Sunday, February 13, 2011

മദ്യവിമുക്ത കേരളം മരീചികയോ?


മദ്യവിമുക്ത കേരളം മരീചികയോ?
മദ്യദുരന്തത്തിന്‌ ഒരിക്കല്‍ക്കൂടി കേരളം സാക്ഷിയായി. മലപ്പുറത്ത്‌ വിഷക്കള്ള്‌ കുടിച്ച്‌ ഇതുവരെ ഇരുപത്തിയഞ്ചു പേരാണ്‌ മരിച്ചത്‌. ഇനിയും പലരും ഗുരുതരാവസ്ഥയിലാണ്‌. പലരുടെയും കാഴ്‌ചശക്തിയും നഷ്‌ടമായി. ഇവരെല്ലാവരും നിര്‍ദ്ധന കുടുംബങ്ങളില്‍പ്പെട്ടവരാണ്‌ എന്നതാണ്‌ ഈ ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കുന്നത്‌.
എ.കെ.ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ച ശേഷം കള്ളുഷാപ്പുകളാണ്‌ സാധാരണ മദ്യപാനികളുടെ ആശ്രയം. ചാരായനിരോധനത്തെത്തുടര്‍ന്ന്‌ കള്ളിന്റെ വില്‍പ്പന വര്‍ദ്ധിക്കുകയും പുതിയതായി മദ്യപാനത്തില്‍ ഏര്‍പ്പെട്ടവരും കൂടിയായപ്പോള്‍ കള്ളിന്റെ ആവശ്യം കൂടി. എന്നാല്‍ ചാരായം നിരോധിക്കുന്നതിന്‌ മുമ്പുള്ള കാലയളവില്‍ പോലും ഉപഭോഗത്തിനനുസൃതമായി കള്ള്‌ ലഭ്യമല്ലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയാണെങ്കില്‍ ഉപഭോഗത്തിന്റെ ഇരുപത്‌ ശതമാനം കള്ള്‌ മാത്രമാണ്‌ ചെത്തിലൂടെ ലഭിക്കുന്നത്‌. ഈ കള്ള്‌ മുഴുവന്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച്‌ യഥാര്‍ത്ഥ കള്ളിന്റെ രുചിയും മണവുമൊക്കെ നല്‍കി കള്ളുഷാപ്പുകളിലൂടെ വിതരണം ചെയ്യുകയാണ്‌ പതിവ്‌. ഉല്‍പ്പാദനവും ഉപഭോഗവും തമ്മിലുള്ള വന്‍ അന്തരത്തെക്കുറിച്ച്‌ സര്‍ക്കാരിനും എക്‌സൈസ്‌ വകുപ്പിനും ജനങ്ങള്‍ക്കും കള്ള്‌ കുടിക്കുന്നവര്‍ക്കുമൊക്കെ നന്നായറിയാം. എന്നിട്ടും എന്തുകൊണ്ടാണ്‌ ഇതിനെതിരെ നടപടി സ്വീകരിക്കാത്തത്‌ എന്ന ചോദ്യം ദുരന്തത്തെത്തുടര്‍ന്ന്‌ വീണ്ടും ഉയരുകയാണ്‌.
രാഷ്‌ട്രീയക്കാരും മദ്യമാഫിയയും തമ്മിലുള്ള ബന്ധം പുതിയ കാര്യമൊന്നുമല്ല. രാഷ്‌ട്രീയക്കാരുടെ തണലില്ലാതെ മദ്യമാഫിയയ്‌ക്ക്‌ തടിച്ചുകൊഴുക്കാനാകില്ല. കേരളത്തിലെ കുടുംബിനികളുടെ കണ്ണീരിന്റെ വിലയായ കോടികളുടെ പങ്ക്‌ രാഷ്‌ട്രീയക്കാരന്റെ പോക്കറ്റിലും എത്തുന്നു. ഒരു മനസാക്ഷിക്കുത്തുമില്ലാതെ ഈ പങ്ക്‌ പറ്റുന്ന രാഷ്‌ട്രീയ മേലാളന്മാരില്‍ നിന്നു കേരളം എന്താണ്‌ പ്രതീക്ഷിക്കേണ്ടത്‌?ഇന്ന്‌ കേരളത്തില്‍ സാമൂഹ്യ വ്യവസായ രംഗത്ത്‌ കൊടിപാറിച്ചു നില്‍ക്കുന്ന പല വമ്പന്മാരും കള്ളും ചാരായവുമൊക്കെ വിറ്റാണ്‌ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്‌ എന്ന കാര്യം പരസ്യമായ രഹസ്യമാണ്‌.മറവി അനുഗ്രഹമായതുകൊണ്ട്‌ കാലം കടന്നുപോകവെ ആളുകള്‍ അതിനെക്കുറിച്ച്‌ ഓര്‍ക്കുന്നില്ലെന്ന്‌ മാത്രം. വ്യാജകള്ളും വ്യാജചാരായവും വില്‍ക്കാതെ കോടികളുടെ ലാഭം കൊയ്യാന്‍ ആകില്ല എന്ന കാര്യം പകല്‍പോലെ വ്യക്തമാണ്‌.
ഇപ്പോഴത്തെ നിലയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നതെങ്കില്‍ കേരളം ഒരു `മദ്യശാലയായി മാറാന്‍ അധികനാള്‍ വേണ്ടിവരില്ല. ഏറ്റവും അവസാനത്തെ പഠനപ്രകാരം കേരളത്തില്‍ മദ്യപാനം ആരംഭിക്കുന്ന ശരാശരി പ്രായം 13 വയസ്സാണ്‌. ഇന്ന്‌ മദ്യമില്ലാതെ ആഘോഷങ്ങളില്ലാത്ത അവസ്ഥയിലേക്ക്‌ കേരളം എത്തിക്കഴിഞ്ഞു. വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങിയവയ്‌ക്കു മാത്രമല്ല മരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കുപോലും മദ്യം അവിഭാജ്യഘടകമായി മാറി. മാത്രമല്ല മുമ്പൊന്നും ചിന്തിക്കാന്‍പോലും കഴിയാത്ത വിധത്തില്‍ ഇപ്പോള്‍ അച്ഛനും മകനുമൊക്കെ ഒരു മേശയ്‌ക്കു ചുറ്റുമിരുന്ന്‌ മദ്യപിക്കുന്ന അവസ്ഥയും സര്‍വ്വസാധാരണമാണ്‌. മദ്യം സ്റ്റാറ്റസ്‌ സിമ്പലായി മാറിക്കഴിഞ്ഞു എന്നതാണ്‌ സത്യം. ഈ അടുത്ത നാളുകളില്‍ കോഴിക്കോട്ട്‌ ഒരു ബാറില്‍ 16 വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം മദ്യപിക്കാന്‍ എത്തിയെന്നത്‌ കേരളം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്‌. 18 വയസ്സ്‌ പൂര്‍ത്തിയാകാത്തവര്‍ക്ക്‌ മദ്യം നല്‍കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ടാണ്‌ ബാറില്‍ നിന്നു 16 കാരികളായ പെണ്‍കുട്ടികള്‍ക്ക്‌ മദ്യം നല്‍കിയത്‌ എന്നത്‌ ഒരു ചൂണ്ടുപലകയാണ്‌.                                                           
                                                               

