Tuesday, February 1, 2011

രാഷ്ട്രത്തിന്റെ പ്രതിഷേധം

രാഷ്ട്രത്തിന്റെ പ്രതിഷേധം

എം. സതീശന്‍
Posted On: Fri, 12 Nov 2010 20:16:54
 
നവംബര്‍ 10 ന്‌ ആര്‍എസ്‌എസ്‌ നേതൃത്വത്തില്‍ നടന്ന ദേശവ്യാപക പ്രതിഷേധം ഒരു സൂചനയായിരുന്നു. എട്ടരപ്പതിറ്റാണ്ട്‌ പിന്നിട്ട ആര്‍എസ്‌എസിന്റെ പ്രവര്‍ത്തനചരിത്രത്തില്‍ ഇതാദ്യമായി അതിന്റെ പരംപൂജനീയ സര്‍സംഘചാലക്‌ നേരിട്ട്‌ പൊതുനിരത്തില്‍ ഒരു പ്രതിഷേധസമരം നയിക്കുന്നു എന്നതു മാത്രമായിരുന്നില്ല അതിന്റെ പ്രത്യേകത. ഹിന്ദു-മുസ്ലീം വിഭാഗീയത സൃഷ്ടിച്ച്‌ രാഷ്ട്രവിഭജനത്തിന്‌ കളമൊരുക്കാനുള്ള അധികാരകേന്ദ്രങ്ങളുടെ കുടിലനീക്കത്തിനെതിരായ ശക്തമായ ജനകീയ താക്കീത്‌ എന്ന നിലയിലാവും രാജ്യത്ത്‌ മൂവായിരത്തിലേറെ കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ ഒരേ ദിവസം പങ്കെടുത്ത ഈ പ്രതിഷേധ സമരം ചരിത്രം അടയാളപ്പെടുത്തുക. അമര്‍നാഥിലും അയോധ്യയിലും അഹമ്മദാബാദിലുമെന്നപോലെ ദേശീയ മുസ്ലീം സമൂഹം ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കൊപ്പം തോള്‍ ചേര്‍ന്ന്‌ നിന്നുകൊണ്ടാണ്‌ സോണിയാ കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്‌.

അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസിന്റെ മറവില്‍ നുണക്കഥകള്‍ സൃഷ്ടിച്ച്‌ മുതിര്‍ന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനായ ഇന്ദ്രേഷ്‌ കുമാറിന്‌ മേല്‍ ഭീകരബന്ധം കെട്ടിയേല്‍പ്പിക്കാനുള്ള പരിശ്രമമാണ്‌ ദേശീയ ജനത ഒന്നടങ്കം പൊതുനിരത്തില്‍ ചോദ്യം ചെയ്തത്‌. ഹിന്ദുത്വപ്രസ്ഥാനങ്ങളെ തകര്‍ക്കുക വഴി ഹിന്ദു സംസ്കാരത്തിന്റെ കാവല്‍ക്കോട്ടകള്‍ ശിഥിലമാക്കാമെന്ന വ്യാമോഹത്തില്‍നിന്നാണ്‌ സോണിയാ കോണ്‍ഗ്രസിന്‌ ഈ കുടിലബുദ്ധി തോന്നിയതെന്ന്‌ വ്യക്തം. പക്ഷേ പ്രതിഷേധം ശക്തമായിരുന്നു. ഹിന്ദുവിരുദ്ധ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ പര്‍ദ്ദയണിഞ്ഞ മുസ്ലീം സ്ത്രീകള്‍വരെ തെരുവിലിറങ്ങിയത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഞെട്ടിച്ചു കളഞ്ഞു. ലക്നൗവിലും മുസ്ലീം വേട്ട നടന്നുവെന്ന്‌ അവര്‍ പ്രചരിപ്പിക്കുന്ന ഗുജറാത്തിലും കാശിയിലും ജമ്മുവിലും പഞ്ചാബിലും കട്ടക്കിലുമൊന്നും പ്രതിഷേധത്തിന്‌ മതമുണ്ടായിരുന്നില്ല. നിറമുണ്ടായിരുന്നു താനും. കാവി നിറഞ്ഞുനിന്ന തുറന്ന മൈതാനങ്ങളില്‍. ജാതിയും മതവുമില്ലാതെ ദേശസ്നേഹികള്‍ കൂട്ടായി ഒത്തുചേര്‍ന്നു. ഭാരതം ഒറ്റക്കെട്ടായി രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കെതിരെ കൈകോര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ അറപ്പും വെറുപ്പുമുളവാക്കുന്ന അഴിമതിയുടെ ചളിക്കുണ്ടില്‍ താണും കോണ്‍ഗ്രസ്‌ നേതൃത്വം നാണംകെട്ട ന്യായീകരണങ്ങള്‍ക്ക്‌ പിന്നാലെ പായുകയായിരുന്നു.

