ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഇനിയെന്ത്?
പി. പരമേശ്വരന്‍
ശ്രീപദ്മനാഭസ്വാമി കരുതിവെച്ചിട്ടുള്ള വിപുലമായ സമ്പത്തില്‍ ഒരു ഭാഗം സനാതനധര്‍മ പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി വിനിയോഗിക്കുന്നത് ഉചിതമായിരിക്കും. അതിനായി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെയും തിരുവനന്തപുരത്തെയും കേന്ദ്രീകരിച്ച് ശ്രീപദ്മനാഭന്റെ പേരില്‍ ഒരു 'സനാതനധര്‍മ വിശ്വവിദ്യാപീഠം' എന്ന സ്ഥാപനത്തിന് രൂപംകൊടുക്കാവുന്നതാണ്
ചരിത്രപാരമ്പര്യം കൊണ്ടും ആചാരസവിശേഷതകള്‍ കൊണ്ടും കേരളത്തിലെയെന്നല്ല ഭാരതത്തിലെതന്നെ വൈഷ്ണവ ക്ഷേത്രങ്ങളുടെ നിരയില്‍ സമുന്നതമായ സ്ഥാനമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളത്. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം ശ്രീപദ്മനാഭസ്വാമിക്ഷേത്ര നിലവറകള്‍ തുറന്നതിനെത്തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട് വ്യത്യസ്തവീക്ഷണങ്ങളില്‍ നിന്നുകൊണ്ടുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം, വിനിയോഗം എന്നിവയെ അധികരിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഒരു സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് പ്രശ്‌നത്തിന്റെ സാമൂഹികവശത്തെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം തുറക്കപ്പെട്ട കല്ലറകളില്‍ നിന്ന് കണ്ടെടുത്ത വിസ്മയാവഹമായ അമൂല്യശേഖരങ്ങളാണല്ലോ ചര്‍ച്ചയുടെ കേന്ദ്രബിന്ദു. കല്ലറകള്‍ തുറക്കാനേ പാടില്ലായിരുന്നു, അഥവാ ദേവഹിതം അറിഞ്ഞതിനുശേഷം മാത്രമേ അങ്ങനെ ചെയ്യാമായിരുന്നുള്ളൂ എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. അവരുടെ വിശ്വാസം പാടേ തള്ളിക്കളയാവുന്നതല്ല. പക്ഷേ, ഒരു കല്ലറയൊഴികെ മറ്റെല്ലാം തുറന്നുകഴിഞ്ഞു. പൊടിപ്പും തൊങ്ങലും വെച്ചാണെങ്കിലും അമ്പരപ്പിക്കുന്ന വസ്തുതകള്‍ മാധ്യമങ്ങള്‍ വഴി സമൂഹം അറിഞ്ഞുകഴിഞ്ഞു. കുടത്തില്‍നിന്നു പുറത്തുവന്ന ഭൂതത്തെ വീണ്ടും കുടത്തിലടയ്ക്കാന്‍ ആവില്ല. ഭൂതത്തെക്കൊണ്ട് എന്തുചെയ്യണം, അഥവാ ചെയ്യിക്കണം എന്നതാണ് സ്വാഭാവികമായും ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള ചര്‍ച്ചാവിഷയം. ഭൂതത്തെക്കൊണ്ട് സര്‍ഗാത്മകമായും സംഹാരാത്മകമായും പണിയെടുപ്പിക്കാന്‍ കഴിയും. സര്‍ഗാത്മകമായി എന്തൊക്കെ ചെയ്യിക്കാന്‍ കഴിയും എന്നതാണ് ഇനി നാം ചര്‍ച്ചചെയ്യേണ്ടത്. ക്ഷേത്രങ്ങളിലോ സനാതനധര്‍മത്തിലോ വിശ്വാസമില്ലാത്ത ആളുകളുടെ അഭിപ്രായം ഈ കാര്യത്തില്‍ പരിഗണിക്കേണ്ടതേയില്ല. കാരണം അവര്‍ ഒരു തരത്തിലും ശുഭകാംക്ഷികളല്ല; മറിച്ചാണുതാനും.
