Sunday, August 21, 2011

പട്ടാമ്പിയുടെ വീഥികള്‍ ഗോകുലങ്ങളായി..

കൃഷ്ണലീലകളാല്‍ നാടും നഗരവും ധന്യം
പുല്ലാംങ്കുഴല്‍ നാദമുണര്‍ത്തി കാല്‍ചിലമ്പുകളുടെ മണിനാദത്തിനനുസൃതമായി ഉണ്ണിക്കണ്ണന്മാര്‍ അണിനിരന്ന ശോഭായാത്രകള്‍ മനസ്സിന്‌ കുളരും ഭക്തിയും വിരിയുന്ന ധന്യമുഹൂര്‍ത്തങ്ങള്‍ നല്‍കി. അമ്പാടിമണിവര്‍ണന്മാര്‍ നയിച്ച ശോഭായാത്രയാല്‍ നാടും നഗരവും തരിച്ചുനിന്നു. ഓടക്കുഴലും മയില്‍പീലിയും, പീതാംബരവും ധരിച്ച കുരുന്നുകള്‍ അവരറിയാതെതന്നെ ഭഗവല്‍ ചൈതന്യത്താല്‍ അനുഗൃഹീതരായി. ഭജനയും, കീര്‍ത്തനവും ചൊല്ലിശോഭായാത്രയില്‍ അണിനിരന്നവര്‍ ഒരു യുഗസ്മരണ ഉണര്‍ത്തുന്ന അനുഭവം പകര്‍ന്ന്‌ നാടിനും നഗരത്തിനും പകിട്ടു പകര്‍ന്നു.  


 





 


പട്ടാമ്പി:  വീഥികള്‍ ഗോകുലങ്ങളായി പുണ്യം നിറഞ്ഞ്‌ ശോഭായാത്രകള്‍. ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍  ശോഭായാത്രകള്‍ നടന്നു.
കുട്ടികള്‍ രാധാ-കൃഷ്ണ വേഷങ്ങളും മറ്റു പുരാണവേഷങ്ങളും ധരിച്ച്‌ വീഥികളില്‍ നിറഞ്ഞു. നഗരത്തില്‍ വിവിധ പ്രാന്തപ്രദേശങ്ങളില്‍ നിന്നെത്തിയ ശോഭായാത്രകള്‍ പന്തക്കല്‍ ക്ഷേത്രസന്നിധിയില്‍ സംഗമിച്ച്‌ നഗരപ്രദക്ഷിണവഴിചുറ്റി പട്ടാമ്പി പടിഞ്ഞാറെമഠം ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.
പുരാണത്തിലെ കഥാപാത്രങ്ങളെ നിശ്ചലരൂപത്തില്‍ അവതരിപ്പിച്ച്‌ നഗരത്തിലെത്തിയ ശോഭായാത്രകള്‍ അനേകായിരങ്ങള്‍ക്ക്‌ നവ്യാനുഭവമായി.

ശോഭായാത്രക്ക്‌ പുറമേ, ഗോപൂജ സാംസ്കാരിക സമ്മേളനം, ഉറിയടി, ശ്രീകൃഷ്ണ കഥാപ്രവചനം, ഭജന, അദ്ധ്യാത്മപ്രഭാഷണം, പ്രസാദവിതരണം തുടങ്ങിയവ  നടന്നു.

No comments:

Post a Comment