ഭാരതത്തിന്റെ പൈതൃകത്തേയും സംസ്കാരത്തേയും മാനബിന്ദുക്കളെയും തുടര്‍ച്ചയായി അവഹേളിച്ചുകൊണ്ടാണ്‌ സോണിയാ കോണ്‍ഗ്രസ്‌ അതിന്റെ രാഷ്ട്രവിരുദ്ധ അജണ്ട പരസ്യമാക്കിയത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കളിപ്പാവയാക്കിമുന്നില്‍ നിര്‍ത്തിയാണ്‌ സോണിയ ഭാരതത്തെ സുവിശേഷവത്കരിക്കാനുള്ള വത്തിക്കാന്‍ അജണ്ടയുടെ പ്രയോക്താവാകാന്‍ തുനിഞ്ഞത്‌. ബ്രിട്ടനില്‍ പോയി ഇന്ത്യ തുറന്ന കമ്പോളമാണെന്നും കച്ചവടത്തിനായി വീണ്ടും നിങ്ങള്‍ ഈ മണ്ണിലേക്ക്‌ വരണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു മന്‍മോഹന്റെ തുടക്കം. രാജ്യത്തെ വിഭവങ്ങളുടെ പ്രഥമ പങ്ക്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്ന്‌ പറഞ്ഞുകൊണ്ടണ്‌ വിഘടനവാദ തന്ത്രങ്ങള്‍ക്ക്‌ മന്‍മോഹന്‍ആക്കം കൂട്ടാനൊരുങ്ങിയത്‌. പ്രീണിപ്പിച്ചും വിഭജിച്ചും ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രം അപ്പടി നടപ്പാക്കാനാണ്‌ സോണിയയും മന്‍മോഹനും തുനിഞ്ഞത്‌. ഒപ്പം അതിര്‍ത്തിസേനയടക്കമുള്ള സുരക്ഷാ ദളങ്ങളുടെ ആത്മവീര്യം കെടുത്താനും അപമാനിക്കാനും അവര്‍ മറന്നില്ല.

അക്ഷരാര്‍ത്ഥത്തില്‍ സ്വന്തം പിള്ളയെ ചുട്ടുതിന്നുകയാണ്‌ കോണ്‍ഗ്രസ്‌. എന്നിട്ടും ഗതികേടിന്‌ ഇന്ത്യക്കാര്‍ ഈ കോണ്‍ഗ്രസിനെ ഗാന്ധിജിയുടെ കോണ്‍ഗ്രസ്‌ എന്ന്‌ വല്ലാതെ തെറ്റിദ്ധരിക്കുന്നുഎന്നതാണ്‌ ദൗര്‍ഭാഗ്യകരം. ഈ ഗതികേടിനെക്കുറിച്ചാണ്‌ ഒരു പ്രമുഖ രാഷ്ട്രീയ സാമൂഹ്യ നിരീക്ഷകന്‍ ഇങ്ങനെ എഴുതിയത്‌. "ഒരു വിധവയുടെ ഭര്‍ത്താവിന്റെ അമ്മയുടെ ഭര്‍ത്താവിന്‌ കല്യാണം കഴിക്കാന്‍ ഒരു നല്ല പേരില്ലാതെ വന്നപ്പോള്‍ ഒരപ്പൂപ്പന്‍ സ്വന്തം പേര്‌ നല്‍കി വാത്സല്യം കാണിച്ചതിന്റെ ചിരപുരാതന ചരിത്രമോര്‍ത്ത്‌ ഒരിറ്റലിക്കാരിക്ക്‌ പ്രധാനമന്ത്രി പദത്തിലേക്ക്‌ എട്ട്‌ ശതമാനം സാധ്യത നമ്മുടെ ജനത കല്‍പ്പിച്ചരുളുന്നു. അങ്ങനെ ജനഹൃദയങ്ങളിലെ ദേശാഭിമാന പ്രതീകങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മരണമില്ലാത്ത അവസ്ഥയിലേക്ക്‌ നയിക്കുന്നു. പക്ഷെ അശ്വത്ഥാമാവിനെപ്പോലെ ചൊറി പിടിച്ച്‌, പേപിടിച്ച്‌ പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം ബീഭത്സത പരത്തുന്ന ശാപഗ്രസ്തമായ ഒരു നിലനില്‍പ്പായിരിക്കുന്നു മരണം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേത്‌."

