Saturday, July 23, 2011

തീവ്രവാദ സംഘടനകള്‍ പുനരേകീകരണത്തില്‍

തീവ്രവാദ സംഘടനകള്‍ പുനരേകീകരണത്തില്‍
നമ്മുടെ ആഭ്യന്തരം പഴുതടക്കാന്‍ പര്യാപ്തമാകുമോ..
: 23 Jul 2011

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിത തീവ്രവാദ സംഘടനകള്‍ പുനരേകീകരിക്കാന്‍ ശ്രമിക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി പ്രവര്‍ത്തനം തുടങ്ങിയ ചില സംഘടനകളെ കേന്ദ്രീകരിച്ച് സംസ്ഥാന പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞമാസം പാലക്കാട് കൊല്ലങ്കോടിനടുത്ത് രഹസ്യയോഗം ചേര്‍ന്ന ' വഹദത്-ഇ-ഇസ്‌ലാമി' എന്ന സംഘടനയെ കേന്ദ്രീകരിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
വഹദത്-ഇ-ഇസ്‌ലാമിയുടെ യോഗത്തില്‍, നിരോധിത സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ മുന്‍ പ്രവര്‍ത്തര്‍ പങ്കെടുത്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത 21 പേരെ പാലക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവരില്‍ നിന്ന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു.
എന്നാല്‍ വഹദത്-ഇ-ഇസ്‌ലാമി പോലുള്ള സംഘടനകള്‍ സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തകരുടെ പുനരേകീകരണത്തിന് വേദിയൊരുക്കുന്നതായി സംശയിക്കുന്നുവെന്നും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം ശക്തമായി നിരീക്ഷിക്കുകയാണെന്നും ഉന്നത ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. വഹദത്-ഇ-ഇസ്‌ലാമി എന്നാല്‍ ഇസ്‌ലാമിന്റെ സംഘം എന്നാണ് അര്‍ത്ഥമെന്നും തങ്ങള്‍ പൂര്‍ണമായും മത സംഘടനയാണെന്നും അവരുടെ നേതാക്കള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ സഹരന്‍പൂരില്‍ 2006-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വഹദത്-ഇ-ഇസ്‌ലാമി അടുത്തിടെയാണ് തമിഴ്‌നാട്ടിലെ മധുരയിലും കോയമ്പത്തൂരിലും പ്രവര്‍ത്തനം തുടങ്ങിയത്. കോയമ്പത്തൂരിലെ പ്രാദേശിക സംഘടനകളുടെ നേതാക്കളാണ് പാലക്കാട് കൊല്ലങ്കോട് നടത്തിയ യോഗത്തിന് നേതൃത്വം നല്‍കിയത്.
കൊല്ലങ്കോട് യോഗത്തില്‍ പങ്കെടുത്തിരുന്ന ചിലര്‍ക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്നും ഇവരെ വിട്ടയച്ചത് ശരിയായില്ലെന്നും കാണിച്ച് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ജില്ലാ പോലീസധികൃതരുടെ നടപടി ശരിയായില്ലെന്ന് പോലീസില്‍ തന്നെ അഭിപ്രായ വ്യത്യാസമുയര്‍ന്നിട്ടുണ്ട്.


കൈവെട്ട് കേസുമായി ബന്ധമുള്ളവര്‍ കാലടിയില്‍ യോഗം ചേര്‍ന്നു
: 23 Jul 2011

കാലടി: മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്ന ജൂലായ് നാലിന് കേസുമായി ബന്ധമുള്ള ചിലര്‍ കാലടിയിലെ ഒരു ഹോട്ടലില്‍ യോഗം ചേര്‍ന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. കൈവെട്ട് സംഭവത്തിന്റെ വാര്‍ഷികം ആലുവയില്‍ ആഘോഷിച്ച് മടങ്ങിയവരാണ് കാലടിയിലും ഒത്തുചേര്‍ന്നതെന്ന് സൂചനയുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നതായി കാലടി സിഐ സി.ജി. സനല്‍കുമാര്‍ പറഞ്ഞു.
കാലടി ശ്രീശങ്കര പാലത്തിനു സമീപമുള്ള നക്ഷത്രഹോട്ടലിലായിരുന്നു ഒത്തുകൂടല്‍. കൈവെട്ട്‌കേസിലെ പ്രതികളില്‍ ചിലരുടെ ബന്ധുക്കളും സംഘടനാ പ്രവര്‍ത്തകരുമായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
തമിഴ്‌നാട് സ്വദേശിയായ സെന്തില്‍ എന്നയാളുടെ പേരിലാണ് മുറി ബുക്ക്‌ചെയ്തിരുന്നത്. ഇയാളുടെ വിലാസം വ്യാജമാണെന്ന് തെളിഞ്ഞു. ആവശ്യമായ രേഖകളോ ഫോണ്‍ നമ്പറോ രേഖപ്പെടുത്താതെ മുറി നല്‍കിയതില്‍ ഹോട്ടലുകാര്‍ വീഴ്ചവരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൈവെട്ട്‌കേസിലെ പ്രധാന പ്രതികളിലൊരാള്‍ മേക്കാലടി സ്വദേശിയായിരുന്നു. അക്കാരണത്താല്‍ കാലടിയില്‍ കേസുമായി ബന്ധമുള്ളവര്‍ ഒത്തുചേര്‍ന്നുവെന്നത് വളരെ ഗൗരവത്തോടെയാണ് അന്വേഷിച്ചുവരുന്നത്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

No comments:

Post a Comment