രക്ഷാബന്ധന്‍ - ഉത്സവ സന്ദേശം
രാഷ്ട്രം മുഴുവന്‍ എകാത്മതയുടെ ഭാവം ഉണര്‍ത്തി കൊണ്ട് ഊഷ്മളമായ സ്നേഹ ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നിരപ്പകിട്ടുകളോടെ രക്ഷാബന്ധന്‍ മഹോത്സവം ആഘോഷിക്കുകയാണ്. ശ്രാവണ മാസത്തിലെ ഈ പൌര്‍ണ്ണമി നാളില്‍ മുഴുവന്‍ ഭാരത വര്‍ഷവും ഒരേ സാംസ്കാരിക ധാരയിലേക്ക് ലയിച്ചു ചേരുന്നു. നമുക്ക് ഏവര്‍ക്കും അറിയാവുന്നത് പോലെ പവിത്രമായ സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണത തന്നെയാണ് രക്ഷാബന്ധന്‍ നമ്മോടു പറയുന്നത്. ഇന്നത്തെ ദുഷിച്ച സാമൂഹിക വ്യവസ്ഥിതിയില്‍ പ്രത്യേകിച്ചും കുടുംബ ജീവിത പശ്ചാത്തലങ്ങളില്‍ ഇത്തരം ആഘോഷങ്ങളുടെ മഹത്വം എത്ര ഉയരതിലാണെന്നും നാം മനസിലാക്കേണ്ടിയിരിക്കുന്നു.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം നമുക്ക് പകര്‍ന്നു നല്‍കിയ പുരാണേതിഹാസങ്ങളിലൂടെ തുടങ്ങുന്നു ഇതിന്റെ ചരിത്രവും. പൌരാണീകതയില്‍ തുടങ്ങി മധ്യ ചരിത്ര കാലഘട്ടത്തിലൂടെ നമ്മുടെ മുന്‍പില്‍ എത്തി നില്‍ക്കുകയാണ് ഇതുമായി ബന്ധപ്പെട്ട കഥകളും, ചരിത്ര സംഭവങ്ങളും.
അതിശക്തമായ ദേവാസുര യുദ്ധം നടക്കുന്ന സമയം. അസുരന്മാരുടെ കടുത്ത ആക്രമണത്തില്‍ മനം മടുത്തു, പരാജിത ചിത്തനായി ദേവലോകതെതിയ ദേവേന്ദ്രന്റെ കൈയില്‍ ഇന്ദ്ര പത്നി ഇന്ദ്രാണി ഒരു പട്ടു നൂല്‍ കെട്ടി കൊടുത്തു കൊണ്ട് പറഞ്ഞു " ഇത് അങ്ങേയ്ക്കും ദേവകുലതിനുമുള്ള രക്ഷയാണ്". ഇത് കേട്ട് ആത്മവീര്യം ഉണര്‍ന്ന ദേവന്മാര്‍ ദേവേന്ദ്രന്റെ നേതൃത്വത്തില്‍ അസുര വംശജരെ പരാജയപ്പെടുത്തുകയും ധര്‍മ സംരക്ഷണം നടത്തിയതുകയും ചെയ്തതായി പുരാണങ്ങളില്‍ പറയുന്നു.
മറ്റൊരു കഥ വിഷ്ണു പുരാണത്തില്‍ നിന്നുമാണ്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ ഭഗവാനോട് ആവശ്യപ്പെട്ടു. ഭക്തവത്സലനായ ഭഗവാന്‍ ലക്ഷ്മി ദേവിയും വൈകുന്ഠതേയും ഉപേക്ഷിച്ചു കൊണ്ട് കര്തവ്യ നിര്‍വഹണത്തിനായി ബാലിക്കരുകിലേക്ക് പോയി. ഇതില്‍ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്മണ സ്ത്രീയുടെ വേഷത്തില്‍ ബലിയുടെ അരികില്‍ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെശ്രാവണ പൌര്‍ണ്ണമി ദിനത്തില്‍ ചക്രവര്‍ത്തി ബലിയുടെ കൈയില്‍ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താന്‍ ആരാണെന്നും, തന്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് ശ്രവിച്ചു ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തില്‍ പറയുന്നു.