ഭാരത ദേശീയതയുടെ ശക്തിപ്രവാഹത്തെ വഴിതിരിച്ചുവിടാന്‍ എ.ഒ.ഹ്യൂം എന്ന ബ്രിട്ടീഷുകാരന്‍ പടച്ചെടുത്ത ഓവുചാലാണ്‌ കോണ്‍ഗ്രസ്‌ എന്ന്‌ ചരിത്രം. രണ്ട്‌ നൂറ്റാണ്ടിനിപ്പുറം സോണിയയിലൂടെ കോണ്‍ഗ്രസ്‌ ആ ജന്മോദ്ദേശ്യം സഫലമാക്കാനുള്ള നീക്കത്തിലാണ്‌. കോണ്‍ഗ്രസ്‌ നേതൃത്വത്തെയൊന്നടങ്കം മാമോദീസ മുക്കിക്കൊണ്ടായിരുന്നു തുടക്കം. കോണ്‍ഗ്രസിലെ അഭിജാത മുഖങ്ങളെല്ലാം ദുരൂഹ സാഹചര്യങ്ങളില്‍ അപ്രത്യക്ഷമാവുകയും വെന്തിങ്ങയിട്ട ക്രിസ്ത്യാനികള്‍ അരങ്ങിലെത്തുകയും ചെയ്തു. പേരുകള്‍ നിരത്തിവെച്ച്‌ കൂട്ടിവായിച്ചാല്‍ ആര്‍ക്കും എളുപ്പം മനസിലാകും അത്‌. ഓസ്കര്‍ ഫെര്‍ണാണ്ടസ്‌, എ.കെ.ആന്റണി, അംബികാസോണി മുതല്‍ ടോം വടക്കന്‍ വരെയുള്ളവര്‍.

തിരുപ്പതി ദേവസ്ഥാനം ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാക്കാനായിരുന്നു അടുത്ത നീക്കം. സാമുവല്‍ രാജശേഖര റെഡ്ഡിയെന്ന സോണിയാ വിശ്വസ്തനെ ആന്ധ്രയുടെ മുഖ്യമന്ത്രിക്കസേരയിലിരുത്തി കോടികള്‍ ചെലവിട്ട്‌ നടത്തിയ ആ നീക്കങ്ങള്‍ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥയുടെ നേതൃത്വത്തില്‍ സര്‍വസാമാന്യജനങ്ങള്‍ ചെറുത്തുതോല്‍പ്പിച്ചു. അന്നത്തെ ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ കെ.എസ്‌.സുദര്‍ശന്‍ തിരുപ്പതിയിലെത്തി. എല്ലാ ഹൈന്ദവസംഘടനകളും ഒറ്റക്കെട്ടായി നിന്ന്‌ പൊരുതി.

ഒറീസ്സയിലും ബീഹാറിലുമൊക്കെ വനവാസി മേഖലകളില്‍ സുവിശേഷകരുടെ അഴിഞ്ഞാട്ടമായിരുന്നു. പട്ടിണി ചൂഷണം ചെയ്തും നിര്‍ബന്ധിച്ചും അക്രമങ്ങള്‍ കാണിച്ചും നടത്തിയ കൂട്ട മതംമാറ്റശ്രമങ്ങളെ ചെറുത്ത്‌ തോല്‍പ്പിച്ചതിനാണ്‌ ഒറീസ്സയിലെ കന്ഥമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ ക്രൈസ്തവ ഭീകര്‍ അരുംകൊല ചെയ്തത്‌. അതും ജന്മാഷ്ടമി ദിനത്തില്‍. സോണിയയുടെ കോണ്‍ഗ്രസ്‌ അന്നും ഇന്നും ഘാതകര്‍ക്കൊപ്പമാണ്‌. കൊലയാളികളില്‍ ഒരാളെപ്പോലും പിടികൂടിയില്ലെന്ന്‌ മാത്രമല്ല, അവിടുത്തെ വനവാസി ഹിന്ദുക്കള്‍ക്ക്‌ നേരെ മര്‍ദ്ദന നടപടികള്‍ സ്വീകരിക്കുകയായിരുന്നു അവര്‍ ചെയ്തത്‌. അതിനും മുമ്പൊരു ദീപാവലി ദിവസമാണ്‌ കാഞ്ചിയിലെ പരമാചാര്യന്‍ ശങ്കരാചാര്യ ജയേന്ദ്രസരസ്വതി സ്വാമികളെ ഇക്കൂട്ടര്‍ തടവറയിലാക്കിയത്‌. തമിഴ്‌നാട്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഉറ്റതോഴി ശശികലയായിരുന്നു സോണിയയുടെ ആയുധം. സോണിയ സര്‍ക്കസ്‌ മാനേജരും ശശികല റിംഗ്‌ മാസ്റ്ററുമായപ്പോള്‍ ജയലളിത അവര്‍ക്കൊത്ത്‌ താളംതുള്ളി. അയോധ്യാ പ്രശ്നത്തില്‍ തര്‍ക്കത്തിനിടയില്ലാത്ത പരിഹാര മാര്‍ഗത്തിലേക്ക്‌ ഹിന്ദു-മുസ്ലീം സഹോദരന്മാരെ ഒന്നിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന്റെ പേരിലാണ്‌ കാഞ്ചി ആചാര്യനോട്‌ സോണിയ പകതീര്‍ത്തതെന്ന്‌ പിന്നീടറിഞ്ഞ വസ്തുതകള്‍.

ശ്രീരാമസേതു തകര്‍ത്താലേ കപ്പല്‍ച്ചാല്‍ നിര്‍മിക്കാനാകൂ എന്നതായിരുന്നു മറ്റൊരു നിര്‍ബന്ധം. രാജ്യത്തിന്‌ ലാഭമുണ്ടാക്കാന്‍ പൈതൃകസ്വത്തായി രാഷ്ട്രം നെഞ്ചോട്‌ ചേര്‍ക്കുന്ന അഭിമാന പ്രതീകങ്ങള്‍ തകര്‍ക്കണം. കോടതിയും പൊതുജനവും ഒറ്റക്കെട്ടായി എതിര്‍ത്തപ്പോള്‍ അവര്‍ക്ക്‌ പിന്മാറേണ്ടിവന്നു. കോടതിയില്‍ വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ ദുഷ്പേരും പേറിയാണ്‌ അവര്‍ തല്‍ക്കാലത്തേക്ക്‌ പിന്മാറിയത്‌. ബാബാ രാംദേവിനെതിരെയായിരുന്നു പിന്നീട്‌ ആക്രമണം. അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ തടയാനായിരുന്നു നീക്കം. മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ ഇന്‍കംടാക്സ്‌ റെയ്ഡ്‌ എന്ന നെറികെട്ട അഭ്യാസത്തിനും ഇടയ്ക്ക്‌ അവര്‍ മുതിര്‍ന്നു.

അമര്‍നാഥ്‌ തീര്‍ത്ഥാടനം അട്ടിമറിക്കാനുള്ള നീക്കം പാളിയതു മുതലാണ്‌ ഇന്ദ്രേഷ്‌ കുമാറിനെതിരെ കോണ്‍ഗ്രസ്‌ കരുക്കള്‍ നീക്കിത്തുടങ്ങിയത്‌. ഭാരതീയ മുസ്ലീങ്ങളെ വഴിവിട്ട പ്രീണനത്തിലൂടെ ഹിന്ദുവിരോധികളാക്കി വോട്ട്‌ ബാങ്ക്‌ നിലനിര്‍ത്താനുള്ള ഹീനമായ പരിശ്രമത്തിനേറ്റ തിരിച്ചടിയായിരുന്നു രാഷ്ട്രവാദി മുസ്ലീം മഞ്ചിയലൂടെ ഇന്ദ്രേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍. ഭീകരര്‍ക്കൊപ്പം ചേര്‍ന്ന്‌ കോണ്‍ഗ്രസ്‌ അമര്‍നാഥ്‌ തീര്‍ത്ഥാടകരെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കാശ്മീരിലെ മുസ്ലീം സഹോദരന്മാര്‍ ഹൈന്ദവപ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന്‌ സമരരംഗത്തിറങ്ങി. ആഴ്ചകളോളം നഗരഗ്രാമങ്ങള്‍ സ്തംഭിപ്പിച്ച്‌ അവര്‍ ഭീകരരെയും കോണ്‍ഗ്രസ്‌ നേതൃത്വത്തേയും വെല്ലുവിളിച്ചു. 1905 ലെ ബംഗാള്‍ വിഭജനത്തിനെതിരെ ഹിന്ദു-മുസ്ലീം സമൂഹം ഒത്തുചേര്‍ന്ന്‌ നടത്തിയ ഉജ്ജ്വലമായ വന്ദേമാതര പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു അമര്‍നാഥ്‌ പ്രക്ഷോഭം. ഭാരതമൊന്നാകെ പ്രതിഷേധക്കടലായി ഇരമ്പും മുമ്പ്‌ കോണ്‍ഗ്രസ്‌ പത്തിമടക്കി.

