Sunday, July 17, 2011

സീതാ രാമതത്ത്വ രഹസ്യം

ഓരോ കര്‍ക്കിടമാസവും രാമായണ മാസമായി ആചരിക്കുന്നു. മേളകള്‍ നടത്തുന്ന രാമായണ ശീലുകള്‍ ഓരോ രാത്രിയിലും ഉയര്‍ന്നുകേള്‍ക്കുന്നു. അപ്പോഴക്കെ തോന്നാറുള്ള ഒരു ചോദ്യമായിരുന്നു എന്തേ കര്‍ക്കിടക മാസത്തില്‍ മാത്രം ഇത്ര രാമഭക്തി എന്ന്‌. പൂര്‍വികര്‍ അനുഷ്ഠിച്ചുവന്ന ഒരാചാരം. ആ കാലഘട്ടത്തില്‍ അതിന്‌ അത്രയേ പ്രസക്തി ഉണ്ടായിരുന്നുള്ളൂ. പക്ഷേ, നമ്മള്‍ കുറേക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ഇത്‌ കര്‍ക്കിടകത്തില്‍ മാത്രം വായിച്ചു പോകാനുള്ളതല്ല എന്ന സത്യത്തിലേക്ക്‌ നമ്മള്‍ എത്തിച്ചേരും. ഇതിന്റെ പൊരുള്‍ അറിയണമെങ്കില്‍ രാമസീതാ തത്ത്വം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. രാമായണ കര്‍ത്താവും അതുതന്നെയാണ്‌ ഉദ്ദേശിച്ചത്‌ എന്ന്‌ ഒന്നാം അധ്യായത്തില്‍ നിന്നുതന്നെ നമുക്ക്‌ മനസ്സിലാക്കാം. കൈലാസ നാഥനോട്‌ ദേവി പാര്‍വതി ശ്രീരാമന്റെ തത്ത്വരഹസ്യം ഉപദേശിക്കാനാണ്‌ ചോദ്യരൂപത്തില്‍ അപേക്ഷിക്കുന്നത്‌. അല്ലാതെ ശ്രീരാമകഥ പറയൂ എന്നല്ല. ഈ ചോദ്യത്തില്‍ കൂടി തന്നെ മനസ്സിലാക്കാം ശ്രീരാമന്‍ ഒരു വ്യക്തിയല്ല, തത്ത്വം ആണെന്ന്‌. അപ്പോള്‍ മനുഷ്യന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പരമാര്‍ഥ തത്ത്വത്തെയാണ്‌ രാമനില്‍ കൂടി ആവിഷ്കരിച്ചിരിക്കുന്നത്‌. മനുഷ്യനായും മനുഷ്യോചിത ചേഷ്ടകളില്‍ കൂടിയും അവതരിപ്പിക്കുമ്പോള്‍ മാത്രമേ അത്‌ നമ്മുടെ ബുദ്ധിക്ക്‌ എളുപ്പം ഗ്രഹിക്കാന്‍ സാധിക്കൂ എന്ന സിദ്ധാന്തം ആണ്‌ അതില്‍ ഉള്ളത്‌. പരമമായ തത്ത്വയാണ്‌ രാമനായി ആവിഷ്കരിക്കുന്നതെങ്കില്‍ അതിനോട്‌ ബന്ധപ്പെട്ട മറ്റ്‌ തത്ത്വങ്ങളെയും അവയുടെ ഉപാധികളെയുമാണ്‌ രാമനോട്‌ ബന്ധപ്പെട്ട മറ്റ്‌ ജനങ്ങളില്‍ കൂടി അവതരിപ്പിക്കുന്നത്‌. ജനവിചാരത്തോടെ മാത്രമേ രാമായണം കൈയില്‍ എടുക്കാവൂ. ഏങ്കില്‍ മാത്രമേ രാമായണത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റൂ.

രാമതത്ത്വം ഒരാള്‍ക്ക്‌ ശരിക്കറിയാന്‍ കഴിഞ്ഞാല്‍ അതുകൊണ്ടുതന്നെ ജന്മം സഫലമായി എന്നാണ്‌ സാക്ഷാല്‍ മഹാദേവന്‍ ചോദ്യത്തെ അഭിനന്ദിച്ചശേഷം ദേവിയോട്‌ പറയുന്നത്‌. അതുകൊണ്ടാണ്‌ കഥാസ്വരൂപേണ വീക്ഷിക്കുമ്പോള്‍ ഇതിഹാസമാണെങ്കിലും താത്ത്വികമായി ഗ്രഹിക്കപ്പെടുമ്പോള്‍ ഏറ്റവും മനോഹരമായ വേദാന്തപ്രകരണം ആണ്‌ രാമായണം എന്നുപറയാന്‍ കാരണം.

