‍വിന്റെ സര്‍വ്വാധിശായിയായ ഈ മഹോത്സവം കാലോചിത ധര്‍മ്മത്തിന്റെ സാര്‍ത്ഥകമായ നിര്‍വ്വഹണമാണ്.
അമ്പാടിയിലെ പൊന്നുണ്ണിയാണ് ബാലഗോകുലത്തിന്റെ ആദര്‍ശമൂര്‍ത്തി. വെണ്ണകട്ടുണ്ട് കാലി മേച്ച് കുഴല്‍ വിളിച്ച് വനഭോജനമുണ്ട് വൃന്ദാവനലീലകളാടി നടന്ന ആ കാര്‍വര്‍ണ്ണന്‍ കടലിന്റെ അഗാധതയോളം ഗരിമയുള്ളവനാണ്. അടിമുടി കാവ്യമയമാണ് ആ ജീവിതം. കാല്‍പനിക സുഭഗമാണ് വര്‍ണ്ണാഭമായ ആ ദര്‍ശനം. വൈരികള്‍ കാലനെന്നും കാമിനികള്‍ കാമനെന്നും പാടി പുകഴ്ത്തിയ ഗോകുലനാഥനായ ബാലഗോപാലന്റെ ജീവിതം കണ്ട് മനംമയങ്ങാത്തവരായി ആരുണ്ട്?
കര്‍മ്മോത്സുകനായ ഒരു സമാജോദ്ധാരകന്റെ വ്യാകുലതകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ആ ജീവിതത്തില്‍ എമ്പാടും കണ്ടെത്താന്‍ കഴിയും. വ്യഥിതരുടെയും ദുഃഖിതരുടെയും വിഷാദമഗ്നമായ പരിഭവങ്ങളെ സഹജമായ തന്റെ മന്ദസ്മിതാഭകൊണ്ട് നിവര്‍ത്തിക്കുന്ന ചാരുകിശോരനായ ഭഗവാനെ ആര്‍ക്കാണ് വിസ്മരിക്കാനാവുക? നിഗ്രഹത്തിനൊരുങ്ങി വന്ന വൈരിയെപോലും മനംമയക്കിക്കളഞ്ഞ ആ മായക്കണ്ണന്‍ യുഗാതീത വിസ്മയം തന്നെ. കുബ്ജയുടെ വൈകൃതമകറ്റിയും കുചേലന് സല്‍ഗതി കൊടുത്തും കാരുണ്യവാനായ ഭഗവാന്‍ ആശ്രിത രക്ഷകനായി.
നിഷാദശരമേറ്റ് കാല്‍വിരല്‍ തുമ്പില്‍ നിന്ന് ഊര്‍ന്നുവീണ ചോരത്തുള്ളികളാല്‍ പുതിയ യുഗത്തിന് നാന്ദികുറിച്ച് കാലചക്രത്തില്‍ മറയുമ്പോള്‍ ഭാരതമെന്ന വിശ്വോത്തര ദേശം ആ വൈഭവപൂര്‍ണ്ണമായ ജീവിതത്തിനും ദര്‍ശനത്തിനും കടപ്പെട്ടിരിക്കുന്നു. ഒരു മയില്‍പ്പീലിത്തുണ്ടും ഓടക്കുഴലും മഞ്ഞപ്പട്ടും മതി, ഈ രാഷ്ട്രത്തിലെ ഒരു ശിശുവിന് പോലും ആ വിരാട് രൂപത്തെ തിരിച്ചറിയാന്‍. നൂറുകോടിയില്‍ പരം മനുഷ്യമനസ്സുകളിലെ അഗാധബോധമണ്ഡലത്തില്‍ കാണാം ആ മയില്‍പ്പീലിയുടെ തിളക്കം.
ഒരു രാഷ്ട്രവും ആ രാഷ്ട്രത്തിന്റെ വിശുദ്ധമായ സംസ്കാരവും ഇത്രമാത്രം കടപ്പെട്ടിരിക്കുന്ന മറ്റൊരു മാതൃകയും മാര്‍ഗ്ഗദര്‍ശിയും ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വൃന്ദാവനത്തിലെ മുളംതണ്ടില്‍ നിന്ന് പെയ്തിറങ്ങിയ നാദവൈഖരി സംഗീതലോകത്തില്‍ വിസ്മയം തീര്‍ത്തു.
