ട്രെയിനില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു
Posted On: Sun, 06 Feb 2011 15:21:43
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_toI9wtXAsXMqmT3V82p68o4F5ZFB71wsvhkLQkRqlXmUto2vY0xRcwum9xTZ5M4fPUFPVfVbsvFx0HfF8zdDkDrnOeokTveEGXGgwdN9PM6tPFHAqRdNZc9qDc4O3hvGZcCBeZ9LH0lNMwOZNSH_xLqMBkQg=s0-d)
തൃശൂര്‍: തീവണ്ടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാവ് സ്വദേശി സൌമ്യയാണ് മരിച്ചത്. 23 വയസായിരുന്നു. ഇന്ന് മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. കഴിഞ്ഞ ദിവസം സൌമ്യയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നില വഷളാവുകയായിരുന്നു.
രക്തസമ്മര്‍ദ്ദം താഴുകയും മസ്തിഷ്കത്തിലേക്കുള്ള രക്തസ്രാവം നിയന്ത്രണാതീതമാവുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സൌമ്യയുടെ ആരോഗ്യനില ഗുരുതരമാണെന്ന് വിലയിരുത്തി. മൂന്ന് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ട്രെയിന്‍ യാത്രയ്ക്കിടെ സൌമ്യയ്ക്കെതിരെ ആക്രമണം ഉണ്ടായത്. കൊച്ചി - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചെറുതുരുത്തിയില്‍വച്ച് സൌമ്യ ആക്രമണത്തിന് ഇരയായത്.
യാചകനെന്നു തോന്നിക്കുന്ന ആള്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി സൌമ്യയെ ഉപദ്രവിക്കുകയും പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും സൌമ്യയെ പുറത്തേക്കു തള്ളിയിടുകയുമായിരുന്നു. ഒപ്പം ഇയാളും ചാടിയിറങ്ങി. രണ്ടുട്രാക്കിനപ്പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.
ഗുരുതരമായ നിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം കിടന്ന സൌമ്യയെ നാട്ടുകാര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സേലം സ്വദേശി ഗോവിന്ദ സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ ഏക ദൃക്‌സാക്ഷിയായിരുന്നു സൌമ്യ. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് സൌമ്യയ്ക്ക് ജോലി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.
മനുഷ്യമൃഗം
Posted On: Thu, 03 Feb 2011 21:40:57
ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ ഒഴിഞ്ഞപ്പോള്‍ ഒറ്റപ്പെട്ട യുവതിയെ ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കവെ പുറത്തേക്ക് ചാടി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവതിയെ പിന്തുടര്‍ന്ന് റെയില്‍വേട്രാക്കിലിട്ട് ബലാല്‍സംഗം ചെയ്യുകയും ബാഗും മൊബെയില്‍ ഫോണും കവരുകയും ചെയ്ത സംഭവം മനുഷ്യന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഇപ്പോള്‍ മൃഗമായി മാറിക്കൊണ്ടിരിക്കുന്നവരൊഴികെ, എല്ലാവരെയും ഞെട്ടിപ്പിക്കുന്നതാണ്. ട്രാക്കില്‍നിന്നും ആശുപത്രിയിലെത്തിച്ച യുവതി മരണവുമായി മല്ലടിക്കുകയാണ്. തന്നെ പെണ്ണ് കാണാന്‍ വരുന്നതിനാല്‍ ലീവെടുത്ത് മനംനിറയെ സ്വപ്നങ്ങളുമായി വീട്ടിലേക്ക് വന്നിരുന്ന യുവതിയാണ് ബലാല്‍സംഗത്തിനിരയായത്.
ഇതില്‍ റെയില്‍വേയും യാത്രക്കാരും റെയില്‍വേ ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. ലേഡീസ് കമ്പാര്‍ട്ടുമെന്റുകളില്‍ ആളൊഴിയുമ്പോള്‍ ബാക്കിയുള്ള സ്ത്രീകള്‍ ആക്രമണത്തിനും ലൈംഗിക-ശാരീരിക പീഡനത്തിനും ഇരയാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിട്ടും അവരുടെ സുരക്ഷക്ക് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. വിഐപികള്‍ക്ക് അകമ്പടി പോകുന്ന പോലീസുകാരില്‍ ഒരാളെ ഈ ഡ്യൂട്ടിക്കും നിയോഗിക്കാമായിരുന്നു.
ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ അവസാനനിമിഷം ആള്‍ ചാടിക്കയറുന്നതും കമ്പാര്‍ട്ടുമെന്റില്‍നിന്ന് നിലവിളി ഉയര്‍ന്നതും തൊട്ടുപിന്നാലെ രണ്ടുപേര്‍ ട്രാക്കിലേക്ക് ചാടുന്നതും കണ്ട യാത്രക്കാരന്‍ സഹയാത്രികരോട് സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ നിസ്സഹകരണമാണ് ലഭിച്ചത്. അവസാനനിമിഷം ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ ഒരു പുരുഷന്‍ ചാടിക്കയറുന്നതു കണ്ട ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്തി പരിശോധിച്ചില്ല. ഒടുവില്‍ കമ്പാര്‍ട്ടുമെന്റില്‍നിന്നും ഒരാള്‍ ചാടുന്നതു കണ്ടപ്പോള്‍ മാത്രമാണ് റെയില്‍ അധികാരികളെ അറിയിച്ചത്.
എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്ത്രീകളുടെ നേരെയുള്ള അക്രമത്തിനെതിരെ പരാതികളുണ്ടായിട്ടും റെയില്‍വേ അധികൃതര്‍ നിസ്സംഗത പുലര്‍ത്തിയത് കുറ്റകരമായ അനാസ്ഥതന്നെയാണ്.
No comments:
Post a Comment