അമൂല്യശേഖരവും അതിന്റെ വിനിയോഗവും
എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ് ക്ഷേത്രാവശ്യങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആവശ്യമായ പൂജാസാമഗ്രികളും മറ്റു സാധനങ്ങളും പോറലേല്‍ക്കാതെ അതേപടി സംരക്ഷിക്കുകയും യഥാവിധി ഉപയോഗിക്കുകയും വേണം എന്നുള്ളത്. അമൂല്യവും അപൂര്‍വവും പുരാവസ്തു സങ്കല്പത്തില്‍ പെടുന്നവയും ആയ വസ്തുക്കളെല്ലാം വിശേഷാവസരങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനുതകുംവിധം ഭദ്രവും സുരക്ഷിതവുമായി ക്ഷേത്രസങ്കേതത്തില്‍ത്തന്നെ സൂക്ഷിക്കപ്പെടണം.
ഈ രണ്ടു വകുപ്പുകളിലും പെടാത്തതും വിലമതിക്കാവുന്നതുമായ സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ തുടങ്ങിയ ഇനങ്ങളാണ് ബാക്കിവരുന്നത്. ഇവ കല്ലറകളില്‍ വീണ്ടും സൂക്ഷിച്ചുവെച്ചിരുന്നിട്ട് കാര്യമില്ല. മാത്രമല്ല, അങ്ങനെ സൂക്ഷിക്കുന്നത് ദുര്‍വഹമായ സുരക്ഷാപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അവ പ്രയോജനപ്രദമായ രീതിയില്‍ വിനിയോഗിക്കാവുന്നതാണ് എന്ന പ്രബലമായ അഭിപ്രായം നിലവിലുണ്ട്. പക്ഷേ, അങ്ങനെ ഉപയോഗിക്കുന്നത് ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും സനാതനധര്‍മത്തിന്റെയും അതില്‍ വിശ്വസിക്കുന്നവരുടെയും സാംസ്‌കാരികവും ആത്മീയവുമായ ശ്രേയസ്സിനും പുരോഗതിക്കും വേണ്ടി ആയിരിക്കണം. അത്തരംകാര്യങ്ങള്‍ എന്തൊക്കെയാണ്, അവ എങ്ങനെയൊക്കെയാണ് വിനിയോഗിക്കേണ്ടത്, അതിനുള്ള സംവിധാനം എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം തീരുമാനിക്കേണ്ടതാണ്. അടിസ്ഥാനപരമായ ഒരുകാര്യം ഇവിടെ എടുത്തുപറയട്ടെ: ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും ശ്രീപദ്മനാഭന് അവകാശപ്പെട്ടതാണ്. പദ്മനാഭദാസനെന്ന നിലയ്ക്ക് ഒരു ട്രസ്റ്റിയുടെ സ്ഥാനമാണ് മഹാരാജാക്കന്മാര്‍ വഹിച്ചിരുന്നതും ശ്രദ്ധാഭക്തിവിശ്വാസങ്ങളോടെ ആ വിശിഷ്ടദൗത്യം ഇന്നുവരെ നിര്‍വഹിച്ചുപോന്നതും. എന്തുസംവിധാനമുണ്ടായാലും ഈ അടിസ്ഥാനതത്ത്വങ്ങള്‍ വിസ്മരിച്ചുകൂടാ. സനാതനധര്‍മത്തിന്റെയും ധര്‍മവിശ്വാസികളുടെയും ക്ഷേത്രത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുവാന്‍ ഉണ്ടാക്കുന്ന സംവിധാനത്തില്‍ നിര്‍ണായകമായ സ്ഥാനം രാജാവിനുണ്ടാകണം. ഹിന്ദുസമാജവും മഹാരാജാവും ക്ഷേത്രസ്വത്തുക്കളും ശ്രീപദ്മനാഭനും തമ്മിലുള്ള ബന്ധം അവിഭാജ്യമാണ്. അതായിരുന്നു ഇന്നോളമുള്ള സ്ഥിതി. അതില്‍ മാറ്റം വരുത്താന്‍ പാടില്ല.