ഗോപാലകന്‍മാരോടൊപ്പം വിചിത്രവര്‍ണ്ണാങ്കിതമായ വൃന്ദാവനത്തിന്റെ തരുഛായയില്‍ വനഭോജനമുണ്ണുന്ന മേഘവര്‍ണ്ണന്റെ കോമളരൂപം ഏത് ചിത്രകാരനാണ് വിഷയമാകാത്തത്. ദുരമൂത്ത കാളിയഫണശ്രേണികളില്‍ മൃദുനടനം നടത്തുന്ന ഈ കര്‍മ്മഭൂമിയുടെ പിഞ്ചുകാല്‍’ വര്‍ണ്ണനാവിഷയമാക്കാത്ത ഏത് കവി ഗുരുക്കന്‍മാരാണുള്ളത്? പ്രകൃതിയോട് ഇണങ്ങി, പ്രകൃതിയെ മൃദുസ്പര്‍ശത്താല്‍ സാന്ത്വനപ്പെടുത്തി മണ്ണിനെ പൂജിച്ച് മണ്ണ് തിന്ന് മണ്ണിന്റെ മഹിമയറിയിച്ച മറ്റൊരു ബാല്യം. വിശ്വമാകെ തിരഞ്ഞാല്‍ മര്‍ത്യകുലത്തിന് കിട്ടാവുന്നതാണോ?
ഇവിടെയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആഗോള ബാല്യങ്ങള്‍ക്ക് അഭയകരനായി മാറുന്നത്. ഭഗവാന്റെ വൈഭവങ്ങളെ തിരിച്ചറിയാന്‍ നാം ഏറെ വൈകിയിരിക്കുന്നു.
സംഘര്‍ഷഭരിതമായ ജീവിതത്തെയാകമാനം പുഞ്ചിരിയില്‍ കലര്‍ത്തി ജീവിതമെന്ന മഹാനാടകത്തിലെ നടനും സൂത്രധാരനുമായ ഭഗവാനെ നാം തിരിച്ചറിയണം. ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ വച്ച് ഭാരത നാടിന് ലഭിച്ച വലിയൊരുറപ്പ് ആധുനിക ലോകത്തിനാകെ മാതൃകയായി മാറിയിട്ടുണ്ട്. ഭാരതം സ്വതന്ത്രയാകുന്നതിന് മുമ്പേ തന്നെ നമ്മുടെ കുട്ടികളുടെ ബുദ്ധിവൈഭവത്തെ പാകപ്പെടുത്താന്‍ വേണ്ടി ഒരുക്കിവച്ച വിദ്യാഭ്യാസത്തിന്റെ സമവാക്യങ്ങള്‍ കറുത്ത സായിപ്പന്‍മാരായ നാം ഇന്നും തൊണ്ടതൊടാതെ അകത്താക്കിക്കൊണ്ടിരിക്കുന്നു. വേണ്ടാത്തത് പഠിയ്ക്കുന്നതില്‍ നമ്മുടെ കുട്ടികള്‍ മത്സരിക്കുന്നു. ഉദ്യോഗത്തിനും ഉദരപൂരണത്തിനും വേണ്ട വിദ്യാഭ്യാസത്തിന്റെ തത്വസംഹിതകളിലാണ് നാം കുടുങ്ങിക്കിടക്കുന്നത്. കുട്ടികളെ വേണ്ട രീതിയില്‍ പരിരക്ഷിക്കുന്നതിനോ, അവരെ കുടുംബങ്ങളില്‍ നിലനിര്‍ത്തി കുടുംബ ബന്ധങ്ങളുടെ ആഴവും മഹിമയും അറിയിച്ച് വളര്‍ത്തുന്നതിനോ താല്‍പര്യം കാട്ടുന്നില്ല. സമൂഹം കുട്ടികളെ സ്വാര്‍ത്ഥതയ്ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്നു. അതുവഴി സംജാതമാകുന്നത് ലക്ഷ്യബോധമില്ലാത്ത ഒരു സമൂഹവും അസ്വസ്ഥതകള്‍ നിറഞ്ഞ ഗാര്‍ഹികാന്തരീക്ഷവും. ഭൗതികമായ മുന്നേറ്റങ്ങളെ അളന്നുപയോഗിക്കാന്‍ നമുക്കറിയില്ല. സമൂഹത്തില്‍ ഇന്ന് കാണുന്ന എല്ലാദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണം മനുഷ്യജീവിതക്രമത്തില്‍ വന്നുചേര്‍ന്നിട്ടുള്ള ഭൗതിക പ്രമത്തതയാണ്. തികച്ചും ഗ്രാമീണവും പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതും ധാര്‍മ്മിക പരിശുദ്ധികലര്‍ന്നതുമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം അങ്ങേയറ്റം ആകര്‍ഷകമാണ്. പക്ഷിമൃഗാദികളോടും വൃക്ഷലതാദികളോടും പശുക്കൂട്ടങ്ങളോടും മാമലയോടും എന്തിന് വിഷം കലര്‍ന്ന കാളീന്ദിയോട് പോലും സഖ്യം ചെയ്ത്, സമരസപ്പെട്ട് ഐക്യഭാവേന മാതൃകാജീവിതം നയിച്ച ശ്രീകൃഷ്ണന്‍ ആധുനിക കാലത്തെ എല്ലാ വൈകൃതങ്ങളെയും അകറ്റാന്‍ പ്രാപ്തമായ ഒരൊറ്റമൂലിയാണ്.
