ബി.എം.എസ്സിന്റെ തലപ്പത്ത് ഇനി ഒരു മലയാളി അഭിഭാഷകന്‍
തൃശ്ശൂര്‍:ഒരു കോടിയോളം അംഗങ്ങളും അയ്യായിരത്തോളം യൂണിയനുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബി.എം.എസ്സിന്റെ ദേശീയ പ്രസിഡന്റ് ഇപ്പോള്‍ ഒരു മലയാളിയാണ്. തൃശ്ശൂരിലെ അഭിഭാഷകന്‍ കൂടിയായ സി.കെ. സജിനാരായണനെയാണ് മഹാരാഷ്ട്രയിലെ ജൂല്‍ഗവാണില്‍ കഴിഞ്ഞമാസം സമാപിച്ച ദേശീയ സമ്മേളനം പുതിയ നേതാവായി തിരഞ്ഞെടുത്തത്. 1955ല്‍ ദത്തോപാന്ത് ഠേംഗിഡിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ സംഘടനയുടെ അധ്യക്ഷനാകുന്ന ആദ്യ കേരളീയനാണ് ഈ 54 കാരന്‍.
മാള കൊച്ചുകടവ് സ്വദേശിയായ സജിനാരായണന്‍ അയ്യന്തോള്‍ സിവില്‍സ്റ്റേഷനു സമീപമാണ് താമസിക്കുന്നത്. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്ന് ബി.എസ്‌സിയും എറണാകുളം ലോകോളേജില്‍നിന്ന് എല്‍.എല്‍.ബി.യും നേടി. എ.ബി.വി.പി ദേശീയ ഏക്‌സിക്യൂട്ടീവംഗമായിരുന്നു. 1982ല്‍ ബി.എം.എസ്സിന്റ തൃശ്ശൂര്‍ മേഖലാ പ്രസിഡന്റായിട്ടാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സംസ്ഥാന പ്രസിഡന്റായ 93-2002 കാലത്താണ് സംഘടന അംഗബലത്തില്‍ മൂന്നാമതെത്തിയത്. 2002 മുതല്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റാണ്. മലയാളിയായ ആര്‍. വേണുഗോപാല്‍ മുമ്പ് അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റായിട്ടുണ്ട്. ഗിരീഷ് അവസ്തിക്ക് ശേഷമാണ് സജിനാരായണന്‍ പ്രസിഡന്റാകുന്നത്. മൂന്നുവര്‍ഷമാണ് കാലാവധി. ഭാര്യ ഗിരിജ. മുന്‍ മന്ത്രി കെ.ജി.ആര്‍. കര്‍ത്തയുടെ മകളാണ്. ഏക മകന്‍ ഗോവിന്ദ് എന്‍ജിനീയറാണ്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ബി.എം.എസ്സിന്റെ പ്രതിനിധിയെന്നനിലയില്‍ ഇന്ത്യന്‍ യൂണിയന്‍ നേതാക്കളുടെ സംഘത്തെ ഐ.എല്‍.ഒ. വേദികളില്‍ നയിച്ചത് സജിനാരായണനാണ്.(march 2011)
No comments:
Post a Comment