ക്ഷേത്രപ്രവേശനവിളംബരം
സമസ്ത ഹിന്ദുസമാജത്തിന്റെയും ക്ഷേമൈശ്വര്യങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ടാണ് രാജകുടുംബം ഇന്നോളം പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. ഐതിഹാസികമായ ക്ഷേത്രപ്രവേശനവിളംബരം അതിന്റെ അനിഷേധ്യമായ പ്രഖ്യാപനമായിരുന്നു. അന്നു നിലനിന്ന സാഹചര്യത്തില്‍ ധീരസാഹസികമെന്നോ വിപ്ലവകരമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു മഹദ്കൃത്യമാണ് ചിത്തിര തിരുനാള്‍ മഹാരാജാവ് നിര്‍വഹിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തെത്തുടര്‍ന്ന് കേരളം സന്ദര്‍ശിച്ച മഹാത്മാഗാന്ധി 'അഭിനവ അശോകന്‍' എന്ന് ചിത്തിര തിരുനാള്‍ മഹാരാജാവിനെ വിശേഷിപ്പിച്ചത് ഓര്‍ത്തുപോകുന്നു. അവര്‍ണരെന്നും അസ്പൃശ്യരെന്നും ഏറെക്കാലമായി കരുതപ്പെട്ടുപോന്ന ഹിന്ദുവിഭാഗങ്ങള്‍ക്കുവേണ്ടി ക്ഷേത്രകവാടങ്ങള്‍ തുറന്നുകൊടുത്തത് നിസ്സാരസംഭവമല്ല. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഒറ്റക്കല്‍മണ്ഡപം പണിയിച്ചതിനെക്കുറിച്ച് രാമപുരത്തുവാര്യര്‍ എഴുതിയ വരികളാണ് എനിക്കോര്‍മവരുന്നത്.
''ഒറ്റക്കല്ലിങ്ങോടിവന്നു മുഖമണ്ഡപം ഭവിച്ചു
മറ്റൊന്നിതില്‍ പരം മന്നര്‍ക്കാജ്ഞ കൊണ്ടാമോ? ''
അന്നത്തെ യാഥാസ്ഥിതിക സമൂഹത്തില്‍ ഒരു തൂലികാചലനം കൊണ്ട് ചിത്തിരതിരുനാള്‍ ചെയ്തത് ഇത്തരമൊരത്ഭുതം തന്നെയാണ്. അതുവഴി 'ഭ്രാന്താലയ' മെന്ന് സ്വാമിവിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം മഹാത്മാഗാന്ധിയുടെ വാക്കുകളില്‍ 'തീര്‍ഥാലയം' എന്ന പദവി നേടി.
യഥാര്‍ഥത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തതും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ വിശ്വോത്തരമാക്കിയതും ഈ വിളംബരമായിരുന്നു. അതുണ്ടായിരുന്നില്ലെങ്കില്‍ തിരുവിതാംകൂറിലെ ഹിന്ദുജനസംഖ്യ ഇന്നത്തെക്കാളെത്രയോ കുറഞ്ഞു പോകുമായിരുന്നു. അസ്തിത്വപ്രതിസന്ധിയെ നേരിട്ടുകൊണ്ടിരുന്ന സമാജത്തെ കാലാനുകൂലവും ഫലപ്രദവുമായ നടപടികളിലൂടെ താങ്ങിനിര്‍ത്തി മുന്നോട്ടുനയിക്കാന്‍ സാധിച്ചുവെന്നതാണ് ആ വിളംബരത്തിന്റെ പ്രാധാന്യം. സനാതനധര്‍മത്തിന് ആ നടപടി അല്പമൊന്നുമല്ല കരുത്തുപകര്‍ന്നത്.
