Sunday, July 31, 2011

സ്വാമി ശക്രാനന്ദ ഓര്‍മയായി

സ്വാമി ശക്രാനന്ദ ഓര്‍മയായി:

തിരുവനന്തപുരം: ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ കീഴിലുള്ള ശാസ്തമംഗലം, പുറനാട്ടുകര എന്നീ ആശ്രമങ്ങളുടെ അധ്യക്ഷനായിരുന്ന സ്വാമി ശക്രാനന്ദ ഓര്‍മയായി. രോഗബാധിതനായികഴിഞ്ഞിരുന്ന സ്വാമി ശക്രാനന്ദ വെള്ളിയാഴ്ചയാണ് ശ്രീരാമകൃഷ്ണാശ്രമത്തില്‍ വെച്ച് സമാധിയായത്. നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ ശനിയാഴ്ച രാവിലെ 9ന് നടന്ന അന്ത്യകര്‍മങ്ങള്‍ക്ക് ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി തത്വരൂപാനന്ദ മുഖ്യകാര്‍മികത്വം വഹിച്ചു. ആശ്രമത്തിലെ മറ്റ് സംന്യാസിമാരും അന്ത്യകര്‍മത്തില്‍ പങ്കെടുത്തു.
പാലാ ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വാമദേവാനന്ദ, വൈറ്റിലാശ്രമം അധ്യക്ഷന്‍ സ്വാമി ഭദ്രേശാനന്ദ, തൃശ്ശൂര്‍ രാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി വ്യേമതിതാനന്ദ, കായംകുളം മഠാധിപതി സ്വാമി കൈവല്യാനന്ദ, ഹരിപ്പാട് ആശ്രമം പ്രസിഡന്റ് സ്വാമി വീരഭദ്രാനന്ദ, അഭോദാനന്ദാശ്രമം പ്രസിഡന്റ് സ്വാമി സുഗുണാനന്ദ, ചിന്മയാ മിഷനിലെ സ്വാമി യജ്ഞചൈതന്യ, ശിവഗിരി വിശ്വസാംസ്‌കാരിക ഭവനിലെ സ്വാമി സംവിധാനന്ദ, ദയാനന്ദാശ്രമത്തിലെ സ്വാമി തത്വസ്വരൂപാനന്ദ, അമൃതപുരിയിലെ സ്വാമി തുരിയാമൃതാനന്ദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രി വി.എസ്. ശിവകുമാര്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമന ജയന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു
അരനൂറ്റാണ്ടിലേറെ തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും 10 വര്‍ഷം ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും അധിപതിയായിരുന്നു. അസുഖത്തെതുടര്‍ന്ന്‌ ഒരു വര്‍ഷമായി ചുമതലകളില്‍ നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.
കോട്ടയം കിടങ്ങൂര്‍ പടിക്കാമറ്റത്തില്‍ നാരായണപിള്ളയുടെയും മറ്റക്കര മണക്കുന്നത്ത്‌ ഗൗരിക്കുട്ടിയമ്മയുടെയും ഏഴു മക്കളില്‍ ഇളയവനായി 1924ലാണ്‌ ജനിച്ചത്‌. സുകുമാരന്‍നായര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമനാമം. കിടങ്ങൂര്‍ സ്കൂളില്‍ നിന്നു ഇന്റര്‍മീഡിയറ്റ്‌ പാസ്സായി. 17-ാ‍ം വയസ്സില്‍ ബേലൂര്‍ മഠത്തില്‍ നിന്ന്‌ ബ്രഹ്മചാരി മന്ത്രദീക്ഷ സ്വീകരിച്ചു. 1952ല്‍ ശങ്കരാനന്ദസ്വാമികളില്‍ നിന്നാണ്‌ സന്ന്യാസം സ്വീകരിച്ചത്‌. കാലടി, മദിരാശി, മംഗലാപുരം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണ്‌ തൃശൂര്‍ പുറനാട്ടുകര ആശ്രമത്തിലെത്തുന്നത്‌. അരനൂറ്റാണ്ടിലേറെ അവിടെ മഠാധിപതിയായി പ്രവര്‍ത്തിച്ച ശേഷമാണ്‌ തിരുവനന്തപുരത്തേക്ക്‌ വന്നത്‌.