ഭഗവാന്‍ കൃഷ്ണനും പാണ്ടവ പത്നിയായ ദ്രൌപതിയും തമ്മിലുള്ള സാഹോദര്യ ബന്ധം മഹാഭാരതത്തിലെ മഹത്തായ ഒരു അധ്യായമാണ്. ഒരിക്കല്‍ ശിശുപാലനുമായുണ്ടായ യുദ്ധത്തില്‍ ഭഗവാന് പരിക്കേല്‍ക്കുകയും കൈയില്‍ നിന്നും രക്ത സ്രാവം ഉണ്ടാകുകയും ചെയ്തു. ഇത് കണ്ട ദ്രൗപതി തന്റെ ചേലയില്‍ നിന്നും കീറിയെടുത്ത ഒരു കഷണം പട്ടുകൊണ്ട് ഭഗവാന്റെ കൈയില്‍ കെട്ടി കൊടുത്തു. ദ്രൌപതിയുടെ നിഷ്കളങ്കമായ സഹോദരവായ്പു തിരിച്ചറിഞ്ഞ ഭഗവാന്‍, അവര്‍ക്ക് ആവശ്യം വരുന്ന സമയത്ത് ഒന്ന് സ്മരിച്ചാല്‍ മതിയെന്ന വരവും നല്‍കി. വസ്ത്രാക്ഷേപ സമയത്ത് ദ്രൗപതി, കൃഷ്ണനെ സ്മരിക്കുകയും, ഭഗവാന്‍ കൃഷ്ണന്‍ ആ കടം വീട്ടി അവരെ വലിയൊരു അപമാനത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.
രക്ഷാബന്ധന്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തമാണ് ചിതോര്‍ റാണി കര്‍ണാവതിയും, മുഘള്‍ ചക്രവര്‍ത്തി ഹുമയൂണും തമ്മിലുള്ളത്. ഒരിക്കല്‍ ഗുജറാത്തിലെ ബഹദൂര്‍ ഷാ ചിതോരിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇസ്ലാമിക കടന്നു കയറ്റത്തിനെതിരെ എന്നും പോരാടിയിട്ടുള്ള രാജപുത്രന്മാര്ക് ഇത്തവണ രാജ്യത്തിന്റെയും, പ്രജകളുടെയും മാനം സംരക്ഷിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കി കൊണ്ട് കര്‍ണാവതി, ഹുമയൂണിനു രാഖി അയച്ചു കൊടുത്തതായും പറയപ്പെടുന്നു. ഇത് ഹുമയൂണിന്റെ ഹൃദയത്തെ സ്പര്ശിക്കുകയും, വേഗം തന്നെ തന്റെ സൈന്യത്തെ ചിതോറിന്റെ സംരക്ഷണത്തിനായി വിട്ടു കൊടുക്കുകയും ചെയ്തു.
ഒരു പക്ഷെ, രാഖിയുടെ മഹത്വം നമ്മള്‍ മനസിലാക്കിയില്ലായിരുന്നെങ്കില്‍ വിശ്വ വിജയിയായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം ഭാരതതിലാവുമായിരുന്നു. ബി സി മുന്നൂറുകളില്‍ ഭാരതത്തെ ആക്രമിച്ച അദ്ദേഹത്തിനു പുരുഷോത്തമ മഹാരാജാവില്‍ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. തന്റെ പതിയുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ അദ്ധേഹത്തിന്റെ പത്നി പവിത്രമായ രാഖി പുരുഷോത്തമ മഹാരാജാവിനു അയച്ചു കൊടുക്കുകയും തന്റെ പതിയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവസാന യുദ്ധ സമയത്ത് അലക്സാണ്ടറെ വധിക്കാന്‍ കരവാള്‍ ഉയര്‍ത്തിയപ്പോള്‍ തന്റെ കൈയിലെ പാടുനൂല്‍ കാണുകയും, പുരുഷോത്തമ മഹാരാജാവ് ആ ഉദ്യമത്തില്‍ നിന്നും പിന്വാങ്ങിയതായും ചരിത്രം പറയുന്നു.
രാഖിയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മുഹൂര്‍ത്തമായിരുന്നു സ്വാതന്ത്ര്യ സമരകാലം നമുക്ക് കാണിച്ചു തന്നത്. ബ്രിടീഷുകാരുടെ "വിഭജിച്ചു ഭരിക്കുക" എന്നാ നയത്തിന്റെ ഭാഗമായി 1905 ല്‍ ബംഗാളിനെ മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വിഭജിച്ചു. ഇതിനെതിരെ രവീന്ദ്ര നാഥ ടാഗോറിന്റെ നേതൃത്വത്തില്‍, ശ്രാവണ പൂര്‍ണ്ണിമ ദിവസം ഏതാണ്ട് ബംഗാളിലെ മുഴുവന്‍ ജനങ്ങളും ജാതീയത ഇല്ലാതെ, ഹിന്ദുവെന്നോ മുസ്ലിം എന്നോ പറയാതെ ഗംഗയില്‍ മുങ്ങി, പരസ്പരം രാഖി ബന്ധിച്ചു, വന്ദേ മാതരം മുഴക്കി കൊണ്ട് സമരമുഖത്തെക്കിറങ്ങി. ഈ വമ്പിച്ച ജന മുന്നേറ്റം കണ്ടു ഭയന്ന ബ്രിടീഷ് സാമ്രാജ്യത്തിനു 1906ല്‍ തങ്ങളുടെ ഉത്തരവ് പിന്‍വലിച്ചു ബംഗാള്‍ വിഭജനം റദ്ധാക്കേണ്ടി വന്നു. പക്ഷെ ദുഷ്ട ലാകോട് കൂടിയുള്ള ചില കുബുദ്ധികളുടെ പ്രവര്‍ത്തനം കൊണ്ട്, ഒഴിവാകാമായിരുന്ന ഒരു വന്‍ വിപത്ത് സംഭവിക്കുകയും 1947 ല്‍ രാഷ്ട്രം വിഭജിക്കപ്പെടുകയും ചെയ്തത് ചരിത്രമാണല്ലോ? ഭാരത വിഭജനത്തിന്റെ അറുപതിയഞ്ചാം വാര്‍ഷികത്തില്‍ അതിനെ കുറിച്ചൊന്നു ഓര്മപ്പെടുത്തിയെന്ന് മാത്രം.
അങ്ങനെ അനേകം കഥകളും മുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പുഷ്ടമാണ് രക്ഷാബന്ധന്റെ ചരിത്രം. ദക്ഷിണേന്ത്യയില്‍ ആവണി അവിട്ടമായും, ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ രാഖി പൂര്‍ണ്ണിമയായും, നരലി പൂര്‍ണ്ണിമയായും, കജരി പൂര്‍ണ്ണിമയായുമൊക്കെ രക്ഷാബന്ധന്‍ ആഘോഷിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍, പ്രത്യേകിച്ച് നമ്മുടെ ദേശീയതയും, അതിന്റെ മാനബിന്ദുക്കളും അപമാനിതരായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നമ്മള്‍ ഇനിയും അരച്ച് നില്കേണ്ടതുണ്ടോ? ഒരു സുഭാഷിതത്തില്‍ പറയുന്നത് പോലെ " തുനിഞ്ഞിറങ്ങിയാല്‍ ഉറുമ്പിനു പോലും ആയിരം കാതങ്ങള്‍ താണ്ടാന്‍ സാധിക്കും. എന്നാല്‍ അങ്ങനെയല്ലെങ്കില്‍ പരുന്തിനു ഒരടി പോലും മുന്നോട്ടു വക്കാന്‍ സാധിക്കില്ല ". അതിനാല്‍ രക്ഷാബന്ധന്റെ മഹത്തായ വേളയില്‍ രാഖി ബന്ധിച്ചു കൊണ്ട്, അതിന്റെ എല്ലാ അന്തരാര്‍ത്ഥ്ങളും സ്വാംശീകരിച്ച്, നിശ്ചയദാര്‍ഢ്യതോടെ നമുക്കൊരുമിച്ചു ചലിക്കാം. എന്നാല്‍ മാത്രമേ നമ്മുടെ ദേശീയതക്കേറ്റ അപമാനം നീക്കുവാന്‍ സാധിക്കൂ. നമ്മളില്‍ ചിലര്‍ ഇത് പലപ്പോഴും ഏറ്റു ചൊല്ലിയിട്ടുണ്ട്
" അവശ ഹിന്ദു സോദരര്‍ക്കു കാഴ്ചയായി വയ്ക്കുവാന്‍
അതി വിശുദ്ധ രക്ത ധാര ചെയ്യുവിന്‍ യുവാക്കളേ "
സമന്വയത്തിന്റെയും, ഏകതയുടെയും പാതയില്‍ ഒരേ മനസോടും പദതോടും കൂടി നമുക്ക് മുന്നേറാം, നമ്മുടെ വരും തലമുറകള്‍ക്ക് വേണ്ടിയെങ്കിലും. അതിനു സര്‍വേശ്വരന്‍, ഈ രക്ഷാബന്ധന്‍ വേളയില്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... വന്ദേ മാതരം
No comments:
Post a Comment