ഗുജറാത്തില്‍ നടക്കുന്നത്‌ മുസ്ലീം വേട്ടയാണെന്ന നുണപ്രചാരണമായിരുന്നു മറ്റൊരായുധം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കെട്ടുകഥകള്‍ മെനയുകയായിരുന്നു കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വം. കൊല്ലപ്പെട്ട കൊടുംഭീരരെല്ലാം നിരപരാധികളും പോലീസുകാര്‍ ഭീകരന്മാരുമായി ചിത്രീകരിക്കപ്പെട്ടു.

ഗുജറാത്ത്‌ ആഭ്യന്തരവകുപ്പ്‌ സഹമന്ത്രി അമിത്‌ ഷായെ ജയിലിലടച്ചു. നരേന്ദ്രമോഡിക്ക്‌ നോട്ടീസയച്ചു. ഓരോ വാര്‍ത്തയും പൊലിപ്പിക്കാന്‍ ഹിന്ദുവിരുദ്ധമാധ്യമങ്ങളെ കൂട്ടിനു പിടിച്ചു. പക്ഷേ ഒന്നും ഫലിച്ചില്ല. ഗുജറാത്തിലെ മുസ്ലീം ജനത കോണ്‍ഗ്രസിനെ 'ചത്ത എലിയെ വീട്ടില്‍നിന്ന്‌ തൂക്കിയെറിയും പോലെ' വലിച്ചെറിഞ്ഞു. ഗുജറാത്തിലെ ഓരോ തെരഞ്ഞെടുപ്പ്‌ ഫലവും സോണിയാ കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായി. ഒടുവില്‍ നരേന്ദ്രമോഡി പറഞ്ഞു, ഗുജറാത്തിനെതിരെ നടത്തിയ ഈ അഭ്യാസങ്ങള്‍ പാക്കിസ്ഥാനോടായിരുന്നെങ്കില്‍ രാജ്യം നേരിടുന്ന ഭീകരതയെങ്കിലും ഇല്ലാതായേനെ".

ഹിന്ദു ഭീകരത എന്ന പദപ്രയോഗം പോരാ എന്ന്‌ തോന്നിയിട്ടാകണം കാവിഭീകരതയുമായി പിന്നെ രംഗത്തിറങ്ങിയത്‌. കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരമായിരുന്നു സോണിയയുടെ ഉച്ചഭാഷിണി. എതിര്‍പ്പ്‌ കോണ്‍ഗ്രസിനുള്ളിലും ഉണ്ടായി. രാജ്യത്തിന്റെ യശസ്സും അന്തസ്സും കാറ്റില്‍ പറത്തി പാരമ്പര്യത്തേയും സംസ്ക്കാരത്തേയും അപമാനിക്കാനുള്ള നീക്കത്തിന്‌ വേഗം കൂട്ടുകയായിരുന്നു സോണിയയുടെ അജണ്ട. നാളുകള്‍ കഴിയുംമുമ്പേ, സോണിയയുടെ മകന്‍ ആര്‍എസ്‌എസിനെതിരെ വാളെടുത്തു. ആര്‍എസ്‌എസും സിമിയും ഒരുപോലെയാണെന്നായിരുന്നു അയാളുടെ കണ്ടെത്തല്‍. ഇറ്റലിയെക്കുറിച്ചും കൊളംബിയയെക്കുറിച്ചുമല്ലാതെ മറ്റൊന്നുമറിഞ്ഞുകൂടാത്ത ഇയാളെ ഗംഗയിലെറിയുകയാണ്‌ വേണ്ടതെന്ന്‌ എന്‍ഡിഎ നേതാവ്‌ ശരത്‌ യാദവ്‌ പൊതുജനമധ്യത്തില്‍ വിളിച്ചു പറഞ്ഞു.

