Friday, July 22, 2011

പറവൂര്‍ ശ്രീധരന്‍തന്ത്രി: താന്ത്രികജ്യോതിസിന്‌ അന്ത്യാഞ്ജലി

നവോത്ഥാന നായകന്‍
കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിനും നവോത്ഥാനത്തിനും തുടക്കമിട്ടത്‌ ശ്രീനാരായണഗുരുവാണ്‌. ആദ്ധ്യാത്മികതയില്‍ ഉറച്ചുനിന്ന്‌ ഗുരുദേവന്റെ തുടര്‍ക്രിയകള്‍ക്ക്‌ നേതൃത്വം നല്‍കിയ വ്യക്തിയാണ്‌ പറവൂര്‍ ശ്രീധരന്‍തന്ത്രി എന്നു പറയാം. ദേവപ്രശ്നം, അഷ്ടമംഗലപ്രശ്നം,തന്ത്രശാസ്ത്രം, ക്ഷേത്രപ്രതിഷ്ഠ,ലക്ഷാര്‍ച്ചന, കോടിയര്‍ച്ചന, സഹസ്രകലശം മുതലായവയില്‍ പ്രാഗത്ഭ്യംനേടുകയും അതിനുവേണ്ടി ജീവിതായുസ്സ്‌ മുഴുവന്‍ അവിശ്രമം പ്രവര്‍ത്തിക്കുകയും ചെയ്ത ആചാര്യശ്രേഷ്ഠനാണ്‌ കഴിഞ്ഞദിവസം അന്തരിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രി
ഏത്‌ വിഷയങ്ങള്‍ വിശദീകരിക്കുമ്പോഴും പാണ്ഡിത്യത്തിന്റെ ആഴവും സൗമ്യഭാവത്തിന്റെ ലാളിത്ത്യവും അവയിലെല്ലാം നിറഞ്ഞുനിന്നു. ശാസ്ത്ര വിഷയങ്ങള്‍ എത്ര കഠിനവും ദുര്‍ഗ്രഹവുമായിരുന്നാലും അനായാസേന ജനമനസ്സുകളിലേക്ക്‌ അവ പകര്‍ന്നുകൊടുത്തു. അതുകൊണ്ടുതന്നെ ശക്തമായ ജനസ്വാധീനവും അംഗീകാരവും വ്യക്തിമുദ്രയും അദ്ദേഹം നേടിയെടുത്തു,
പൂജാദിക്രിയകളില്‍ ഉണ്ടായിരുന്ന അസമത്വങ്ങളും ആശങ്കകളും അകറ്റിക്കൊണ്ട്‌ സാമൂഹ്യപരിഷ്ക്കരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പുതുയുഗത്തിന്‌ ശ്രീധരന്‍ തന്ത്രി തുടക്കം കുറിച്ചു. കേരളത്തിലും പുറത്തുമായി അനേകം ക്ഷേത്രങ്ങളുടെ താന്ത്രികത്വം വഹിച്ചുപോരുന്നതിനിടെ പുണ്യസങ്കേതങ്ങളായ കാശി, രാമേശ്വരം, ഹരിദ്വാര്‍, ഋഷികേശം തുടങ്ങിയ സ്ഥലങ്ങളില്‍ ഒട്ടേറെത്തവണ പോയി. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരം ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചത്‌ ശ്രീധരന്‍ തന്ത്രികളായിരുന്നു. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വഹിച്ചത്‌ ശ്രീനാരായണഗുരുദേവനായിരുന്നു. ശിവഗിരി തീര്‍ഥാടന കനകജൂബിലിയോടനുബന്ധിച്ചു മഹാസമാധിമന്ദിരം സന്ദര്‍ശിക്കാനെത്തിയ ഇന്ദിരാഗാന്ധിക്കുവേണ്ടി പുഷ്പാഞ്ജലിയും സമാധിയില്‍ ആരാധനയും നടത്തിയത്‌ ശ്രീധരന്‍ തന്ത്രികളുടെ നേതൃത്വത്തിലായിരുന്നു. ഗുരുവായൂര്‍ പാര്‍ത്ഥസാരഥീക്ഷേത്രത്തില്‍ കാഞ്ചി മഠാധിപതി ശങ്കരാചര്യരുടെ നേതൃത്വത്തില്‍നടന്ന ജ്യോതിശാസ്ത്ര സദസില്‍ ഈഴവസമുദായത്തില്‍നിന്നു ക്ഷണിക്കപ്പെട്ട ഏക പുരോഹിതന്‍ ശ്രീധരന്‍ തന്ത്രികളായിരുന്നു. തികഞ്ഞ ശ്രീനാരായണഗുരുഭക്തനായിരുന്ന അദ്ദേഹം കേരളത്തിലെ മിക്ക ശ്രീനാരായണ ക്ഷേത്രങ്ങളുടെയും താന്ത്രികപദം അലങ്കരിച്ചിരുന്നു.