കര്‍മപടുവായ സംന്യാസി
 30 Jul 2011

ഡോ.വി.എസ്.ശര്‍മ
സമകാലീന ശ്രീരാമകൃഷ്ണ പരമ്പരയിലെ ഒരു നെടുംതൂണാണ് ശ്രീശക്രാനന്ദസ്വാമിയുടെ സമാധിയോടുകൂടി വേര്‍പെട്ടത്. കര്‍മപടുവായ ഒരു സംന്യാസിവര്യനായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച അപരാഹ്നത്തില്‍, ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലും കഴിഞ്ഞിരുന്ന സ്വാമികള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ആസ്​പത്രിയില്‍വെച്ച് യാത്രയായി.
തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷനായിരുന്ന ശ്രീഈശ്വരാനന്ദസ്വാമികളുടെ സമാധിക്കുശേഷം അവിടെ അധ്യക്ഷനായത് ശ്രീശക്രാനന്ദ സ്വാമികളായിരുന്നു. പുറനാട്ടുകര ആശ്രമത്തിന് പുതിയമുഖം കാഴ്ചവെച്ച ത്യാഗിവര്യനായിരുന്നു പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശ്രീ ഈശ്വരാനന്ദസ്വാമികള്‍. 'വിവേകാനന്ദ സാഹിത്യ സര്‍വസ്വം' എന്ന മഹദ്ഗ്രന്ഥം ഉള്‍പ്പെടെ അനേകം മികച്ച ഗ്രന്ഥങ്ങള്‍ തൃശ്ശൂര്‍ ആശ്രമത്തില്‍നിന്നും പ്രസിദ്ധംചെയ്ത മഹത്തായ പ്രകാശനയത്‌നത്തില്‍ ശ്രീത്രൈലോക്യാനന്ദ സ്വാമികള്‍, ശ്രീ മൃഡാനന്ദ സ്വാമികള്‍, ശ്രീസിദ്ധിനാഥാനന്ദ സ്വാമികള്‍, ശ്രീമൈത്രാനന്ദ സ്വാമികള്‍ എന്നിവരോടൊപ്പം ശ്രീശക്രാനന്ദ സ്വാമികളും വളരെ നിര്‍ണായകമായ പങ്കുവഹിച്ചു. ആശ്രമം പ്രസിദ്ധീകരണ വിഭാഗത്തില്‍ നിന്ന് 'ശ്രീരാമകൃഷ്ണവചനാമൃതം', 'ശ്രീരാമകൃഷ്ണലീലാമൃതം', 'ഭഗവദ്ഗീതാ വ്യാഖ്യാനം', 'വിവേകാനന്ദശതക പ്രശസ്തി' തുടങ്ങിയവ തയ്യാറാക്കി പ്രസിദ്ധീകരിച്ചത് വലിയ ഒരു നേട്ടമാണ്. ആവിധ പ്രവര്‍ത്തനങ്ങളിലെല്ലാം ശ്രീശക്രാനന്ദ സ്വാമികളുടെ ഭാഗഭാഗിത്വം എടുത്തുപറയേണ്ട കാര്യമാണ്. വിദ്യാലയം, ആസ്​പത്രി, അന്തര്യോഗാദി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം സ്വാമി ദീര്‍ഘകാലം നേതൃത്വം നല്‍കി.
തൃശ്ശൂര്‍ സ്വദേശിയും ശ്രീരാമകൃഷ്ണമിഷന്റെയും മഠത്തിന്റെയും അധ്യക്ഷനും ലോകപ്രശസ്ത വാഗ്മിയുമായിരുന്ന ശ്രീരംഗനാഥാനന്ദ സ്വാമികള്‍ എല്ലാവര്‍ഷവും ഡിസംബറില്‍ അന്തര്യോഗത്തിനും സാഹിത്യശിബിരത്തിനും എത്തുമായിരുന്നു. അതെല്ലാം സംഘടിപ്പിച്ചത് ശ്രീശക്രാനന്ദ സ്വാമികളുടെ കൈാര്യകര്‍തൃത്വത്തിലായിരുന്നു. സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആധ്യാത്മിക പ്രഭാഷകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, എഴുത്തുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയെല്ലാം ശിബിരങ്ങളില്‍ പങ്കെടുപ്പിച്ച് സജീവ ചര്‍ച്ചകള്‍ നടത്തിയിരുന്നത് അവയില്‍ പങ്കെടുത്ത ഒരു എളിയ വ്യക്തിയെന്ന നിലയില്‍ ഞാനും ഉന്മേഷത്തോടെ ഓര്‍മിക്കുന്നു. ശ്രീരംഗനാഥാനന്ദ ഗ്രന്ഥപരിഭാഷകളും സ്വാമിയുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.
തൃശ്ശൂര്‍ ആശ്രമാധ്യക്ഷപദവിയില്‍ നിന്നും തിരുവനന്തപുരം ആശ്രമത്തിലേക്ക് മാറ്റമായപ്പോള്‍ ഇവിടത്തെ ആശ്രമകാര്യങ്ങളും ആസ്​പത്രി ഭരണവും നന്നായി നടത്തിപ്പോന്നു. ഒരു ദശാബ്ദത്തിനുശേഷം വീണ്ടും അദ്ദേഹം തൃശ്ശൂര്‍ ആശ്രമാധ്യക്ഷനായിത്തന്നെ അവരോധിക്കപ്പെട്ടു. അവിടെ അദ്ദേഹത്തിന് വിപുലമായ ഒരു ആരാധകവൃന്ദംതന്നെയുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ആധ്യാത്മിക പ്രഭാഷണത്തിന് പോകുക, 'പ്രബുദ്ധകേരളം' മാസികയുടെ പ്രവര്‍ത്തനത്തില്‍ സഹകരിക്കുക, ആശ്രമത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി നടത്തിക്കൊണ്ടുപോവുക-ഇതെല്ലാം ശ്രീശക്രാനന്ദസ്വാമി നിര്‍വഹിച്ചുപോന്നു. തനിക്ക് ഏറ്റവും പ്രിയങ്കരരായിരുന്ന ശ്രീ മൃഡാനന്ദ-സിദ്ധിനാഥാനന്ദ-മൈത്രിനന്ദ-നിസ്വാനന്ദ സ്വാമിമാരുടെ ദേഹവിയോഗത്തോടെ സ്വാമികള്‍ നിരാശനും വിരക്തനുമായി. 'വേഗം പോകണം' എന്ന് പറയുമായിരുന്നു.
സമീപകാലത്തെ ഏതാനും മാസങ്ങളായി സ്വാമി തിരുവനന്തപുരം ആശ്രമം ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നെട്ടയത്ത് കുറേക്കാലം റിട്ടയേര്‍ഡ് ജീവിതം നയിച്ചിരുന്നു. ധ്യാനവും പാരായണവും മറ്റും ചെയ്തായിരുന്നു ജീവിതം. ആര് കാണാന്‍ വന്നാലും സ്‌നേഹപുരസ്സരമായ ഒരു പെരുമാറ്റം, ഒരു നല്ലവാക്ക്, അനുഗ്രാഹകമായ ആശ്വാസവചനം-ഇതൊക്കെ ചെയ്യാന്‍ കഴിയുന്നവര്‍ ഇന്ന് വിരളമാണല്ലോ. ശ്രീശക്രാനന്ദ സ്വാമികള്‍ നൂറു ശതമാനവും ശ്രീരാമകൃഷ്ണ ഭക്തനായിരുന്നു. അതുകൊണ്ട് സ്വാമിക്ക് അങ്ങനെയേ ജീവിക്കാനാകൂ.

'
മനസി വചസികായേ പുണ്യപീയൂഷ പൂര്‍ണാ-
സ്ത്രിഭുനമുപകാരശ്രേണിഭി പ്രീണയന്തഃ'
എന്ന് ഭര്‍തൃഹരി പറഞ്ഞത് ശ്രീശക്രാനന്ദ സ്വാമികളെപ്പോലുള്ള സത്തുക്കളെപ്പറ്റിയാണ്. സ്വാമി പ്രദര്‍ശിപ്പിച്ച സ്‌നേഹവാത്സല്യം ഈയുള്ളവനും ഒരു മധുരസ്മൃതിയാണ്. സ്വാമികള്‍ക്ക് പ്രണാമം!

പാരിക്കാട്ട് കോളനിയിലെ പാവപ്പെട്ടവരുടെ സുഹൃത്ത്‌


തിരുവനന്തപുരം: ശ്രീരാമകൃഷ്ണ പരമഹംസരുടെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്ഥാപിതമായ തൃശ്ശൂര്‍ പുറനാട്ടുകര ആശ്രമത്തിന്റെ പ്രധാനപ്പെട്ട ജീവകാരുണ്യപ്രവര്‍ത്തനം സമീപത്തെ പാരിക്കാട്ട് കോളനിയിലെ നിസ്വരും പിന്നാക്കക്കാരുമായ ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതുകൂടിയായിരുന്നു.
ത്യാഗീസാനന്ദ സ്വാമികളാണ് 1927-ല്‍ പുറനാട്ടുകര ആശ്രമം സ്ഥാപിക്കുന്നത്. സമീപത്തെ ദരിദ്രരായ കോളനി നിവാസികളുടെ വിദ്യാഭ്യാസം, ജീവിതസന്ധാരണം എന്നിവയ്ക്ക് ഉതകുന്ന ക്ഷേമപ്രവര്‍ത്തനത്തില്‍ ആശ്രമം നിര്‍ണായക പങ്കുവഹിച്ചു.
മെട്രിക്കുലേഷന്‍ പാസ്സായ കോട്ടയം മറ്റക്കര സ്വദേശിയായ സ്വാമി ശക്രാനന്ദ 1942 ലാണ് ആധ്യാത്മിക ജീവിതത്തില്‍ ആകൃഷ്ടനായി കാലടി ആശ്രമത്തിലും പിന്നീട് അവിടെനിന്ന് മദിരാശിയിലെ മൈലാപ്പൂരിലെ രാമകൃഷ്ണാശ്രമത്തിലും എത്തുന്നത്. മദിരാശിയില്‍ ശക്രാനന്ദ വിരജാനന്ദ സ്വാമിജിയില്‍ നിന്നാണ് മന്ത്രദീക്ഷ സ്വീകരിച്ചത്. രാമകൃഷ്ണ പരമഹംസരുടെ സഹധര്‍മിണിയായിരുന്ന ശാരദാദേവിയില്‍നിന്ന് നേരിട്ട് മന്ത്രദീക്ഷ സ്വീകരിച്ചയാളാണ് വിരജാനന്ദ സ്വാമികള്‍.