അജ്മീര്‍ സ്ഫോടന കേസില്‍ ആര്‍എസ്‌എസിന്‌ പങ്കുണ്ടെന്ന്‌ രാജസ്ഥാന്‍ എടിഎസിന്‌ തെളിവു ലഭിച്ചുവെന്നായിരുന്നു അടുത്ത വാദം. വിവരം ജനങ്ങളോട്‌ പറഞ്ഞത്‌ അന്വേഷണ ഉദ്യോഗസ്ഥരായിരുന്നില്ല. രാജസ്ഥാനലിലെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്‌. അന്വേഷണവും കണ്ടെത്തലുമെല്ലാം എഐസിസി ഓഫീസില്‍ നടക്കും. അവര്‍ പറയുന്നു. ആര്‍എസ്‌എസ്‌ പ്രതിക്കൂട്ടില്‍. ആര്‍എസ്‌എസിനെതിരെ ചെളിവാരിയെറിഞ്ഞ അതേസമയത്ത്‌ തന്നെയാണ്‌ കാശ്മീരിന്‌ സ്വയംഭരണം എന്ന വിഘടനവാദനയവും സോണിയാ കോണ്‍ഗ്രസ്‌ ഉയര്‍ത്തിയതെന്ന്‌ ഓര്‍ക്കണം. രാജ്യത്തിന്റെ പരമാധികാരത്തെ അപഹസിക്കുകയും അടിയറവെക്കുകയും ചെയ്യുന്ന ഈ സ്ത്രീക്ക്‌ ഭാരതത്തിന്റെ പാരമ്പര്യത്തോടൊ ചരിത്രത്തോടോ ഭരണഘടനയോടുപോലുമോ തെല്ലും ബഹുമാനമില്ലെന്ന്‌ വിളിച്ചുപറയുന്നതാണ്‌ കാശ്മീരിലെ സ്ഥിതിഗതികള്‍.

അതിര്‍ത്തിരക്ഷാ സൈനികരടക്കമുള്ള സുരക്ഷാസേനാംഗങ്ങളെ കുറ്റപ്പെടുത്താനാണ്‌ അവര്‍ ശ്രമിച്ചത്‌. കാശ്മീര്‍ താഴ്‌വരയിലെ ദേശീയ മുസ്ലീം ജനതയെ ആട്ടിപ്പായിച്ച്‌ വിഘടനവാദികള്‍ക്കൊപ്പം നിന്ന്‌ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്ന സോണിയാ കോണ്‍ഗ്രസ്‌ ഐഎസ്‌ഐയുടെ ഇന്ത്യന്‍ പതിപ്പായി മാറിക്കഴിഞ്ഞു. കാശ്മീരിലെ ഭീകരര്‍ സ്വാതന്ത്ര്യസമരം നടത്തുന്നവരാണെന്നും ഇന്ത്യന്‍ സൈനികര്‍ ക്രൂരന്മാരാണെന്നും പ്രസംഗിക്കുന്ന സൂസന്ന അരുന്ധതി റോയി സോണിയയ്ക്കും പ്രിയങ്കരിയാവുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ഇന്ദിരാവധത്തിന്റെ പേരില്‍ ദല്‍ഹിയിലും ഹരിയാനയിലും  
 ആയിരക്കണക്കിന്‌ സിഖുകാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികള്‍ കോണ്‍ഗ്രസുകാരാണ്‌. 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ 20 വര്‍ഷം കഠിനതടവിന്‌ ശിക്ഷയനുഭവിച്ച മുഹമ്മദ്‌ സുര്‍തി ഗുജറാത്തിലെ അന്നത്തെ കോണ്‍ഗ്രസ്‌ മന്ത്രിയാണ്‌. ഒടുവില്‍ അയോധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുമെന്ന്‌ കൊതിച്ച വര്‍ഗീയ കലാപങ്ങള്‍ ഒഴിഞ്ഞുപോയതിന്റെ ഇളിഭ്യതയില്‍ ആര്‍എസ്‌എസ്‌ ഭീകരപ്രസ്ഥാനമാണെന്ന്‌ വരുത്താനാണ്‌ തിടുക്കം.

ഇനിയും മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ മോഹന്‍ ഭാഗവതിന്റെ ആഹ്വാനം ദേശീയ ജനതയോടുള്ളതാണ്‌. രാജ്യത്തെ ഒറ്റിക്കൊടുത്തും കട്ടുമുടിച്ചും മതംമാറ്റിയും പാരമ്പര്യത്തെ അധിക്ഷേപിച്ചും സ്വതന്ത്രവിഹാരം നടത്താമെന്ന വ്യാമോഹത്തിന്‌ അറുതിവരുത്തേണ്ട ബാധ്യത ഭാരതീയജനതയ്ക്കാണെന്ന ഓര്‍മപ്പെടുത്തലാണിത്‌.

No comments:

Post a Comment