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ ആപല്‍ക്കരമായ പ്രവണതയായി വളരുകയാണ്‌ മദ്യപാനം. സംസ്ഥാനം അഹങ്കാരത്തോടെ പറയുന്ന കേരളമോഡല്‍ എന്നത്‌ നമ്മെ എവിടെയെത്തിച്ചുവെന്ന്‌ ചിന്തിക്കാന്‍ സമയമായി. ഭാരതത്തില്‍ ഇന്ന്‌ ഏറ്റവും കൂടുതല്‍ മദ്യഉപഭോഗം ഉള്ള സംസ്ഥാനം കേരളമാണ്‌. ഓണക്കാലത്തും പുതുവര്‍ഷത്തോടുമൊക്കെ അനുബന്ധിച്ച്‌ ദശകോടികളുടെ മദ്യമാണ്‌ കേരളീയര്‍ കുടിച്ചു തീര്‍ക്കുന്നത്‌. ഓരോ വര്‍ഷവും ആനുപാതികമായി പോലും അല്ലാത്ത വണ്ണം വന്‍ വര്‍ദ്ധനയാണ്‌ ആഘോഷവേളകളില്‍ മദ്യ ഉപഭോഗത്തിലുണ്ടാകുന്നത്‌.
മദ്യവിമുക്ത കേരളത്തിന്റെ ആദ്യപടിയായിരുന്നു ചാരായ നിരോധനം. എന്നാല്‍ ഇന്ന്‌ വിഷക്കള്ള്‌ നല്‍കി കൂടുതല്‍ മദ്യപാനികളെ സൃഷ്‌ടിക്കുകയാണ്‌. സാധാരണക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ വിപത്ത്‌ ഒട്ടേറെ കുടുംബങ്ങളെ അനാഥമാക്കുന്നുവെന്നതും അധികൃതര്‍ മറന്നുപോകുന്നു. ജീവിതത്തിന്റെ വസന്തകാലത്ത്‌ തന്നെ ഞെട്ടറ്റുവീഴാന്‍ കാരണമാകുന്ന മദ്യപാനത്തിലൂടെ കുടുംബങ്ങളുടെ അത്താണിയാണ്‌ നഷ്‌ടമാകുന്നത്‌. ഇതുമൂലം അച്ഛന്മാരില്ലാതെ വളരേണ്ടിവരുന്ന കുട്ടികള്‍ മറ്റൊരു സാമൂഹ്യ പ്രശ്‌നമായി വളരുമെന്നും ഓര്‍ക്കുന്നില്ല.
5000
കോടി രൂപയിലേറെ വരുമാനം ലഭിക്കുന്ന മദ്യമേഖല കൈവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുമെന്ന്‌ തോന്നുന്നില്ല. പക്ഷെ ഒരു സമൂഹത്തിന്റെ ശാന്തിയും സമാധാനവും ആരോഗ്യവുമൊക്കെ തകര്‍ക്കുന്ന മദ്യവിപത്തിന്‌ കടിഞ്ഞാണിട്ടില്ലെങ്കില്‍ അത്‌ ഒരുജനതയുടെ അടിവേരു തന്നെ നശിപ്പിക്കും എന്ന കാര്യം മറന്നുപോകരുത്‌.
 ( Lekhanam from http://www.punnyabhumi.com/  Date:2010, Thanks to http://www.sreyas.in/)

No comments:

Post a Comment