സനാതനധര്‍മ വിശ്വവിദ്യാപീഠം
അതിനുശേഷം 75 വര്‍ഷങ്ങള്‍ നാം പിന്നിട്ടുകഴിഞ്ഞു. ലോകത്തിലും പ്രത്യേകിച്ച് കേരളത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. ആഗോളീകരണത്തിന്റെയും ആഡംബരഭ്രമത്തിന്റെയും 'സുവിശേഷ'വത്കരണത്തിന്റെയും 'ഭീകരവാദ'ത്തിന്റെയും ഭീഷണി ഇന്ന് സമൂഹം നേരിടുന്നുണ്ട്. ഹിന്ദുസമാജത്തില്‍ത്തന്നെ ഒരുവിഭാഗം നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. വിശ്വാസികളായുള്ളവര്‍ തന്നെ ഒരു വിഭാഗം വൈകാരികമായി ഹിന്ദുക്കളാണെങ്കിലും സനാതനധര്‍മത്തിന്റെ ആധാരശിലകളെപ്പറ്റിയോ ജീവിതദര്‍ശനത്തെപ്പറ്റിയോ പരിജ്ഞാനമുള്ളവരല്ല. ഒരു തരം പരമ്പരാഗത വിശ്വാസികളായി നിലനിന്നുപോരുന്നു എന്നു മാത്രം. അടിസ്ഥാനതത്ത്വങ്ങളും മൂല്യങ്ങളും ഊട്ടി ഉറപ്പിക്കുകയും ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ വരും തലമുറകള്‍ അവയില്‍ ഉറച്ചുനില്‍ക്കുകയുള്ളൂ. മാത്രമല്ല മുന്‍കാലത്തില്‍ നിന്ന് വ്യത്യസ്തമായി ഭാരതത്തിനു വെളിയില്‍ത്തന്നെ മൂന്നുകോടിയോളം വരുന്ന വിശാലമായ ഹിന്ദുസമൂഹമുണ്ട്. അവര്‍ക്കും സനാതനധര്‍മത്തെക്കുറിച്ച് പഠിക്കാനുള്ള അവസരങ്ങള്‍ ദുര്‍ല്ലഭമാണ്. ഈ വസ്തുതകളെല്ലാം കണക്കിലെടുത്തുകൊണ്ട് സനാതനധര്‍മത്തിന്റെയും വിശ്വാസികളുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കഴിവും അര്‍ഹതയും സാധ്യതകളും ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് ഉണ്ട്. ശ്രീപദ്മനാഭസ്വാമി കരുതിവെച്ചിട്ടുള്ള വിപുലമായ സമ്പത്തില്‍ ഒരു ഭാഗം സനാതനധര്‍മ പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി വിനിയോഗിക്കുന്നതില്‍ അപാകമില്ലെന്നുമാത്രമല്ല അത് ഉചിതമായിരിക്കുകയും ചെയ്യും. അതിനായി ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തെയും തിരുവനന്തപുരത്തെയും കേന്ദ്രീകരിച്ച് ശ്രീപദ്മനാഭന്റെ പേരില്‍ ഒരു 'സനാതനധര്‍മ വിശ്വവിദ്യാപീഠം ' (ടിഹ ജമലൗമൃമയസമ ഡൃഹ്വവിീഹറള്‍ ശ്ി ടമൃമലസമൃമ ഒസമിൗമ മൃല *ുാറുിവ ) എന്ന സ്ഥാപനത്തിന് രൂപംകൊടുക്കാവുന്നതാണ്. പ്രധാനപ്പെട്ട വിദേശരാജ്യങ്ങളിലെല്ലാം അതിനു പഠനകേന്ദ്രങ്ങളുണ്ടാകണം. അതിന്റെ വിശദാംശങ്ങളിലേക്കൊന്നും ഇവിടെ കടക്കേണ്ടതില്ല. വേദപാഠശാലയും തന്ത്രപഠനകേന്ദ്രവുമെല്ലാം സ്ഥാപിക്കാമെന്ന് സുപ്രീംകോടതിയില്‍ മഹാരാജാവ് ബോധിപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലും അതിന്റെ വിപുലീകരണമെന്നരീതിയിലുമാണ് ഞാന്‍ ഈ അഭിപ്രായം മുന്നോട്ടുവെക്കുന്നത്. പണ്ടത്തെ ക്ഷേത്രപ്രവേശനവിളംബരംപോലെ യുഗാനുകൂലവും ധാര്‍മികവും അനിവാര്യവുമായ ഒരാവശ്യമാണ് ഇത് എന്ന് പ്രബുദ്ധരായ സനാതനധര്‍മാവലംബികള്‍ അംഗീകരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ യശസ്സിനെ ലോകമെമ്പാടും പരത്തുവാനും അതേസമയം ധര്‍മസംരക്ഷകരെന്ന അവരുടെ പദവിയും ദൗത്യവും നടപ്പാക്കുവാനും സഹായിക്കും എന്നുള്ളതിന് സംശയമില്ല. 'ധര്‍മോസ്മത് കുലദൈവതം' എന്നതാണല്ലോ രാജകുടുംബത്തിന്റെ ആദര്‍ശവാക്യം.
