Sunday, July 24, 2011

ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം

രാമായണമാസാചരണം: ക്ഷേത്രങ്ങള്‍ ഒരുങ്ങി
ഇരിങ്ങാലക്കുട : കര്‍ക്കിടകം പിറന്നതോടെ കേരളത്തിലെ ക്ഷേത്രങ്ങളിലും ഹൈന്ദവഭവനങ്ങളിലും രാമായണ പാരായണമടക്കമുള്ള സദ്കര്‍മങ്ങള്‍ക്കു തുടക്കമായി . ഒരു മാസം നീണ്ടുനില്‍ക്കുന്ന പുണ്യമാസാചരണത്തോടനുബന്ധിച്​ച് ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളും നടക്കുന്നുണ്ട്. രാമായണ മാസാചരണത്തോടനുബന്ധിച്ചുള്ളനാലമ്പല ദര്‍ശനത്തിന്റെ തിരക്ക് തുടങ്ങി . തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മല്‍ എന്നീ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കുവേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഒരുമാസക്കാലം ലക്ഷക്കണക്കിനു തീര്‍ത്ഥാടകരമാണ് എത്തുക. കെഎസ്ആര്‍ടിസി ബസുകള്‍ തീര്‍ത്ഥാടനത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യം തൃപ്രയാര്‍ ക്ഷേത്രത്തിലും പിന്നീട് ഇരിങ്ങാലക്കുടയിലും മൂഴിക്കുളത്തും ദര്‍ശനം കഴിഞ്ഞ് ശത്രുഘ്നക്ഷേത്രമായ പായമ്മലിലെത്തി ദര്‍ശനം നടത്തി തിരിച്ച് വീണ്ടും തൃപ്രയാറിലെത്തി ശ്രീരാമചന്ദ്രനെ തൊഴുതാലാണ് നാലമ്പലദര്‍ശനം പൂര്‍ത്തിയാകുക. ദശരഥപുത്രന്‍മാരില്‍ മൂത്തവനായ ശ്രീരാമനെ കണ്ടുവങ്ങിയ ശേഷമേ മറ്റുക്ഷേത്രങ്ങളിലേക്കു പോകാവൂ എന്നാണ് വിശ്വാസം. തൃപ്രയാറില്‍ പുലര്‍ച്ചെ മൂന്നിനുതന്നെ നട തുറക്കും. ഉച്ചയ്ക്ക് 12.30നാണ് നടയടയ്ക്കുക. എതിര്‍ത്ത്പൂജ നടക്കുന്ന 5.15 മുതല്‍ 6.15 വരെ ദര്‍ശനസൌകര്യമുണ്ടാകില്ല. വൈകീട്ട് നാലരമുതല്‍ രാത്രി എട്ടുവരെയും നട തുറക്കും. ക്ഷേത്രത്തിലെത്തുന്നവര്‍ക്​കു മഴകൊള്ളാതിരിക്കുന്നതിനും മറ്റും സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും അന്നദാനവും ഉണ്ടായിരിക്കും. മീനുട്ട്, വെടിവഴിപാട്, അവില്‍, നെയ്പായസം, എള്ളുകിഴി തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.
തൃപ്രയാറില്‍നിന്നും ഭക്തര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രത്തിലേ​ക്കാ​ണെത്തുക. താമരമാല, വഴുതനങ്ങനിവേദ്യം, താമരമൊട്ട് സമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകള്‍. ഇരിങ്ങാലക്കുട ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നിനു തുറക്കുന്ന നട ഉച്ചയ്ക്ക് ഒരുമണിക്കാണ് അടയ്ക്കുക. ഏഴരമുതല്‍ 8.20 വരെയും 10.45 മുതല്‍ 11.20 വരെയും ദര്‍ശനസൌകര്യമുണ്ടാകില്ല. വൈകീട്ട് അഞ്ചിനു നട തുറന്ന് രാത്രി 8.20ന് അടയ്ക്കും. 7.45 മുതല്‍ 8.05 വരെയും ദര്‍ശനുമുണ്ടാകില്ല.
മൂഴിക്കുളം ലക്ഷ്മണക്ഷേത്രമാണ് അടുത്തയിടം. പാല്‍പ്പായസം, ഒറ്റയപ്പം, അവില്‍, അരവണ എ്ന്നിവയാണ് പ്രധാന വഴിപാടുകള്‍. ഇവിടെ പുലര്‍ച്ചെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും വൈകീട്ട് അഞ്ചുമുതല്‍ രാത്രി എട്ടുവരെയും ദര്‍ശനസൌകര്യമുണ്ടായിരിക്കു​ം. ഏറ്റവുമവസാനമാണ് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തിലെ ദര്‍ശനം നടത്തുക. സുദര്‍ശന പുഷ്പാഞ്ജലി, സുദര്‍ശനചക്ര സമര്‍പ്പണം, പുഷ്പാഞ്ജലി തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. പുലര്‍ച്ചെ അഞ്ചിന് ഇവിടെ നട തുറക്കും. മൂന്നിന് അടയ്ക്കും. വൈകീട്ട് നാലരയ്ക്കു നട തുറന്ന് രാത്രി എട്ടിനും അടയ്ക്കും


