Tuesday, January 25, 2011

ഏകതായാത്ര..

ഏകതായാത്ര തടഞ്ഞു; നേതാക്കള്‍ അറസ്റ്റില്‍
Posted On: Tue, 25 Jan 2011 23:14:47     http://ektayatra.blogspot.com/


ലഖന്‍പൂര്‍ (ജമ്മുകാശ്മീര്‍): ജമ്മുകാശ്മീരില്‍ കടന്ന ബിജെപിയുടെ ഏകതായാത്രയെ സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞു. മുതിര്‍ന്ന നേതാക്കളെ അറസ്റ്റ്‌ ചെയ്തു. ചരിത്രപരമായ തെറ്റാണ്‌ യുപിഎ സര്‍ക്കാരും സംസ്ഥാന ഭരണകൂടവും ചെയ്തിരിക്കുന്നതെന്ന്‌ ബിജെപി കുറ്റപ്പെടുത്തി.

റിപ്പബ്ലികദിനമായ ഇന്ന്‌ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ ഏകതായാത്രയാണ്‌ പഞ്ചാബ്‌-ജമ്മുകാശ്മീര്‍ അതിര്‍ത്തിയായ ലഖന്‍പൂരില്‍ സര്‍ക്കാര്‍ തടഞ്ഞത്‌. ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ബിജെപിയുടെ നീക്കം വിധ്വംസക പ്രവര്‍ത്തനമാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും എന്തുവിലകൊടുത്തും തടയുമെന്ന്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വ്യക്തമാക്കിയിരുന്നു. യാത്ര നയിക്കാന്‍ ജമ്മുവിലെത്തിയ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെറ്റ്ലി, സുഷമാ സ്വരാജ്‌ തുടങ്ങിയവരെ കഴിഞ്ഞദിവസം ജമ്മു വിമാനത്താവളത്തില്‍ വച്ചുതന്നെ അറസ്റ്റ്‌ ചെയ്തിരുന്നു. ഇന്നലെ ഏകതായാത്രക്കൊപ്പം നീങ്ങിയ അരുണ്‍ ജെറ്റ്ലി, സുഷമാ സ്വരാജ്‌, അനന്തകുമാര്‍ എന്നിവരെ വീണ്ടും പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. യാത്ര നയിക്കുന്ന യുവമോര്‍ച്ച പ്രസിഡന്റ്‌ അനുരാഗ്‌ താക്കൂറും അറസ്റ്റിലായിട്ടുണ്ട്‌. നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ചാണ്‌ അറസ്റ്റ്‌. ദേശീയപതാകയേന്തിയ ആയിരക്കണക്കിന്‌ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങവെയാണ്‌ നേതാക്കള്‍ അറസ്റ്റിലായത്‌.
ലാല്‍ചൗക്കില്‍ ഇന്ന്‌ ത്രിവര്‍ണപതാക ഉയര്‍ത്താനുള്ള പദ്ധതിയില്‍ ഒരു മാറ്റവുമില്ലെന്ന്‌ നേരത്തെ പഞ്ചാബ്‌ അതിര്‍ത്തിയിലെ മാധോപൂരില്‍ പടുകൂറ്റന്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ സുഷമാസ്വരാജും ജെറ്റ്ലിയും വ്യക്തമാക്കിയിരുന്നു. തങ്ങള്‍ സംസ്ഥാനത്തെത്തിയാല്‍ വിഘടനവാദികള്‍ പ്രകോപിതരാകുമെന്ന ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവന സംസ്ഥാന സര്‍ക്കാര്‍ വിഘടനവാദികള്‍ക്ക്‌ മുന്നില്‍ മാനസികമായി കീഴടങ്ങിയതിന്റെ സൂചനയാണ്‌. ഇത്‌ ചരിത്രപരമായ തെറ്റായിരിക്കുമെന്ന്‌ രാജ്യസഭാ പ്രതിപക്ഷനേതാവുകൂടിയായ ജെറ്റലി മുന്നറിയിപ്പ്‌ നല്‍കി. ഒരുപറ്റം വിഘടനവാദികള്‍ ന്യൂദല്‍ഹിയില്‍ സംഘടിച്ച്‌ ഇന്ത്യാവിരുദ്ധ പ്രസംഗം നടത്തിയപ്പോള്‍ അത്‌ അവരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്ന്‌ ചൂണ്ടിക്കാട്ടി നടപടിയെടുക്കാതിരുന്ന യുപിഎ സര്‍ക്കാര്‍ തങ്ങള്‍ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനെ വലിയ അപരാധമായി കാണുകയാണെന്ന്‌ ജെറ്റ്ലി കുറ്റപ്പെടുത്തി. സമാധാനലംഘനമുണ്ടാക്കുന്ന നടപടികളൊന്നും ഉണ്ടാകില്ലെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും ഏകതായാത്രയോട്‌ കേന്ദ്രസര്‍ക്കാരും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. പെര്‍മിറ്റില്ലാതെ ജമ്മു-കാശ്മീരില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിക്കും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവില്‍നിന്ന്‌ സമാന ചെറുത്തുനില്‍പ്പ്‌ നേരിടേണ്ടി വന്നിട്ടുണ്ട്‌.

ആര്‌, ഏത്‌ രാജ്യത്തിന്റെ പതാകയാണ്‌ ഉയര്‍ത്തുന്നതെന്ന്‌ കാണട്ടെയെന്ന ജെകെഎല്‍എഫ്
നേതാവ്‌ യാസിന്‍ മാലിക്കിന്റെ ഭീഷണിക്ക്‌ ഇന്ത്യയുടെ പതാക തങ്ങള്‍ ഉയര്‍ത്തുമെന്ന മറുപടി കൊടുത്തതായി ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമസ്വരാജ്‌ വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഭീഷണി പരാമര്‍ശിക്കവെ ആരുടെയും സുരക്ഷ വേണ്ടെന്നും ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്താന്‍ അനുവദിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടാന്‍ താല്‍പ്പര്യമില്ല. വിഘടനവാദികളെയാണ്‌ തങ്ങള്‍ നേരിടുന്നത്‌. അവര്‍ തങ്ങളെ കൊന്നാല്‍ ഒമര്‍ അബ്ദുള്ളയായിരിക്കും ഉത്തരവാദിയെന്ന്‌ സുഷമാ സ്വരാജ്‌ മുന്നറിയിപ്പ്‌ നല്‍കി. ലാല്‍ചൗക്കില്‍ ഇന്ന്‌ ദേശീയപതാക ഉയര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന ബിജെപിയെ തടയരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment