Friday, July 8, 2011

അങ്ങാടിപ്പുറം മാലാപ്പറമ്പ്‌ നരസിംഹമൂര്‍ത്തിക്ഷേത്രവും രാമസിംഹനും

പൈതൃകമുണരുമ്പോള്

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം എംഇഎസ്‌ സ്വാശ്രയ മെഡിക്കല്‍ കോളേജിനും കോടൂര്‍ ചെമ്മന്‍കടവില്‍ കിളിയമണ്ണില്‍ തെക്കെപള്ളിയാളി വീട്ടില്‍ ഉണ്ണ്യേന്‍ സാഹിബ്‌ എന്ന രാമസിംഹനും തമ്മില്‍ എന്താണ്‌ ബന്ധം. അതറിയണമെങ്കില്‍ ചരിത്രത്തിന്റെ വഴിയില്‍ ഏകദേശം ഒരു നൂറ്റാണ്ട്‌ പിന്നോട്ട്‌ നടക്കണം. കൃത്യമായി പറഞ്ഞാല്‍ 2011ല്‍ നിന്ന്‌ 1905വരെയുള്ള ഒരു ടൈംട്രാവലോഗ്‌’.

*************** *************

അന്ന്‌ കേരളമില്ല, ഉള്ളത്‌ മലബാറും, കൊച്ചിയും, തിരുവിതാംകൂറും. വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ഇന്ന്‌ കാണുന്ന വിശാലമായ ടാര്‍ റോഡിന്‌ പകരം കഷ്ടിച്ച്‌ ഒരു കാളവണ്ടിക്ക്‌ കടന്നുപോകാവുന്ന ചെമ്മണ്‍ നിരത്തുമാത്രം. കിളിയമണ്ണില്‍ തെക്കെ പള്ളിയാളി വീട്ടിലെ മൊയ്തുസാഹിബിന്റെ മൂത്തമകന്‍ ഉണ്ണ്യേന്‍ സാഹിബ്‌ 1905ല്‍ മാലാപ്പറമ്പ്‌ എന്ന മനോഹരമായ കുന്നിന്‍ പ്രദേശത്ത്‌ എത്തി. അങ്ങാടിപ്പുറം അംശം പരിയാപുരം ദേശത്തില്‍ കുണ്ടറക്കല്‍ തറവാട്ട്‌ കാരണവരില്‍ നിന്ന്‌ ’600′ ഏക്കര്‍ സ്ഥലം ’90′ വര്‍ഷത്തെ പാട്ടത്തിനെടുത്തു. ബ്രിട്ടീഷുകാരില്‍നിന്ന്‌ പഠിച്ച റബ്ബര്‍ കൃഷി പരീക്ഷിക്കാനായിരുന്നു ഉണ്ണ്യേന്‍ സാഹിബ്‌ ’600′ ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തത്‌. കുന്നിന്‍ മുകളില്‍ വലിയ എട്ടുകെട്ട്‌ മാളിക പണിത്‌ ഉണ്ണ്യേന്‍ സാഹിബ്‌ താമസം തുടങ്ങി. മാലാപ്പറമ്പ്‌ മാട്ടുമ്മല്‍ നരസിംഹമൂര്‍ത്തിക്ഷേത്രവും സാഹിബ്‌ പാട്ടത്തിനെടുത്ത ഭൂമിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. അങ്ങാടിപ്പുറം അംശം അധികാരി സി.പി.കേശവതരകന്‍ തുടങ്ങിയവരായിരുന്നു അക്കാലത്ത്‌ ഉണ്ണ്യേന്‍ സാഹിബിന്റെ അടുത്ത സുഹൃത്തുക്കള്‍. ക്ഷേത്രസാമീപ്യവും സുഹൃത്തുക്കളുടെ സാമീപ്യവും ഉണ്ണ്യേന്‍ സാഹിബില്‍ പല മാറ്റങ്ങളും വരുത്തി. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉണ്ണ്യേന്‍ സാഹിബ്‌ കാലക്രമേണ ഹിന്ദു ജീവിതരീതിയില്‍ താല്‍പര്യമുള്ളയാളായി മാറി. മാംസാഹാരവും ഇസ്ലാമിക രീതികളും കൈവെടിഞ്ഞ്‌ ഹിന്ദുമതവും രാമസിംഹന്‍ എന്ന പേരും സ്വീകരിച്ചു. ഉണ്ണ്യേന്‍ സാഹിബിന്റെ അനുജന്‍ ആലിപ്പൂവും ഹിന്ദുമതം സ്വീകരിച്ചു. ദയാസിംഹന്‍ എന്നപേര്‌ സ്വീകരിച്ചു. തന്റെ രണ്ട്‌ ആണ്‍മക്കളേയും രാമസിംഹന്‍ ഹിന്ദു നാമധാരികളാക്കി. ഫത്തേസിംഗ്‌, സ്വരാവര്‍സിംഗ്‌ എന്ന പേരുകളും നല്‍കി. നരസിംഹമൂര്‍ത്തിക്ഷേത്രം രാമസിംഹന്‍ പുനരുദ്ധാരണം നടത്തി നവീകരിച്ചു. അനുജന്‍ ദയാസിംഹനെ ബ്രാഹ്മണനാക്കാന്‍ രാമസിംഹന്‍ ആഗ്രഹിച്ചു. അതിനായി വൈദിക വിധികളനുസരിച്ച്‌ ഷോഡശക്രിയകള്‍ പൂര്‍ത്തിയാക്കി നരസിംഹന്‍ നമ്പൂതിരി എന്നപേരും നല്‍കി. പുഴക്കാട്ടിരി കൊട്ടുവാടി മംഗലത്തുമനക്കലെ നാരായണന്‍ നമ്പൂതിരി തന്റെ മകള്‍ കമല അന്തര്‍ജനത്തെ നരസിംഹന്‍ നമ്പൂതിരിക്ക്‌ വേളികഴിച്ചുകൊടുക്കുകയും ചെയ്തു. പത്രമാധ്യമങ്ങളൊന്നും കാര്യമായി ഇല്ലാതിരുന്നിട്ടും അക്കാലത്ത്‌ മലബാറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളായിരുന്നു ഇതെല്ലാം.

************** ************

1947 ആഗസ്റ്റ്‌ രണ്ടാം തീയതി. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷമുള്ള രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ ഇങ്ങ്‌ മലബാറിലും പ്രതീക്ഷയുടെ മാറ്റൊലികള്‍ എത്തിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിക്കാനുള്ള തീരുമാനത്തില്‍ മൗണ്ട്‌ ബാറ്റണും നെഹ്‌റുവും ജിന്നയും യോജിപ്പിലെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിഭജനത്തിന്റേയും അധികാരകൈമാറ്റത്തിന്റേയും നടപടികള്‍ പൂര്‍ത്തിയാക്കി പരിപൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയായിരുന്നു രാജ്യം.

ആഗസ്റ്റ്‌ രണ്ടാം തീയതി ഏതാണ്ട്‌ അര്‍ദ്ധരാത്രിയോട്‌ അടുത്തുകാണും. പെരിന്തല്‍മണ്ണ പോലീസ്‌ സ്റ്റേഷനിലെ തന്റെ ജോലികള്‍ പൂര്‍ത്തിയാക്കി ഇന്‍സ്പെക്ടര്‍ കേശവമേനോന്‍ താമസസ്ഥലത്ത്‌ മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളൂ. സ്റ്റേഷനില്‍ നിന്നും ഒരു പോലീസുകാരന്‍ ഓടിക്കിതച്ചെത്തി ആ വിവരം കൈമാറി. മാലാപ്പറമ്പിലെ എസ്റ്റേറ്റ്‌ ബംഗ്ലാവില്‍ രാമസിംഹന്‍, അനുജന്‍ നരസിംഹന്‍, ഭാര്യ കമല അന്തര്‍ജനം, പാചകക്കാരന്‍ തൃശൂര്‍ സ്വദേശിയായ രാജു അയ്യര്‍ എന്നിവരെ ആരോ വെട്ടിക്കൊലപ്പെടുത്തി എന്നതായിരുന്നു ഞെട്ടിക്കുന്ന ആ വിവരം. എസ്റ്റേറ്റ്‌ ബംഗ്ലാവിലെത്തിയ പോലീസ്‌ സംഘത്തിന്‌ വെട്ടിനുറുക്കിയ നാല്‌ മൃതദേഹങ്ങളാണ്‌ കാണാന്‍ കഴിഞ്ഞത്‌. കമല അന്തര്‍ജനത്തിന്റെ അമ്മയും കുട്ടികളും ബംഗ്ലാവില്‍ ഉണ്ടായിരുന്നുവെങ്കിലും കൊലയാളികള്‍ അവരെ കണ്ടില്ല. ഭാഗ്യംകൊണ്ടവര്‍ രക്ഷപ്പെട്ടു. പക്ഷെ കൊലപാതകത്തിന്‌ സാക്ഷികളും തെളിവുകളും ഉണ്ടായിരുന്നതിനാല്‍ കേശവമേനോന്‌ പ്രതികളെ പിടികൂടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവന്നില്ല. പ്രദേശവാസികളായ നാണത്ത്‌ കുഞ്ഞലവി, മൊട്ടേങ്ങല്‍ മൊയ്തുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒമ്പതംഗസംഘമായിരുന്നു കൊലനടത്തിയതെന്നായിരുന്നു പോലീസ്‌ കണ്ടെത്തല്‍. രാമസിംഹനും കുടുംബവും ഇസ്ലാം മതം ഉപേക്ഷിച്ചതും ഹിന്ദുമതത്തിലേക്ക്‌ മാറിയതുമാണ്‌ കൊലപാതകത്തിന്‌ കാരണമായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തി. രാമസിംഹന്റെ ഭാര്യാപിതാവ്‌ കല്ലടി ഉണ്ണിക്കമ്മു അടക്കമുള്ള ചിലര്‍ക്ക്‌ ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൂട്ടക്കൊലക്ക്‌ ശേഷം എസ്റ്റേറ്റ്‌ ബംഗ്ലാവിന്റെ പിന്‍ഭാഗത്തുകൂടെ കുന്നിറങ്ങിയ അക്രമികള്‍ കുളത്തൂര്‍ എത്തി അവിടെ നിന്നും പലവഴി തിരിഞ്ഞ്‌ ഒളിവില്‍ പോവുകയായിരുന്നു. കൊലപാതകത്തിന്‌ ഉപയോഗിച്ച ആയുധങ്ങളെല്ലാം കുളത്തൂരിനടുത്ത മുതലക്കോട്ട്‌ കുളത്തില്‍ നിന്നും പിന്നീട്‌ കണ്ടെടുക്കുകയുണ്ടായി. തെളിവുകളുടെ അടിസ്ഥാനത്തില്‍ സെഷന്‍സ്‌ കോടതി പ്രതികള്‍ക്ക്‌ ജീവപര്യന്തം ശിക്ഷവിധിച്ചു. എന്നാല്‍ മദ്രാസ്‌ ഹൈക്കോടതി പ്രതികളെ വെറുതെ വിടുകയാണുണ്ടായത്‌. കൂട്ടക്കൊലപാതകത്തിന്‌ ശേഷം മാലാപ്പറമ്പില്‍ പിന്നീട്‌ ഉണ്ടായത്‌ അക്രാമാസക്തമായ മതവെറിയുടെ താണ്ഡവമായിരുന്നു. രാമസിംഹന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ കൊള്ളയടിക്കപ്പെട്ടു. സമീപത്തെ നരസിംഹമൂര്‍ത്തിക്ഷേത്രം പൂര്‍ണമായും അക്രമികള്‍ തകര്‍ത്തു. ക്ഷേത്രശ്രീകോവിലും നാലമ്പലവും പൊളിച്ച്‌ കല്ല്‌, മരം, ഓട്‌ തുടങ്ങിയവ എടുത്തുകൊണ്ടുപോയി. വിഗ്രഹങ്ങള്‍ തല്ലിത്തകര്‍ത്ത്‌ ക്ഷേത്രകിണറ്റിലും കുളത്തിലും നിക്ഷേപിച്ചു. ക്ഷേത്രചുറ്റുമതില്‍ തകര്‍ത്ത്‌ കുളവും കിണറും മൂടി. ടിപ്പുസുല്‍ത്താന്റെ പടയോട്ടം, 1921ലെ ഖിലാഫത്ത്‌ എന്ന മാപ്പിളലഹള എന്നീ അവസരങ്ങളില്‍ മലബാര്‍ കണ്ട ഭീതിദമായ കാഴ്ചകള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയായിരുന്നു. മലബാറിന്റെ മാത്രമല്ല കേരളത്തിന്റെ ആകമാനം സാമൂഹ്യമനഃസാക്ഷി ഈ കാഴ്ചകള്‍കണ്ട്‌ വെറുങ്ങലിച്ചു. ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി ഈ നാട്ടില്‍ പുലരുന്ന മഹത്തായ മതേതരത്വവും സംസ്കാരവും സങ്കുചിത മതവെറിയന്മാരുടെ പേക്കൂത്തുകള്‍ക്ക്‌ ഇരയാകുന്നതിന്‌ ഒരിക്കല്‍ക്കൂടി മലബാര്‍ സാക്ഷ്യം വഹിക്കുകയായിരുന്നു.