1952
ല്‍ ശങ്കരാനന്ദ സ്വാമികളില്‍നിന്ന് സംന്യാസദീക്ഷ സ്വീകരിച്ച ശക്രാനന്ദ സ്വാമികള്‍ 1973 ല്‍ പുറനാട്ടുകര ആശ്രമത്തില്‍ മഠാധിപതിയായിരിക്കെയാണ് ആശ്രമം ഏറ്റെടുത്ത പാരിക്കാട്ട് കോളനിയിലെ നിവാസികള്‍ക്ക് വീടുവെച്ചു നല്‍കിയത്. ഏതാണ്ട് ഇരുപത്തിയഞ്ചിലധികം വീടുകള്‍ കോളനി നിവാസികള്‍ക്കായി അദ്ദേഹം നിര്‍മിച്ചുനല്‍കി.

1987
മുതല്‍ 98 വരെ തിരുവനന്തപുരത്തെ ആശ്രമ മഠാധിപതിയായ ശക്രാനന്ദ അനന്തപുരിയിലെ പ്രഭാഷണവേദികളിലെ നിറസാന്നിധ്യമായിരുന്നു. മാത്രമല്ല ജീവിതവ്യഥകളില്‍ ഉഴലുന്ന നിരവധിപേര്‍ക്ക് സാന്ത്വനവചനം നല്‍കുന്നതില്‍ ശക്രാനന്ദ ബദ്ധശ്രദ്ധനായിരുന്നു.
സംന്യാസദീക്ഷ സ്വീകരിച്ചശേഷം ഹരിജനോദ്ധാരണത്തിനായി ശ്രീരാമകൃഷ്ണാശ്രമത്തില്‍ പ്രവര്‍ത്തനം തുടങ്ങി. അടാട്ട് പഞ്ചായത്തിലെ പാരിക്കാട് കോളനിയിലും ആമ്പലംകാവ് കോളനിയിലും മേല്‍ക്കൂരയിട്ട വീടുകളും ശുചിത്വസംവിധാനങ്ങളും എത്തിച്ചു.
89
മുതല്‍ ശാസ്തമംഗലം ആശ്രമത്തില്‍ പ്രവര്‍ത്തിച്ച് 98ലാണ് തൃശ്ശൂരില്‍ മടങ്ങിവന്നത്.
തൃശ്ശൂര്‍ ജീവിത്തില്‍ മനസ്സിനെ അഗാധമായി സ്​പര്‍ശിച്ചത് 48ലെ ആശ്രമകാലമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നാക്കവിഭാഗക്കാരായ വിദ്യാര്‍ഥികളും മറ്റു കുട്ടികളുമായി ഒത്തുചേര്‍ന്നുള്ള ജീവിതം അഗാധമായ ആനന്ദം പകര്‍ന്നതായി അദ്ദേഹം തൃശ്ശൂരില്‍ നിന്ന് പോകുന്നതിന് മുമ്പ് പറഞ്ഞിരുന്നു.
സ്വാമിജി പുറനാട്ടുകരയില്‍ എത്തുമ്പോള്‍ ഈശ്വരാനന്ദസ്വാമിയാണ് പ്രസിഡന്റ്. വ്യോമകേശാനന്ദ സ്വാമിയും അന്തരാത്മാനന്ദ സ്വാമിയും ചേര്‍ന്നാണ് ആശ്രമവും വിദ്യാലയവും വളര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രണ്ടാമൂഴത്തില്‍ 8 വര്‍ഷക്കാലമാണ് സ്വാമികള്‍ സാരഥിയായത്.

No comments:

Post a Comment