രാമന്‍ സാക്ഷാല്‍ പരമാത്മാവ്‌ അല്ലെങ്കില്‍ വാക്കിനും മനസ്സിനും എത്താന്‍ കഴിയാത്തതും, പ്രകൃതിക്കതീതവും എല്ലാറ്റിനും കാരണവും, അപരിച്ഛിന്നവും, സച്ചിദാനന്ദ സ്വരൂപനുമായ പരമ ചൈതന്യം തന്നെയാണ്‌. അതേപോലെ പരമാത്മാവിനധീയയും വിശ്വസൃഷ്ടിക്ക്‌ കാരണവും ത്രിഗുണാത്മികവും ആയ മൂലപ്രകൃതിയാണ്‌ സീത. വാക്‌-മനസ്സുകള്‍ക്ക്‌ ഗോചരണമല്ലാത്തതാണ്‌ ഈ പ്രകൃതിയും പരമാത്മാവും. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കുവേണ്ടി, അവതാര അറിവിനും അനുഭൂതിക്കും വേണ്ടി മനുഷ്യഭാവത്തില്‍ ഈ രണ്ടു തത്ത്വങ്ങളെയും അവിഷ്കരിച്ചിരിക്കുന്നു. ഈ വസ്തുത പട്ടാഭിഷേകം കഴിഞ്ഞ്‌, ശ്രീരാമസ്വാമിയും സീതാദേവിയും ഹനുമാനും കൂടിയുള്ള സംഭാഷണത്തില്‍ ദേവി നമുക്ക്‌ ബോധ്യമാക്കുന്നു.

വായുപുത്രനില്‍ സംപ്രീതനായ ശ്രീരാമസ്വാമി സത്വമായ ജ്ഞാനത്തെ തന്റെ ഭക്തന്‌ ഉപദേശിക്കാന്‍ ദേവിയെ ചുമതലപ്പെടുത്തുന്നു ഇതാണ്‌ ദേവിയുടെ വാക്കുകള്‍. അല്ലയോ വായുപുത്രാ, രാമചന്ദ്രന്‍ എല്ലാറ്റിനും സാക്ഷിയും അകര്‍ത്താവും അഭോക്താവും ആയ സാക്ഷാല്‍ പരമാത്മാവാണ്‌. ഞാന്‍ അവിടേക്ക്‌ സ്വാധീനമായ മൂലപ്രകൃതിയും. അവിടത്തെ സാന്നിധ്യത്തില്‍ എല്ലാം ഞാനാണ്‌ ചെയ്യന്നത്‌. വാസ്തവത്തില്‍ എനിക്കൊന്നും ചെയ്യാനുള്ള കഴിവില്ല. എങ്കിലും ഭഗവാന്റെ സാന്നിധ്യം കൊണ്ട്‌ എല്ലാ കഴിവുകളും ഉണ്ടാകുന്നു. എന്നാല്‍, അവതാരം മുതല്‍ പട്ടാഭിഷേകം വരെയുള്ള എല്ലാ കാര്യങ്ങളും രാമനാണ്‌ ചെയ്തത്‌ എന്ന്‌ അജ്ഞാനികള്‍ തെറ്റിദ്ധരിക്കുന്നു. രാമനില്ലെങ്കില്‍ എനിക്ക്‌ ഒന്നും ചെയ്യാന്‍ പറ്റില്ല. രാമനോട്‌ കൂടാതെ ഞാനോ എന്നോട്‌ കൂടാതെ രാമനോ ഇരിക്കാറില്ല. ജഗത്തില്‍ കാണപ്പെടുന്ന എല്ലാ സംഗതികളും ഇങ്ങനെ തന്നെ. രാമന്‍ കര്‍ത്താവോ ഭക്തനോ ഭോക്താവോ ആകുന്നില്ല. രാമന്റെ സാന്നിധ്യത്തില്‍ കിട്ടുന്ന ശക്തികൊണ്ട്‌ മൂലപ്രകൃതിയായ ഞാനാണ്‌ എല്ലാം ചെയ്യുന്നത്‌. ഓരോ വ്യക്തിയിലും രാമന്‍ ആത്മസ്വരൂപേണ പ്രകാശിക്കുന്നു. രാമന്റെ വംശവര്‍ത്തിയായ പ്രകൃതിയായി ഞാനും വിളങ്ങുന്നു. ഓരോ ശരീരത്തില്‍ കൂടിയവനും ചെയ്യപ്പെടുന്ന എല്ലാ കര്‍മങ്ങളും ഞാനാണ്‌ ചെയ്യുന്നത്‌. മൂഢനായ ജീവന്‍ പരമാര്‍ഥം അറിയാതെ ഭ്രമിച്ച്‌ എല്ലാ കര്‍മങ്ങള്‍ക്കും താനാണ്‌ കര്‍ത്താവ്‌ എന്നഭിമാനിക്കുന്നു. അതിനാല്‍ കര്‍മബദ്ധരായി വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും സുഖിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. എന്നെയും രാമനെയും തിരിച്ചറിയുമ്പോള്‍ എല്ലാ ബന്ധങ്ങളില്‍ നന്നും നിശ്ച നിവൃത്തനും ആയിരുന്നു. ഇതാണ്‌ രാമ-സീത തത്ത്വം. വിവേകികളായ മനുഷ്യര്‍ എങ്കിലും വെറുതെ വായിച്ചുപോകാതെ ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചാല്‍ ഗാന്ധിജിയുടെ രാമരാജ്യം എന്ന സ്വപ്നം സഫലമാകും.


സീതാ രാമതത്ത്വ രഹസ്യം
ടി. ഇന്ദിരാദേവി

No comments:

Post a Comment