*********** **********

രാമസിംഹന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവ്‌ നിലനിന്നിരുന്നിടത്താണ്‌ ഇന്ന്‌ എംഇഎസ്സിന്റെ മെഡിക്കല്‍ കോളേജ്‌ സ്ഥിതിചെയ്യുന്നത്‌. രാമസിംഹന്റേയും കുടുംബത്തിന്റേയും കൊലപാതകത്തിന്‌ ശേഷം ’600′ ഏക്കറോളം വരുന്ന ഭൂമി അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്ന്‌ ആക്ഷേപമുണ്ട്‌. അടുത്തകാലത്ത്‌ മെഡിക്കല്‍ കോളേജിനുവേണ്ടി വലിയ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ മുമ്പുവരെ രാമസിംഹന്റെ എട്ടുകെട്ട്‌ മാളികയുടെ ഭാഗങ്ങള്‍ അവിടെ നിലനിന്നിരുന്നു. ഇന്നത്തെ മെഡിക്കല്‍ കോളേജിന്റെ ഐ.സി.യു സ്ഥിതിചെയ്യുന്ന ഭാഗത്താണ്‌ മാളിക ഉണ്ടായിരുന്നതെന്ന്‌ പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. രാമസിംഹന്റെ കൊലപാതകത്തിന്‌ ശേഷം ഭൂമി അനന്തരാവകാശികള്‍ തങ്ങള്‍ക്ക്‌ കൈമാറി എന്നാണ്‌ സൊസൈറ്റിയുടെ അവകാശവാദം. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ രേഖകളൊന്നും നിലവിലില്ല. മാത്രമല്ല ഭൂമി രാമസിംഹന്റേയും കുടുംബത്തിന്റേയും ഉടമസ്ഥാവകാശത്തില്‍ പെട്ടതുമല്ല. 1905ല്‍ കുണ്ടറക്കല്‍ തറവാട്ടുകാരില്‍ നിന്ന്‌ ’90′വര്‍ഷത്തെ പാട്ടത്തിന്‌ രാമസിംഹന്‍ കൃഷിചെയ്യാന്‍ അനുവാദം വാങ്ങിയ ഭൂമിയാണിത്‌. പാട്ടക്കരാര്‍ കാലാവധി പൂര്‍ത്തിയായ 1995ല്‍ ഈ ഭൂമി കുണ്ടറയ്ക്കല്‍ തറവാട്ടിലേക്കോ അല്ലാത്തപക്ഷം കേരളസര്‍ക്കാരിലേക്കോ തിരികെ നല്‍കേണ്ടതാണ്‌.
രാമസിംഹന്റെ കുടുംബത്തില്‍ ആര്‍ക്കും ഭൂമി എംഇഎസ്സിന്‌ കൈമാറാന്‍ അവകാശമില്ല എന്നാണ്‌ നിയമപണ്ഡിതരും പ്രദേശവാസികളുമൊക്കെ അഭിപ്രായപ്പെടുന്നത്‌. ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യത്തേയും സര്‍വമത സമഭാവന എന്ന സംസ്കാരത്തേയും തകര്‍ക്കാന്‍ ശ്രമിച്ചതിന്‌ അക്രമികള്‍ക്ക്‌ പാരിതോഷികമായി ലഭിച്ച അനര്‍ഹമായ സ്വത്താണ്‌ ഈ ’600′ ഏക്കര്‍ ഭൂമിയെന്നതാണ്‌ സത്യം. തകര്‍ക്കപ്പെട്ട നരസിംഹമൂര്‍ത്തിക്ഷേത്രവും അതിന്‌ ചുറ്റുമായി ഏകദേശം ’60′ സെന്റ്‌ സ്ഥലവും ഏറെക്കാലത്തെ നിയമനടപടികള്‍ക്ക്‌ ശേഷം ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക്‌ വിട്ടുകൊടുത്തിട്ടുണ്ട്‌. ഇവിടെ പുതുതായി നിര്‍മ്മിച്ച ക്ഷേത്രത്തില്‍ ജൂലൈ 10ന്‌ പുനഃപ്രതിഷ്ഠ നടക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ ആയിരക്കണക്കിന്‌ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്‌. പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ മുസ്ലീം ആക്രമണ കാലഘട്ടത്തില്‍. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ കേരളത്തിലും ഏറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ പലതും പിന്നീട്‌ പുനരുദ്ധരിക്കപ്പെട്ടു. അങ്ങാടിപ്പുറം മാലാപ്പറമ്പ്‌ നരസിംഹമൂര്‍ത്തിക്ഷേത്രവും ഈ പുനരുദ്ധാരണത്തോടെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ്‌. പ്രതീക്ഷയേകുന്ന വസ്തുത പ്രദേശത്തെ സാമാന്യ മുസ്ലീം ജനവിഭാഗത്തില്‍ നിന്നും ക്ഷേത്രപുനര്‍നിര്‍മ്മാണത്തിന്‌ അനുകൂലമായ മനോഭാവം ഉയര്‍ന്നുവരുന്നു എന്നതാണ്‌. സ്ഥാപിത താല്‍പര്യങ്ങള്‍ക്കും, മ്പത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടി സങ്കുചിത മതവെറി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നവരേയും അതില്‍നിന്നും വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവരേയും ജനസാമാന്യം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ്‌ ഈ പ്രതീക്ഷയുടെ അടിസ്ഥാനം.