.
മൂന്നുപതിറ്റാണ്ടുമുന്‍പു കൊച്ചിയില്‍ നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ പ്രാരംഭ ഹവനപൂജാദികള്‍ക്കു ശ്രീധരന്‍ തന്ത്രികളുടെ പരികര്‍മി സൂര്യകാലടി ഭട്ടതിരിപ്പാടായിരുന്നു ജന്മമല്ല, കര്‍മവും ബ്രഹ്മജ്ഞാനവുമാണ്‌ ഒരാളെ ബ്രാഹ്മണനാക്കുന്നതെന്നതിനു വ്യക്തമായ തെളിവായി ഈ സംഭവം. തുടര്‍ന്നു ചേണ്ടമംഗലം പാലിയത്തുവച്ചു സ്വര്‍ഗീയ പി. മാധവ്ജിയുടെയും പി. പരമേശ്വരന്റെയുമൊക്കെ നേതൃത്വത്തില്‍ കേരളത്തിലെ വൈദിക താന്ത്രിക ആചാര്യരെയും പണ്ഡിതരെയും പങ്കെടുപ്പിച്ച്‌ നടത്തിയ ഐതിഹാസികമായ പാലിയം വിളംബരം കേരളത്തിലെ ജാതിചരിത്രത്തില്‍ത്തന്നെ വലിയ മാറ്റമുണ്ടാക്കി. താന്ത്രികപൂജാ വിദ്യകള്‍ വിധിയാംവണ്ണം പഠിച്ച ഏതുജാതിക്കാരനും പൂജാധികാരമുണ്ട്‌ എന്നായിരുന്നു ആ വിളംബരം. സ്വാമി ചിന്മയാനന്ദന്റെയും ശങ്കരാചാര്യന്മാരുടെയും ഹൈന്ദവപ്രസ്ഥാനങ്ങളുടെയുമൊക്കെ ഇതിന്‌ പിന്തുണ ലഭിച്ചു.
ശ്രീനാരായണ ചൈതന്യത്തിന്റെ വരപ്രസാദമായിരുന്നു ശ്രീധരന്‍ തന്ത്രി. മനുഷ്യജീവിതത്തില്‍ മഹത്തായ സത്യത്തിനുവേണ്ടി പോരാടുകയും വിജയിക്കുകയും ചെയ്ത തന്ത്രാചാര്യനെ ആധുനികഹൈന്ദവസമൂഹം എത്രത്തോളം തിരിച്ചറിഞ്ഞു എന്നു സംശയമുണ്ട്‌. ഗുരുദേവന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെയും ക്ഷേത്രപ്രവേശനവിളംബരത്തിലൂടെയും ജാതിചിന്തയിലുണ്ടായ മാറ്റം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ശ്രീധരന്‍ തന്ത്രികള്‍ ഒരുപാടുശ്രമിച്ചു. കവിയും ഗ്രന്ഥകാരനുമൊക്കെയായ ശ്രീധരന്‍ തന്ത്രികള്‍ അടുത്തിടെ ജന്മനാട്ടില്‍ ശ്രീനാരായണ താന്ത്രികവിദ്യാപീഠം സ്ഥാപിച്ചതു സമസ്തജാതിക്കാര്‍ക്കും തന്ത്രാധികാരവും പൂജാധികാരവും കൈവരുത്താനാണ്‌. ആലുവ വെളിയത്തുനാട്ടിലുള്ള തന്ത്രവിദ്യാപീഠത്തിന്റെ സ്ഥാപനത്തില്‍ മാധവ്ജിക്ക്‌ താങ്ങായിനിന്നതും ശ്രീധരന്‍തന്ത്രികളാണ്‌. ഇങ്ങനെയൊരു മഹദ്ജന്മം കേരളസമൂഹത്തില്‍ സമീപകാലത്തൊന്നും അവതരിച്ചിട്ടില്ല. ഇനി ഇങ്ങനെയൊരാളുണ്ടാവുന്നതെത്രകാലം കഴിഞ്ഞെന്നും നിശ്ചയമില്ല.
