Friday, July 8, 2011

ക്ഷേത്രസ്വത്ത് ഹിന്ദുക്കളുടെ ശ്രേയസിനായി വിനിയോഗിക്കണം


സ്വത്ത് ഹിന്ദുക്കളുടെ ശ്രേയസിനായി വിനിയോഗിക്കണം -പി.പരമേശ്വരന്‍
: 06 Jul 2011

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രസങ്കേതത്തില്‍നിന്നും കണ്ടെടുത്തുകൊണ്ടിരിക്കുന്ന എല്ലാവസ്തുക്കളും ശ്രീപദ്മനാഭന്‍േറതാണെന്നും അവ ഹിന്ദുക്കളുടെ ശ്രേയസ്സിനായി വിനിയോഗിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിയമപ്രകാരം ശ്രീപദ്മനാഭന്‍ ഒരു വ്യക്തി എന്ന നിലയ്ക്കുതന്നെ അവയുടെ ഉടമയാണ്. ശ്രീപദ്മനാഭദാസന്‍ എന്ന നിലയ്ക്ക് ക്ഷേത്രഭരണത്തിന്റെ നടത്തിപ്പുകാരായി മഹാരാജാക്കന്മാര്‍ പാരമ്പര്യമായി ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിക്കുകയും സംരക്ഷിക്കുകയും ചെയ്തുപോന്നു. യഥാര്‍ഥത്തില്‍ എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടേതും ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ളതും ആയതിനാല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എല്ലാ സ്വത്തുക്കളും മുഴുവന്‍ ഹിന്ദുസമൂഹത്തിന്‍േറതുമാണ്.
കണ്ടെടുത്തിട്ടുള്ള പലതരം അമൂല്യശേഖരങ്ങള്‍ ഏതുവിധത്തില്‍ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകള്‍ മേല്‍പ്പറഞ്ഞ തത്വത്തിന്റെ അടിസ്ഥാനത്തില്‍ വീക്ഷിക്കേണ്ടതും വിലയിരുത്തേണ്ടതുമാണ്. മൂന്നുതരത്തിലുള്ള വസ്തുവകകളാണ് കണ്ടെത്തിയിട്ടുള്ളത്.
ക്ഷേത്രത്തിലെ വിവിധ ആചാരാനുഷ്ഠാനുങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള പൂജാസാമഗ്രികള്‍, തിരുവാഭരണങ്ങള്‍. വളരെ പഴക്കമുള്ളതും പുരാവസ്തു സങ്കല്പത്തില്‍ പെടുന്നതും ചരിത്രപൈതൃകമായി ആദരിക്കേണ്ടതും അതിവിശിഷ്ടവും വിലമതിക്കാനാവാത്തതുമായ അപൂര്‍വ സാധനസാമഗ്രികള്‍. ഈ രണ്ടിനത്തിലും പെടാത്തതും വളരെയേറെ വിലവരുന്നതുമായ രത്‌നം, സ്വര്‍ണം, വെള്ളി തുടങ്ങിയവ. ഈ ഓരോന്നിന്റെയും വിനിയോഗം അതതിന്റെ ഉദ്ദേശ്യത്തിനും പ്രാധാന്യത്തിനും ഹിന്ദുസമൂഹത്തിന്റെ ശ്രേയസ്സിനും ഉപയുക്തമായ രീതിയില്‍ വ്യവസ്ഥപ്പെടുത്തേണ്ടതാണ്.
നിത്യനൈമിത്തിക ആചാരാനുഷ്ഠാനങ്ങള്‍ക്കുവേണ്ടിയുള്ളവ അക്കാര്യത്തിനുവേണ്ടി മാത്രം വിനിയോഗിക്കേണ്ടതും പ്രത്യേകം സൂക്ഷിക്കപ്പെടേണ്ടതുമാണ്. രണ്ടാമത്തെ ഇനത്തില്‍പ്പെടുന്നവ ക്ഷേത്രസങ്കേതത്തിനുള്ളില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ സംവിധാനത്തിന്‍ കീഴില്‍ ഭദ്രമായി സംരക്ഷിക്കേണ്ടതും വിശേഷദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് തക്കവണ്ണം ഏര്‍പ്പാട് ചെയ്യേണ്ടതുമാണ്. മൂന്നാമത്തെ ഇനത്തില്‍പ്പെട്ട സ്വത്ത് വകകള്‍ ക്ഷേത്രത്തിന്റെയും അതുകൊണ്ടുതന്നെ ഹിന്ദുസമൂഹത്തിന്റെയും നാനാമുഖമായ ശ്രേയസ്സിനുവേണ്ടി വിനിയോഗിക്കാന്‍ കഴിയണം.
ഇവയ്‌ക്കെല്ലാം ഉപയുക്തമായ നിയമസംവിധാനവും നിര്‍വഹണ വ്യവസ്ഥയും ഉണ്ടാകണം. അത്തമൊരു സംവിധാനം സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നിലവില്‍വരണം. മഹാരാജാവിന് അതില്‍ സുപ്രധാനമായ സ്ഥാനമുണ്ടായിരിക്കണം - പി.പരമേശ്വരന്‍ പറഞ്ഞു.

