Monday, February 28, 2011

ആര്എരസ്‌എസ്‌ സമ്പര്ക്കതയജ്ഞത്തില്‍ 25 ലക്ഷം വീടുകള്‍ സന്ദര്ശി‍ച്ചു

കൊച്ചി: ആര്‍എസ്‌എസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ സമ്പര്‍ക്കയജ്ഞം സമാപിച്ചു. പതിനെട്ട്‌ ദിവസം നീണ്ടുനിന്ന പരിപാടിയില്‍ 25 ലക്ഷത്തോളം ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ഭീകരതയുമായി ബന്ധപ്പെടുത്തി ആര്‍എസ്‌എസിന്റെ പേരും ഹിന്ദു സമുദായത്തെയും വലിച്ചിഴക്കുന്നതിനെ അംഗീകരിക്കുന്നില്ലെന്ന്‌ ബഹുഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. കേരള നിയമസഭയില്‍ ഹിന്ദുക്കള്‍ക്കായി ശബ്ദമുയര്‍ത്താന്‍ അംഗങ്ങളില്ലാതെ പോകുന്നതിലുള്ള അമര്‍ഷം പലരും പങ്കുവെച്ചു.
സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇന്നലെ ആര്‍എസ്‌എസ്‌ നേതാക്കള്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനെ സന്ദര്‍ശിച്ചു. പ്രാന്ത പ്രചാരക്‌ എ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലെത്തിയാണ്‌ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയത്‌. ആര്‍എസ്‌എസിനെതിരായി നടക്കുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച്‌ അവര്‍ മുഖ്യമന്ത്രിയോട്‌ വിശദീകരിച്ചു. ഇത്‌ സംബന്ധിച്ച ലഘുലേഖകളും കൈമാറി. വിഭാഗ്‌ പ്രചാരക്‌ എസ്‌. സുദര്‍ശന്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ്‌ ദേവീദാസ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തിരുവനന്തപുരത്ത്‌ മന്ത്രിമാര്‍, ബിഷപ്പുമാര്‍, ആശ്രമാധികാരികള്‍, ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ ആശയവിനിമയം നടത്തി. ആര്‍എസ്‌എസിന്റെ പ്രമുഖ നേതാക്കളായ കെ.സി. കണ്ണന്‍, ഇ.ആര്‍. മോഹനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.സഞ്ജയന്‍ തുടങ്ങിയവര്‍ സമ്പര്‍ക്കപരിപാടിക്ക്‌ എത്തിയിരുന്നു. ശ്രീ ശ്രീ രവിശങ്കര്‍, മന്ത്രിമാരായ എം.വിജയകുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സുഗതകുമാരി, കാവാലം നാരായണപ്പണിക്കര്‍, പി. നാരായണക്കുറുപ്പ്‌, ഡിജിപി ജേക്കബ്‌ പുന്നൂസ്‌, എഡിജിപി മാരായ ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി, നടന്‍ മധു, സി.പി.ജോണ്‍, ജോണ്‍ബ്രിട്ടാസ്‌, പന്മന രാമചന്ദ്രന്‍ എന്നിവരെ ആര്‍എസ്‌എസ്‌ നേതാക്കള്‍ സന്ദര്‍ശിച്ചു. ശിവഗിരി-ശാന്തിഗിരി മഠങ്ങള്‍, പട്ടം-വെള്ളയമ്പലം ബിഷപ്പുഹൗസുകള്‍, ജമാഅത്തുകള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
ജസ്റ്റിസ്‌ വി.ആര്‍. കൃഷ്ണയ്യര്‍, ബിഷപ്പ്‌ വര്‍ക്കി മാര്‍ വിതയത്തില്‍, പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം. തോമസ്‌ മാത്യു, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എം.പി. വീരേന്ദ്രകുമാര്‍, രണ്‍ജി പണിക്കര്‍, വിവിധ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ സന്ദര്‍ശിച്ച്‌ സംഭാഷണം നടത്തി.
അയോധ്യ, കാശ്മീര്‍ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ആപല്‍ക്കരമായ നയം, ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും ലഘുലേഖകളും സമ്പര്‍ക്കയജ്ഞത്തില്‍ വിതരണം ചെയ്തു.
(source: http://www.janmabhumidaily.com/ )

No comments:

Post a Comment