കേരളത്തിലെ താന്ത്രികമേഖലയില്‍ ആദ്യ ഇരിപ്പിടത്തിനര്‍ഹന്‍. മഹാക്ഷേത്രങ്ങളടക്കം ഒട്ടേറെ ക്ഷേത്രങ്ങളുടെ താന്ത്രികാധിപതി. പൂണൂലുമായി ജനിച്ച തന്ത്രികളെ, ആചാര്യന്മാരെ മുന്നിലിരുത്തി ദേവപ്രശ്നവും അഷ്ടമംഗലദേവപ്രശ്നവും വിഗ്രഹ ധ്വജപ്രതിഷ്ഠകളും നടത്തിയ ആധ്യാത്മിക വിപ്ലവകാരി. പാലിയം വിളംബരം എന്ന മഹത്തായ വിപ്ലവമൊന്നുമാത്രം മതി, ക്ഷേത്രപ്രവേശനവിളംബരത്തിനുശേഷമുള്ള കേരള ഹൈന്ദവസമൂഹത്തിന്‌ പറവൂര്‍ ശ്രീധരന്‍ തന്ത്രിയെ നമിക്കാന്‍. ശ്രീനാരായണഗുരുദേവന്റെ പുനരവതാരമെന്നുപോലും വിശേഷിപ്പിക്കപ്പെടാനുള്ള അര്‍ഹത ശ്രീധരന്‍തന്ത്രികള്‍ നേടിയിട്ടുണ്ടെന്ന്‌ നിസ്സംശയം പറയാം. നൂറുകണക്കിന്‌ ശിഷ്യന്മാര്‍ക്ക്‌ തന്ത്രശാസ്ത്രവും ജ്യോതിഷ വിഷയങ്ങളും പകര്‍ന്നുകൊടുത്ത്‌ മഹത്തായ നമ്മുടെ സാംസ്ക്കാരിക ആധ്യാത്മിക പൈതൃകം പരിരക്ഷിച്ച കര്‍മയോഗിയെയാണ്‌ ശ്രീധരന്‍ തന്ത്രിയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായത്‌. ആ മഹാത്മാവിന്റെ ധന്യസ്മരണക്ക്‌ മുന്നില്‍ ആദരാഞ്ജലി

താന്ത്രികജ്യോതിസിന്‌ അന്ത്യാഞ്ജലി
അറിവിനുമപ്പുറത്ത്‌ അറിവല്ലാതെ വേറൊന്നുമില്ലെന്നറിഞ്ഞ്‌ താന്ത്രിക, ജ്യോതിഷ മണ്ഡലത്തിലെ മഹാജ്യോതിസ്സായ ശ്രീധരന്‍ തന്ത്രികള്‍ക്ക്‌ ആദ്ധ്യാത്മിക, സാംസ്ക്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തന്ത്രികളുടെ ആഗ്രഹപ്രകാരം അബ്രാഹ്മണര്‍ക്ക്‌ താന്ത്രികവിദ്യ പകര്‍ന്ന്‌ നല്‍കുവാനായി സ്ഥാപിച്ച പറവൂര്‍ കേസരി റോഡിലെ ശ്രീനാരായണ താന്ത്രിക വിദ്യാപീഠത്തിന്റെ മുറ്റത്ത്‌ പ്രത്യേകം തയ്യാറാക്കിയ ചിതയിലായിരുന്നു രാവിലെ 10.30 ഓടെ സംസ്ക്കാരം. തന്ത്രികളുടെ മൂത്തമകന്‍ ജ്യോതിസ്‌ ആദ്യം ചിതയ്ക്ക്‌ തീ കൊളുത്തി. തുടര്‍ന്ന്‌ മക്കളായ ഗിരീഷും രാഗേഷ്‌ തന്ത്രിയും ചിതയിലേക്ക്‌ അഗ്നി പകര്‍ന്നു. അരനൂറ്റാണ്ടിലേറെക്കാലം ആദ്ധ്യാത്മിക താന്ത്രിക ജ്യോതിഷരംഗത്ത്‌ നിറഞ്ഞുനിന്ന ആ മഹാജ്യോതിസിന്റെ ഭൗതികശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