ഏറ്റവുമധികം സമ്പത്തുള്ള ക്ഷേത്രം എന്ന് ഇന്നലെവരെ വിശ്വസിക്കപ്പെട്ടിരുന്ന തിരുപ്പതിദേവസ്ഥാനം പ്രശസ്തമായനിലയില്‍ ഒരു സംസ്‌കൃതസര്‍വകലാശാല നടത്തുന്നുണ്ട് എന്നത് ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഇന്നിപ്പോള്‍ ഒന്നാംസ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്ന ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന് അതിന്റെ യോഗ്യതയ്ക്കര്‍ഹമായ നിലയില്‍ ഒരു അന്തര്‍ദേശീയ സര്‍വകലാശാല തുടങ്ങുന്നതിന് ഇതൊരു കീഴ്‌വഴക്കമായും കണക്കാക്കാവുന്നതാണ്. സനാതനധര്‍മത്തിന്റെ പേരില്‍ ഒരു വിശ്വവിദ്യാലയം സ്ഥാപിക്കുന്നത് ഈ ആഗോളീകരണയുഗത്തില്‍ ഒരു സങ്കുചിതസങ്കല്പം ആയിപ്പോകുമോ എന്ന് ശങ്കിക്കുന്നവരുണ്ടാകാം. ലോകത്തില്‍ ഇപ്പോള്‍ത്തന്നെ ഒന്നിലധികം അന്താരാഷ്ട്ര ഇസ്‌ലാമിക സര്‍വകലാശാലകളും ക്രൈസ്തവ സര്‍വകലാശാലകളും നിലവിലുണ്ട് എന്ന വസ്തുത അവര്‍ വിസ്മരിക്കുന്നു. മാത്രമല്ല ഒരു മതം എന്നതിലുപരി വിശാലവും സര്‍വാശ്ലേഷിയുമായ ഒന്നാണ് സനാതനധര്‍മം. ആ സങ്കല്പത്തില്‍ സങ്കുചിത ചിന്തയുടെ പ്രശ്‌നമേ ഉദിക്കുന്നില്ല.
എന്റെ ഓര്‍മയില്‍ ഓടിയെത്തുന്നത് അശോകചക്രവര്‍ത്തിയുടെ പേരാണ്. വിപുലമായ തന്റെ സാമ്രാജ്യം ബുദ്ധഭഗവാനും ധര്‍മത്തിനും സമര്‍പ്പിച്ച് 'ബുദ്ധം ശരണം ഗച്ഛാമി' എന്ന് പ്രഖ്യാപിച്ച് ബുദ്ധധര്‍മത്തിന്റെ പ്രചാരണത്തിനുവേണ്ടി ഭിക്ഷുക്കളെ ലോകമെമ്പാടും നിയോഗിക്കുകയും ബുദ്ധസംഘങ്ങള്‍ സ്ഥാപിക്കുകയും ചെയ്ത അശോകചക്രവര്‍ത്തി ജനങ്ങള്‍ക്ക് മാത്രമല്ല 'ദേവന്മാര്‍ക്കും പ്രിയ'നായിത്തീര്‍ന്നു. ''എല്ലാം ശ്രീപദ്മനാഭന്റേതാണ്. എനിക്ക് യാതൊന്നും ആവശ്യമില്ല'' എന്ന് സ്വമേധയാ പ്രഖ്യാപിച്ച രാജകുടുംബത്തിന് അശോകചക്രവര്‍ത്തിയുടെ മാതൃക സ്വീകരിച്ച് സനാതനധര്‍മ പ്രചാരണത്തിനുവേണ്ടി ഇത്തരമൊരു മഹദ്കൃത്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അതായിരിക്കും യഥാര്‍ഥ ലോകവിസ്മയം. അത് ശ്രീപദ്മനാഭന് ഹിതകരമായിരിക്കും എന്നതില്‍ എനിക്കു സംശയമില്ല. നേരത്തേതന്നെ വേണ്ടിയിരുന്ന ദേവപ്രശ്‌നത്തിലൂടെ ഈ ഹിതം ആരായുകയും ചെയ്യാം.
