Tuesday, March 15, 2011

ഹിന്ദു ഐക്യവേദി ശബരിമല രക്ഷായാത്ര

പുല്ലുമേട്‌ ; സര്‍ക്കാര്‍ വീഴ്ചവരുത്തിയാല്‍ ജനകീയ കമ്മറ്റിയെ നിയോഗിക്കും: കുമ്മനം

Posted On: Mon, 14 Mar 2011 22:35:02
കുമളി : പുല്ലുമേട്‌ ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടുകയാണെങ്കില്‍ ഇതന്വേഷിക്കുവാന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റിയെ നിയോഗിക്കുമെന്ന്‌ കുമ്മനം രാജശേഖരന്‍ അറിയിച്ചു. ശബരിമല രക്ഷായാത്രയില്‍ പങ്കടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.

ശബരിമല ക്ഷേത്രത്തോടും അയ്യപ്പഭക്തന്‍മാരോടുമുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന്‌ അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച പുല്ലുമേട്‌ ദുരന്തം സംസ്ഥാന സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ്‌ കാണുന്നത്‌. മുമ്പ്‌ പല തവണ ദുരന്തങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കുറ്റപ്പെടുത്തി. ഓരോ വര്‍ഷവും 1000 കോടിയിലധികം രൂപ റവന്യൂ വരുമാനമുള്ള ശബരിമലയില്‍ സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ്‌ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്‌ കാരണമെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ദുരന്തത്തില്‍ മരണമടഞ്ഞ ഭക്തന്മാര്‍ക്ക്‌ 10 ലക്ഷം രൂപാ വീതം സഹായ ധനം നല്‍കണം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്നും, ഓരോ വര്‍ഷവും ഭക്തന്മാരെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്‍ കൊണ്ടു വരുന്നതിനായി ഇന്‍ഷുറന്‍സ്‌ കമ്പനി 25 ലക്ഷം രൂപാ വീതം ശബരിമലയില്‍ നിന്നും ഈടാക്കി വരുന്നുണ്ടെങ്കിലും പുല്ലുമേട്‌ ഇതിന്റെ പരിധിയില്‍ വരില്ലെന്ന്‌ പറയുന്നത്‌ നീതിക്ക്‌ നിരക്കുന്നതല്ലെന്നും കമ്പനി ഒരു ലക്ഷം രൂപയെങ്കിലും ആശ്രിതര്‍ക്ക്‌ കൊടുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അല്ലാത്ത പക്ഷം യുണൈറ്റഡ്‌ ഇന്ത്യാ ഇന്‍ഷുറന്‍സ്‌ കമ്പനിക്കെതിരെ രക്ഷാ യാത്രയിലുടനീളം പ്രചാരണം നടത്തുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.


പുല്ലുമേട്ടില്‍ മോക്ഷദീപം തടഞ്ഞ നടപടി: ഇന്ന്‌ പ്രതിഷേധദിനം

Posted On: Mon, 14 Mar 2011 22:14:07
 
കൊച്ചി: പുല്ലുമേട്ടില്‍ മരണമടഞ്ഞ 102 അയ്യപ്പന്മാരുടെ സ്മരണാര്‍ത്ഥം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മോക്ഷദീപം തെളിയിക്കാനുള്ള അനുവാദം നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്ന്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമാചരിക്കാന്‍ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചായത്ത്‌, താലൂക്ക്‌ തലത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും.

ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നയിക്കുന്ന ശബരിമല രക്ഷായാത്രയോടനുബന്ധിച്ചായിരുന്നു ദുരന്തം സംഭവിച്ച പുല്ലുമേട്ടില്‍നിന്ന്‌ മോക്ഷദീപം തെളിയിക്കാന്‍ തീരുമാനിച്ചത്‌. വനംവകുപ്പിന്റെ പ്രസ്തുത നടപടി തികഞ്ഞ വിവേചനപരവും ഹിന്ദുവിരുദ്ധവുമാണെന്ന്‌ സംസ്ഥാന സെക്രട്ടറി ആര്‍.വി.ബാബു പറഞ്ഞു.

No comments:

Post a Comment