തന്ത്രികളുടെ മരണവൃത്താന്തമറിഞ്ഞ്‌ അദ്ദേഹത്തിന്‌ അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു പറവൂരിലെ കെഎംകെ ജംഗ്ഷന്‌ സമീപമുള്ള വസതിയിലേക്ക്‌. ജനപ്രവാഹം മൂലം രാവിലെ 9 ന്‌ നടക്കേണ്ട സംസ്ക്കാരച്ചടങ്ങുകള്‍ ഒരുമണിക്കൂര്‍ വൈകിയാണ്‌ തുടങ്ങിയത്‌. അയ്യമ്പിള്ളി ധര്‍മന്‍ തന്ത്രികള്‍ സംസ്ക്കാരച്ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി. ശിവഗിരി മഠം മഠാധിപതി പ്രകാശാനന്ദസ്വാമികള്‍ ദൈവമേ സച്ചിദാനന്ദ, ദൈവമേ ഭക്തവത്സലഎന്ന്‌ തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലിയശേഷം പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച വാഹനത്തില്‍ ഭൗതികശരീരം വിലാപയാത്രയോടെ താന്ത്രിക്‌വിദ്യാ പീഠത്തില്‍ എത്തിച്ചശേഷമായിരുന്നു സംസ്ക്കാരം.
ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍, ക്ഷേത്രീയ കാര്യവാഹ്‌ എ.ആര്‍.മോഹനന്‍, ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍, എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്‍.എസ്‌.റാംമോഹന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍, എംഎല്‍എമാരായ വി.ഡി.സതീശന്‍, എസ്‌.ശര്‍മ, മുന്‍ എംഎല്‍എ എം.എ.ചന്ദ്രശേഖരന്‍, കെ.പി.ധനപാലന്‍ എംപി, ആര്‍എസ്‌എസ്‌ വിഭാഗ്‌ കാര്യവാഹ്‌ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം സലിംകുമാര്‍, ഗുരുദേവ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്‌, ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ശിവസ്വരൂപാനന്ദ, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ.വിജയരാഘവന്‍, സെക്രട്ടറി പി.വി.അശോകന്‍, മേഖലാ സംഘടനാ സെക്രട്ടറി ഡി.എല്‍.സുബ്രഹ്മണ്യന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.കെ.വിനോദ്‌, ജില്ലാ പ്രസിഡന്റ്‌ പി.സദാനന്ദന്‍, സ്വാമി അയ്യപ്പദാസ്‌, എസ്‌എന്‍ഡിപി യോഗം കുന്നത്തുനാട്‌ യൂണിയന്‍ പ്രസിഡന്റ്‌ കെ.കെ.കര്‍ണന്‍, സെക്രട്ടറി എ.ബി.ജയപ്രകാശ്‌, അഡ്വ. വിദ്യാസാഗര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

No comments:

Post a Comment