ബാലഗോകുലത്തിന്റെ ചരിത്രമുഹൂര്‍ത്തമെന്ന് വിശേഷിപ്പിക്കുന്ന കൃഷ്ണായനം വെളിവാക്കുന്നതും ഇങ്ങിനെയൊരു വിശിഷ്ട ദര്‍ശനത്തിലേക്ക് നമ്മുടെ കുട്ടികളെ നയിക്കുകയെന്നതാണ്. പരിധിയില്ലാത്ത ഭൗതിക ഭ്രാന്തില്‍ ആണ്ട് മുങ്ങി സ്വരക്ഷയും കുടുംബ രക്ഷയും സമാജ രക്ഷയും അന്യമാകുന്ന മര്‍ത്യകുലത്തിന്റെ നവമുകുളങ്ങളെ സംസ്ക്കരിച്ച് സംരക്ഷിക്കുവാന്‍ യോഗ്യമായ ഒരു ദര്‍ശനം ബാലഗോകുലം മുന്നോട്ടു വച്ചിട്ടുണ്ട്. അഴകും ചാരുതയും ബലവുമുള്ള ആ ദര്‍ശനം കൃഷ്ണദര്‍ശനം തന്നെ. പതറാത്ത ചിത്ത ശുദ്ധിയുടെ പര്യായമാണ് അത്. കുരുക്ഷേത്രഭൂമിയില്‍ വച്ച് പരിഭ്രാന്തയായ മാതാവ് ഗാന്ധാരിയുടെ ശാപവചസ്സുകള്‍ക്ക് പോലും മറുപടിയായി മന്ദസ്മിതം പൊഴിച്ച ആ കരളുറപ്പ് വിസ്മയമല്ലേ? “കൊല്ലിക്കയത്രെ നിനക്ക് രസമെടോ” എന്ന് ചൊല്ലിയ അമ്മയോട് സ്വന്തം വംശമായാല്‍ പോലും ധര്‍മ്മരഹിതമായി ജീവിച്ചാല്‍ അവര്‍ നാശകാരണരാണ് എന്ന് പ്രതിവചിച്ച ഭഗവാന്റെ ധര്‍മ്മരക്ഷോപായമാണ് ഇന്നത്തെ സമൂഹം വീണ്ടെടുക്കേണ്ടത്. വിസ്മയാവഹമായ ആ വൈഭവത്തിലേക്ക് ഈ ലോകം മടങ്ങേണ്ടിയിരിക്കുന്നു.
ലോകത്താകമാനം പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം ബാലഗോകുലങ്ങളും ആ ഗോകുലങ്ങളില്‍ പരിശീലനം നേടാനെത്തുന്ന ലക്ഷത്തിലധികം കുട്ടികളും ഈ സമഗ്രദര്‍ശനത്തിന്റെ പതാകാവാഹകരാണ്. എന്നില്‍ നിന്ന് വേറിട്ടാല്‍ ഒന്നുമില്ല ധനഞ്ജയാ എന്ന് ചൊല്ലിയ ഭഗവാന്റെ മൊഴിയും പൊരുളും സാര്‍ത്ഥകമാണ്. ലോകത്തിനാകമാനം മാതൃകാ സന്ദേശം നല്‍കിയും മാതൃകയായി ജീവിച്ചും പ്രായോഗിക പദ്ധതിയുടെ പരമാര്‍ത്ഥ ബോധം നല്‍കുകയും ചെയ്ത അനന്വയമായ ആ ചൈതന്യം അഭയകരം തന്നെ.
എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍
(ബാലഗോകുലം - കേരളം)