ക്ഷേത്രത്തിന്‍റെ വടക്കുഭാഗത്ത്‌ പ്രദക്ഷിണം വയ്ക്കാനുള്ള സ്ഥലമൊഴിച്ച്‌ ബാക്കിമുഴുവന്‍ ദീര്‍ഘ ചതുരത്തിലുള്ള വലിയ കുളമാണ്‌. കപിലതീര്‍ത്ഥം.
ഈ തീര്‍ഥക്കുളം പണ്ടു കുലീപതിമഹര്‍ഷി യജ്ഞം നടത്തിയ പുണ്യഭൂമിയാണെന്ന്‌ വിശ്വസിക്കുന്നു.കുളം കുളിക്കാനുള്ളതല്ല തീര്‍ഥക്കുളമാണ്‌. ക്ഷേത്രത്തിലെ ആവശ്യത്തിന്‌ ഇതിലെ ജലം ഉപയോഗിക്കുന്നു. പൊഞ്ഞനം ഭഗവതിക്കുമാത്രമേ തീര്‍ഥക്കുളത്തില്‍ ആറാടാന്‍ അധികാരമുള്ളൂ.
ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ അഞ്ചു കുളങ്ങള്‍കൂടിയുണ്ട്‌. പുറത്തു കിഴക്കുഭാഗത്ത്‌ കട്ടംകുളം, വടക്കു കിഴക്കേ മൂലയില്‍ ബ്രഹ്‌മസ്വം മഠം കുളം, പടിഞ്ഞാറ്‌ താമരക്കുളം, കിഴക്ക്‌ തെക്കും, തെക്കുപടിഞ്ഞാറുള്ള കുളങ്ങള്‍.
ശാന്തിക്കാരന്‍ രണ്ടു കുളത്തില്‍ കുളിക്കണമെന്നു ചിട്ട. പുറത്തെ കുളത്തിലും അകത്തെ തീര്‍ത്ഥക്കുളത്തിലും. തീര്‍ത്ഥക്കുളത്തില്‍ ശാന്തിക്കാരനല്ലാതെ മറ്റാരും കുളിക്കരുതെന്നും വ്യവസ്ഥയുണ്ട്‌. തീര്‍ത്ഥക്കുളത്തിലെ വെള്ളമാണ്‌ നേദ്യത്തിനും അഭിഷേകത്തിനും. ക്ഷേത്രപ്രവേശനത്തിനു മുന്‍പ്‌ തുലമാമാസത്തിലെ കറുത്തവാവു ദിവസം ഭക്തജനങ്ങളെ ഈ കുളത്തില്‍ കുളിക്കാന്‍ അനുവദിച്ചിരുന്നു. കുളത്തില്‍ മീനാട്ട്‌ വഴിപാടുണ്ട്‌.
കേരളത്തില്‍ 32 ഗ്രാമങ്ങളായിട്ടാണ്‌ ബ്രാഹ്മണര്‍ താമസമാരംഭിച്ചത്‌. അതില്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഗ്രാമമാണ്‌ ഇരിങ്ങാലക്കുട. കുലീപതി മഹര്‍ഷിയോഗം യാഗം ചെയ്ത്‌ ഇവിടം പുണ്യഭൂമിയാക്കിത്തീര്‍ത്തു​​. പിന്നീട്‌ അവിടെ സ്ഥാപിച്ച യജ്ഞദേവന്‍റെ ക്ഷേത്രം ജൈന-ബൗദ്ധമതവും നമ്പൂതിരിമാരും ശൈവ- വൈഷ്ണവ സംഘര്‍ഷങ്ങളും മൂലം ഒരു സംഘര്‍ഷഭൂമിയായി.