ക്ഷേത്രസ്വത്ത് സര്‍ക്കാരിന്‍േറതെന്ന് പറയുന്നവര്‍ക്ക് മണ്‍റോവിന്റെ പ്രേതബാധ - ഹിന്ദു ഐക്യവേദി
 08 Jul 2011


കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്ത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയുന്നവര്‍ക്ക് തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോവിന്റെ പ്രേതബാധയാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. 200 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 1811ല്‍ ദിവാന്‍ മണ്‍റോ തിരുവിതാംകൂറിലെയും കൊച്ചിയിലെയും നൂറുകണക്കിന് ക്ഷേത്രങ്ങളും അവയുടെ അളവറ്റ സ്വത്തുക്കളും ഒറ്റയടിക്ക് ഏറ്റെടുത്തതും സര്‍ക്കാരില്‍ ലയിപ്പിച്ചതും. കോടിക്കണക്കിന് രൂപയുടെ വരുമാനനഷ്ടമാണ് അതുവഴി ക്ഷേത്രങ്ങള്‍ക്ക് സംഭവിച്ചതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു പറഞ്ഞു. തിരുവിതാംകൂര്‍ ക്ഷേത്രങ്ങള്‍ക്ക് ആകെ വര്‍ഷത്തില്‍ അറ്റാദായമായി 1580491 പറ നെല്ല് ലഭിച്ചിരുന്നപ്പോഴാണ് അവയുടെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയും മറ്റും സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഇതുകൂടാതെ ഏക്കറുകണക്കിന് ക്ഷേത്രംവക വനഭൂമിയും സര്‍ക്കാര്‍ സ്വന്തമാക്കി. ദേവസ്വങ്ങള്‍ക്കുണ്ടായ വരുമാനനഷ്ടം നികത്തുന്നതിന് കഴിഞ്ഞ 60 വര്‍ഷമായി കേവലം 46.5 ലക്ഷം രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ വര്‍ഷാശനമായി നല്‍കിവരുന്നത്. പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന വഴിപാടായും കാണിക്കയായും ലഭിച്ച അമൂല്യമായ സമ്പത്ത് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് കേണല്‍ മണ്‍റോ ചെയ്തതിന്റെ തനിയാവര്‍ത്തനം തന്നെയാണ്. ക്ഷേത്രസ്വത്ത് എങ്ങനെ വിനിയോഗിക്കണമെന്ന് ക്ഷേത്രവിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ക്ഷേത്രവിശ്വാസികളല്ലാത്തവര്‍ വിഷയത്തില്‍ അഭിപ്രായം പറയുന്നത് അവസാനിപ്പിക്കണമെന്ന് ആര്‍.വി.ബാബു പറഞ്ഞു.

No comments:

Post a Comment