Sunday, March 27, 2011

താലിബാന്‍ മോഡല്‍ കോടതികള്‍: ശക്തമായി നേരിടണം

താലിബാന്‍ മോഡല്‍ കോടതികള്‍: ശക്തമായി നേരിടണം

തൊടുപുഴ ന്യൂമാന്‍സ്‌ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയതിനെത്തുടര്‍ന്ന്‌ നടത്തിവരുന്ന അന്വേഷണം ദിവസംകഴിയും തോറും ഏറെ ഉത്‌ക്കണ്‌ഠയുണ്ടാക്കുന്ന തരത്തിലുള്ള വിവരങ്ങളിലേക്കാണ്‌ ചെന്നെത്തുന്നത്‌. കൈവെട്ടിയ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച പോപ്പുലര്‍ ഫ്രണ്ടിന്‌ അന്താരാഷ്‌ട്ര ഭീകര സംഘടനകളുമായി ബന്ധങ്ങളുണ്ടെന്നും അവര്‍ക്ക്‌ വന്‍തോതില്‍ വിദേശ ഫണ്ടും ലഭിക്കുകയും ചെയ്യുന്നതായി കേരളാ പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. മാത്രമല്ല ഈ സംഘടനയുടെ സംഘടിത ശേഷിയെ സംബന്ധിച്ചും അവരുടെ കണ്ണികളെ സംബന്ധിച്ചുമൊക്കെ വ്യക്തമായ ചിത്രവും സംസ്ഥാന പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. സംസ്ഥാനത്തുടനീളം പോപ്പുലര്‍ ഫ്രണ്ടിന്‌ `സ്ലീപ്പിംഗ്‌ സെല്ലുകള്‍’ ഉണ്ടെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്‌ സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ഇപ്പോള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
സംസ്ഥാന പോലീസിന്റെ അന്വേഷണത്തെ തുടര്‍ന്ന്‌ കേന്ദ്രഇന്റലിജന്‍സ്‌ ഏജന്‍സികളും അന്വേഷണം ആരംഭിച്ചതോടെയാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്‌ താലിബാനുമായി മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ഭീകര സംഘടനയായ അല്‍ക്വയ്‌ദയുമായും ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയത്‌. ഈ സംഘടനയ്‌ക്ക്‌ ഫണ്ട്‌ വന്ന വഴിയും ഇതില്‍ നിന്നു തന്നെ ഏറെക്കുറെ വ്യക്തമാണ്‌. ഈ സംഘടനയില്‍ നിര്‍ധനരായെത്തിയ പല യുവാക്കളും കണ്ണടച്ചു തുറക്കുംമുമ്പ്‌ കോടീശ്വരന്മാരായി. എന്നാല്‍ ഇതിനെക്കാളൊക്കെ ഞെട്ടിക്കുന്ന മറ്റൊരു വസ്‌തുതയാണ്‌ കഴിഞ്ഞദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്‌.
ന്യൂമാന്‍സ്‌ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ വിശകലനം ചെയ്‌തപ്പോള്‍ തന്നെ അത്‌ താലിബാന്‍ മോഡല്‍ ആക്രമണമാണെന്ന്‌ വ്യക്തമായി. പിന്നീട്‌ ഇത്‌ സ്ഥിരീകരിക്കുന്ന രേഖകളും സിഡികളുമൊക്കെ പോപ്പുലര്‍ഫ്രണ്ടിന്റെ ഓഫീസുകളും പ്രവര്‍ത്തകരുടെയും നേതാക്കളുടെയുമൊക്കെ വീടുകളും റെയ്‌ഡ്‌ ചെയ്‌തതില്‍ നിന്ന്‌്‌ ലഭിക്കുകയും ചെയ്‌തു. എന്നാല്‍ താലിബാന്‍ മോഡല്‍ കോടതികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ കണ്ടെത്തിയത്‌ ഞെട്ടിക്കുന്ന വസ്‌തുതയാണ്‌. തെക്കന്‍ കേരളത്തില്‍ കരുനാഗപ്പള്ളിയിലും ഈരാറ്റുപേട്ടയിലും കോഴിക്കോട്‌ മാറാടും കണ്ണൂര്‍ സിറ്റിയിലുമൊക്കെ സമാന്തര കോടതികള്‍ പ്രവര്‍ത്തിക്കുന്നതായാണ്‌ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക്‌ രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്‌.
കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം വെറും `വഴിപാടാ’യി മാറുന്നുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. ഇത്തരത്തില്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി ഒരു സൂചന പോലും നല്‍കാന്‍ സംസ്ഥാനപോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ ഇതുവരെ കഴിഞ്ഞില്ല എന്നതിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്‌. കാരണം പോലീസില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നവര്‍ ഉണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്‌. പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റെയ്‌ഡ്‌ വിവരം ചോര്‍ന്നത്‌ ഇത്‌ സൂചിപ്പിക്കുന്നുണ്ട്‌.
മതനിന്ദയുടെ പേരില്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയത്‌ ഈരാറ്റുപേട്ട കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇത്തരത്തില്‍ താലിബാന്‍ മോഡല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നത്‌ ഭാരതത്തിന്റെ ഭാഗമായ കേരളത്തിലാണ്‌.
ഇക്കാര്യത്തില്‍ കേരളം ഭരിക്കുന്ന മുന്നണിക്കും ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്ന സിപിഎമ്മിനും ഉത്തരം പറയാന്‍ ബാധ്യതയുണ്ട്‌.
കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി സമാന്തര കോടതികള്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിനെക്കുറിച്ച്‌ ഒരുവിവരം പോലും പോലീസിന്‌ മാത്രമല്ല മാധ്യമങ്ങള്‍ക്കുപോലും ലഭിച്ചില്ല എന്നത്‌ അതീവ രഹസ്യമായാണ്‌ ഇത്‌ പ്രവര്‍ത്തിച്ചിരുന്നുവെന്നതിന്‌ തെളിവാണ്‌. `താലിബാന്‍ മോഡലിലെ നിര്‍ബന്ധിത ബാധ്യത നിറവേറ്റല്‍ കേന്ദ്രം’ എന്ന അര്‍ത്ഥമുള്ള `ദാറുല്‍ ഖുദാ’ എന്ന നിലയിലാണ്‌ ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ഭീകര സംഘടനയായ താലിബാന്റെ ഇംഗിതത്തിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും അവരെ വധിക്കുന്നതുള്‍പ്പെടെ കടുത്ത ശിക്ഷാവിധികള്‍ക്ക്‌ വിധേയമാക്കുകയും ചെയ്യുന്നതാണ്‌ രീതി. ഇതുതന്നെയാണ്‌ കേരളത്തിലും പിന്‍തുടര്‍ന്നിരിക്കുന്നത്‌.
വ്യക്തികളോ കുടുംബങ്ങളോ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുന്നത്‌ അത്‌ പോലീസ്‌ സ്റ്റേഷനിലും കോടതിയിലുംഎത്തുന്നതിന്‌ മുമ്പ്‌ ദാറുല്‍ ഖുദാ സംഘങ്ങള്‍ ഇടപെട്ട്‌ പരിഹരിക്കുന്നതാണ്‌ പിന്‍തുടര്‍ന്ന്‌ വരുന്ന രീതി. ഇതിന്‌ തയ്യാറാകാത്തവരെ പല തരത്തിലും നേരിടുന്നതാണ്‌ ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന താലിബാന്‍ കോടതികളുടെ നിയന്ത്രണം പോപ്പുലര്‍ ഫ്രണ്ടിനാണെന്ന്‌ രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയത്‌ ഈ സംഘടന അന്താരാഷ്‌ട്ര ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെന്ന കാര്യം അരക്കിട്ടുറപ്പിക്കുകയാണ്‌.
ഭാരതത്തില്‍ ഏകീകൃത സിവില്‍കോഡ്‌ കൊണ്ടുവരണമെന്ന പതിറ്റാണ്ടുകളായുള്ള ബിജെപിയുടെ ആവശ്യം താലിബാന്‍ മോഡല്‍ കോടതികളുടെ പ്രവര്‍ത്തനവുമായി ചേര്‍ത്തു വായിക്കേണ്ടതാണ്‌. ഇത്‌ ഭാരതമാണെന്നും ഈ മണ്ണില്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്നും അതിന്‌ വിരുദ്ധമായി ഒരുസംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും തെളിയിക്കേണ്ട ബാധ്യത ഭരണകൂടത്തിനാണ്‌. അതിന്‌ സ്വീകരിക്കുന്ന ഏത്‌ കടുത്ത നടപടിക്കും ന്യായീകരണമുണ്ട്‌. കാരണം നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത്‌ രാഷ്‌ട്രത്തെ വെല്ലുവിളിക്കുന്നതിന്‌ തുല്യമാണ്‌.

(Original news source: http://punnyabhumi.com/news-370 )

No comments:

Post a Comment