കാലം കടന്നുപോയി. ആഭിചാര പൂജകള്‍ ചെയ്തു മൂര്‍ത്തിയുടെ ശക്തിക്ഷയം വരെ ഉണ്ടായി. അക്കാലത്ത്‌ ചൈതന്യം വര്‍ദ്ധിപ്പിക്കാന്‍, പുനഃപ്രതിഷ്ഠ നടത്താന്‍ ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. സമുദ്രത്തില്‍ മീന്‍പിടിക്കാന്‍ പോയ മുക്കുവന്മാര്‍ക്ക്‌ നാലു ദിവ്യവിഗ്രഹങ്ങള്‍ ലഭിച്ചതു വായ്ക്കല്‍ കയ്‌മളുടെ പക്കല്‍ ഉണ്ടെന്ന വാര്‍ത്ത അപ്പോഴാണ്‌ ക്ഷേത്ര ഭരണയോഗക്കാര്‍ അറിഞ്ഞത്‌.
നാടുവാഴികളും യോഗക്കാരും ചേര്‍ന്ന്‌ അതിലൊരു വിഗ്രഹം കൊണ്ടുവന്ന്‌ യഥാവിധി ക്ഷേത്രത്തില്‍ ഇന്നു കാണുന്ന സ്ഥലത്ത്‌ പ്രതിഷ്ഠിച്ചു. ആ വിഗ്രഹം ഭരതന്‍റേതായിരുന്നു. ശ്രീരാമവിഗ്രഹം തൃപ്രയാറും ലക്ഷ്മണന്‍റെ മൂഴിക്കുളത്തും ശത്രുഘ്‌നനെ പായമേലും പ്രതിഷ്ഠിച്ചു.
ജലപ്രവാഹം ഇരുകൈവഴികളായി പ്രവഹിച്ചിരുന്നതിന്‍റെ മദ്ധ്യത്തില്‍ മണല്‍ വന്നുകൂടിയുണ്ടായ ഞാല്‍നിലങ്ങളുടെ അല്ലെങ്കില്‍ ഇരുചാലുകളുടെ ഇടയില്‍ ക്ഷേത്രനിര്‍മാണം ചെയ്തു ദേവപ്രതിഷ്ഠ കഴിച്ചതുകൊണ്ടാണ്‌ ക്ഷേത്രത്തിന്‌ ഇരുഞ്ഞാല്‍കിട (ഇരുചാല്‍ക്കിടാ) എന്നു പേരുണ്ടായത്‌. എന്നാല്‍ ഇന്ന്‌ ക്ഷേത്രമേയുള്ളൂ. ഒന്നിടവിട്ട വര്‍ഷങ്ങളല്‍ കുറുമാലിപുഴയിലും ചാലക്കുടിപുഴയിലും ദേവനെ ആറാടിക്കുന്നു.
പുനപ്രതിഷ്ഠയ്ക്കുശേഷം വിഗ്രഹത്തില്‍ ദിവ്യജ്യോതിസ്‌ കാണപ്പെട്ടു. മാണിക്യ കാന്തിയാണെന്ന്‌ സംശയം തോന്നിയ ക്ഷേത്രഭരണക്കാര്‍ കായം കുളം രാജാ‍വിന്‍റെ പക്കലുള്ള മാണിക്യവുമായി ഒത്തുനോക്കാന്‍ തീരുമാനിച്ചു . ഭരണാധികാരികള്‍ കായംകുളം രാജാവിനെ സമീപിച്ച്‌ വിവരം ഉണര്‍ത്തിച്ച്‌ മാണിക്യം കേടുകൂടാതെ തിരിച്ചു നല്‍കാമെന്ന കരാറില്‍ രത്നം വാങ്ങി.
പുജാരി മാണിക്യം വിഗ്രഹത്തോട്‌ ചേര്‍ത്തുപിടിച്ച്‌ പ്രകാശങ്ങള്‍ തമ്മിലൊത്തുനോക്കി. എന്നാല്‍ നിമിഷനേരം കൊണ്ട്‌ മാണിക്യക്കല്ല്‌ വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു. മാണിക്യരത്നം വിഗ്രഹത്തോട്‌ കൂടിച്ചേര്‍ന്നതുകൊണ്ട്‌ അതിനുശേഷം ഇരിങ്ങാലക്കുടക്ഷേത്രം കൂടല്‍മാണിക്യം ക്ഷേത്രമെന്ന പേരില്‍ അറിയപ്പെട്ടു.

No comments:

Post a Comment