-ടി.എസ്‌.നീലാംബരന്‍


ക്ഷേത്രങ്ങള്‍ അടിമത്തത്തിന്റെ പ്രതീകമാക്കാന്‍ അനുവദിക്കില്ല: സൂര്യനാരായണ റാവു

പെരിന്തല്‍മണ്ണ: ക്ഷേത്രങ്ങള്‍ അടിമത്തത്തിന്റെ പ്രതീകമാക്കാന്‍ ഭാരത ജനത ഇനി തയ്യാറല്ലെന്ന്‌ ആര്‍എസ്‌എസ്‌ ദക്ഷിണ ഭാരത്‌ പ്രചാര്‍ പ്രമുഖ്‌ സൂര്യ നാരായണ റാവു പറഞ്ഞു. മാലാപറമ്പ്‌ മാട്ടുമ്മല്‍ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാകാന്‍ സമയമടുത്തുവെന്നും ഭാരത സംസ്കാരത്തിന്‌ വഴികാട്ടിയായി നിലകൊണ്ടിരുന്ന പതിനായിരം ഹൈന്ദവ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നുവെന്നും അവ പുനരുദ്ധരിക്കുന്നതിലൂടെ മാത്രമെ സംസ്കാരം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ മുഴുവന്‍ ക്ഷേമദായകമായി ക്ഷേത്രങ്ങള്‍ വളരണമെന്ന്‌ അഖിലഭാരതീയ സീമാകല്ല്യാണ്‍ സഹ പ്രമുഖ്‌ എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. രാ. വേണുഗോപാല്‍, കെ.പി. വാസു മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

Contact:
Mattummal Sree NarasimhaMoorthy Temple
Malaparamb, Angadippuram-679321
Malappuram Dist, Kerala.
Phone: 9847359967
website: www.malaparamba-narasimhamoorthy.org
A/C No:  203001010008646 (VijayaBank Perinthalmanna)
A/C No: 1123 ( Angadipuram Service Co-operative Bank-TownBranch)

No comments:

Post a Comment