വിശ്വവിദ്യാപീഠത്തെപ്പറ്റി പറയുന്നത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ വിദ്യാദാന പാരമ്പര്യത്തെ ഉള്ളില്‍ കണ്ടുകൊണ്ടാണ്. ദക്ഷിണഭാരതത്തിലെ നാളന്ദാസര്‍വകലാശാല എന്നറിയപ്പെട്ടിരുന്ന കാന്തള്ളൂര്‍ശാല ശ്രീപദ്മനാഭസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിച്ചിരുന്നതായി അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മീബായി തമ്പുരാട്ടി 'തിരുവിതാംകൂറിലെ വിദ്യാഭ്യാസത്തിന് രാജകുടുംബത്തിന്റെ സംഭാവന' എന്ന ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ആയുധവിദ്യയടക്കം 64 കലകളും അഭ്യസിക്കാന്‍ സൗകര്യമുണ്ടായിരുന്ന സര്‍വകലാശാലയായിരുന്നു അത്. ആയിരം കൊല്ലങ്ങള്‍ക്കുമുമ്പ് നിലനിന്നിരുന്ന ആ സ്ഥാപനം അവസാനമായി പ്രവര്‍ത്തിച്ചിരുന്നത് ഇന്നത്തെ വലിയശാലയില്‍ ആയിരുന്നു. പ്രാചീനകാലം മുതല്‍ സമീപകാലംവരെ പദ്മനാഭസ്വാമിക്ഷേത്രം പ്രശസ്തരായ പണ്ഡിതന്മാരുടെയും പ്രഗല്ഭരായ ആചാര്യന്മാരുടെയും സമ്മേളനവേദിയായിരുന്നു. പുതിയ ലോകക്രമത്തില്‍ ഈ പാരമ്പര്യം ഊര്‍ജസ്വലമായി നിലനിന്നുപോകാനുള്ള മാര്‍ഗമായിട്ടാണ് സനാതനധര്‍മ വിദ്യാപീഠത്തെ കാണേണ്ടത്.
അശോകചക്രവര്‍ത്തി ധര്‍മപ്രചാരണം നടത്തിയത് പൊതുമുതല്‍ ഉപയോഗപ്പെടുത്തിയാണ്. മതേതരരാഷ്ട്രസങ്കല്പം അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഒരു മതാധിഷ്ഠിതരാഷ്ട്രം എന്ന നിലയ്ക്കാണ് അശോകന്‍ ഭരണം നടത്തിയതും ലോകമാകെ ബുദ്ധമതം പ്രചരിപ്പിച്ചതും. ഇവിടെയാകട്ടെ ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിച്ച് മാത്രമാണ് സനാതനധര്‍മ വിശ്വ വിദ്യാപീഠമടക്കമുള്ള ധാര്‍മികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നടത്തേണ്ടതും. അതുകൊണ്ടുതന്നെ മതനിഷേധികളോ മതേതരവാദികളോ ഈ ആശയത്തെ എതിര്‍ക്കേണ്ടതില്ല.
ഇതാണ്, ഇതുമാത്രമാണ്, മറ്റൊന്നും ചെയ്യാനോ ചെയ്യിക്കാനോ ഇല്ല എന്ന അര്‍ഥത്തിലല്ല ഞാന്‍ ഇത് നിര്‍ദേശിക്കുന്നത്. എല്ലാവിധ പ്രലോഭനങ്ങളെയും ഭീഷണികളെയും ദുരിതങ്ങളെയും അതിജീവിച്ച് സനാതനധര്‍മത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഇന്നും നിലനില്‍ക്കുന്ന ഒരു വലിയ പിന്തള്ളപ്പെട്ട ഹിന്ദുസമൂഹമുണ്ട്. സ്വാമി വിവേകാനന്ദന്റെ ഭാഷയില്‍ അവര്‍ നമ്മുടെ ആരാധ്യദേവതകളാണ്. അവരുടെ ധാര്‍മികവും ആത്മീയവും സാംസ്‌കാരികവും സാമൂഹികവുമായ ആവശ്യങ്ങള്‍ പരിഗണിച്ച് ചെയ്യേണ്ടകാര്യങ്ങള്‍- ചെയ്യാവുന്ന കാര്യങ്ങള്‍-ചെയ്യാന്‍ ഈ സന്ദര്‍ഭവും സൗകര്യവും ഉപയോഗപ്പെടുത്തേണ്ടതാണ്. അവരെ ആശ്രയിച്ചാണ് ഹിന്ദുധര്‍മത്തിന്റെ ഭാവി എന്നുകൂടി അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അവസാനമായി ഒരു വാക്കുകൂടി. സമ്പത്തിന്റെ കാര്യത്തില്‍ സമൃദ്ധമാണെങ്കിലും ഇത്രവലിയകാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ സനാതനധര്‍മ വിശ്വാസികള്‍ക്ക് കഴിവും കരുത്തും ഉണ്ടോ? അസംഘടിതമായ ഒരു സമുദായത്തിന് എങ്ങനെ ഈ ദൗത്യം ഏറ്റെടുത്ത് വിജയിപ്പിക്കാനാവും? രാഷ്ട്രീയക്കാരും അധികാരമോഹികളും അഴിമതിക്കാരും കയറിപ്പറ്റി എല്ലാം അവതാളത്തിലാക്കുകയില്ലേ? എന്നൊക്കെയുള്ള സംശയങ്ങള്‍ സ്വാഭാവികമായി ഉയര്‍ന്നുവന്നേക്കാം. ഹിന്ദുസമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയും അപകര്‍ഷതാബോധവുമാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. പ്രശ്‌നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല, അവയെ മുഖാമുഖം നേരിടുക എന്നതാണ് ഈ വക സംശയങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം. പിഴവുകള്‍ പറ്റിയേക്കാം, പാളിച്ചകള്‍ സംഭവിച്ചേക്കാം, പക്ഷേ, അവ തിരുത്തി മുന്നോട്ടുപോകുവാനുള്ള ആര്‍ജവം ഹിന്ദുസമൂഹം ആര്‍ജിച്ചേപറ്റൂ. പരീക്ഷണങ്ങളില്‍ കൂടിമാത്രമേ വിജയം വരിക്കാനാവൂ. ജനാധിപത്യഭരണം നടപ്പാക്കാന്‍ ഭാരതത്തിന് കഴിയുകയില്ലെന്നായിരുന്നു സ്വാതന്ത്ര്യത്തിനുമുമ്പ് സാമ്രാജ്യവാദികളുടെ വാദം. എന്നാല്‍ എന്തെല്ലാം പോരായ്മകള്‍ ഉണ്ടായാലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായി ഭാരതം ഇന്ന് തലയുയര്‍ത്തി നിലനില്‍ക്കുന്നു. ലോകരാഷ്ട്രങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്നു. തീര്‍ച്ചയായും ഹിന്ദുസമൂഹത്തിന് ഈ ദൗത്യം ഏറ്റെടുക്കാന്‍ കഴിയണം, കഴിഞ്ഞേ പറ്റൂ. ഇല്ലെങ്കില്‍ ഒരു സമൂഹമെന്ന നിലയ്ക്ക് അതിന് നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്ന് സമ്മതിച്ച് കൊടുക്കുന്നതിന് തുല്യമാവും.
(ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഇനിയെന്ത്? പരമേശ്വര്‍ജിക്കും ഈ ലേഖനം പ്രസിദ്ധീകരിക്കാന്‍ സുമനസ്സുകാട്ടിയ മാതൃഭൂമിക്കും പ്രണാമം.)
No comments:
Post a Comment