Friday, July 1, 2011

തമിഴ്ബാലന്‍ ഹരീഷിന്,സദാനന്ദന്‍മാഷിന്റെ സന്ദര്‍ശനം ആശ്വാസവും പ്രതീക്ഷയും പകര്‍ന്നു

പുത്തന്‍ചുവടുവെയ്ക്കാന്‍ ഹരീഷ്, വഴികാട്ടാന്‍കൃത്രിമക്കാലുകളില്‍ ജീവിതം നയിക്കുന്ന സദാനന്ദന്‍മാഷ്
: 01 Jul 2011


തൃശ്ശൂര്‍: എനിക്ക് ഓടിക്കളിക്കാന്‍ പറ്റുമോ? സദാനന്ദന്‍ മാഷിനോട് ആകാംക്ഷയോടെയാണ് ഹരീഷ് ചോദിച്ചത്. ''പിന്നേ...നിനക്ക് ഓടിക്കളിക്കാം. പന്ത്തട്ടാം...സൈക്കിള്‍ ചവിട്ടാം...എന്നേപ്പോലെ സ്‌കൂട്ടര്‍ ഓടിക്കാം...''തന്റെ കൃത്രിമക്കാലുകള്‍ തൊട്ട് കാണിച്ച് സദാനന്ദന്‍മാഷ് മറുപടി പറഞ്ഞപ്പോള്‍ ഹരീഷിന്റെ കണ്ണില്‍ തിളക്കം.
കുതിരാനിലുണ്ടായ ലോറി അപകടത്തില്‍ ഇരുകാലുകളും മുറിച്ച്മാറ്റിയ തമിഴ്ബാലന്‍ ഹരീഷിന് കൃത്രിമക്കാലുകളില്‍ സാധാരണ ജീവിതം നയിക്കുന്ന സദാനന്ദന്‍മാഷിന്റെ സന്ദര്‍ശനം ഏറെ ആശ്വാസവും അതിലേറെ പ്രതീക്ഷയും പകര്‍ന്നു.
പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമാണ് സി. സദാനന്ദന്‍. ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പമാണ് മാഷ് ജൂബിലിമിഷന്‍ ആസ്​പത്രിയില്‍ ഹരീഷിനെ സന്ദര്‍ശിക്കാനെത്തിയത്. വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ജീവനക്കാരും സ്വരൂപിച്ച 27,375 രൂപയുടെ സഹായധനം സ്‌കൂള്‍ ലീഡര്‍ യമുനാഭായ് ഹരീഷിന്റെ അച്ഛന്‍ ശിവകുമാറിനു കൈമാറുകയും ചെയ്തു.
ഫുട്‌ബോള്‍ താരമാകണമെന്ന ആഗ്രഹം ഇനി നടപ്പില്ലെന്ന സങ്കടം ഹരീഷ് പങ്കുവെച്ചപ്പോഴാണ് സദാനന്ദന്‍മാഷ് തന്റെ കൃത്രിമക്കാലുകള്‍ കാട്ടിക്കൊടുത്തത്. ആസ്​പത്രിമുറിയില്‍ ഉല്ലാസപൂര്‍വം നടക്കുന്ന മാഷിന് ഇരുകാലുമില്ലെന്ന് വിശ്വസിക്കാന്‍ തന്നെ ഹരീഷിന് പ്രയാസമായിരുന്നു. ഇതേപോലെ കൃത്രിമക്കാലുകള്‍ വെച്ച് ഹരീഷിനും സാധാരണപോലെ ജീവിക്കാമെന്ന് സദാനന്ദന്‍മാഷ് പറഞ്ഞപ്പോള്‍ അവന് സന്തോഷമായി. കണ്ണൂര്‍ പെരിഞ്ചേരി സ്വദേശിയായ സദാനന്ദന്‍മാഷിന്റെ ഇരുകാലുകളും രാഷ്ട്രീയ എതിരാളികള്‍ വെട്ടിമാറ്റിയതാണ്. 1994ല്‍ ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ കാര്യവാഹക് ആയിരുന്നപ്പോഴാണ് എതിരാളികള്‍ കാലുകള്‍ മുറിച്ചത്. അന്ന് കുഴിക്കല്‍ എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്നു മാഷ്. നാലുമാസത്തിനുശേഷമാണ് കൃത്രിമക്കാല്‍ വെച്ചത്. ആദ്യം നടക്കാന്‍ ക്രച്ചസ് വേണമായിരുന്നു. പിന്നെ വാക്കിങ്സ്റ്റിക്കായി. ഇപ്പോള്‍ കൃത്രിമക്കാലില്‍ സാധാരണ ജീവിതം നയിക്കുന്ന മാഷ് അധ്യാപികയായ ഭാര്യക്കും മകള്‍ക്കുമൊപ്പം പേരാമംഗലത്താണ് താമസം.
ഇനിയും വരാം, ഏറെ നേരം സംസാരിച്ചിരിക്കാം...എന്ന ഉറപ്പ് ഹരീഷിന് നല്‍കിയാണ് മാഷ് മടങ്ങിയത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.ഇ. സെബാസ്റ്റ്യന്‍, മാനേജ്‌മെന്റ് പ്രതിനിധി കെ. നന്ദകുമാര്‍, പി.ആര്‍. ബാബു, വി. രാധാകൃഷ്ണന്‍ തുടങ്ങിയവരും സദാനന്ദന്‍ മാഷിനൊപ്പം ഉണ്ടായിരുന്നു.
(News source frm www.mathrubhumi.com )

No comments:

Post a Comment